സി. ഉണ്ണിരാജ

(സി.ഉണ്ണിരാജ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളാണ് സി.ഉണ്ണിരാജ എന്ന ശിവശർമ്മ രാജ[1] (15 ജൂലൈ 1917 - 28 ജനുവരി 1995). കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്നു അദ്ദേഹം, ജനയുഗത്തിന്റെയും നവയുഗത്തിന്റെയും മുഖ്യ പത്രാധിപരായും പ്രാഗിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വേൾഡ് മാർക്‌സിസ്റ്റ് റിവ്യൂവിന്റെ പത്രാധിപ സമിതിയിലും അംഗമായിരുന്നു.[2]

സി.ഉണ്ണിരാജ
വ്യക്തിഗത വിവരങ്ങൾ
ജനനം(1917-07-15)15 ജൂലൈ 1917
മരണം28 ജനുവരി 1995(1995-01-28) (പ്രായം 77)
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിരാധമ്മ
കുട്ടികൾരണ്ട് ആൺകുട്ടികൾ, ഒരു പെൺകുട്ടി

സ്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിലായിരുന്നു ഗുരുവായൂർ സത്യാഗ്രഹം, അവിടെ സത്യാഗ്രഹക്യാമ്പിൽ ചെന്ന് ആകാവുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുമായിരുന്നു. പി.കൃഷ്ണപിള്ളയുമായുള്ള പരിചയം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവപ്രവർത്തകനായി മാറുന്നതിനു സഹായിച്ചു. കേരളത്തിലങ്ങോളമിങ്ങോളം പാർട്ടി ക്ലാസ്സുകൾ എടുത്തിരുന്നു. 1950 ൽ ഒളിവിലായിരിക്കുന്ന കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. കേരളസാഹിത്യപരിഷത്ത് പ്രവർത്തക കമ്മറ്റി, പുരോഗമനകലാസാഹിത്യ പരിഷത് പ്രവർത്തകകമ്മിറ്റി, പുരോഗമനസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി, കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു.[3] 1995 ജനുവരി 28 ന് ഉണ്ണിരാജ അന്തരിച്ചു.

ആദ്യകാല ജീവിതം

തിരുത്തുക

പൊന്നാനി താലൂക്കിലെ വടക്കേകാട് മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാടിന്റെയും ചിറ്റഞ്ഞൂർ കോവിലകത്ത് അമ്മിണി തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. തികച്ചും യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചതുകൊണ്ടു തന്നെ പ്രാഥമിക വിദ്യാഭ്യാസം വീട്ടിൽ വെച്ചു തന്നെയായിരുന്നു. പത്തു വയസ്സുവരെ ഒരു അദ്ധ്യാപകൻ വീട്ടിൽ വന്ന് പഠിപ്പിക്കുകയായിരുന്നു. 1927 ൽ ചാവക്കാട് ഹൈസ്‌കൂളിൽ ചേർന്ന് പഠനമാരംഭിച്ചു. മദ്രാസ് ലയോള കോളജിലായിരുന്നു ഉപരിപഠനം. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.

രാഷ്ട്രീയ ജീവിതം

തിരുത്തുക

സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽത്തന്നെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. വിദ്യാഭ്യാസകാലത്തിൽ തന്നെ ഗുരുവായൂർ സത്യാഗ്രഹക്യാമ്പിലെ സ്ഥിരം സന്ദർശകനായിരുന്നു. അവിടെ വെച്ച് മുതിർന്ന നേതാക്കളുമായി പരിചയപ്പെടാൻ ഇടയായി. ഇക്കാലഘട്ടത്തിൽതന്നെ മാതൃഭൂമിയിൽ രാജൻ എന്ന പേരിൽ ലേഖനങ്ങളെഴുതാൻ തുടങ്ങി. മദ്രാസിൽ പഠിക്കുന്ന കാലഘട്ടത്തിൽ കമ്മ്യണിസ്റ്റ് പ്രസ്ഥാനത്തെ വായനയിലൂടെ അറിയാൻ ശ്രമിച്ചു. ബിരുദം സമ്പാദിച്ച് തിരികെ വന്നതുമുതൽ ജോലിക്കായി ശ്രമിക്കുന്നതിനു പകരം രാഷ്ട്രീയത്തിലേക്കിറങ്ങുകയായിരുന്നു.[4] പി.കൃഷ്ണപിള്ളയുടെ നിർദ്ദേശാനുസരണം രാഷ്ട്രീയവിദ്യാഭ്യാസ രംഗത്താണ് ഉണ്ണിരാജ പ്രവർത്തിക്കാൻ തുടങ്ങിയത്. കേരളമങ്ങോളമിങ്ങോളം നിരവധി പാർട്ടി പഠനക്ലാസ്സുകൾ എടുത്തു. 1942 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശാഭിമാനി തുടങ്ങാൻ തീരുമാനിച്ചപ്പോൾ പത്രാധിപ സമിതിയിൽ പ്രവർത്തിച്ചു. 1946 ജനുവരി മുതൽ ദേശാഭിമാനി ഒരു ദിനപത്രമായി മാറിയപ്പോൾ അതിന്റെ പത്രാധിപസമിതിയിലും ഉണ്ണിരാജ അംഗമായിരുന്നു.

