എറണാകുളം ജില്ലയിലെ വൈപ്പിൻ കരയിൽ ജീവിച്ചിരുന്ന ഒരു സാമൂഹ്യപ്രവർത്തകനായിരുന്നു സർവോദയം കുര്യൻ. 11 ജനുവരി 1920 ന് ഞാറയ്ക്കൽ എന്ന സ്ഥലത്താണ് കുര്യൻ ജനിച്ചത്. ചെറിയാൻ പാറക്കലും , ആലീസ് പാറക്കലുമായിരുന്നു മാതാപിതാക്കൾ. സർവോദയം കുര്യൻ ജനിച്ചത് ജനുവരി പതിനൊന്ന് ആണെങ്കിലും , അദ്ദേഹത്തോടുള്ള ആദരസൂചകമായി ജന്മദിനം മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ആചരിക്കുന്നു.[1][2]

സർവോദയം കുര്യൻ
വ്യക്തിഗത വിവരങ്ങൾ
ജനനം
കുര്യൻ പാറക്കൽ

(1920-01-11)ജനുവരി 11, 1920
ഞാറയ്ക്കൽ, വൈപ്പിൻ, കേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഗാന്ധിയൻ
പങ്കാളി(കൾ)സെലിൻ
വസതി(കൾ)ഞാറയ്ക്കൽ, എറണാകുളം

ജീവിതരേഖതിരുത്തുക

ചെറുപ്പകാലത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. യാത്രയുടെ ഭാഗമായി നാഗാലാന്റിലും , പിന്നീട് അവിടുന്ന് ബ്രിട്ടീഷ് സിലോണിലും സഞ്ചരിച്ചു. അവിടെ വെച്ച് റെഡ്ക്രോസ്സിൽ ചേർന്നു. രണ്ടാംലോക മഹായുദ്ധത്തിനുശേഷം , ഞാറക്കലിൽ താമസിച്ച് സാമൂഹികപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ തീരുമാനിച്ചു. ലാളിത്യം നിറഞ്ഞ ജീവിത രീതിയായിരുന്നു സർവോദയം കുര്യന്റേത്. കൈ കൊണ്ട് നൂറ്റെടുത്ത ഖദറുകൊണ്ട് തയ്ചെടുത്ത ഷർട്ടും മുണ്ടുമായിരുന്നു വേഷം. സൈക്കിളിലായിരുന്നു സഞ്ചാരം. രാവിലെ അഞ്ചുമണിക്കു തുടങ്ങുന്ന ഈ യാത്ര , പറവൂർക്കും മുനമ്പത്തേക്കും ഒക്കെ നീളുമായിരുന്നു. അഗതികൾക്കും അശരണർക്കും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു സർവോദയം കുര്യന്റേത്. ഈ യാത്രക്കിടയിൽ പല വിദ്യാലയങ്ങളുടെയും അസംബ്ലികളിൽ അദ്ദേഹം സംബന്ധിക്കുമായിരുന്നു.

പൊതുപ്രവർത്തനംതിരുത്തുക

സർവോദയം കുര്യന്റെ പൊതുപ്രവർത്തനം വളരെയധികം നീണ്ടതാണ്. അതിൽ പകർച്ചവ്യാധികൾക്കെതിരേയുള്ള പ്രചാരണം മുതൽ മദ്യനിരോധനം വരെയുണ്ട്.

