സിൽക്ക് ലെറ്റർ പ്രസ്ഥാനം (تحریکِ ریشمی رومال) 1913 മുതൽ 1920 വരെയുള്ള കാലഘട്ടത്തിൽ, ഒട്ടോമൻ തുർക്കിയും ജർമ്മൻ സാമ്രാജ്യവുമായി ചേർന്ന് ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കുവാൻ ലക്ഷ്യമിട്ട് ദിയോബാന്തി നേതാക്കൾ സംഘടിപ്പിച്ച ഒരു പ്രസ്ഥാനമാണ്. അക്കാലത്ത് അഫ്ഗാനിസ്ഥാനിലായിരുന്ന ദിയോബാന്തി നേതാക്കളിൽ ഒരാളായ ഉബൈദുള്ള സിന്ധി പേർഷ്യയിലുണ്ടായിരുന്ന മറ്റൊരു നേതാവ് മഹമൂദ് അൽ ഹസന് എഴുതിയ കത്ത് പഞ്ചാബ് സി.എെ.ഡി. പിടിച്ചെടുത്തതോടെയാണ് ഗൂഢാലോചന വെളിവായത്. കത്ത് പട്ടു തുണിയിൽ എഴുതപ്പെട്ടിരുന്നതിനാലാണ് പ്രസ്ഥാനത്തിനു ഈ പേരു ലഭിച്ചത്.[1][2]

1915 സെപ്തംബറിൽ മുഹമ്മദ് മിയാൻ മൻസൂർ അൻസാരി, മഹമൂദ് ഹസനുമായി ഹിജാസിലേക്ക് പോയി. 1916 ഏപ്രിലിൽ അദ്ദേഹം ഖാലിബ് നാമയുമായി (സിൽക്ക് ലറ്റർ) ഇന്ത്യയിലേക്ക് മടങ്ങുകയും ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികൾക്കും സ്വയം ഭരണാവകാശമുള്ള പ്രദേശങ്ങളിലും അതു വെളിപ്പെടുത്തുകയും പിന്നീട് ജൂൺ 1916 നു കാബൂളിലേക്ക് എത്തിക്കുകയും ചെയ്തു.[3]

ഒന്നാം ലോകമഹായുദ്ധത്തിന്റെ ഊറ്റമായ തുടക്കത്തിൽ ഉബൈദുള്ള സിന്ധിയും ദാറുൽ ഉലൂം ദിയോബാന്ത് സ്കൂളിലെ പ്രിൻ‍സിപ്പലായിരുന്ന മഹമൂദ് ഹസനും 1915 ഒക്റ്റോബറിൽ കാബൂളിലേക്ക് നീങ്ങുകയും ഇന്ത്യയുടെ ആദിവാസി മേഖലയിൽ ഒരു മുസ്ലിം കലാപം തുടങ്ങാൻ പദ്ധതിയിടുകയും ചെയ്തു. ഇക്കാര്യത്തിനായി ഉബൈദുള്ള അഫ്ഗാനിസ്ഥാൻ ഭരണാധികാരി ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിനു പ്രേരിപ്പിക്കുന്നതിനും അതേസമയം മഹമൂദ് അൽ ഹസൻ ജർമനിയുടേയും തുർക്കിയുടേയും സഹായം ഇക്കാര്യത്തിൽ ആവശ്യപ്പെടുന്നതിനുമുള്ള ഒരു പദ്ധതിയാണ് മുന്നോട്ടുവച്ചത്. ഹസൻ ഹിജാസിലേയ്ക്കു യാത്ര ചെയ്യുകയും അതേസമയം ഉബൈദുള്ളയ്ക്ക് അമീറുമായി സൗഹൃദ ബന്ധം സ്ഥാപിക്കാൻ കഴിയുകയും ചെയ്തു. ഉബൈദുള്ളയ്ക്ക് അമീറുമായി സൗഹൃദ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതോടെ സിൽക് ലെറ്റർ പ്രസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിയുടെ തുടക്കം കുറിക്കപ്പെട്ടു. കാബൂളിൽ, ബ്രിട്ടീഷുകാർക്കെതിരായി ഖലീഫയുടെ "ജിഹാദി"ൽ ചേരാൻ തുർക്കിയിലേയ്ക്കു മുന്നേറാൻ തീരുമാനിച്ച ചില വിദ്യാർത്ഥികൾ ഉബൈദുള്ളയോടൊത്തുചേരുകയും പാൻ ഇസ്ലാമിക് സംവിധാനത്തിലൂന്നിയായിരിക്കണം ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അവർ തീരുമാനിക്കുകയും ചെയ്തു.[4]

അവലംബം തിരുത്തുക

  1. Pan-Islam in British Indian Politics: A Study of the Khilafat Movement, 1918-1924.(Social, Economic and Political Studies of the Middle East and Asia). M. Naeem Qureshi. p79,80,81,82
  2. Sufi Saints and State Power: The Pirs of Sind, 1843-1947.Sarah F. D. Ansari.p82
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2019-08-12. Retrieved 2018-09-07.
  4. Ansari 1986, പുറം. 515