ഹാൻസ് അഡോൾഫ് എഡ്വാർഡ് ഡ്രിയെഷ്

ഒരു ജർമൻ തത്ത്വചിന്തകനായിരുന്നു ഹാൻസ് അഡോൾഫ് എഡ്വാർഡ് ഡ്രിയെഷ്. ജീവശാസ്ത്രജ്ഞൻ, ഭ്രൂണശാസ്ത്ര രംഗത്തെ പുരോഗതിയെ സഹായിച്ച വ്യക്തി; നവ്യപ്രാണ തത്ത്വവാദത്തിന്റെ (neovitalism) സുപ്രധാന വക്താവ് എന്നീ നിലകളിലും വിഖ്യാതൻ. 1867 ഒക്ടോബർ 28-ന് ജർമനിയിലെ ബാദ് ക്രോയ്സ്നാ ഹിലിൽ ജനിച്ചു. ഹാംബർഗിലെ വ്യാപാരിയായ പോൾ ഡ്രിയെഷ് ആയിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. 1886-ൽ ജൊഹാനിയത്തിലെ (Johaneum) പഠനം പൂർത്തിയാക്കിയതിനു ശേഷം ഇദ്ദേഹം ഫ്രൈബർഗിൽ എ. വൈസ്മാനിന്റെ കീഴിൽ ജീവശാസ്ത്രം പഠിക്കുവാൻ ആരംഭിച്ചു. പിന്നീട് മ്യുണിക്കിലും, ജെനയിലും ഇദ്ദേഹം പഠനം തുടർന്നു. ജെനയിൽ ഏൺസ്റ്റ് ഹേക്കലിന്റെ മേൽനോട്ടത്തിലാണ് ഡ്രിയെഷ് പഠനം നടത്തിയത്. 1889-ൽ ഇദ്ദേഹത്തിന് പിഎച്ച്.ഡി. ബിരുദം ലഭിച്ചു.

ഹാൻസ് അഡോൾഫ് എഡ്വാർഡ് ഡ്രിയെഷ്
Driesch1.jpg
ജനനം28 ഒക്ടോബർ 1867
മരണം17 ഏപ്രിൽ 1941
പൗരത്വംജർമൻ
അറിയപ്പെടുന്നത്ഡെവലപ്പ്മെന്റ് ജീവശാസ്ത്രവും എന്റെലെക്കി തത്ത്വവും
Scientific career
Fieldsജീവശാസ്ത്രം, തത്ത്വശാസ്ത്രം

യാന്ത്രികത്വവീക്ഷണംതിരുത്തുക

ജി. വുൾഫ്, ഡബ്ലിയു.ഹിസ്, എ.ഗൊയത്തെ തുടങ്ങിയവരുടെ വാദമുഖങ്ങളോട് പ്രതികരിക്കുകവഴി ഡ്രിയെഷിന് ഹേക്കലിന്റെ യാന്ത്രികത്വവീക്ഷണങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. വിൽഹെം റൂക്സിന്റെ കൃതികൾ ഇദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിക്കുകയും പ്രാണതത്ത്വ -യാന്ത്രികത്വ തർക്കത്തെക്കുറിച്ച് കൂടുതൽ പഠിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഡ്രിയെഷിന്റെ ആദ്യകൃതിയായ ദി മാത്തമാറ്റിഷ്-മെകാനിഷ് ബെഹൻഡല്യുങ്ങ് മോർഫോളജിഷർ പ്രൊബളെമെ ഡെർ ബയൊലോജി(Die mathematisch-mechanische behandlung morphologischer problemeder Biologie) പ്രസിദ്ധീകരിച്ചതോടുകൂടി ഹേക്കലുമായുള്ള ബന്ധം അവസാനിച്ചു.

സന്തുലിതവും സമസ്ഥാനീയവുമായ വ്യൂഹംതിരുത്തുക

ഉദ്ദേശം 1895 വരെയും ഡ്രിയെഷ് യാന്ത്രികത്വവീക്ഷണങ്ങൾ തന്നെയാണ് പുലർത്തിയിരുന്നത്. തന്റെ പരീക്ഷണങ്ങളിലൂടെ കണ്ടുപിടിച്ച വസ്തുതകൾ വിശദീകരിക്കുവാൻ യാന്ത്രികത്വ ത്തിന് സാധിക്കുകയില്ല എന്ന് ഇദ്ദേഹം മനസ്സിലാക്കി. 1899-ൽ ഇദ്ദേഹം ദി ലൊക്കലൈസേഷൻ മൊർഫൊജെനെറ്റിഷർ ഫൊർ ഗേങ്ങ ഐൻ ബെവൈസ് വെറ്റാലിസ്റ്റിഷൻ ഗെഷെഹൻസ് (harmonious equipotential system) എന്ന കൃതി പ്രസിദ്ധീകരിച്ചു. ഈ കൃതിയിലാണ് ഇദ്ദേഹം സന്തുലിതവും സമസ്ഥാനീയവുമായ വ്യൂഹം (harmonious equipotential system) എന്ന ആശയം അവതരിപ്പിച്ചത്. ഈ വ്യൂഹത്തെക്കുറിച്ചു വിശദീകരിക്കുവാൻ യാന്ത്രികത്വ സിദ്ധാന്തങ്ങൾക്ക് സാധിക്കുകയില്ല എന്നും ഇദ്ദേഹം തെളിയിച്ചു.

