എം.എസ്. സുബ്ബുലക്ഷ്മി

നിരന്തരമായ സാധനകൊണ്ട്‌ കർണ്ണാടക സംഗീതജ്ഞ
(സുബ്ബലക്ഷ്മി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിരന്തരമായ സാധനകൊണ്ട്‌ കർണ്ണാടക സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു എം എസ്‌ സുബ്ബുലക്ഷ്മി. [Tamil:எம்.எஸ். சுப்புலட்சுமி] (സെപ്റ്റംബർ 16, 1916 - ഡിസംബർ 11, 2004) എന്ന പേരിൽ അറിയപ്പെട്ടിരുന്ന മധുരൈ ഷണ്മുഖവടിവ് സുബ്ബുലക്ഷ്മി.[1] അവർ ആലപിച്ച ശ്രീവെങ്കടേശ സുപ്രഭാതത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീതസാന്ദ്രമാക്കിയ സുബ്ബുലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റി. ചലച്ചിത്ര പിന്നണിഗാനമേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്‌. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ്‌ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്‌. 'വൃന്ദാവനത്തിലെ തുളസി' എന്നായിരുന്നു മഹാത്മജിയുടെ സംബോധന.[1]

എം.എസ്. സുബ്ബലക്ഷ്മി
സുബ്ബലക്ഷ്മിയുടെ ഒരു EMI റെക്കോർഡ്
സുബ്ബലക്ഷ്മിയുടെ ഒരു EMI റെക്കോർഡ്
പശ്ചാത്തല വിവരങ്ങൾ
ജനനം(1916-09-16)സെപ്റ്റംബർ 16, 1916
മധുരൈ, മദ്രാസ് പ്രസിഡൻസി, ഇന്ത്യ
ഉത്ഭവംഇന്ത്യ
മരണംഡിസംബർ 11, 2004(2004-12-11) (പ്രായം 88)
ചെന്നൈ, തമിഴ്നാട്, ഇന്ത്യ
വിഭാഗങ്ങൾകർണ്ണാടകസംഗീതം
തൊഴിൽ(കൾ)ശാസ്ത്രീയസംഗീതജ്ഞ
വർഷങ്ങളായി സജീവം1930–2004
ലേബലുകൾHMV

വിലക്കപ്പെട്ട സമൂഹമായ ദേവദാസികളുടെ ഇടയിൽനിന്ന്‌ സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ ചരിത്രമാണ്‌ സുബ്ബുലക്ഷ്മിയുടേത്‌. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ചിരുന്ന കർണ്ണാടക സംഗീത രംഗത്തേക്ക്‌ സധൈര്യം കടന്നുവന്ന് സംഗീതശുദ്ധി കൊണ്ടുമാത്രം നേട്ടങ്ങൾ വെട്ടിപ്പിടിച്ച ഇവർ ശാസ്ത്രീയ സംഗീതലോകത്തെ ഇതിഹാസമാണെന്ന് മനസ്സിലാക്കാം.

ജീവിതരേഖ

തിരുത്തുക

തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ മധുരയിലെ പരമ്പരാഗത സംഗീതകുടുംബത്തിൽ 1916 സെപ്റ്റംബർ 16-നാണ്‌ സുബ്ബലക്ഷ്മി ജനിച്ചത്‌. അമ്മ ഷൺമുഖവടിവുവിൽനിന്നാണ്‌ സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്‌. പിന്നീട്‌ മധുരൈ ശ്രീനിവാസ അയ്യങ്കാർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ എന്നിവരുടെ കീഴിലായി ശിക്ഷണം. പതിമൂന്നാം വയസ്സിൽ ആദ്യ കച്ചേരി അവതരിപ്പിച്ച സുബ്ബലക്ഷ്മി ഗുരുക്കന്മാരെ വിസ്മയിപ്പിച്ച് വളർച്ചയുടെ പടവുകൾ ചവിട്ടി. പണ്ഡിറ്റ്‌ നാരായണ റാവു വ്യാസിന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതവും ഇതിനിടയിൽ വശമാക്കിയിരുന്നു. പതിനേഴാം വയസ്സിൽ മദ്രാസ്‌ സംഗീത അക്കാദമിയിലെ കച്ചേരിയോടെ സുബ്ബലക്ഷ്മി പൊതുരംഗത്ത്‌ അറിയപ്പെടാൻ തുടങ്ങി. ഇവിടന്നങ്ങോട്ട്‌ ഹിന്ദി, ബംഗാളി, ഗുജറാത്തി, തമിഴ്‌, മലയാളം, തെലുങ്ക്, സംസ്കൃതം, കന്നഡ തുടങ്ങിയ എല്ലാ ഭാഷകളിലും അവർ സംഗീതക്കച്ചേരി അവതരിപ്പിച്ചു.

