(Abdul Hamid I എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുർക്കിയിലെ 27-ആമത്തെ ഒട്ടോമൻ സുൽത്താനായിരുന്നു അബ്ദുൽ ഹമീദ് I (തുർക്കി: )عبد الحميد اول മാർച്ച് 20-ന് ജനിച്ചു. തുർക്കി സുൽത്താനായിരുന്ന മുസ്തഫ III-ആമനെ പിന്തുടർന്ന് 1774 ജനുവരി 21-ന് സുൽത്താനായി. ഈ ഘട്ടത്തിൽ തുർക്കി റഷ്യയുമായി യുദ്ധത്തിലേർപ്പെട്ടിരിക്കയായിരുന്നു. പുതിയ സുൽത്താൻ 1774 ജൂലൈ. 21-ന് കുച്ചുക്ക്-കൈനർജി സന്ധിയോടെ യുദ്ധം അവസാനിപ്പിച്ചു. സന്ധിപ്രകാരം ക്രിമിയ സ്വതന്ത്ര സ്റ്റേറ്റ് ആയിത്തീരുമെന്നും വ്യവസ്ഥ ചെയ്തിരുന്നു. അസോവ് കടൽത്തീരത്തെ കോട്ടകൊത്തളങ്ങൾ റഷ്യയ്ക്ക് ലഭിച്ചു. ഇതുമൂലം തുർക്കിയിലെ ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ സംരക്ഷണാധികാരം റഷ്യയ്ക്ക് കിട്ടി. ഇതേവർഷത്തിൽ പേർഷ്യാക്കാർ കുർദിസ്താൻ ആക്രമിച്ചത് തുർക്കി-പേർഷ്യ യുദ്ധത്തിനു വഴിതെളിച്ചു. പക്ഷേ, ഈ യുദ്ധഫലമായി തുർക്കിയുടെ ആധിപത്യത്തിൻകീഴിലായിരുന്ന ഇറാക്കിലെ ചില പ്രദേശങ്ങൾ പേർഷ്യയ്ക്ക് ലഭിക്കുകയാണുണ്ടായത്. 1779 മാർച്ച് 10-ന് റഷ്യ കുച്ചുക്ക്-കൈനർജി സന്ധി അവർക്കു കൂടുതൽ അനുകൂലമാകുംവിധം ഭേദഗതി ചെയ്തു. റഷ്യയിലെ കാതറൈൻ II (1729-96) ആസ്റ്റ്രിയൻ രാജാവായ ജോസഫ് II (1741-90)-നെ കൂട്ടുപിടിച്ച് ക്രിമിയയിൽ കുഴപ്പങ്ങളുണ്ടാക്കിയെങ്കിലും തുർക്കിയുടെ ബലഹീനത മനസ്സിലാക്കിയ അബ്ദുൽ ഹമീദ് ക യുദ്ധത്തിനൊരുങ്ങിയില്ല. പക്ഷേ, റഷ്യയുടെ തുടർച്ചയായ പ്രകോപനംമൂലം 1787-ൽ വീണ്ടും തുർക്കിക്ക് യുദ്ധത്തിൽ ഇടപെടേണ്ടിവന്നു. ഈ യുദ്ധത്തിൽ തുർക്കി പരാജയപ്പെട്ടു. 1789 ഏപ്രിൽ 7-ന് സുൽത്താൻ അന്തരിച്ചു. തുർക്കിയിലെ ഇംപീരിയൽ നേവൽ എൻജിനീയറിങ് സ്കൂൾ, അച്ചുകൂടം, ബേയിലർബെയി, മിർഗൂൻ എന്നീ പള്ളികൾ, നിരവധി സ്കൂളുകൾ, വായനശാലകൾ തുടങ്ങിയവ സ്ഥാപിച്ചത് അബ്ദുൽ ഹമീദ് ആണ്.