സ്പിറ്റാക്ക് (അർമേനിയൻ: Սպիտակ), അർമേനിയയിലെ വടക്കൻ ലോറി പ്രവിശ്യയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. ഇത് തലസ്ഥാനമായ യെറിവാനിൽ നിന്ന് 96 കിലോമീറ്റർ (60 മൈൽ) വടക്കും പ്രവിശ്യാ കേന്ദ്രമായ വനാഡ്‌സോറിന് 22 കിലോമീറ്റർ (14 മൈൽ) പടിഞ്ഞാറുമായാണ് സ്ഥിതിചെയ്യുന്നത്. 1988 ലെ ഒരു വിനാശകരമായ ഭൂകമ്പത്തിൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ട സ്പിറ്റാക്ക് പട്ടണം, അല്പം വ്യത്യസ്തമായ സ്ഥലത്ത് പുനർനിർമ്മിക്കപ്പെട്ടു. 2011 ലെ സെൻസസ് പ്രകാരമുള്ള പട്ടണത്തിലെ ജനസംഖ്യ 12,881 ആയിരുന്നു. നിലവിൽ, 2016 ലെ ഔദ്യോഗിക കണക്ക് പ്രകാരമുള്ള പട്ടണത്തിലെ ഏകദേശ ജനസംഖ്യ 11,000 ആയിരുന്നു.

സ്പിറ്റാക്ക്

Սպիտակ
സ്പിറ്റാക്ക്
സ്പിറ്റാക്ക്
Official seal of സ്പിറ്റാക്ക്
Seal
സ്പിറ്റാക്ക് is located in Armenia
സ്പിറ്റാക്ക്
സ്പിറ്റാക്ക്
Coordinates: 40°50′14″N 44°16′03″E / 40.83722°N 44.26750°E / 40.83722; 44.26750
Countryഅർമേനിയ
Marz (Province)Lori
Founded17th century
വിസ്തീർണ്ണം
 • ആകെ57.6 ച.കി.മീ.(22.2 ച മൈ)
ഉയരം
1,650 മീ(5,410 അടി)
ജനസംഖ്യ
 (2011 census)
 • ആകെ12,881
 • ജനസാന്ദ്രത220/ച.കി.മീ.(580/ച മൈ)
സമയമേഖലUTC+4 ( )
വെബ്സൈറ്റ്Official website
Sources: Population[1]

പദോൽപ്പത്തി

തിരുത്തുക

നിരവധി കുളിക്കടവുകൾ നിലനിന്നിരുന്നതിനാൽ തുർക്കി ഭാഷയിൽ "കുളി" എന്നർത്ഥം വരുന്ന ഹമാംലു എന്നാണ് ഈ ജനവാസകേന്ദ്രം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. 1948-ൽ, ഈ പ്രദേശത്ത് വെളുത്ത ചുണ്ണാമ്പുകല്ലുകൾ ധാരാളമായി കാണപ്പെട്ടിരുന്നതിനാൽ പട്ടണം അർമേനിയൻ ഭാഷയിൽ വെളുപ്പ് എന്നർഥമുള്ള സ്പിറ്റാക്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[2][3] സ്പിറ്റാക്ക് എന്ന വാക്ക് തന്നെ മിഡിൽ പേർഷ്യൻ വാക്കായ സ്‌പെഡാഗിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.[4]

