സ്‌ലിപ് (ക്രിക്കറ്റ്)
ക്രിക്കറ്റിൽ പൊതുവെ ഉപയോഗിക്കുന്ന ഒരു ഫീൽഡിങ് സ്ഥാനമാണ് സ്‌ലിപ്. ബാറ്റ്സ്മാന്റെ പിന്നിലായി ഫീൽഡിന്റെ ഓഫ്സൈഡിലാണ് സ്‌ലിപ് ഫീൽഡർമാർ നിലയുറപ്പിക്കുന്നത്. ബാറ്റിന്റെ വശങ്ങളിൽ തട്ടി വിക്കറ്റ് കീപ്പറിന്റെ പരിധിക്കുപുറത്തുപോകുന്ന പന്തുകൾ പിടിയിലൊതുക്കുക എന്ന ഉദ്ദേശത്തോടെയാണ് പൊതുവെ സ്‌ലിപ് ഫീൽഡർമാർ നിയോഗിക്കപ്പെടുന്നത്. സാധാരണയായി രണ്ടോ, മൂന്നോ സ്‌ലിപ്പുകളെയാണ് ടീമുകൾ നിയോഗിക്കാറുള്ളത്. വിക്കറ്റ് കീപ്പറിന്റെ സമീപത്തുനിന്ന് അകന്നുനിൽക്കുന്നതിന് അനുസരിച്ച് സ്‌ലിപ്പുകൾ, ഒന്നാം സ്‌ലിപ്, രണ്ടാം സ്‌ലിപ്, മൂന്നാം സ്‌ലിപ് എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ബൗളറിന്റെ വേഗതയനുസരിച്ചാണ് സ്‌ലിപ്പുകളുടെ സ്ഥാനവും നിശ്ചയിക്കപ്പെടാറുള്ളത്. ഫാസ്റ്റ് ബൗളർമാർ പന്തെറിയുമ്പോൾ പിറകിലേക്ക് മാറിയും, സ്പിൻ ബൗളർമാർ പന്തെറിയുമ്പോൾ വിക്കറ്റിന്റെ സമീപത്തേക്ക് കൂടുതൽ അടുത്തുമാണ് സ്‌ലിപ്പുകൾ സാധാരണയായി നിലകൊള്ളുന്നത്. സാധാരണയായി മികച്ച ഡൈവിങ് ശേഷിയും, വേഗതയും, പ്രതികരണശേഷിയുമുള്ള ഏറ്റവും മികച്ച ഫീൽഡർമാരെയാണ് സ്‌ലിപ് സ്ഥാനങ്ങളിൽ നിയോഗിക്കാറുള്ളത്.
ഓഫ് സിദ്ധാന്തം
തിരുത്തുകബാറ്റ്സ്മാന്റെ ബാറ്റിന്റെ വക്കുകളിൽ പന്ത് കൊള്ളിച്ച് വിക്കറ്റിന്റെ പിറകിൽ വിക്കറ്റ് കീപ്പർ, സ്‌ലിപ് എന്നീ സ്ഥാനങ്ങളിൽ ക്യാച്ച് നേടി പുറത്താക്കാൻ ശ്രമിക്കുന്നത് ക്രിക്കറ്റിൽ സർവസാധാരണമായി ഉപയോഗിക്കുന്ന ഒരു ഫീൽഡിങ് നയമാണ്. അതിനായി ബാറ്റ്സ്മാന്റെ ഓഫ് സൈഡിൽ, ബാറ്റ്സ്മാന്റെ ശരീരത്തിൽനിന്ന് കൂടുതൽ ദൂരെയായി പന്തെറിയാൻ ബൗളർമാർ ശ്രമിക്കുന്നു. അതിനാൽ ഔട്ട്സ്വിങ് പന്തുകളും, ലെഗ് കട്ടറുകളും, ലെഗ് സ്പിന്നും എറിയുന്ന ബൗളർമാർ കൂടുതൽ സ്‌ലിപ് ഫീൽഡർമാരെ ഉപയോഗിക്കാറുണ്ട്. 2004ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് 7 സ്‌ലിപ്പുകളെ ഒരേസമയം ഉപയോഗിച്ചു, 2001ൽ ഓസ്ട്രേലിയ സിംബാബ്‌വെക്കെതിരെ നടന്ന ഏകദിന മത്സരത്തിൽ 9 സ്‌ലിപ്പുകളെ ഉപയോഗിച്ച് റെക്കോഡ് സൃഷ്ടിച്ചു. വിക്കറ്റ് കീപ്പറും ബൗളറുമൊഴികെയുള്ള എല്ലാ ഫീൽഡർമാരും സ്‌ലിപ് സ്ഥാനങ്ങളിലാണ് ആ സമയത്ത് നിലകൊണ്ടത്. [1]
ലെഗ് സ്‌ലിപ്
തിരുത്തുകഓഫ്സൈഡ് സ്‌ലിപ്പുകൾക്ക് തത്തുല്യമായ അകലത്തിൽ ബാറ്റ്മാന്റെ ഓൺസൈഡിൽ (ലെഗ്സൈഡ്) നിലകൊള്ളുന്ന ഫീൽഡർമാരെയാണ് ലെഗ് സ്‌ലിപ് എന്ന് വിളിക്കുന്നത്. ഓഫ്സൈഡ് സ്‌ലിപ്പുകളെപ്പോലെ അത്ര സർവ്വസാധാരണമായി ഈ സ്ഥാനം ഉപയോഗിക്കാറില്ല. ഒരേ സമയം രണ്ടിലധികം ലെഗ് സ്‌ലിപ്പുകൾ അനുവദനീയമല്ല. രണ്ട് ലെഗ് സ്‌ലിപ്പുകളെ ഉപയോഗിക്കുന്നതുതന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അപൂർവങ്ങളിൽ അപൂർവമാണ്.
അവലംബം
തിരുത്തുക