പകർച്ചവ്യാധി പ്രതിരോധംതിരുത്തുക

കാലാവസ്ഥാ വ്യതിയാനവും , അനാരോഗ്യഭക്ഷണരീതിയും മൂലം കേരളത്തിന്റെ തീരദേശത്ത് പലതരത്തിലുള്ള പകർച്ചവ്യാധികളും പടർന്നുപിടിക്കുമായിരുന്നു. വൈപ്പിൻ കരയിലും സ്ഥിതി ഭിന്നമായിരുന്നില്ല. കോളറ അന്ന് ഒരു നിയന്ത്രിക്കാനാവാത്ത ഒരു പകർച്ചവ്യാധിയായിരുന്നു. സർവോദയം കുര്യൻ ഈ പകർച്ചവ്യാധിക്കെതിരേ സർക്കാർ ആരോഗ്യവകുപ്പുമായി ചേർന്ന് വ്യാപക പ്രതിരോധ നടപടികൾ ചെയ്തു. അതിലൊന്നായിരുന്നു സൗജന്യ കോളറ വാക്സിൻ. ഈ പ്രവർത്തനത്തിൽ അദ്ദേഹത്തെ സഹായിക്കാനായി വൈപ്പിൻ കരയിലെ ധാരാളം യുവാക്കളും മുന്നിട്ടിറങ്ങിയിരുന്നു. കുര്യൻ വൈപ്പിൻ ദ്വീപിലെ എല്ലാ പ്രധാന കവലകളിലും തന്റെ സൈക്കിളിൽ കൃത്യമായി എത്തിച്ചേർന്ന് ഈ സൗജന്യ മരുന്ന് വിതരണം ചെയ്യുകയും , കോളറയ്ക്കെതിരേ ബോധവൽക്കരണം നടത്തുകയും ചെയ്യുമായിരുന്നു. കോളറ മൂലം മരിച്ചവരുടെ മൃതദേഹം ചുമന്നുകൊണ്ടുപോകാനായി മുന്നിട്ടിറങ്ങിയവരിൽ ആദ്യത്തെ ആളായിരുന്നു സർവോദയം കുര്യൻ. വൈപ്പിൻ കരയിലെ ആദ്യത്തെ സൗജന്യ സ്ട്രെച്ചർ സേവനം നടപ്പിലാക്കിയത് സർവോദയം കുര്യനായിരുന്നു. കോളറ പകർച്ചവ്യാധി കാലത്ത്.[3]

കോളറ പോലെ തന്നെ തീരദേശത്ത് വ്യാപിച്ച മറ്റൊരു അസുഖമായിരുന്നു വസൂരി. ചിക്കൻപോക്സ് എന്നറിയപ്പെടുന്ന ഈ അസുഖം വന്നാൽ മരണം സുനിശ്ചിതമായിരുന്നു. കാരണം ഈ അസുഖം വന്നവരെ ചികിത്സിക്കാനായി ആരും തന്നെ തയ്യാറായിരുന്നില്ല. ഈ കാലത്ത് , കുര്യൻ കോളറസമയത്ത് ചെയ്തപോലെ തന്നെ ബോധവൽക്കരണവും മരുന്നുവിതരണവുമായി മുന്നിട്ടിറങ്ങി. വസൂരി വന്ന് മരിച്ചവരുടെ മൃതശരീരം മറവുചെയ്യാനായി പോലും ആരും തയ്യാറായിരുന്നില്ല അക്കാലത്ത്. കുര്യൻ തന്നെ , ഈ മൃതശരീരങ്ങൾ പായയിൽ പൊതിഞ്ഞ് തന്റെ സൈക്കിളിന്റെ പുറകിൽ കെട്ടിവെച്ച് ശ്മശാനത്തിലെത്തിച്ച് മറവുചെയ്യുമായിരുന്നു. കുര്യൻ തന്നെയാണ് മൃതശരീരങ്ങൾ മറവുചെയ്യാനുള്ള കുഴികളും എടുത്തിരുന്നത്. മറവുചെയ്യാനായി കൊണ്ടുവന്ന ഒരു മൃതശരീരത്തിൽ ജീവന്റെ അനക്കം കണ്ടത് , പിന്നീട് കുര്യൻ ഓർമ്മിക്കുകയുണ്ടായി. മരണത്തിന്റെ പടിവാതിക്കലേക്ക് പോയ ഒരു പാടു പകർച്ചവ്യാധി രോഗികളെ സർവോദയം കുര്യൻ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നിട്ടുണ്ട്.

ക്ഷയരോഗം അന്നത്തെക്കാലത്ത് ഒരു പകർച്ചവ്യാധിതന്നെയായിരുന്നു. ഞാറക്കൽ സർക്കാർ ആശുപത്രിയിൽ 15 കിടക്കകളുള്ള ഒരു വാർഡ് കുര്യൻ നിർമ്മിച്ചു നൽകി. എല്ലാ ദിവസവും രോഗികളുടെ ക്ഷേമം അന്വേഷിക്കാനായി കുര്യൻ ഈ ആശുപത്രിയിലെത്തുമായിരുന്നു.[4]

