ജർമൻ തത്ത്വചിന്തകനായ ഹ്യൂഗോ ഡിഗ്ലർ കോൺടിനെന്റൽ ഓപ്പറേഷനിസ (Continental Operationism)ത്തിന്റെ പ്രധാന വക്താവായിരുന്നു. ഗ്രുൺട് ലാഗൻ ഫോർഷുങ്ങ് (Grund lagen forsehung)ൽ അഥവാ ശാസ്ത്രങ്ങളുടെ അടിത്തറ പാകുവാനുള്ള ഗവേഷണത്തിൽ ഡിംഗ്ലർ പ്രധാന പങ്കുവഹിച്ചു. എർലാങ്ഗൻ (Erlangen), മ്യൂണിച്ച് (Munich), ഗ്യോട്ടിങ്ഗൻ (Gottingen) എന്നീ സർവകലാശാലകളിലായി ഡേവിഡ് ഹിൽബർട്ട് (David Hilbert), എഡ്മണ്ട് ഹസ്സൾ (Edmund Husserl), ഫെലിക്സ് ക്ലൈൻ (Felix Klein), ഹെർമൻ മിൻകൊവ്സ്കി (Herman Minkowski), വിൽഹെം റോയെന്റ്ജൻ (Wilhelm Roentgen), വോൾഡെമർ ഫോയ്ഗ്റ്റ് (Woldemar Voigt) എന്നീ പ്രസിദ്ധ ചിന്തകന്മാരുടെ കീഴിൽ ഇദ്ദേഹം പഠനം നടത്തിയിരുന്നു.

ഹ്യൂഗോ ഡിഗ്ലർ
ഹ്യൂഗോ ഡിഗ്ലർ
ജനനം1881
മരണം1954
ദേശീയതജർമൻ
അറിയപ്പെടുന്നത്തത്ത്വചിന്തകൻ

പഠനവും ജോലിയും

തിരുത്തുക

1906-ൽ ഇദ്ദേഹത്തിന് ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, ജ്യോതിശ്ശാസ്ത്രം എന്നിവയെ സമന്വയിപ്പിച്ചുനടത്തിയ ഗവേഷണത്തെ ആസ്പദമാക്കി പിഎച്ച്. ഡി. ബിരുദം ലഭിച്ചു. 1920-ൽ മ്യൂണിച്ച് സർവകലാശാലയിൽ പ്രൊഫസർ ആയി നിയമിക്കപ്പെട്ടു. 1932-ൽ ഡാംസ്റ്റഡ് (Darmstadt)ലെ സാങ്കേതിക വിദ്യാലയത്തിൽ പ്രൊഫസർ പദവി ലഭിച്ചു. 1934-ൽ ഇദ്ദേഹം പ്രസ്തുത പദവികളിൽ നിന്നും നിഷ്കാസിതനായി. യഹുദരോട് അനുകൂലമനോഭാവം പുലർത്തി എന്നതായിരുന്നു ഇദ്ദേഹത്തിന്റെ പേരിലുണ്ടായ പ്രധാന ആരോപണം. ചെറിയൊരു ഇടവേളയ്ക്കുശേഷം ഇദ്ദേഹം അധ്യാപനം പുനരാരംഭിച്ചുവെങ്കിലും വീണ്ടും രാഷ്ട്രീയ അരാജകത്വത്തെ എതിർക്കുവാൻ സന്നദ്ധനായി. അതിനാൽ ഇദ്ദേഹം സ്ഥിരമായി ഒരു ഗെസ്റ്റപൊ (gestapo) ഏജന്റിന്റെ നിരീക്ഷണത്തിലായിരുന്നു. പോസിറ്റീവിസം, നവകാന്റിയനിസം തുടങ്ങിയ തത്ത്വചിന്താ വിഭാഗങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന വീക്ഷണങ്ങളായിരുന്നു ഹ്യൂഗോയുടേത്.

യഥാർഥശാസ്ത്രം ഉണ്ടാകുന്നതെങ്ങനെ?

തിരുത്തുക

ഒരു യഥാർഥശാസ്ത്രം ഉണ്ടാകുന്നതെങ്ങനെ എന്നതായിരുന്നു ഹ്യൂഗോയുടെ മനസ്സിനെ മഥിച്ച ചോദ്യം. ഗണിതശാസ്ത്രത്തേയും ജ്യാമിതിയേയും മെക്കാനിക്സിനേയും മറ്റും യഥാർഥ ശാസ്ത്രങ്ങളായാണ് ഇദ്ദേഹം കണ്ടത്.

ഓരോ ശാസ്ത്രത്തിന്റെയും സിദ്ധാന്തത്തിന്റെയും രൂപീകരണം ആരംഭിക്കേണ്ടത് ശൂന്യതയിൽ നിന്നായിരിക്കണം എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ശൂന്യതയെ ഇദ്ദേഹം ഉൺബെറ്യൂർട്ടെ (das Unberuhrte) അഥവാ അവികലവും സ്പർശമേൽക്കാത്തതും എന്നു വിശേഷിപ്പിച്ചു. ഈ ശൂന്യതയിൽ നിന്നും ആശയങ്ങളുന്നയിച്ച് പടിപ്പടിയായി ശാസ്ത്രങ്ങൾ രൂപംകൊള്ളുന്നു എന്നാണ് ഹ്യൂഗോയുടെ നിഗമനം.

പ്രധാനകൃതികൾ

തിരുത്തുക
  • ഫിലൊസഫി ഡെർ ലോജിക് ഉൺട് അരിത്ത്മെറ്റിക് (Philosophie der logik und Arithmetik)
  • ദി ഗ്രുണ്ട്ലാഗൻ ഡെർ ജ്യോമിട്രീ (Die Grundlagen der Geometrie)
  • ദി മെത്താഡ് ഡെർ ഫിസിക് (Die Methode der Physik)
  • ലെഹ് ർബുക് ഡെർ എക്സാക്റ്റെൻ നാച്വർവിസ്സൻഷാഫ്റ്റൻ (Lehrbuch der exakten Naturwissen schaften)

എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികൾ.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിംഗ്ളർ, ഹ്യൂഗോ (1881 - 1954) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഹ്യൂഗോ_ഡിഗ്ലർ&oldid=3622270" എന്ന താളിൽനിന്ന് ശേഖരിച്ചത്