1939 ൽ കേരള പാർട്ടി ഘടകം രൂപീകരിക്കപ്പെട്ട ഘട്ടത്തിൽ തന്നെ പാർട്ടി അംഗമായി. 1957 ൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും 1958 ൽ ദേശീയ കൗൺസിലിലും അംഗമായി. പാർട്ടി നിരോധിക്കപ്പെട്ടിരുന്ന ഘട്ടത്തിലും 1962 ൽ ചൈനായുദ്ധവേളയിലും ഉണ്ണിരാജ ജയിലിലടയ്ക്കപ്പെട്ടു. പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിനു മുന്നോടിയായി നടന്ന സംസ്ഥാനസമ്മേളനത്തിൽ തിരഞ്ഞെടുത്ത ഏഴംഗ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയായിരുന്നു ഉണ്ണിരാജ. രണ്ടാം കോൺഗ്രസ്സിനെ തുടർന്ന് പാർട്ടിക്ക് നിരോധനം വന്നപ്പോൾ ഒളിവിലായിരുന്ന അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ജയിൽ മോചിതനായശേഷം മുഴുവൻ സമയ പാർട്ടി പ്രവർത്തനവും പഠനക്ലാസ്സുകളും.[5]

  • കാറൽ മാർക്‌സിന്റെയും ഏംഗൽസിന്റെയും ലെനിന്റെയും കൃതികൾ പരിഭാഷപ്പെടുത്തുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ചു.
  • Kerala Intervention and After
  • കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒരു പഠനം
  • യുദ്ധമോ സമാധാനമോ
  • സത്യം അകഷര സംയുകതം
  • മാർക്സ് ഇന്ത്യയിൽ
  • മനുഷ്യ ശരീരം ഒരു മഹാത്ഭുതം
  • ഭാഷയുടെയും ശാസ്ത്രത്തിന്റെയും ഉല്പത്തിസ്ഥാനം
  • മതവും മാർക്സിസസവും

പത്രപ്രവർത്തന രംഗം

തിരുത്തുക
  • 1933-1939 കാലഘട്ടത്തിൽ മാതൃഭൂമി, ഉണ്ണിനമ്പൂതിരി എന്നിവയിൽ രാജൻ എന്ന പേരിൽ ലേഖനങ്ങളെഴുതിയിരുന്നു.
  • 1942 ദേശാഭിമാനി ഒരു വാരികയായി തുടങ്ങിയതുമുതൽ 1946 ൽ ദിനപത്രമായി മാറുന്നതുവരേയും അതിന്റെ പത്രാധിപതസമിതിയിൽ അംഗമായിരുന്നു.
  • 1964-1968 നവയുഗം പത്രാധിപർ
  • 1968 ജൂലൈ മുതൽ ഒന്നരകൊല്ലം പ്രാഗിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ലോകമാർക്സിസ്റ്റ്റിവ്യൂ എന്ന മാസികയുടെ പത്രാധിപസമിതിയിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധി
  • 1972 ജനുവരി മുതൽ നാലുകൊല്ലം ജനയുഗം ദിനപത്രത്തിന്റെ മുഖ്യ പത്രാധിപർ
  • 1978-1979 ൽ ലോക മാർക്സിസ്റ്റ് റിവ്യൂ എന്ന മലയാള മാസികയുടെ എഡിറ്റർ
  • കാൾ മാർക്സിന്റെ മൂലധനം വിവർത്തനം ചെയ്തപ്പോൾ അതിന്റെ അസോസിയേറ്റ് എഡിറ്റർ
  • മാർക്സ്-ഏംഗൽസ് തിരഞ്ഞെടുത്ത കൃതികൾ, ലെനിന്റെ തിരഞ്ഞെടുത്ത കൃതികൾ എന്നിവയുടെ എഡിറ്റർ. [6]
  1. "റിവീലിംഗ് ദ എനിഗ്മ കോൾഡ് ഉണ്ണിരാജ". ദ ഹിന്ദു. സെപ്തംബർ 7, 2012. Retrieved 2013 ഓഗസ്റ്റ് 30. {{cite news}}: Check date values in: |accessdate= and |date= (help)
  2. സി കെ ചന്ദ്രപ്പൻ (2011-01-28). "ആശയ സമരത്തെ മുന്നിൽനിന്ന് നയിച്ച പണ്ഡിതനായ കമ്മ്യൂണിസ്റ്റ്". ജനയുഗം. Retrieved 2013 ഓഗസ്റ്റ് 30. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 45. ISBN 81-262-0482-6. സി.ഉണ്ണിരാജ - ആദ്യകാലജീവിതം
  4. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 27. ISBN 81-262-0482-6. സി.ഉണ്ണിരാജ - രാഷ്ട്രീയപ്രവേശം
  5. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 44-45. ISBN 81-262-0482-6. സി.ഉണ്ണിരാജ - രാഷ്ട്രീയപ്രവേശം
  6. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 45. ISBN 81-262-0482-6. സി.ഉണ്ണിരാജ - പത്രപ്രവർത്തനരംഗം
"https://ml.wikipedia.org/w/index.php?title=സി._ഉണ്ണിരാജ&oldid=3709070" എന്ന താളിൽനിന്ന് ശേഖരിച്ചത്