അൾത്താര

(Altar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രൈസ്തവദേവാലയങ്ങളിലെ അതിവിശുദ്ധസ്ഥലത്തെ അർപ്പണവേദിയെയാണ് സർവസാധാരണമായി അൾത്താര എന്ന സംജ്ഞ കൊണ്ടു് സൂചിപ്പിക്കുന്നത്. കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഇടയിൽ പ്രചാരമുള്ളതാണ് ഈ പദം. ഇതിനു തുല്യമായി സുറിയാനി സഭകൾ മദ്ബ്ഹ എന്ന പദമാണ് ബലിപീഠത്തിനും ബലിപീഠം സ്ഥിതിചെയ്യുന്ന സ്ഥലത്തിനും നല്കിയിട്ടുളളത്. സിംഹാസനം എന്നർഥമുളള ത്രോണോസ് എന്ന ഗ്രീക് സംജ്ഞയും ബലിപീഠത്തിന് ഉപയോഗിച്ചു വരുന്നുണ്ട്.

അൾത്താര
അൾത്താര
അൾത്താര

ദൈവത്തിനു ബലി അർപ്പിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള യാഗവേദി എന്നാണ് ഈ പദത്തിന്റെ അർത്ഥം. ബലിപീഠം, യാഗവേദി എന്നെല്ലാം അർത്ഥമുളള അൾത്തർ എന്ന ലത്തീൻ പദത്തിന്റെ മലയാള തദ്ഭവം ആണു് അൾത്താര. ആദ്യകാലത്ത് ഭവനങ്ങളിൽ, മരം കൊണ്ടുള്ള മേശകളാണു് കുർബ്ബാനയ്ക്കു് ഉപയോഗിച്ചിരുന്നതു്. രക്തസാക്ഷികളുടെ കബറിങ്കൽ കുർബ്ബാന ചൊല്ലാൻ തുടങ്ങിയപ്പോൾ കല്ലുകൊണ്ടുള്ള അൾത്താരകൾ ആയി. 19ആം നൂറ്റാണ്ടിൽ ആംഗ്ലിക്കൻ സഭയിൽ കല്ലുകൊണ്ടുള്ള അൾത്താരകൾ ഉപയോഗിക്കുന്നതിൽ ചിലർ എതിർപ്പു് പ്രകടിപ്പിരുന്നെങ്കിലും ഇന്നു് പൊതുവെ ഇതു് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഒരു പള്ളിയിൽ ഒരു അൾത്താര എന്ന പതിവാണു് ഉണ്ടായിരുന്നതെങ്കിലും ഒരേ സമയം കൂടുതൽ കുർബ്ബാന ചൊല്ലുന്നതിനു് വേണ്ടി ഒരു പള്ളിയിൽത്തന്നെ ഒന്നിൽ കൂടുതൽ അൾത്താരകൾ കാലക്രമേണെ ആവിർഭവിച്ചു. പ്രധാന അൾത്താരയെ ഹൈ അൾറ്റർ (high altar) എന്നും വിളിക്കാൻ തുടങ്ങി.

സൃഷ്ടികർത്താവായ ദൈവത്തോടുളള വിശ്വാസവും കൃതജ്ഞതയും പ്രകാശിപ്പിക്കുന്നതിനുള്ള ആരാധനയും സമർപ്പണവുമാണ് യാഗത്തിന്റ മൗലികലക്ഷ്യം. അതിനനുസൃതമായ വിശുദ്ധിയും ലാളിത്യവും ആകർഷകത്വവും ആ കർമത്തിനുണ്ടായിരിക്കും. ദൈവപ്രീതിക്കായും യാഗം നടത്താറുണ്ട്. ബലിവസ്തുക്കളെ ശുദ്ധിയുള്ള ഒരു പീഠത്തിൽ അർപ്പിച്ചുകൊണ്ട് കർമിയാണ് ജനങ്ങൾക്കുവേണ്ടി ഈ അർച്ചന നടത്തുന്നത്. സങ്കല്പത്തിന്റ ഗൗരവവും വിശ്വാസത്തിന്റെ ദാർഢ്യവും കൊണ്ട് ബലിവസ്തുക്കൾക്കും ബലിപീഠത്തിനും പൂജ്യത വർദ്ധിക്കുന്നു. അതിനാൽ ദേവാലയത്തിൽ ബലിപീഠത്തിന് അതിപ്രധാനമായ സ്ഥാനമാണുള്ളത്. ക്രൈസ്തവ ദേവാലയങ്ങളിൽ സാധാരണയായി അൾത്താര സ്ഥിതിചെയ്യുന്ന ഭാഗം വിശ്വാസികൾ പെരുമാറുന്ന ഭാഗത്തുനിന്നും അകന്ന് കൂടുതൽ സംവരണം ചെയ്യപ്പെട്ട ഒരു ഇടംപോലെ വേർതിരിക്കപ്പെട്ടിരിക്കും. ഇതിനു 'മദ്ബഹ' എന്നാണ് പറയുന്നത്.

