സെമിയോൺ ഡെഷ്നേവ്
ഈ ലേഖനത്തിന്റെ ശൈലി-ഘടന പ്രശ്നങ്ങൾ ശരിയാക്കാൻ തിരുത്തലുകൾ വേണ്ടിവന്നേയ്ക്കും. (2023 ജൂൺ) |
സെമിയോൺ ഇവാനോവിച്ച് ഡെഷ്നേവ് (ജീവിതകാലം: c. 1605 - 1673) സൈബീരിയയിൽ പ്രവർത്തിച്ചിരുന്ന ഒരു റഷ്യൻ വംശജനായ പര്യവേക്ഷകനും വിറ്റസ് ബെറിംഗിന് ഏകദേശം 80 വർഷങ്ങൾക്ക് മുമ്പ്, ബെറിംഗ് കടലിടുക്കിലൂടെ നാവിക യാത്ര നടത്തിയ ആദ്യത്തെ യൂറോപ്യൻ സഞ്ചാരിയുമായിരുന്നു. 1648-ൽ അദ്ദേഹം ആർട്ടിക് സമുദ്രത്തിലെ കൊളിമ നദിയിൽ നിന്ന് പസഫിക്കിലെ അനാദിർ നദിയിലേക്ക് നാവിക യാത്ര നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ഈ പര്യവേക്ഷണം ഏതാണ്ട് നൂറു വർഷക്കാലത്തോളം വിസ്മൃതിയിലാണ്ടുപോകുകയും, നിലവിൽ ഈ കടലിടുക്കിൻറെ പേര് വഹിക്കുന്ന വിറ്റസ് ബെറിംഗ് ഇത് കണ്ടെത്തിയതിൻറെ ഖ്യാതി നേടുകയും ചെയ്തു.
ജീവിതരേഖ
തിരുത്തുകഒരു പോമോർ റഷ്യൻ ആയിരുന്ന ഡെഷ്‌നേവ്, ഏകദേശം 1605-ൽ, വെലിക്കി ഉസ്ത്യൂഗ് പട്ടണത്തിൽ അല്ലെങ്കിൽ പിനെഗാ ഗ്രാമത്തിൽ ജനിച്ചതു. നരവംശശാസ്ത്രജ്ഞയായിരുന്ന ലിഡിയ ടി. ബ്ലാക്ക് അഭിപ്രായപ്പെടുന്നത്, 1630-ൽ സൈബീരിയയിൽ സേവനത്തിനായി റിക്രൂട്ട് ചെയ്യപ്പെട്ട ഡെഷ്‌നേവ്, ഒരുപക്ഷേ ഒരു സർവീസ് മാൻ അല്ലെങ്കിൽ സർക്കാർ പ്രതിനിധി ആയിരുന്നിരിക്കാമെന്നാണ്.[1] അദ്ദേഹം റഷ്യയിലെ ടൊബോൾസ്ക്, യെനിസെസ്ക് പട്ടണങ്ങളിൽ എട്ട് വർഷക്കാലം സേവനമനുഷ്ടിച്ച ശേഷം 1639-ൽ അല്ലെങ്കിൽ അതിനുമുമ്പായി യാകുട്ടിയയിലേക്ക് പോയി. 1632-ൽ യാകുത്‌സ്‌ക് പട്ടണം (ലെന നദിയോരത്തെ) സ്ഥാപിച്ചതിന്റെ ബഹുമതി നേടിയ ബെക്കെറ്റോവിന്റെ കീഴിലുള്ള കോസാക്ക് ഡിറ്റാച്ച്‌മെന്റിൽ അദ്ദേഹം അംഗമായിരുന്നുവെന്ന് പറയപ്പെടുന്നു. എന്തായാലും, 1639-ന് ശേഷം യാകുട്ടിയയിലേക്ക് അയയ്ക്കപ്പെട്ട അദ്ദേഹം, അവിടെവച്ച് ഒരു യാകുട്ട് വംശജയായ ബന്ദിയെ വിവാഹം കഴിക്കുകയും അടുത്ത മൂന്ന് വർഷക്കാലത്തോളം തദ്ദേശീയരിൽനിന്ന് യാസക്ക് എന്നറിയപ്പെടുന്ന കപ്പം പിരിക്കാൻ നിയോഗിക്കപ്പെടുകയും ചെയ്തു.[1]
1641-ൽ, ഡെഷ്നേവ് വടക്കുകിഴക്കൻ ഭാഗത്ത് ഇൻഡിഗിർക്ക നദിയുടെ പുതുതായി കണ്ടെത്തിയ കൈവഴി ഉൾപ്പെടുന്ന പ്രദേശത്തേയ്ക്ക് മാറി മിഖായേൽ സ്റ്റാദുഖിന്റെ കീഴിൽ സേവനമനുഷ്ഠിച്ചു. ശുഷ്കമായ രോമലഭ്യതയും ശത്രുതാ മനോഭാവമുള്ള തദ്ദേശീയരേയും ഇവിടെ കണ്ടെത്തിയ അദ്ദേഹവും സ്റ്റാദുഖിനും യാരിലോ സിറിയനും കിഴക്ക് സമ്പന്നമായ ഒരു നദിയെക്കുറിച്ച് കേട്ടതോടെ, ഇൻഡിഗിർക്ക നദിയിലൂടെ നാവിക യാത്ര നടത്തുകയും തുടർന്ന് കിഴക്കൻ തീരത്ത് കൊളിമ നദിയിലേക്ക് പ്രവേശിച്ചുകൊണ്ട് അവിടെ 1643 ൽ ഒരു ഓസ്‌ട്രോഗ് (അഥവാ കോട്ട) നിർമ്മിക്കുകയും ചെയ്തു. അക്കാലത്ത് ഇത് കിഴക്കേയറ്റത്തെ റഷ്യൻ അതിർത്തിയായി അറിയപ്പെട്ടിരുന്നു.[1] വളരെപ്പെട്ടെന്നുതന്നെ കിഴക്കൻ സൈബീരിയയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നെന്ന പെരുമ കോളിമയെ തേടിയെത്തി. 1647-ൽ, 396 പുരുഷന്മാർ അവിടെ തലക്കരം അടയ്ക്കുകയും 404 പുരുഷന്മാർക്ക് യാകുത്സ്കിൽ നിന്ന് കോളിമയിലേക്ക് പോകുന്നതിനുള്ള പാസ്പോർട്ട് ലഭിക്കുകയും ചെയ്തു.
