സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ട, ചിഹ്നങ്ങൾ ചേർന്ന ഹ്രസ്വമായ വരികളിലെ ലേഖനവിദ്യയാണ്‌ സിന്ധു ലിപി അല്ലെങ്കിൽ ഹരപ്പൻ ലിപി എന്നറിയപ്പെടുന്നത്. ക്രി. മു. 26 മുതൽ 20 വരെ നൂറ്റാണ്ടുകളിൽ സിന്ധുനദീതടസംസ്കാരത്തിന്റെ പക്വദശയിലാണ്‌ ഈ ലിപി നടപ്പിലുണ്ടായിരുന്നത്. ഇതിൽ ചിത്രലിപികളും ശബ്ദലിപികളും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. മൃദുവായ കല്ലുകൾ മുറിച്ചെടുത്ത് അവയിൽ കൊത്തിയ രീതിയിലും ചെമ്പുതകിടുകളിൽ എഴുതിയ രീതിയിലുമാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. വ്യക്തതയും ഭംഗിയുമുള്ള ഈ ലിപികൾ ഏറെക്കുറെ വികസിച്ചുകഴിഞ്ഞ ഒരു ലിപിവ്യവസ്ഥയിലേതായിരുന്നുവെന്ന നിഗമനത്തിലാണ് ചരിത്രഗവേഷകർ എത്തിയിട്ടുള്ളത്. ഇതിന്റെ ആദിരൂപങ്ങളേപ്പറ്റിയോ പരിണാമദശകളേപ്പറ്റിയോ കാര്യമായ വിവരങ്ങളും കിട്ടിയിട്ടില്ല.

സിന്ധുലിപിയിൽ അഞ്ചു ചിഹ്നങ്ങളുള്ള ഒരു മാതൃകാമുദ്രയുടെ പതിപ്പ്

ഈ ലിപികൾ സർവ്വസമ്മതമായ മട്ടിൽ വായിച്ചെടുക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടക്കുകയും അത് വായിക്കപ്പെട്ടതായി പല അവകാശവാദങ്ങളും ഉന്നയിക്കപ്പെടുകയും ഉണ്ടായിട്ടുണ്ടെങ്കിലും[1], അക്കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങൾ ഇനിയും തീർന്നിട്ടില്ല. ഈ ചിഹ്നങ്ങൾ ഒരു എഴുത്തുവിദ്യ ആണോ എന്നതു തന്നെ തർക്കവിഷയമാണ്‌.[2] അവയ്ക്കുപിന്നിലുള്ള ഭാഷ തിരിച്ചറിയപ്പെട്ടിട്ടില്ല. ഈ ലിപിയിലെ എഴുത്ത് മറ്റേതെങ്കിലും ലിപിയിലെ എഴുത്തിനോടൊപ്പം പ്രത്യക്ഷപ്പെടുന്ന ദ്വിഭാഷാലിഖിതങ്ങളൊന്നും(bilingual inscriptions) കണ്ടുകിട്ടിയിട്ടില്ലെന്നതും ഇതിന്റെ വായന ദുഷ്കരമാക്കുന്നു.

സിന്ധുലിപിയുടേതായി കരുതപ്പെടുന്ന ചിഹ്നങ്ങൾ അടങ്ങുന്ന ഹരപ്പൻ മുദ്രയുടെ ആദ്യപ്രസിദ്ധീകരണം അലക്സാണ്ടർ കണ്ണിങ്ങാമിന്റെ കൈയെഴുത്തു പകർപ്പിനെ ആശ്രയിച്ച് 1873-ൽ ആയിരുന്നു. അതിനുശേഷം ഈ ചിഹ്നങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏതാണ്ട് നാലായിരത്തോളം വസ്തുക്കൾ മെസപ്പൊട്ടേമിയയിൽ നിന്നു പോലും കണ്ടുകിട്ടിയിട്ടുണ്ട്. 1970-കളുടെ തുടക്കത്തിൽ ഐരാവതം മഹാദേവൻ സിന്ധുലിഖിതങ്ങളുടെ ഒരു ശേഖരം പ്രസിദ്ധീകരിച്ചു. 3700-ഓളം മുദ്രകളും 417 വ്യത്യസ്ത ചിഹ്നങ്ങളും രൂപങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. ഈ ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ലിഖിതങ്ങളിൽ ചിഹ്നങ്ങളുടെ ശരാശരി സംഖ്യ അഞ്ചാണ്‌‌. ഏറ്റവും ദൈർഘ്യമുള്ള ലിഖിതം 17 ചിഹ്നങ്ങൾ അടങ്ങിയതാണ്‌. എഴുത്തിന്റെ ദിശ വലത്തുനിന്ന് ഇടത്തോട്ടാണെന്ന് തിരിച്ചറിഞ്ഞത് ഇരാവതം മഹാദേവൻ ആണ്‌. [3]

അശോകശാസനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ബ്രാഹ്മിലിപിയുടെ പൂർ‌വ്വരൂപമാണ്‌ സിന്ധുലിപി എന്ന് 1877-ൽ കണ്ണിങ്ങാമും പിന്നീട് അദ്ദേഹത്തെ പിന്തുണച്ച ജി.ആർ. ഹണ്ടറും ഐരാവതം മഹാദേവനും മറ്റും കരുതി. ബ്രാഹ്മികുടുംബത്തിൽ പെട്ട ഒരു ലിപിയാണിതെന്ന് ഒരു ന്യൂനപക്ഷം പണ്ഡിതന്മാർ ഇന്നും വാദിക്കുന്നു. എന്നാൽ മിക്കവാറും പണ്ഡിതന്മാർ അവരോട് വിയോജിക്കുകയും ബ്രാഹ്മിലിപി അരാമിക് ലിപിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കരുതുകയും ചെയ്യുന്നു.

ഘട്ടങ്ങൾ

തിരുത്തുക
 
സിന്ധുലിഖിതങ്ങൾ അടങ്ങിയ ഒരു പറ്റം മുദ്രകൾ

ആദ്യകാല ഹരപ്പൻ

തിരുത്തുക

ക്രി.മു. 3500-നു ശേഷം ഉപയോഗത്തിലിരുന്ന ചുരുക്കം ലിപികളടങ്ങിയ ആദ്യകാല ഹരപ്പനിൽ നിന്ന് സിന്ധുനദീതട സംസ്കാരത്തിന്റെ പക്വമായ ഘട്ടത്തിൽ വികസിച്ചുവന്ന ലിപിയാണ്‌ സിന്ധുലിപി എന്ന് 1999-ലെ ഒരു ബി.ബി.സി. റിപ്പോ‌ർട്ടിൽ പറയുന്നു. ഇതനുസരിച്ച്, ആദ്യകാലത്തെ പാത്രങ്ങളിലെ അടയാളങ്ങളും ചിഹ്നങ്ങളും മറ്റും പക്വമായ സിന്ധുലിപിയിൽ വികസിതമായി.[4] എന്നാൽ ആദ്യകാല ഹരപ്പൻ ചിഹ്നങ്ങളുടെ ഈ കാലനിർണ്ണയവും അതിന്റെ വ്യാഖ്യാനവും, ഹരപ്പൻ ഗവേഷണരംഗത്ത് പേരെടുത്ത റിച്ചാർഡ് മെഡോ ചോദ്യം ചെയ്തിട്ടുണ്ട്.[5]

പക്വഹരപ്പൻ

തിരുത്തുക

പക്വമായ സിന്ധുലിപി ലിഖിതങ്ങൾ കൂടുതലും കാണപ്പെടുന്നത് പരന്ന ദീർഘചതുരത്തിലുള്ള മുദ്രകളിലാണ്‌. എന്നാൽ വീട്ടുപകരണങ്ങൾ, ലഘുഫലകങ്ങൾ, താമ്രപത്രങ്ങൾ, മൺപാത്രങ്ങൾ തുടങ്ങിയവയിലും അവ കണ്ടെത്തപ്പെട്ടിട്ടുണ്ട്.