ക്രൈസ്തവ അൾത്താരയിൽ വിശുദ്ധ കുർബാന എന്ന ദിവ്യകർമം അനുഷ്ഠിക്കുന്നു. ആദിമക്രിസ്ത്യാനികൾ ഓരോ വീട്ടിലും സമ്മേളിച്ച്, ഒരു മേശ ബലിപീഠമായി ഉപയോഗിച്ച് അപ്പം മുറിച്ച് ഈ കർമം നടത്തിവന്നു. ഭൂഗർഭഗേഹങ്ങളിൽ (catacombs) ഈ ചടങ്ങിന്റെ പല ചിത്രങ്ങളും കാണാനുണ്ട്. അതിൽ ഈ മേശ അർധവൃത്താകൃതിയിലോ പൂർണവൃത്തത്തിലോ ചതുരാകൃതിയിലോ ഒക്കെ കാണുന്നു. ആധുനികകാലത്ത് ഇതു ദീർഘചതുരമായ ഒരു പീഠമായി പരിണമിച്ചിട്ടുണ്ട്. പീഠത്തിന്റെ മുകൾനിരപ്പ് ഒറ്റക്കല്ലു പടുത്തോ അല്ലെങ്കിൽ മധ്യഭാഗത്ത് വലിയ ഒരു കല്ലു പാകിയോ നിർമ്മിക്കുന്നു. ഈ കല്ലിനടിയിൽ വിശുദ്ധന്മാരുടെ ഭൗതികാവശിഷ്ടങ്ങൾ എന്തെങ്കിലും സ്ഥാപിച്ചിരിക്കും. മതമർദനമേറ്റ് മരിച്ച രക്തസാക്ഷികളുടെ ശവകുടീരങ്ങളെ യാഗപീഠമായി ആദിമക്രിസ്ത്യാനികൾ പലപ്പോഴും ഉപയോഗിച്ചിരുന്ന പാരമ്പര്യത്തിൽനിന്നു ജനിച്ചതാണ് ഈ പതിവ്.

