പുരാതന ഇസ്രായേലിലെ ഹെരോദ് വംശത്തിലെ ഒടുവിലത്തെ രാജാവായിരുന്നു ഹെരോദ് അഗ്രിപ്പ (ക്രി.വ. 27 - 100). അഗ്രിപ്പ രണ്ടാമൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ പിതാവ് അഗ്രിപ്പ ഒന്നാമനും, അമ്മ ക്രിസ്തുവിന്റെ ജനനസമയത്ത് രാജാവായിരുന്ന പ്രശസ്തനായ ഹെരോദ് രാജാവിന്റേ അനന്തരവൻ ഫസായേലിന്റെ പുത്രി സിപ്രോസും ആയിരുന്നു. റോമിൽ ക്ലോഡിയസ് ചക്രവർത്തിയുടെ രാജധാനിയിൽ വിദ്യാഭ്യാസം സിദ്ധിച്ച അഗ്രിപ്പയെ ക്രി.വ. 50-ൽ ചക്രവർത്തി ലബനോനിലെ ചാൾസിസ് പ്രദേശത്തെ രാജാവാക്കി . ക്രി.വ. 53-ൽ ഇദ്ദേഹം ചാൾസിസിനു പകരം അബിലേൻ, ട്രക്കോനൈറ്റിസ്, അർക്കാ എന്നീ പ്രദേശങ്ങളിലെ ഭരണാധികാരിയായി. ക്രി.വ. 54-ൽ ക്ലോഡിയസിന്റെ മരണത്തിനു ശേഷം നീറോ ചക്രവർത്തിയുടെ സ്ഥാനാരോഹണത്തെ തുടർന്ന് ഗലീലായിലേയും പെരേയായിലേയും പ്രദേശങ്ങളും ഇദ്ദേഹത്തിന്റെ അധികാരസീമയിൽ ചേർന്നു.[1]


ജറുസലേം പള്ളിയുടെ മേൽനോട്ടമുണ്ടായിരുന്ന അഗ്രിപ്പ, മുഖ്യപുരോഹിതന്റെ സ്ഥാനവസ്ത്രങ്ങളുടെ കൈവശക്കാരനും അദ്ദേഹത്തെ നിയമിക്കാൻ അധികാരമുള്ളവനും ആയിരുന്നു. റോമൻ അധികാരികൾ യഹൂദമതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഗ്രിപ്പയുടെ ഉപദേശം തേടിയിരുന്നു. ജറുസലേമിന്റെ അഭിവൃദ്ധിക്കായി സംഭാവനകൾ നല്കിയെങ്കിലും ഒടുവിൽ ഇദ്ദേഹം യഹൂദരുടെ വിരോധത്തിന് പാത്രമായിത്തീർന്നു. റോമാക്കാർക്കെതിരെ ക്രി.വ. 66-ൽ ആരംഭിച്ച കലാപത്തിൽനിന്ന് യഹൂദരെ പിന്തിരിപ്പിക്കുന്നതിന് അഗ്രിപ്പ ഏറെ പ്രയത്നിച്ചെങ്കിലും ഫലമുണ്ടായില്ല. ക്രി.വ. 66-70-ലെ കലാപകാലം മുഴുവൻ ഇദ്ദേഹം റോമൻ ഭരണത്തെ പിന്തുണച്ചു. വിശുദ്ധ പൗലോസ് വാഗ്വൈഭവത്തിലൂടെ തന്നെ ക്രിസ്ത്യാനിയാകാൻ ശ്രമിച്ചു എന്ന് ഇദ്ദേഹം പറഞ്ഞിട്ടുള്ളതായി പുതിയ നിയമത്തിലെ അപ്പസ്തോല നടപടികളിൽ പറയുന്നു.[2]

അഗ്രിപ്പായുടെ സ്വകാര്യജീവിതം മാതൃകാപരമായിരുന്നില്ല. സ്വന്തം സഹോദരി ബെർനീസുമായി അദ്ദേഹത്തിനു അഗമ്യബന്ധം ഉണ്ടായിരുന്നു.[1]

ക്രി.വ. 100-ൽ അഗ്രിപ്പാ റോമിൽ നിര്യാതനായി. അദ്ദേഹത്തിന് സന്താനങ്ങൾ ഇല്ലായിരുന്നു. അഗ്രിപ്പയുടെ മരണത്തോടെ ഹെരോദിയ രാജവംശം ഇല്ലാതായി.


സംശയവാദിയായ ഒരു റോമൻദാർശനികനും അഗ്രിപ്പ ഹെരോദ് എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. പ്രപഞ്ചത്തെക്കുറിച്ച് ഒന്നും അറിയാൻ സാധ്യമല്ലെന്ന് കാണിക്കുന്ന അഞ്ചുവാദങ്ങളാണ് ഇദ്ദേഹത്തിന്റെ സിദ്ധാന്തത്തിൽ അടങ്ങിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ കാലത്തെക്കുറിച്ചും ജീവിതസംഭവങ്ങളെക്കുറിച്ചുമുള്ള വിശദവിവരങ്ങൾ ലഭ്യമല്ല.

അവലംബംതിരുത്തുക

  1. 1.0 1.1 ഹെറോദിയ രാജവംശം, ഓക്സ്ഫോർഡ് ബൈബിൾ സഹായി (പുറങ്ങൾ 283-84)
  2. അപ്പസ്തോല നടപടികൾ, അദ്ധ്യായം 26.28-29


പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹെരോദ്_അഗ്രിപ്പ&oldid=2286823" എന്ന താളിൽനിന്ന് ശേഖരിച്ചത്