പിൽക്കാല ഹരപ്പൻ

തിരുത്തുക

ക്രി.മുൻപ് 1900-ത്തിനടുത്ത് ഹരപ്പൻ സംസ്കാരത്തിന്റെ പക്വഘട്ടം അവസാനിച്ചതോടെ ചിഹ്നങ്ങളുടെ ക്രമീകൃതമായ ഉപയോഗം അവസാനിച്ചു. ഇന്ത്യയിലെ ഇരുമ്പുയുഗത്തിന്റെ തുടക്കത്തിനടുത്ത് ക്രി.മു. 1100-ലേതായിപോലും ചില ഹരപ്പൻ ലിഖിതങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു. ഗുജറാത്തിലെ ബെത്ത് ദ്വാരകയ്ക്കാടുത്ത് കരയിൽ നടത്തിയ പര്യവേഷണങ്ങളിൽ മൂന്നു തലയുള്ള ജീവിയെ ചിത്രീകരിച്ചിട്ടുള്ള പിൽക്കാല സിന്ധുമുദ്ര, പിൽക്കാല ഹരപ്പൻ ലിപി രേഖപ്പെടുത്തിയിട്ടുള്ള മൺപാത്രങ്ങൾ, ക്രി.വ. 16-ആം നൂറ്റാണ്ടിലേതായി കരുതപ്പെടുന്ന വിവിധതരം മൺപാത്രങ്ങൾ എന്നിവ ലഭിച്ചു. ബെത്ത് ദ്വാരകയിൽ നിന്നു കിട്ടിയ മൺപാത്രങ്ങളുടെ തെർമോലൂമിനിസൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർണ്ണയിക്കപ്പെട്ടിട്ടുള്ള കാലം ക്രി.മു. 1528 ആണ്‌. പിൽക്കാല ഹരപ്പൻ ലിപി. 1500 വരെ ഉപയോഗത്തിലിരുന്നതായി ഈ തെളിവിന്റെ അടിസ്ഥാനത്തിൽ വാദിക്കപ്പെട്ടിട്ടുണ്ട്.[1] Archived 2007-03-12 at the Wayback Machine. ഇൻഡ്യയിൽ ബിഹാറിലെ വൈശാലിയിലും [2] തമിഴ്‌നാട്ടിലെ മൈലാടുംതുറയിലും [3] നടന്ന അന്വേഷണങ്ങളിൽ ക്രി.വ. 1100-നടുത്ത കാലത്തെ പോലും പിൽക്കാല സിന്ധുലിപിയുടെ മാതൃകകൾ കണ്ടുകിട്ടിയതായി അവകാശവാദമുണ്ട്.

2007 മേയ് മാസത്തിൽ തമിഴ്‌നാട് പുരാവസ്തു വിഭാഗം പൂം‌പുഹാറിനടുത്തുള്ള മേളപ്പെരുമ്പള്ളത്ത് നടത്തിയ നടത്തിയ അന്വേഷണത്തിൽ ശൂലാഗ്രചിഹ്നം രേഖപ്പെടുത്തിയിട്ടുള്ള മൺപാത്രങ്ങൾ കണ്ടുകിട്ടി. ഈ ചിഹ്നങ്ങൾക്ക് 1920-ൽ മൊഹഞ്ജൊദാരോയിൽ നിന്ന് കിട്ടിയ മുദ്രകളോട് അസാമാന്യമായ സാമ്യം ഉള്ളവയാണെന്ന് പറയപ്പെടുന്നു.[6]

1960 മേയ് മാസത്തിൽ ഭാരതത്തിലെ പുരാവസ്തു സർ‌വേ വിഭാഗത്തിലെ ബി.ബി. ലാൽ, "പുരാതനഭാരതം" എന്ന പത്രികയിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. പ്രബന്ധത്തോടൊപ്പം മെഗാലിഥിക്, ചാൽക്കോലിഥിക് മൺപാത്രങ്ങളുടെ ചിത്രങ്ങളുടെ ഒരു ശേഖരവും ചേർത്തിരുന്നു. അവയിലെ ലിഖിതങ്ങൾക്ക് പുരാതന സിന്ധുലിപിയുമായി സാമ്യമുണ്ടെന്ന് ലാൽ അവകാശപ്പെട്ടു.[6] സിന്ധുനദീതട ലിഖിതങ്ങളോട് സാമ്യം പുലർത്തുന്ന പുരാതനലിഖിതങ്ങൾ തമിഴ്‌നാട്ടിലെ തിണ്ടിവനത്തിനടുത്തുള്ള സനൂർ, കേരളത്തിലെ കൊടുങ്ങല്ലൂർ, കോയമ്പത്തൂരിനടുത്തുള്ള സുലൂർ എന്നിവിടങ്ങളിൽ നിന്നും കണ്ടുകിട്ടിയിട്ടുള്ളതായി പറയപ്പെടുന്നു.[6]