ദിവ്യകർമങ്ങൾ അനുഷ്ഠിക്കുവാൻ ചുമതലപ്പെട്ട വൈദികർക്ക് ഇപ്പോൾ ധാരാളം യാത്രചെയ്യുകയും മിഷൻ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടിവരുന്നതുകൊണ്ട് അൾത്താരയായി ഏതു മേശയും ഉപയോഗിക്കാൻ അനുവാദമുണ്ട്. മധ്യത്തിൽ ആശീർവദിച്ച ഒരു കല്ലോ പലകയോ ഒരു തുണിക്കഷണമോ ഉണ്ടായിരിക്കണം എന്നേയുള്ളു. ദൈവശാസ്ത്രപരമായും ചരിത്രപരമായും അൾത്താര വളരെ ലളിതവും ആഡംബരരഹിതവുമായ ഒരു ഘടകം ആണ്. എന്നാൽ മനുഷ്യർ പൂജനീയമായി കരുതുന്നവയെ അലങ്കരിച്ച് മറ്റുള്ളവരുടെ ദൃഷ്ടിയിൽ ആകർഷകമാക്കാൻ താത്പര്യം ഉള്ളവരാണ്. അതുകൊണ്ട് എല്ലാ ദേവാലയങ്ങളിലും അൾത്താരകൾ അത്യാകർഷകങ്ങളായ വലിയ കലാശില്പങ്ങളായാണ് പണിതുയർത്തിയിട്ടുള്ളത്. ദീർഘചതുരമായ ഒരു ഉയർന്ന പടി - അത്യാവശ്യമായ അംശം - കഴിഞ്ഞ് അതിനു പിന്നിൽ അതിനെക്കാൾ നീളവും ഉയരവും കൂടിയ ഒന്നുരണ്ട് പടികൾ കൂടി പണിതുയർത്തുന്നു. ആ പടികളുടെ മധ്യഭാഗത്ത് കത്തോലിക്കാദേവാലയങ്ങളിൽ, കൂദാശ ചെയ്ത് ക്രിസ്തുവിന്റെ തിരുശരീരമാക്കിത്തീർത്ത അപ്പം - ബലിവസ്തു - സൂക്ഷിക്കുന്ന 'സക്രാരി' സ്ഥിതി ചെയ്യുന്നു. സക്രാരിയുടെ പിന്നിൽ ക്രിസ്തുവിന്റെ ഒരു ക്രൂശിതരൂപവും ഉണ്ടായിരിക്കും. ദിവ്യപൂജയുടെ സമയത്ത് കത്തിക്കാനുളള മെഴുകുതിരികൾ വഹിക്കുന്ന അലങ്കരിച്ച മെഴുകുതിരിക്കാലുകളും പൂപ്പാത്രങ്ങളുംകൊണ്ട് പീഠത്തിലെ പടികൾ ഭംഗിയായി ക്രമപ്പെടുത്തിയിരിക്കുന്നു. ഇതിന്റെയെല്ലാം പിന്നിലായി. ദേവാലയത്തിന്റെ മുഴുവൻ വീതിയിലും മച്ചുവരെ ഉയരത്തിലും വർണപ്പകിട്ടാർന്ന ശില്പങ്ങളും വിചിത്രവേലകളും ചേർന്ന ഒരു പശ്ചാത്തലം ഉണ്ടായിരിക്കും. അതതു ദേശങ്ങളിലെ വിശ്വാസികൾ പ്രത്യേകമായി ബഹുമാനിക്കുന്ന വിശുദ്ധൻമാരുടെ രൂപങ്ങളും ചില ബലിപീഠങ്ങളിൽ വയ്ക്കാറുണ്ട്.

അകത്തോലിക്കാ ദേവലായങ്ങളിലെ, പ്രത്യേകിച്ചും നവീകൃത സഭകളുടെ ദേവാലയങ്ങളിലെ, ക്രമീകരണം വ്യത്യസ്തമാണ്. അവിടെ സക്രാരിയും ക്രൂശിതരൂപവും ഇല്ല. മെഴുകുതിരിക്കാലുകൾ ഇല്ല. ക്രിസ്തുവിന്റെ രക്ഷാവ്യാപാരത്തിന് ഉപാധിയായി സ്വീകരിച്ച കുരിശുമരണത്തെ അനുസ്മരിപ്പിക്കുന്ന ഒരു കുരിശുമാത്രമായിരിക്കും അവിടെ സ്ഥാപിച്ചിരിക്കുക.