സംഗീതജ്ഞനും സ്വാതന്ത്ര്യ സമരസേനാനിയും രാജാജിയുടെ അനുയായിയുമായിരുന്ന സദാശിവത്തെ കണ്ടുമുട്ടിയത്‌ സുബ്ബലക്ഷ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായി. 1936-ലായിരുന്നു ഇത്‌. എം എസിൽ മറഞ്ഞുകിടന്ന മാധുര്യമേറിയ സ്വരരാഗങ്ങളെ പുറത്തെടുക്കാൻ ഈ ബന്ധം നിമിത്തമായി. 1940-ൽ ഇവർ വിവാഹിതരായി. ഭർത്താവു മാത്രമല്ല ഗുരുവും വഴികാട്ടിയുമൊക്കെയായിരുന്നു സദാശിവം.

സദാശിവവുമായുള്ള ബന്ധം ഗാന്ധിജി, നെഹ്‌റു തുടങ്ങിയ ദേശീയനേതാക്കളുമായി കണ്ടുമുട്ടുന്നതിനും സഹായകമായി. എം എസിന്റെ മീരഭജനകളുടെ ആരാധകനായിരുന്ന ഗാന്ധിജി ഒരിക്കൽ ഹരി തും ഹരോ ജാൻ കി ഭീർ എന്ന കീർത്തനം ആലപിക്കാൻ ആവശ്യപ്പെട്ടു. കനത്ത ജലദോഷമായതിനാൽ മഹാത്മാവിന്റെ ആഗ്രഹം നിറവേറ്റാൻ എം എസിനായില്ല. ഇതവരെ ദുഃഖിതയാക്കി. 'സുബലക്ഷ്മി ആ കീർത്തനം പറയുന്നതാണ്‌, മറ്റുള്ളവർ പാടികേൾക്കുന്നതിലുമിഷ്ടം' എന്നു പറഞ്ഞാണ്‌ ഗാന്ധിജി ആശ്വസിപ്പിച്ചത്‌. 1952 നവംബർ 29ന് ഡൽഹിയിലെ രാമകൃഷ്ണാശ്രമത്തിൽ സുബലക്ഷ്മി പാടുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും കേൾവിക്കാരനായുണ്ടായിരുന്നു. ആ സ്വരമാധുരിയിൽ ലയിച്ചുപോയ നെഹ്‌റു എം എസിനെ വണങ്ങി നൽകിയ അഭിനന്ദനവാക്കുകൾ പ്രശസ്തമാണ്‌. "ഈ സ്വര രാജ്ഞിക്കുമുമ്പിൽ ഞാനാര്‌?, വെറുമൊരു പ്രധാനമന്ത്രി".

രാജ്യാന്തര വേദികളിൽ

തിരുത്തുക

ഒട്ടേറെ രാജ്യാന്തര വേദികളിലും സുബ്ബലക്ഷ്മി പാടി. 1966ലെ ഐക്യ രാഷ്ട്ര സഭാദിനത്തിൽ ഐക്യരാഷ്ട്ര പൊതുസഭയ്ക്കു മുന്നിൽ പാടാനും അവർക്ക്‌ നിയോഗമുണ്ടായി. 1977-ൽ ന്യൂയോർക്കിലെ കർണീഗ്‌ ഹാളിലെ കച്ചേരിയും 1987-ൽ ഇന്ത്യയുടെയും സോവ്യറ്റ്‌ യൂണിയന്റെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ ക്രെംലിൻ പാലസിൽ അവതരിപ്പിച്ച കച്ചേരിയും ഏറെ പ്രധാനമാണ്‌. കാനഡ, ലണ്ടൻ എന്നിവിടങ്ങളിലും എം എസ്‌ പാടിയിട്ടുണ്ട്‌. രാജ്യാന്തരവേദികളിൽ സുബ്ബലക്ഷ്മി ഇന്ത്യയുടെ സാംസ്കാരിക അംബാസഡറായി അറിയപ്പെട്ടു.

