സെന്റ് ജോർജ്ജ് സി‌എസ്‌ഐ ചർച്ച്, പള്ളിക്കുന്ന്

കേരളത്തിൽ, ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് പള്ളിക്കുന്നിൽ ഗോത്തിക് വാസ്തുവിദ്യയോടെ ബ്രിട്ടീഷുകാർ നിർമ്മിച്ച ആരാധനാലയമാണ് സെന്റ് ജോർജ്ജ് സി‌എസ്‌ഐ ചർച്ച്. പള്ളിയുടെ അനുബന്ധമായുള്ള സെമിത്തേരിയും ചരിത്ര പ്രാധാന്യമുള്ളതാണ്. ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 34 പേരുടെ ശവകുടീരങ്ങൾ ഈ സെമിത്തേരിയിലുണ്ട്. ഈ സെമിത്തേരിയിലാണ് മൂന്നാറിൽ തേയിലത്തോട്ടങ്ങൾ ഉണ്ടാക്കിയതിൽ നിർണായകസ്ഥാനം വഹിച്ചിരുന്ന ജോൺ ഡാനിയൽ മൺറോയെയും സംസ്കരിച്ചത്. ഇവിടെ ഒരു കുതിരയുടെ ശവക്കല്ലറ കൂടി സ്ഥിതി ചെയ്യുന്നു.[1] സ്വാതന്ത്ര്യത്തിനുശേഷവും കുറേക്കാലം സെമിത്തേരി ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ നിയന്ത്രണത്തിലായിരുന്നു. ഇപ്പോഴും ഇതിന്റെ പരിപാലനത്തിന് ബ്രിട്ടീഷ് സർക്കാരിന്റെ സഹായം ലഭിക്കുന്നുണ്ട്. മൂന്നാറിലെ ബ്രിട്ടീഷ് ചർച്ച് കൂടാതെ, ഹൈറേഞ്ച് മേഖലയിൽ ആദ്യമായി നിർമ്മിക്കപ്പെട്ട പള്ളിയാണ് ഇത്.[2],[3]

സെന്റ് ജോർജ്ജ് സി‌എസ്‌ഐ ചർച്ച്, പള്ളിക്കുന്ന്

ചരിത്രം തിരുത്തുക

 
സെന്റ് ജോർജ്ജ് സി‌എസ്‌ഐ ചർച്ച്, പള്ളിക്കുന്ന്-സ്ഥാപനവർഷ സൂചകഫലകം

തിരുവിതാംകൂർ രാജകുടുംബം നൽകിയ 15.62 ഏക്കർ ഭൂമിയിലാണ് പള്ളിയും സെമിത്തേരിയും നിലകൊള്ളുന്നത്. 1869-ൽ ബ്രിട്ടീഷ് മിഷനറി ഹെൻറി ബേക്കർ ജൂനിയർ പള്ളി നിർമ്മിച്ചു. ഇതിന്റെ നിർമ്മാണത്തിൽ ബ്രിട്ടീഷ് സ്വാധീനം കാണാം. മതപരമായ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന, മരത്തിൽ കൊത്തിയ ഫർണിച്ചറുകളിൽ ബ്രിട്ടീഷ് കാലഘട്ടത്തിലെ അലങ്കാരങ്ങൾ കാണാം. ഗ്ലാസ് കട്ട് ജനലുകളും പുരാതന തടി ഫർണിച്ചറുകളും പള്ളിയുടെ ഘടനയും ക്രമീകരണങ്ങളും ഇപ്പോഴും പഴയ ബ്രിട്ടീഷ് രീതിയെ പ്രതിഫലിപ്പിക്കുന്നു.

സെമിത്തേരി തിരുത്തുക

 
ബ്രിട്ടീഷ് ശ്മശാനത്തിലെ കുതിരയുടെ ശവകുടീരം

പള്ളിയുടെ മുൻവശത്തും വലതുവശത്തുമുള്ള ബ്രിട്ടീഷ് ശ്മശാനത്തിൽ 34 കല്ലറകളിൽ യൂറോപ്യൻ വംശജരെ അടക്കിയിരിക്കുന്നു. അവിടെ സംസ്‌കരിക്കപ്പെട്ട ഏക ഇന്ത്യക്കാരൻ പള്ളിയിൽ സേവനമനുഷ്ഠിച്ച ഇന്ത്യൻ പുരോഹിതൻ നല്ലതമ്പിയാണ്.[4] ഇവിടെ ഒരു കുതിരയുടെ ശവകുടീരവും സ്ഥിതി ചെയ്യുന്നു. ബ്രിട്ടീഷ് പ്ലാന്റർ ജോൺ ഡാനിയേൽ മൺറോയുടെ ഡൗണി എന്ന പെൺകുതിരയെയാണ് ഇവിടെ അടക്കം ചെയ്തിരിക്കുന്നത്. 1895 ഫെബ്രുവരി മാസത്തിൽ തന്റെ കുതിരപ്പുറത്ത് സഞ്ചരിക്കവേ പീരുമേട് വച്ചുണ്ടായ ഒരപകടത്തെത്തുടർന്ന് ജോൺ ഡാനിയൽ മൺറോയ്ക്ക് പരിക്കേൽക്കുകയും തുടർന്ന് മരണപ്പെടുകയായിരുന്നു. അപകടത്തിൽ മരണപ്പെട്ട കുതിരയേയും മൺറോയുടെ ആഗ്രഹമനുസരിച്ച് അദ്ദേഹത്തിന്റെ കല്ലറയ്ക്കടുത്ത് തന്നെ അടക്കം ചെയ്തു. ഈ രണ്ട് സ്മാരകങ്ങളും പരസ്പരം അഭിമുഖമായാണ് കാണപ്പെടുന്നത്. തദ്ദേശീയരെ ബ്രിട്ടീഷ് ശ്മശാനത്തിൽ സംസ്കരിക്കാറില്ല. അവ അടക്കംചെയ്യുന്നത് പള്ളിയുടെ ഇടതുവശത്തുള്ള സെമിത്തേരിയിലാണ്.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. [1]|A British-built church frozen in time
  2. [2]|mattersindia.com
  3. [3]|vymaps.com
  4. "പള്ളിക്കുന്ന് സിഎസ്‌ഐ പള്ളിക്ക് 150 വയസ് തികയുന്നു". Archived from the original on 2020-08-04. Retrieved 8 ഒക്ടോബർ 2020.{{cite news}}: CS1 maint: bot: original URL status unknown (link)