ലിപിയുടെ പ്രത്യേകതകൾ

തിരുത്തുക

ഈ രചനാവിദ്യ മിക്കവാറും ചിത്രസ്വഭാവമുള്ളതാണെങ്കിലും അമൂർത്തമായ ചിഹ്നങ്ങളേയും ഇത് ആശ്രയിക്കുന്നുണ്ട്. എഴുത്തിന്റെ ദിശ വലത്തുനിന്ന് ഇടത്തേയ്ക്കാണെങ്കിലും,[7] ചിലപ്പോഴൊക്കെ ഇടത്തോട്ടും വലത്തോട്ടും ഇടവിട്ടുള്ള ഉഴവുചാലുകളുടെ മാതൃകയിലുള്ള ബൂസ്ട്രഫീഡോണിക(boustrophedonic) ശൈലിയിലും ഇതെഴുതാറുണ്ട്. മുഖ്യചിഹ്നങ്ങളുടെ എണ്ണം ഏതാണ്ട് 400-600 ആണ്‌[8] അർത്ഥസൂചകമായ പ്രതീകങ്ങൾ ചേർന്നുള്ള ലോഗോഗ്രാഫിക് ലിപികളിലും, അക്ഷരാധിഷ്ടിതമായ സിലബിക് ലിപികളിലും സാധാരണ പതിവുള്ള ചിഹ്നസംഖ്യകളുടെ ഇടയ്ക്കുള്ള സംഖ്യയാണിത്. അതിനാൽ ഈ രണ്ടു ലിപിമാതൃകകളുടെ സങ്കരമായ പ്രതീകാക്ഷര ലിപി (logo-syllabic script) ആണിതെന്ന് പല പണ്ഡിതന്മാരും കരുതുന്നു.[9] (അക്ഷര ലിപികളിൽ 50 മുതൽ 100 വരെ ചിഹ്നങ്ങളും, പ്രതീക ലിപികളിൽ അതിന്റെ അനേകം ഇരട്ടി ചിഹ്നങ്ങളും ആണ്‌ സാധാരണ പതിവ്). മൂലശബ്ദങ്ങൾ(morphemes) കൂടിച്ചേർന്ന് പുതിയവാക്കുകൾ ഉണ്ടാകുന്ന തരം (agglutinative) ഭാഷയാണ്‌ ഈ ലിപികളിൽ മറഞ്ഞിരിക്കുന്നതെന്ന് ഗവേഷകരിൽ ചിലർ കരുതുന്നു. എന്നാൽ ലിപിയുടെ ഭാഗമായ ചില ചിഹ്നങ്ങൾ ഈ നിഗമനത്തെ പിന്തുണയ്ക്കുന്നില്ലെന്ന് കരുതുന്നവരും ഉണ്ട്.

വിശകലനശ്രമങ്ങൾ

തിരുത്തുക

പ്രതിബന്ധങ്ങൾ

തിരുത്തുക

ഈ ലിപിയ്ക്ക് പല വായനകളും പലപ്പോഴായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും വ്യാപകമായ അംഗീകാരം കിട്ടിയിട്ടില്ല. ഇതിന്റെ വായനയ്ക്ക് തടസ്സമായി നിൽക്കുന്ന മുഖ്യ വസ്തുതകൾ താഴെപ്പറയുന്നവയാണ്‌:

  • ഈ ലിപിയുടെ പിന്നിൽ ഒരു ഭാഷയുണ്ടെങ്കിൽ അത് കണ്ടെത്തപ്പെട്ടിട്ടില്ല.
  • ലിഖിതങ്ങളുടെ ശരാശരി ദൈർഘ്യം 5 ചിഹ്നങ്ങളും പരമാവധി ദൈർഘ്യം 17 ചിഹ്നങ്ങളും മാത്രമാണ്‌.(ഒന്നിലേറെ ലിഖിതങ്ങൾ ചേർന്ന ഒരു മുദ്രയിലെ ചിഹ്നസംഖ്യ പോലും 27 മാത്രമാണ്‌.)[10]
  • പ്രസിദ്ധമായ റോസെറ്റാ ശിലയുടെ മാതൃകയിലുള്ള ദ്വിഭാഷാ പാഠങ്ങളൊന്നും(bilingual text) ഈ ലിപിയുടെ വായനയെ സഹായിക്കാൻ കിട്ടിയിട്ടില്ല.