ചലച്ചിത്ര രംഗം

തിരുത്തുക
 
സുബലക്ഷ്മി പാടി അഭിനയിച്ച 'ശകുന്തള'യിലെ ഒരു രംഗം
 
സുബ്ബലക്ഷ്മി(ഇടത്) എസ്. വരലക്ഷ്മിയുമൊന്നിച്ച്, സേവാസദനം(1938)

എം എസ്‌ വളരെക്കുറച്ച് സിനിമകളിലേ പാടിയിട്ടുള്ളു. സേവാസദനം എന്ന ചിത്രത്തിലായിരുന്നു എം.എസ് ആദ്യമായി അഭിനയിച്ചത്. ഏതാനും ചിത്രങ്ങളിൽ പാടി അഭിനയിച്ചിട്ടുമുണ്ട്‌. സാവിത്രി, ശകുന്തള, മീര എന്നിവയാണവ. 1945-ൽ പുറത്തിറങ്ങിയ മീരയിലെ ഭക്തമീരയെ എം എസ്‌ അനശ്വരയാക്കി. ഈ സിനിമയിലെ മീരാഭജനകൾ എം എസിന്‌ ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. ഈ വൻവിജയത്തിനുശേഷം അവർ സിനിമകളിൽ അഭിനയിച്ചിട്ടില്ല. അഭിനേത്രി എന്നതിനേക്കാൾ സംഗീതക്കച്ചേരികളുമായി ഉലകം ചുറ്റുന്നതിലാണ്‌ എം എസ്‌ ആനന്ദം കണ്ടെത്തിയത്‌.

പുരസ്കാരങ്ങൾ, പ്രശംസകൾ

തിരുത്തുക

സമകാലികരായ ഒട്ടേറെ സംഗീത പ്രതിഭകളുടെ സ്നേഹാദരം പിടിച്ചുപറ്റാൻ സുബ്ബലക്ഷ്മിക്കു ഭാഗ്യമുണ്ടായി. 'വാനമ്പാടിയെന്ന എന്റെ ബഹുമതി ഞാൻ ഇവക്ക് നൽകുന്നു' എന്നാണു എം.എസ്സിനെപ്പറ്റി സരോജിനി നായിഡു പറഞ്ഞത്. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ്‌ ഗുലാം അലി ഖാൻ 'സ്വരലക്ഷ്മി' എന്നാണ്‌ എം എസിനെ വിശേഷിപ്പിച്ചിരുന്നത്‌. കിഷോർ അമോൻകർ ഒരു പടികൂടിക്കടന്ന് 'എട്ടാമത്തെ സ്വരം' എന്ന് അവരെ വിശേഷിപ്പിച്ചു. ലതാ മങ്കേഷ്കർക്ക്‌ എം എസ്‌ 'തപസ്വനി'യായിരുന്നു. ഹിന്ദുസ്ഥാനി, കർണ്ണാടക സംഗീതവേദികളിൽ എം എസ്‌ എന്നാൽ ഏവരും ബഹുമാനിച്ചിരുന്ന നാമമായിരുന്നു.

ഒട്ടേറെ പുരസ്കാരങ്ങളും സുബ്ബലക്ഷ്മിയെ തേടിയെത്തി. 1998-ൽ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി രാഷ്ട്രം അവരെ ആദരിച്ചു[2]. 1975-ൽ പത്മവിഭൂഷൺ, 1974-ൽ മാഗ്സസെ അവാർഡ്[3],1985-ൽ സ്പിരിറ്റ്‌ ഓഫ് ഫ്രീഡം അവാർഡ്‌ 1988-ൽ കാളിദാസ സമ്മാൻ, 1990-ൽ ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം എന്നിവ സുബ്ബലക്ഷ്മിയുടെ സംഗീത ജീവിതത്തിലെ പ്രധാനപ്പെട്ട ബഹുമതികളാണ്‌.

1997-ൽ ഭർത്താവ്‌ സദാശിവത്തിന്റെ മരണത്തോടെ സുബ്ബലക്ഷ്മി പൊതുവേദികളിൽ പാടുന്നത്‌ അവസാനിപ്പിച്ചു. ഹൃദയത്തിന്റെ ക്രമംതെറ്റിയ പ്രവർത്തനവും ന്യുമോണിയയും മൂലം 2004 ഡിസംബർ 11-ന്‌ ആ സ്വരരാഗ ഗംഗാപ്രവാഹം നിലച്ചു.[4]

ചിത്രശാല

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 എൽസ ട്രീസ ജോസ് (16 സെപ്റ്റംബർ 2014). "വൃന്ദാവനത്തിലെ തുളസി". മലയാളമനോരമ. Archived from the original (പത്രലേഖനം) on 2014-09-16. Retrieved 16 സെപ്റ്റംബർ 2014.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-15. Retrieved 2008-06-10.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-16. Retrieved 2008-06-10.
  4. http://www.tamilnation.org/hundredtamils/mssubbulakshmi.htm

സ്രോതസ്സുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എം.എസ്._സുബ്ബുലക്ഷ്മി&oldid=4013083" എന്ന താളിൽനിന്ന് ശേഖരിച്ചത്