കൃതികൾതിരുത്തുക

1905-ഓടെ ഇദ്ദേഹം തത്ത്വശാസ്ത്രത്തിൽ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങി. 1908-ൽ ദ് സയൻസ് ആൻഡ് ഫിലോസഫി ഒഫ് ദി ഓർഗനിസം (The science and philosophy of the organism) എന്ന കൃതി പ്രസിദ്ധീകരിച്ചു. 1908-നു ശേഷം ഡ്രിയെഷ് തത്ത്വശാസ്ത്ര കൃതികൾ മാത്രമേ രചിച്ചിട്ടുള്ളൂ. 1909-ൽ ഇദ്ദേഹം ഹൈഡൽബർഗ് സർവകലാശാലയിൽ പ്രിവാറ്റ് ഡോസന്റ് ആയി. 1912-ൽ സർവകലാശാല യുടെ തത്ത്വശാസ്ത്രഫാക്കൽറ്റി അംഗമായി.

  • ഓർഡ്നുങ്ങ്സ് ലെഹ്റ (Ordnungslehre) (1912)
  • ദി ലോജിക് അൽസ് ഔഫ്ഗാബ (Die Logik als Aufgabe) (1913)
  • ൽ വിർക്ളിഷ് കൈറ്റ്സ് ലെഹ്റ (Wirklichkeitslehre) (1917)

എന്നീ ഗവേഷണഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. വിജ്ഞാനസിദ്ധാന്തം, തർക്കശാസ്ത്രം, ആത്മീയവാദം എന്നിവയെ സംബന്ധിക്കുന്ന ഈ മൂന്നു കൃതികളും ഡ്രിയെഷിന്റെ തത്ത്വശാസ്ത്രസിദ്ധാന്തങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ്. ലൈബ് ഉൺട് സീല (Lieb und seele), വിസ്സൻ ഉൺട് ഡെൻകൻ (Wissen und Denken) എന്നിവയും ഡ്രിയെഷിന്റെ മികവുറ്റ തത്ത്വശാസ്ത്ര കൃതികളാണ്.

നാസികളുടെ അപ്രിയംതിരുത്തുക

കൊളോൺ, ലൈപ്സിഗ് തുടങ്ങിയ സർവകലാശാലകളിലും ഇദ്ദേഹം ഔദ്യോഗികപദവികൾ അലങ്കരിച്ചിരുന്നു. എന്നാൽ നാസി ഭരണാധികാരികളുടെ അപ്രിയം സമ്പാദിച്ചതിനാൽ ഇദ്ദേഹം 1933-ൽ ഔദ്യോഗികസ്ഥാനങ്ങളിൽ നിന്ന് വിരമിക്കുവാൻ നിർബന്ധിതനായി. പിന്നീട് ഇദ്ദേഹം മനഃശാസ്ത്രത്തിലും, അതീന്ദ്രിയ മനഃശാസ്ത്രത്തിലും (Parapsychology) താത്പര്യം പ്രകടിപ്പിച്ചു തുടങ്ങി. 1932-ലും 1938-ലും പ്രസിദ്ധീകരിച്ച കൃതികൾ ഈ താത്പര്യം വെളിവാക്കുന്നവയാണ്.

എന്റലെച്ചി എന്ന ആശയംതിരുത്തുക

ജീവജാലങ്ങളുടെ വികാസത്തെക്കുറിച്ച് വിശദീകരിക്കുവാൻ ഡ്രിയെഷ് എന്റലെച്ചി (entelechy) എന്ന ആശയം അവതരിപ്പിച്ചു. ജീവജാലങ്ങളെ പൂർണമാക്കുന്ന ഘടകമാണ് എന്റലെച്ചി. മാനസിക-സാംസ്കാരിക തലങ്ങളിലും എന്റലെച്ചി നിലനിൽക്കുന്നു. ബോധാനുഭവങ്ങളുടെ അബോധമായ അടിസ്ഥാനമാകുന്നത് ആത്മാവാണ്.

പരമമായഔന്നത്യത്തിൽ ആത്മാവും എന്റലെച്ചിയും ഒന്നാകുന്നു. സാധാരണ മാനസികപ്രവർത്തനങ്ങൾ അപഗ്രഥിച്ചാൽ, അബോധത്തിന്റെ പടിവാതിൽവരെ എത്താൻ മാത്രമേ നമുക്കു സാധിക്കുകയുള്ളൂ. എന്നാൽ സ്വപ്നങ്ങളിലും ചില മനോരോഗി കളുടെ മാനസിക പ്രവർത്തനങ്ങളിലും അബോധത്തിന്റെ ചിത്രങ്ങൾ ദർശിക്കുവാൻ കഴിയും. അതീന്ദ്രിയപ്രതിഭാസങ്ങളായ ടെലിപ്പതിയിലും മറ്റും ശ്രേഷ്ഠമായ ഒരു പൂർണത ദർശിക്കുവാൻ കഴിയും. ദൈവമുണ്ടെന്ന് ഡ്രിയെഷ് വിശ്വസിച്ചു. ദൈവം ഒന്നാണോ അതോ നാനാതരത്തിലാണോ എന്ന് നിശ്ചയിക്കുവാൻ സാധിച്ചിരുന്നില്ല. 1941 ഏപ്രിൽ 14 ഇദദേഹം അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡ്രിയെഷ്, ഹാൻസ് അഡോൾഫ് എഡ്വാർഡ്(1867-1941) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.