അമെച്ച്വർ ഗവേഷകന്മാർക്ക് ഈ ലിപിയ്ക്കുള്ള താത്പര്യം മൂലം ഇതിന്റെ വായനയെ സംബന്ധിച്ച് ഒട്ടേറെ അവകാശവാദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവ തമ്മിൽ ഒത്തുപോകുന്നില്ല. അവയ്ക്കൊന്നിനും അക്കാദമിക അംഗീകാരം കിട്ടിയിട്ടുമില്ല.[11]

ദ്രാവിഡഭാഷാ പരികല്പന

തിരുത്തുക
 
ശിവന്റെ ആദിരൂപമായി കരുതപ്പെടുന്ന പശുപതിയുടെ ചിത്രമുള്ള സിന്ധുമുദ്ര

സിന്ധുസംസ്കാരത്തിലെ ലിഖിതങ്ങളിലെ ലിപി, പ്രതീകളുടേയും അക്ഷരങ്ങളുടേയും സങ്കരമാണെന്നു കരുതിയ റഷ്യൻ പണ്ഡിതൻ യൂറി നോറോസോവ്, അദ്ദേഹവും സംഘവും നടത്തിയ കമ്പ്യൂട്ടർ വിശകലനത്തിനൊടുവിൽ ഈ ലിപിക്കു പിന്നിലുള്ളത് ഒരു ദ്രാവിഡഭാഷയാണെന്ന്വ് വാദിച്ചു.[12] നോറോസോവിനു മുൻപേ ഹെൻറി ഹെറാസും ഈ ലിപിയിൽ ഒരു ആദിദ്രാവിഡ ഭാഷ കണ്ടിരുന്നു.[13] നോറോസോവിന്റെ സോവിയറ്റ് സംഘവുമായി മത്സരിച്ച് ഈ ലിപി വിശകലനം ചെയ്യാൻ ശ്രമിച്ച ഫിൻ‌ലൻഡുകാരൻ പണ്ഡിതൻ ആസ്കോ പാർപ്പോളയുടെ സംഘം, ദ്രാവിഡാഭാഷാ പരികല്പനയെ ആശ്രയിച്ച് നടത്തിയ വായന പലയിടങ്ങളിലും നോറോസോവിന്റേയും ഹെരാസിന്റേയും വായനയുമായി ഒത്തുപോവുകയും പലയിടങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്തു. ഉദാഹരണത്തിനു, ലിപിയിലെ മത്സ്യചിഹ്നത്തെ ദ്രാവിഡഭാഷകളിലെ "മീൻ" എന്ന വാക്കായി ഇരുവായനകളും കണ്ടു. പാർപ്പോളയുടെ പഠനത്തിന്റെ 1994 വരെയുള്ള കഥ, "സിന്ധുലിപിയുടെ ഭേദനം" (Deciphering the Indus Script) എന്ന ഗ്രന്ഥത്തിൽ കാണാം[14] [15]

സിന്ധുലിപി ആലേഖനം ചെയ്തിട്ടുള്ള ചില കല്ലുപകരണങ്ങൾ, ക്രിസ്തുവിന്‌ മുൻപ് രണ്ടാം സഹസ്രാബ്ദത്തിലേതായി തമിഴ്‌നാട്ടിൽ നിന്നു കണ്ടുകിട്ടിയത്, ഈ ലിപിയെ ദ്രാവിഡഭാഷകളുമായി ബന്ധപ്പെടുത്തുന്ന പരികല്പനയ്ക്ക് ബലം നൽകുന്നു.[16][17] എന്നാൽ ഈ ഉപകരണങ്ങളിലെ ലേഖനം സിന്ധുലിപിയാണെന്ന വാദം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

ദ്രാവിഡഭാഷാപരികല്പനയെ പിന്തുണയ്ക്കുന്ന ഇരാവതം മഹാദേവൻ അതിനെക്കുറിച്ച് പറയുന്നതിതാണ്‌: "ഹരപ്പൻ ഭാഷയുടേയും ദക്ഷിണേന്ത്യൻ ഭാഷകളുടേയും ആദ്രിദ്രാവിഡമൂലം ഒന്നാണെന്ന് ഒരുപക്ഷേ നാം എന്നെങ്കിലും കണ്ടെത്തിയേക്കാം. എന്നാൽ അത് (ഇപ്പോൾ) ഒരു പരികല്പന മാത്രമാണ്‌..... സിന്ധുലിപി ഭേദിക്കാൻ എനിക്കു കഴിയുമെന്ന മോഹമൊന്നും എനിക്കില്ല. അക്കാര്യത്തിൽ എനിക്ക് പശ്ചാത്താപവുമില്ല."[18]

ലിപിയോ പ്രതീകങ്ങളോ?