ചരിത്രം

തിരുത്തുക

ചുറ്റുമുള്ള കുന്നുകളിൽ കണ്ടെത്തിയ പ്രാചീന വാസസ്ഥലങ്ങളെ അടിസ്ഥാനമാക്കി ബി.സി. നാലാം സഹസ്രാബ്ദം മുതൽക്കുതന്നെ ആധുനിക സ്പിറ്റാക്ക് പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നു. വെങ്കലയുഗം മുതലുള്ള അനവധി അവശിഷ്ടങ്ങൾ സർദാർ കുന്നിൽ കാണപ്പെടുന്നു. പിന്നീട്, ബി.സി. ഏഴാം നൂറ്റാണ്ടിൽ ഈ പ്രദേശം ഉറാർട്ടു രാജ്യത്തിനുള്ളിൽ ഉൾപ്പെട്ടിരുന്നു. ബി.സി. നാലാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനും ഇടയിലുള്ള കാലത്ത് ഈ പ്രദേശം ഒറോണ്ടിഡ് അർമേനിയയുടെ ഭാഗവും തുടർന്ന് ബി.സി. 189 ൽ അർടാക്സിയഡ് വംശവും ഭരിച്ചു. ഗ്രേറ്റർ അർമേനിയയുടെ പതിമൂന്നാം പ്രവിശ്യയായ ചരിത്രപ്രസിദ്ധമായ ഗുഗാർക്ക് പ്രവിശ്യയിലെ താഷിർ (അർമേനിയൻ: Տաշիր) കന്റോണിനുള്ളിലും ഈ പ്രദേശം ഉൾപ്പെടുത്തിയിരുന്നു.

9-ആം നൂറ്റാണ്ടിൽ, താഷിർ പ്രദേശം 885-ൽ പുതുതായി സ്ഥാപിതമായ അർമേനിയയിലെ ബഗ്രാറ്റിഡ് രാജ്യത്തിന്റെ ഭാഗമായി. ബഗ്രാറ്റിഡുകളുടെ സംരക്ഷകത്വത്തിന് കീഴിൽ 979 ൽ താഷിർ-ഡ്സോറാഗെറ്റ് രാജ്യം സ്ഥാപിക്കപ്പെടുകയും  താഷിർ പ്രദേശം 1118-ൽ അതിന്റെ വിഘടനം വരെ കിയുരികിയക്കാർ ഭരിച്ചിരുന്ന രാജ്യത്തിന്റെ ഭാഗമായി നിലനിൽക്കുകയും ചെയ്തു.

1045 നും 1064 നും ഇടയിൽ അർമേനിയയുടെ മേലുള്ള  ഒരു ബൈസന്റൈൻ ഭരണത്തിന്റെ ഒരു ഹ്രസ്വമായ കാലത്തിന്ശേഷം, ആക്രമണകാരികളായ സെൽജൂക്കുകൾ താഷിർ ഉൾപ്പെടെയുള്ള മുഴുവൻ പ്രദേശത്തിന്റേയും ഭരണാധികാരികളായി. എന്നിരുന്നാലും, 1201-ൽ ജോർജിയൻ സംരക്ഷകത്വത്തിന് കീഴിൽ അർമേനിയയിലെ സക്കാറിദ് മേൽക്കോയ്മ സ്ഥാപിതമായതോടെ, ഗുഗാർക്ക് ഉൾപ്പെടെയുള്ള കിഴക്കൻ അർമേനിയൻ പ്രദേശങ്ങൾ ഗണ്യമായ വളർച്ച പ്രാപിച്ചു. 1236-ൽ മംഗോളിയക്കാർ അനി പിടിച്ചടക്കിയതിനുശേഷം, താഷിർ ഒരു മംഗോളിയൻ സംരക്ഷിത പ്രദേശമെന്ന നിലയിൽ ഇൽഖാനേറ്റിന്റെ ഭാഗമായിത്തീരുകയും സക്കറിദുകൾ മംഗോളിയരുടെ സാമന്തന്മാരായി മാറുകയും ചെയ്തു. 14-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇൽഖാനേറ്റിന്റെ പതനത്തിനുശേഷം, സക്കരിദ് രാജകുമാരന്മാരുടെ അധീനതയിലാ പ്രദേശം 1360 ൽ രണോത്സുകരായ തുർക്കി ഗോത്രങ്ങളുടെ കീഴിലായിത്തീരുന്നതുവരെ അവർ ഭരിച്ചു.