അൾത്താരഫലകങ്ങൾ

തിരുത്തുക
 
തലശ്ശേരി സേക്രഡ് ഹാർട്ട് കോൺവെന്റ് ചാപ്പലിലെ അൾത്താര

അൾത്താരയുടെ പശ്ചാത്തലമായുള്ള കലാശില്പത്തെയാണ് അൾത്താരഫലകം (Altar Piece) എന്നു പറയുന്നത്. മധ്യകാല യൂറോപ്പിലെ കലാചാതുരിയുടെ സത്ത ഇന്നും നിലനിർത്തിപ്പോരുന്നത് അക്കാലത്തു പണിയപ്പെട്ട ദേവാലയങ്ങളിലെ അൾത്താരയുടെ വശങ്ങളിലും പിന്നിലുമായി പണിതുയർത്തിയിട്ടുള്ള വർണോജ്ജ്വലങ്ങളും ചിത്രാങ്കിതങ്ങളുമായ തട്ടികളും ഭിത്തികളുമാണ്. പല നിരകൾ വിജാഗിരികൊണ്ട് ഘടിപ്പിച്ച് മടക്കുകയും നിവർത്തുകയും ചെയ്യത്തക്കവണ്ണം പണിതുയർത്തി അവയിൽ ക്രിസ്തുവിന്റെ ജീവിതത്തിലെ സംഭവങ്ങളോ വിശുദ്ധൻമാരുടെ രൂപങ്ങളോ ലതാവിന്യാസങ്ങളോടെ മനോഹരമായി വരച്ച് മോടിപിടിപ്പിച്ചിരിക്കും. ഇവ ആകർഷകങ്ങളും ഉന്നതനിലവാരം പുലർത്തുന്നവയുമായിരിക്കും. ഹോളൻഡിലെ സെന്റ് ബവോൺ ദേവാലയത്തിലെ അയ്ക് വാൻ ജാൻ വരച്ച അൾത്താരഫലകങ്ങൾ ഇതിനുദാഹരണമാണ്. നവോത്ഥാന കാലഘട്ടത്തോടെ യൂറോപ്പിലാകെ ഉണ്ടായ പരിവർത്തനങ്ങൾ അൾത്താരഫലകങ്ങളിലും പ്രകടമായി ക്കാണുന്നു. നിരവധി ഫലകങ്ങൾ എന്നതിനുപകരം ഉത്തരോത്തരം ഉയർന്ന രണ്ടോ മൂന്നോ ഫലകങ്ങൾ മതിയെന്നായി. അവയിൽ നവോത്ഥാന സങ്കല്പങ്ങൾക്കനുസൃതമായ സങ്കേതങ്ങളിൽ രചിക്കപ്പെട്ട ചിത്രങ്ങളും മറ്റ് അലങ്കാരങ്ങളും സ്ഥാനം പിടിച്ചു. എന്നിരുന്നാലും വിശുദ്ധ ബലിപീഠത്തിന്റെ പരിശുദ്ധിക്കും ആകർഷകതയ്ക്കും ഉടവുതട്ടാതെയും, ഭക്തിനിർഭരമായ അന്തരീക്ഷത്തെ നിലനിർത്തുന്നതിന്നുതകുന്ന വിധത്തിലുമുള്ള രചനാശൈലികളും വർണസങ്കരങ്ങളുമാണ് ഉപയോഗിച്ചുവന്നത്. ഇന്ന് അൾത്താരഫലകങ്ങൾ അൾത്താരയ്ക്കു ഭംഗിയും എടുപ്പും തോന്നിക്കത്തക്കവണ്ണം ലോകത്തെവിടെയുമുളള കത്തോലിക്കാദേവാലയങ്ങളിൽ കണ്ടുവരുന്നുണ്ട്. ആധുനിക കലാസങ്കേതങ്ങളുടെ വിന്യാസരീതികൾ അൾത്താരാഫലകങ്ങളെ സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്.

അൾത്താരക്കാർഡുകൾ

തിരുത്തുക

വൈദികൻ ബലി അർപ്പിക്കുമ്പോൾ ചൊല്ലാനുള്ള ചില പ്രാർഥനകൾ വലിയ അക്ഷരത്തിൽ അച്ചടിച്ച് അൾത്താരയിൽ വച്ചിരിക്കും. കൈകൾകൊണ്ട് ബലിവസ്തുക്കളെ കൈകാര്യം ചെയ്യുന്ന വൈദികന്, പ്രാർഥനപ്പുസ്തകത്തിന്റെ താളുകൾ മറിക്കാൻ ചില അവസരങ്ങളിൽ പ്രയാസം ഉണ്ടാകും. ആ സന്ദർഭത്തിൽ ചൊല്ലാനുള്ള പ്രാർഥനകൾ ഈ കാർഡുകളിൽ അടിച്ചിരിക്കുന്നു.