മദ്യനിരോധന പ്രവർത്തനങ്ങൾതിരുത്തുക

1982 ലെ തിരവോണ ദിനത്തിന്റെ അന്നാണ് കേരളത്തെ ആകെപ്പാടെ തന്നെ ദുഃഖത്തിലാഴ്ത്തിയ വൈപ്പിൻ മദ്യദുരന്തം സംഭവിച്ചത്. ആ ദുരന്തത്തിൽ 78 പേർ മരിച്ചു , 63 പേർ പൂർണ്ണമായും അന്ധരായി തീർന്നു. ഏതാണ്ട് 650 ഓളം കുടുംബങ്ങളെ ഈ ദുരന്തം തകർത്തു. ഈ സമയത്ത് , കുര്യൻ ഓട്ടോറിക്ഷയിൽ ഘടിപ്പിച്ച രണ്ട് ഉച്ചഭാഷിണികളുമായി ബോധവൽക്കരണത്തനിറങ്ങിത്തിരിച്ചു. 21 കിലോമീറ്റർ നീളമുള്ള വൈപ്പിൻ കരയുടെ മുക്കിലും മൂലയിലും കുര്യൻ ഈ ഓട്ടോറിക്ഷയുമായി സഞ്ചരിച്ചു. അന്ന് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കഴിച്ച എല്ലാവരോടും ആശുപത്രികളിൽ അടിയന്തര ചികിത്സ നേടാനാണ് കുര്യൻ ആവശ്യപ്പെട്ടത്. ഇത് കുറേയെറെപേരുടെ ജീവൻ രക്ഷിക്കുകയുണ്ടായി. ജനങ്ങൾ , ഈ വിവരം കിട്ടിയമാത്രയിൽ ആശുപത്രികളിലേക്ക് ചികിത്സക്കായി പോയി. മീഥൈൽ ആൽക്കഹോൾ കലർന്ന ചാരായം ആണ് അന്ന് വൈപ്പിൻ കരയിൽ വിതരണംചെയ്യപ്പെട്ടത്.

പ്രകൃതിദുരന്തബാധിതർക്കുള്ള സഹായങ്ങൾതിരുത്തുക

ബംഗ്ലാദേശിലും , ഭൂട്ടാനിലും , ആന്ധ്രയിലും , ഷിമോഗയിലും ഒക്കെ സംഭവിച്ച , ഭൂമികുലുക്കത്തിലും , വെള്ളപ്പൊക്കത്തിലും മറ്റും പെട്ട് അശരണരായവർക്ക് കുര്യൻ നേരിട്ട് സഹായമെത്തിച്ചുകൊടുത്തു. മറ്റുള്ള ആളുകളിൽ നിന്നും ആവുന്ന സഹായങ്ങൾ വസ്ത്രങ്ങളായും പണമായും ശേഖരിച്ചശേഷം ഇവർക്കെത്തിച്ചുകൊടുക്കുകയായിരുന്നു കുര്യൻ ചെയ്തുകൊണ്ടിരുന്നത്. കുര്യൻ ചോദിച്ചാൽ സഹായം നൽകാത്തവരായി ആരുതന്നെ അന്നുണ്ടായിരുന്നില്ല എന്നു പറയപ്പെടുന്നു.

ബഹുമതികൾതിരുത്തുക

ഒരു കൊച്ചുകുട്ടിയിൽ നിന്നും ലഭിച്ച ഇരുപതുരൂപാ നോട്ടാണ് തനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരം എന്ന് കുര്യൻ പിന്നീട് പറഞ്ഞിട്ടുണ്ട്.

  1. ഭാരതത്തിന്റെ രാഷ്ട്രപതിയിൽ നിന്നും രത്നശിരോമണി പുരസ്കാരം
  2. പ്രിയദർശിനി അവാർഡ് - അബുദാബി പ്രിയദർശിനി പഠന ഫോറം
  3. മികച്ച സാമൂഹ്യപ്രവർത്തകനുള്ള സ്വർണ്ണമെഡൽ - സംസ്ഥാനസർക്കാർ
  4. സ്റ്റാലിയൻസ് അന്താരാഷ്ട്ര പുരസ്കാരം
  5. റെഡ്ക്രോസ്സ് സൊസൈറ്റി അവാർഡ്
  6. സിറിയക് കണ്ടത്തിൽ പുരസ്കാരം

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  1. ഗാന്ധിടോപിയ Archived 2012-06-15 at the Wayback Machine.
  2. സർവോദയം കുര്യൻ ഔദ്യോഗിക വെബ് വിലാസം
"https://ml.wikipedia.org/w/index.php?title=സർവോദയം_കുര്യൻ&oldid=3648661" എന്ന താളിൽനിന്ന് ശേഖരിച്ചത്