1501-ൽ, താഷിർ ഉൾപ്പെടെയുള്ള മിക്ക കിഴക്കൻ അർമേനിയൻ പ്രദേശങ്ങളും സഫാവിദ് ഇറാൻ കൈവശപ്പെടുത്തി. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, ഇറാനിലെ അഫ്‌ഷാരിദ് രാജവംശത്തിന്റെ കീഴിൽ പുതുതായി രൂപീകൃതമായ ഒരു ഭരണപ്രദേശമായ എറിവാൻ ഖാനേറ്റിനുള്ളിൽ, ചരിത്രപ്രാധാന്യമുള്ള താഷിർ പ്രദേശത്ത് ഹമാംലു എന്ന ഒരു ചെറിയ ഗ്രാമം സ്ഥാപിതമായി. ഈ ഗ്രാമത്തിലെ ആദ്യ താമസക്കാർ ഇറാനിയൻ പട്ടണമായ ഖോയിൽ നിന്നുള്ള അർമേനിയൻ കുടിയേറ്റക്കാരായിരുന്നു.

1828-ൽ ഹമാംലു ഉൾപ്പെടെയുള്ള എറിവാൻ ഖാനേറ്റ് റഷ്യൻ സാമ്രാജ്യം പിടിച്ചെടുത്തു. റഷ്യൻ സാമ്രാജ്യവും ഖജർ പേർഷ്യയും തമ്മിൽ 1828 ഫെബ്രുവരി 10-ന് ഒപ്പുവച്ച തുർക്ക്മെൻചായ് ഉടമ്പടി പ്രകാരം ഈ പ്രദേശം ഔദ്യോഗികമായി റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. ഹമാംലു റഷ്യൻ സാമ്രാജ്യത്തിന്റെ എറിവാൻ ഗവർണറേറ്റിനുള്ളിലെ അലക്സാണ്ട്രോപോൾ ഉയെസ്ഡിന്റെ ഭാഗമായി.

1918 നവംബറിൽ, പുതുതായി രൂപീകരിക്കപ്പെട്ട റിപ്പബ്ലിക് ഓഫ് അർമേനിയയിൽ ഹമാംലു ഉൾപ്പെടുത്തി. 1920 ഡിസംബറിൽ അർമേനിയ സോവിയറ്റ് യൂണിയന്റെ ഭാഗമായതിനേത്തുടർന്ന്, 1921 ഫെബ്രുവരി 11-ന് ഹമാംലു സോവിയറ്റ് അർമേനിയയിൽ ഉൾപ്പെടുത്തി.

1937-ൽ ഹമാംലു റയോൺ സ്ഥാപിക്കപ്പെടുകയും ഹമാംലു ഗ്രാമം പുതുതായി രൂപീകരിച്ച ഭരണ പ്രദേശത്തിന്റെ കേന്ദ്രമായി മാറുകയും ചെയ്തു. സോവിയറ്റ് ഭരണത്തിൻ കീഴിൽ ഹമാംലുവിൽ ആദ്യത്തെ വ്യാവസായിക സ്ഥാപനമെന്ന നിലയിൽ 1937 ൽ ക്ഷീരോൽപ്പന്ന ഫാക്ടറിയും തുടർന്ന് 1947-ൽ ഒരു പഞ്ചസാര പ്ലാന്റും സ്ഥാപിച്ചു. 1949-ൽ ഹമാംലു അതിന്റെ റയോണിനൊപ്പം സ്പിറ്റാക്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1960-ൽ സ്പിറ്റാക്കിന് ഒരു പട്ടണത്തിന്റെ പദവി ലഭിച്ചു. 1971-ൽ ഇത് റിപ്പബ്ലിക്കിനു കീഴിലുള്ള ഒരു പട്ടണമായി മാറി.[5]