തിരുത്തുക

സിന്ധുലിഖിതങ്ങളിലെ ചിഹ്നങ്ങൾ ആശയങ്ങളെ സൂചിപ്പിക്കുന്ന പ്രതീകങ്ങൾ(ideograms) മാത്രമാണെന്നും വാദമുണ്ട്. ഇതു ശരിയാണെങ്കിൽ, അവയുടെ സ്രഷ്ടാക്കൾ സംസാരിച്ചിരുന്ന ഭാഷയുടെ ഒരു സൂചനയും അവ ഉൾക്കൊള്ളുന്നില്ല എന്നു വരാം. അവ ആശയങ്ങളെ സം‌വഹിക്കുന്ന ചിത്രചിഹ്നങ്ങൾ(pictograms) മാത്രമാവാം.

2004-ൽ സ്വതന്ത്രഗവേഷകനായ സ്റ്റീവ് ഫാർമർ,[19] കമ്പ്യൂട്ടേഷനൽ ലിംഗ്വിസ്റ്റായ റിച്ചാർഡ് സ്പ്രോട്ട് [20]ഇൻഡോളജിസ്റ്റ് മൈക്കൽ വിറ്റ്സൽ[21] എന്നിവർ ചേർന്ന്, സിന്ധുലിഖിതങ്ങളിലെ ചിഹ്നങ്ങൾ ഏതെങ്കിലും സംസാരഭാഷയുമായി ബന്ധമുള്ളവയല്ലെന്ന് വാദിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. ഇതിനു പുറമേ, ഉത്തരേന്ത്യയിലെ സിന്ധുനദീതടസംസ്കാരത്തിന്റെ ഭാഷ, ഓസ്ട്രോ-ഏഷ്യാറ്റിക് ഭാഷാകുടുംബവുമായി വിദൂരബന്ധം പുലർത്തുന്നതും എന്നാൽ ആദിമുണ്ട ഭാഷയിൽ നിന്ന് വ്യത്യസ്തമായതും ആണെന്നു വാദിക്കുന്ന "പാര മുണ്ട" പരികല്പനയും" (Para-Munda Hypothesis) വിറ്റ്സൽ നേരത്തേ അവതരിപ്പിച്ചിരുന്നു.[22].

സിന്ധുലിഖിതങ്ങളിലെ ചിഹ്നങ്ങൾ ഭാഷാലിപി അല്ലെന്നു സ്ഥാപിക്കാൻ ഫാർമർ-സ്പ്രോട്ട്-വിറ്റ്സൽമാർ തങ്ങളുടെ പ്രബന്ധത്തിൽ ഒട്ടേറെ വാദങ്ങൾ മുന്നോട്ടു വച്ചിരുന്നു. ലിഖിതങ്ങളുടെ അതിഹ്രസ്വസ്വഭാവം, ഹരപ്പൻ പക്വസംസ്കാരത്തിന്റെ 700 വർഷത്തെ ചരിത്രത്തിൽ പെരുകിക്കൊണ്ടിരുന്ന ഒറ്റപ്പെട്ട അപൂർ‌വചിഹ്നങ്ങളുടെ ആധിക്യം, സംസാരഭാഷലിപികളിൽ പതിവുള്ളതു പോലെ ചിഹ്നങ്ങളുടെ ക്രമരഹിതമായ ആവർത്തനത്തിന്റെ അഭാവം തുടങ്ങിയവ ഈ ലിഖിതങ്ങൾക്കു പിന്നിൽ ഒരു സംസാരഭാഷയില്ലെന്നു വാദിക്കാൻ അവർ കണ്ട കാരണങ്ങളിൽ ചിലതായിരുന്നു. എന്നാൽ തന്റെ സിദ്ധാന്തത്തെ 2005-ൽ പുനപരിശോധിച്ച അസ്കോ പാർപ്പോള, ഈ വാദങ്ങളെ തള്ളിക്കളഞ്ഞു.[23] ഒറ്റപ്പെട്ട അപൂർ‌വചിഹ്നങ്ങളുടെ ആധിക്യം ചീനഭാഷയിലും കാണാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദിമമായ ഒരു പ്രതീകാക്ഷരലിപി(logo-syllabic script) ഉപയോഗിച്ചുള്ള ഹ്രസ്വലിഖിതങ്ങളിൽ, ചിഹ്നങ്ങളുടെ ക്രമരഹിതമായ ആവർത്തനം ഇല്ലാതിരിക്കുന്നതിൽ അസാധാരണമായൊന്നുമില്ലെന്നും അദ്ദേഹം കരുതി.