അൾത്താരബാലൻ

തിരുത്തുക

വൈദികൻ വിശുദ്ധകർമങ്ങൾ നടത്തുമ്പോൾ സഹായി ആയി നില്ക്കുന്ന ആൾ. വിശുദ്ധ കുർബാന ഒരു സമൂഹാരാധനാക്രമമാണ്. ബലി അർപ്പിക്കുവാൻ ഒരു സമൂഹം ആവശ്യമാണ്. സമൂഹത്തിന്റെ പ്രതിനിധിയായി വൈദികനെ സഹായിക്കുന്ന ആൾ എന്ന നിലയിലും ഈ അൾത്താരബാലനെ കാണാം. 'ബാലൻ' എന്ന പദം പ്രായം കുറഞ്ഞയാൾ എന്ന അർത്ഥത്തിൽ അല്ല ഇവിടെ പ്രയോഗിക്കുന്നത്. എത്ര പ്രായമുള്ള ആൾക്കും ഈ സ്ഥാനം നല്കാവുന്നതാണ്.

ഇതരമതങ്ങളിൽ

തിരുത്തുക

ബലി അർപ്പിക്കുക എന്ന ചടങ്ങ് എല്ലാ വൈദിക മതങ്ങൾക്കുമുണ്ട്. അവയുടെ വിധിക്രമങ്ങൾ ഭിന്നമായിരിക്കുമെന്നേ ഉള്ളൂ. ഹൈന്ദവാചാര പ്രകാരമുളള ബലികർമങ്ങൾക്ക് ക്രൈസ്തവാനുഷ്ഠാനങ്ങളിലെ ബലികർമങ്ങളുമായി സാദൃശ്യമില്ല. എന്നാൽ പുരാതന യഹൂദദേവാലയങ്ങളിലെ യാഗക്രമങ്ങൾക്കു വൈദികകാലത്തെ ഹൈന്ദവ ക്രമങ്ങളുമായി പല അംശങ്ങളിലും സാജാത്യം കാണുവാൻ കഴിയും. ബലിപീഠനിർമിതിയുടെ വിവിധാംശങ്ങളെക്കുറിച്ച് പഴയനിയമ ഭാഗത്തു കാണുന്ന വിശദീകരണങ്ങളിൽ ഈ സാജാത്യം ഏറെക്കുറെ വ്യക്തമാകുന്നുണ്ട്. രക്തരഹിത ബലിയുടെ കാലം ആരംഭിക്കുന്നത് ക്രിസ്തുവിനു ശേഷമാണ്. ക്രൈസ്തവാചാരപ്രകാരം അനുഷ്ഠിക്കപ്പെടുന്ന കുർബാന എന്ന ബലി രക്തരഹിത ബലിയാണ്. അവിടെ രക്തത്തിന്റെ സ്ഥാനം വീഞ്ഞിനും മാംസത്തിന്റെ സ്ഥാനം ഗോതമ്പ് അപ്പത്തിനും കൊടുത്തിരിക്കുന്നു. അവയെ പുരോഹിതൻ തന്നിൽ നിക്ഷിപ്തമായിട്ടുള്ള പൌരോഹിത്യത്തിന്റെ അധികാരം ഉപയോഗിച്ച് രക്തമാംസങ്ങളായി അവരോധിക്കുന്നു. എങ്കിലും ബലിരക്തരഹിത ബലിയായി ത്തന്നെ അവശേഷിക്കുന്നു. ഇക്കാരണത്താൽ ഇന്നത്തെ ഹൈന്ദവബലിയും ക്രൈസ്തവ ബലിയും തമ്മിൽ യാതൊരു സാദൃശ്യവുമില്ല. ഹൈന്ദവരുടെ ബലിക്കല്ലുകൾക്കു ക്രൈസ്തവരുടെ ബലിപീഠങ്ങളുമായും സാദൃശ്യമില്ലാത്തതിന്റെ കാരണവും ഇതിൽനിന്നു വ്യക്തമാകുന്നു.

ചിത്രശാല

തിരുത്തുക


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അൾത്താര എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അൾത്താര&oldid=3979113" എന്ന താളിൽനിന്ന് ശേഖരിച്ചത്