സ്പിറ്റാക്കിലെ ആദ്യ നഗരവികസന പദ്ധതി 1965-ൽ ആർക്കിടെക്റ്റ് എ. ഹരുത്യാന്യാൻ അവതരിപ്പിച്ചു, തുടർന്ന് 1974-ൽ വാസ്തുശില്പികളായ കെ. ഘസര്യാനും എച്ച്. മിർസഖന്യാനും ചേർന്ന് രചിച്ച രണ്ടാമത്തെ വകസന പദ്ധതി തയ്യാറാക്കി. പ്രധാനമായും തുന്നിയ വസ്ത്രങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയ്ക്കായി സ്പിറ്റാക്കിൽ നിരവധി വലിയ ഫാക്ടറികൾ തുറന്നു. 1980-ൽ, ഒരു പുതിയ നഗര പദ്ധതി അംഗീകരിക്കപ്പെടുകയും പിന്നീട് 1983-ൽ പട്ടണത്തിൽ ഒരു കായിക സമുച്ചയം തുറക്കുകയും ചെയ്തു.

1988-ലെ ഭൂകമ്പത്തിൽ, സ്പിറ്റാക്ക് പട്ടണം പൂർണ്ണമായും നശിപ്പിക്കപ്പെടുകയും നഗരത്തിലെ 15,000 ജനസംഖ്യയിൽ മൂന്നിലൊന്ന് പേർ കൊല്ലപ്പെടുകയും ബാക്കിയുള്ളവർ ഭവനരഹിരാകുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനുശേഷം, ഉസ്ബെക്കിസ്ഥാൻ, സ്വിറ്റ്സർലാന്റ്, റഷ്യ, ഓസ്ട്രിയ, ഫിൻലാൻഡ്, നോർവെ, ഇറ്റലി, ജർമ്മനി, ചെക്ക് റിപ്പബ്ലിക്, എസ്റ്റോണിയ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങി നിരവധി വിദേശ രാജ്യങ്ങളുടെ സഹായത്തോടെയും സംസ്ഥാന സർക്കാരിന്റെയും അർമേനിയൻ പ്രവാസികളുടെയും പരിശ്രമത്തിലൂടെയും സ്പിറ്റാക്ക് ക്രമേണ പുനർനിർമ്മിച്ചു.

ഭൂമിശാസ്ത്രം

തിരുത്തുക

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1650 മീറ്റർ ഉയരത്തിൽ പമ്പാക്ക് നദിയുടെ തീരത്ത് 57.6 ചതുരശ്ര കിലോമീറ്റർ (22 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതാണ് സ്പിറ്റാക്ക് . വടക്ക് നിന്ന് ബാസും പർവതങ്ങളും തെക്ക് നിന്ന് പാമ്പാക്ക് പർവതങ്ങളുമാണ് ഇവിടെ ആധിപത്യം പുലർത്തുന്നത്.

വളരെ തണുത്ത ശൈത്യകാലവും ഇളം വേനൽക്കാലവുമാണ് സ്പിറ്റക്കിന്റെ സവിശേഷതകൾ. വാർഷിക മഴയുടെ അളവ് 440 മില്ലിമീറ്റർ (17 ഇഞ്ച്) വരെ എത്തുന്നു.

  1. 2011 Armenia census, Lori Province
  2. John Everett-Heath, The Concise Dictionary of World Place-Names, 2018, ISBN 0192562436, s.v.
  3. John Brady Kiesling, Rediscovering Armenia: An Archaeological/touristic Gazetteer and Map Set for the Historical Monuments of Armenia, 2001, ISBN 9993052280, p. 43
  4. Schmitt, R.; Bailey, H. W. (2011) [1986]. "ARMENIA AND IRAN iv. Iranian influences in Armenian Language". Encyclopaedia Iranica, Vol. II, Fasc. 4-5. pp. 445–465.
  5. "Spitak community". Archived from the original on 2016-03-01. Retrieved 2021-11-07.
"https://ml.wikipedia.org/w/index.php?title=സ്പിറ്റാക്ക്&oldid=3800683" എന്ന താളിൽനിന്ന് ശേഖരിച്ചത്