ഏകദേശം 1642 മുതൽക്കുതന്നെ, റഷ്യക്കാർ ആർട്ടിക്ക് സമുദ്രത്തിലേയ്ക്ക് പ്രവഹിക്കുന്നതും സമീപ പ്രദേശങ്ങൾ കീരി രോമം, വാൽറസ് ദന്തം, വെള്ളി അയിര് എന്നിവയാൽ സമ്പന്നവുമായ ഒരു 'പോഗിച നദി'യെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിരുന്നു. 1646-ൽ അവിടയെത്തുന്നതിനുള്ള ഒരു ശ്രമം പരാജയപ്പെട്ടു. 1647-ൽ, ഒരു മോസ്കോ വ്യവസായിയുടെ പ്രതിനിധിയായിരുന്ന ഫെഡോട്ട് അലക്‌സെയേവ് ഒരു പര്യവേഷണം സംഘടിപ്പിക്കുകയും സർക്കാർ ഉദ്യോഗസ്ഥനായിരുന്നുവെന്ന കാരണത്താൽ ഡെഷ്‌നേവിനെ ഈ പര്യവേക്ഷണത്തിൽ പങ്കാളിയാക്കുകയും ചെയ്തു. പര്യവേഷണം കടലിൽ എത്തിയെങ്കിലും കനത്ത മഞ്ഞുവീഴ്ച കാരണം ചുക്ച്ചി പെനിൻസുലയെ വലംവയ്ക്കാൻ കഴിയാതിരുന്നതോടെ പര്യവേക്ഷകർക്ക് പിന്തിരിയേണ്ടിവന്നു.[1]
തൊട്ടടുത്ത വർഷം (1648) അവർ വീണ്ടും ശ്രമിച്ചു. ഫെഡോട്ട് അലക്‌സെയേവിനൊപ്പം ഗുസെൽനിക്കോവ് മർച്ചൻറ് ഹൗസിനെ പ്രതിനിധീകരിച്ചുകൊണ്ട് തങ്ങളുടേതായ യാനങ്ങളും ആളുകളുമായി ആൻഡ്രീവ്, അഫ്‌സ്റ്റാഫിവ് എന്നീ രണ്ടുപേരും ചേർന്നപ്പോൾ, അലക്‌സെയേവ് അഞ്ച് കപ്പലുകളും ഭൂരിഭാഗം ആളുകളേയും നൽകി. ജെറാസിം അങ്കുഡിനോവ് എന്നയാളും സ്വന്തം കപ്പലും 30 ആളുകളുമായി ഈ പര്യവേഷണത്തിൽ പങ്കുചേർന്നു. അക്കാലത്തെ പതിവുപോലെ, സ്വകാര്യ ലാഭത്തിനുള്ള രോമശേഖരണത്തിനായി സ്വന്തമായി 18 അല്ലെങ്കിൽ 19 ആളുകളെ, ഡെഷ്‌നേവും റിക്രൂട്ട് ചെയ്തു. ആകെ 89 നും 121 നും ഇടയിൽ ആളുകൾ ഉണ്ടായിരുന്ന ഈ സംഘം പരമ്പരാഗതമായ കോച്ച് എന്നറിയപ്പെട്ടിരുന്ന കപ്പലുകളിൽ യാത്ര ചെയ്തു. ഈ സംഘത്തോടൊപ്പം ഏറ്റവും കുറഞ്ഞത് അലക്‌സെയേവിന്റെ യാകുട്ട് ഭാര്യയായ ഒരു സ്ത്രീയുമുണ്ടായിരുന്നു.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Black 2004, പുറം. 17.
- ↑ Black 2004, പുറം. 18.
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found