ഭൂമിക്കടിയിൽ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയിൽ പൈപ്പിങ് അഥവാ കുഴലീകൃത മണ്ണൊലിപ്പ്. ഭൗമാന്തർഭാഗത്ത് ടണലുകൾ രൂപപ്പെടുകയും അതിന്റെ ഫലമായി നദിയൊഴുകുന്നത് പോലെ നിരവധി കൈവഴികളായി ചെറുതുരങ്കങ്ങൾ രൂപപ്പെടുകയും അതിലൂടെ ദൃഢത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷണങ്ങളും ഒഴുകി മലയുടെ അടിവാരത്തേക്ക് ടണലിലൂടെ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ ഒരു പ്രദേശം മുഴുവൻ ദുർബലമാവുകയും മലയിടിച്ചിലിന് കാരണമാവുകയും ചെയ്യും. [1]

This hanging valley has been created by the rapid backward erosion of the boulder clay cliffs.

പ്രത്യേകതകൾ

തിരുത്തുക

മണ്ണിനടിയിലെ മണ്ണൊലിപ്പാണ് ഇത്. മണ്ണ് ആദ്യം ചെറിയ കുഴലിന്റെ വണ്ണത്തിലും പിന്നീട് തുരങ്കവലിപ്പത്തിലും മറ്റൊരിടത്തേക്ക് ഒലിച്ചു നീങ്ങുന്നതുവഴി മേൽ മണ്ണ് ഇടിയുന്നതാണ് സോയിൽ പൈപ്പിങിൽ പൊതുവേ സംഭവിക്കുന്നത്. മണ്ണിനടിയിൽ വലിയ തുരങ്കങ്ങൾ രൂപപ്പെടുന്നതോ അവ ശാഖകളായി വികസിക്കുന്നതോ സംബന്ധിച്ച ഒരു സൂചനയും പുറത്തേക്കു ലഭിക്കില്ല. അപ്രതീക്ഷിതമായിട്ടാവും ദുരന്തം എത്തുക. നിശ്ശബ്ദമായി വ്യാപിക്കുന്നതുകൊണ്ട് ഈ പ്രതിഭാസത്തെ ഭൌമശാസ്ത്രജ്ഞർ 'മണ്ണിന്റെ കാൻസർ' എന്ന് വിളിക്കുന്നു. [2]

സോയിൽ പൈപ്പിങ് സംഭവിക്കുന്ന പുരയിടങ്ങൾ കൃഷിക്കോ മനുഷ്യവാസത്തിനോ പറ്റാത്ത തരത്തിൽ ആകെ തകർന്നടിയുന്നതാണ് ഇതിന്റെ പ്രധാനദോഷം. അണക്കെട്ടുകൾ, വീടുകൾ, റോഡുകൾ എന്നിവയ്ക്ക് അടിയിൽ ഇതു നടക്കാമെന്നതാണു വലിയ ആശങ്ക ഉയർത്തുന്നത്. [3]

കേരളത്തിൽ

തിരുത്തുക

വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിനു സമീപത്തും നേര്യമംഗലം-തട്ടേക്കണ്ണി റോഡിനു സമീപം തട്ടേക്കണ്ണിയിലും ഇത്തരം തുരങ്കങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ വലിയ ഭാഗം സ്ഥലങ്ങളും സോയിൽ പൈപ്പിങ് ഭീഷണിയിലാണ്. ചെറുപുഴയിലെ ചട്ടിവയലിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സോയിൽ പൈപ്പിങ് കണ്ടെത്തിയിരിക്കുന്നത്. ഒരു ജീപ്പിനു പോകാവുന്ന വലിപ്പമുള്ള തുരങ്കങ്ങൾ വരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. 200 മീറ്റർ വരെ നീളമുള്ള തുരങ്കങ്ങളും സോയിൽ പൈപ്പിങ് വഴി ഉണ്ടായിട്ടുണ്ട്. [4] വയനാട് ജില്ലയിൽ കൽപ്പറ്റയിലെ പുത്തുമലയിൽ 2019 ആഗസ്റ്റ് 8 ന് ഉണ്ടായ ഭീമൻ മണ്ണിടിച്ചിലിന് കാരണം സോയിൽ പൈപ്പിങ് ആണെന്നു കണ്ടെത്തിയിരുന്നു. [5]കോഴിക്കോട് പൈക്കാടൻമലയിലും സോയിൽ പൈപ്പിങ് ഉണ്ടെന്നു മണ്ണ് സംരക്ഷണം, ജിയോളജി, സി ഡബ്യു ആർ ഡി എം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ 2019 ഓഗസ്റ്റ് 14-ന്  കണ്ടെത്തിയിരുന്നു.[6]

കേരളത്തിലെ സാധ്യതാ മേഖലകൾ

തിരുത്തുക

ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം സോയിൽ പൈപ്പിങ് സാധ്യതാമേഖലകളായി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലെ 14 താലൂക്കുകളെ കേരളത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-13. Retrieved 2019-08-13.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-13. Retrieved 2019-08-13.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-13. Retrieved 2019-08-13.
  4. https://www.thehindu.com/news/cities/Thiruvananthapuram/steps-to-contain-soil-piping-threat-in-kerala/article5451232.ece
  5. https://www.mathrubhumi.com/news/kerala/wayanad-puthumala-landslide-1.4027679
  6. "Maonrama News". Manorama News. Retrieved 15-Aug-2019. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=സോയിൽ_പൈപ്പിങ്&oldid=4105347" എന്ന താളിൽനിന്ന് ശേഖരിച്ചത്