വിലയിരുത്തൽ

തിരുത്തുക

സിന്ധിലിപിവ്യവസ്ഥയുടെ അക്ഷരപ്പൂട്ടു തുറക്കാനുള്ള ശ്രമങ്ങളൊന്നും പൂർണ്ണവിജയം കൈവരിച്ചിട്ടില്ലെന്നും പല പഠനങ്ങളും വെറും കോമാളിവായനകളിലാണ് എത്തി നിന്നതെന്നും എം.ആർ രാഘവവാരിയർ ചൂണ്ടിക്കാട്ടുന്നു. ഈ ലിപിയുടെ പഠനത്തിലുള്ള ആദ്യശ്രമങ്ങളിൽ പലതും അതിനെ വായിക്കുന്നതിനു പകരം വ്യാഖ്യാനിക്കാനാണു ശ്രമിച്ചതെന്ന വിമർശനവും അദ്ദേഹം എടുത്തുകാട്ടുന്നു. ശാസ്ത്രീയമായ രീതിയിൽ വ്യക്തമായ ദിശാബോധത്തോടും രീതിശാസ്ത്രത്തോടും കൂടി ലിപികൾക്ക് ശബ്ദമൂല്യം നൽകി വായിക്കാൻ ശ്രമിച്ചത് സ്പാനിഷ് പണ്ഡിതനായ ഫാദർ ഹെൻറി ഹെറാസ് ആണെന്നും തുടർന്നുണ്ടായ അന്വേഷണങ്ങളുടെ ഫലമായി ലിപിപഠനം ഇന്ന് ഇരുട്ടിൽ തപ്പുന്ന സ്ഥിതിയിൽ നിന്നു പുരോഗമിച്ചിട്ടുണ്ടെന്നും രാഘവവാരിയർ പറയുന്നു.[24]

  1. Possehl, 1996
  2. Farmer, 2004
  3. "Write signs for Indus script?" (in ഇംഗ്ലീഷ്). Nature India. 2009-05-31. Retrieved 2009-06-01.
  4. Whitehouse, David (1999) 'Earliest writing' found BBC
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-07-12. Retrieved 2010-05-07.
  6. 6.0 6.1 6.2 Subramaniam, T. S. (May 1, 2006). "From Indus Valley to coastal Tamil Nadu". The Hindu. Archived from the original on 2008-05-06. Retrieved 2008-05-23.
  7. (Lal 1966)
  8. (Wells 1999)
  9. (Bryant 2000)
  10. Longest Indus inscription
  11. എഗ്ബർട്ട് റിച്ച്റ്റർ, എൻ.എസ്. രാജാറാം, ശ്രീനിവാസൻ കല്യാണരാമൻ തുടങ്ങിയവരുടെ അവകാശവാദങ്ങൾ ഉദാഹരണമാണ്‌.
  12. (Knorozov 1965)
  13. (Heras, 1953)
  14. (Parpola, 1994)
  15. പരോപ്ലയും സിന്ധുലിപിയും എന്ന പേരിൽ 2010 ജൂൺ 17-ലെ ഹിന്ദു ദിനപത്രത്തിൽ ഐരാവതം മഹാദേവൻ എഴുതിയ ലേഖനം Archived 2010-06-20 at the Wayback Machine.
  16. (Subramanium 2006; see also A Note on the Muruku Sign of the Indus Script in light of the Mayiladuthurai Stone Axe Discovery by I. Mahadevan (2006)
  17. "Significance of Mayiladuthurai find". Archived from the original on 2010-08-25. Retrieved 2010-05-08.
  18. Interview at Harrappa.com
  19. http://www.safarmer.com/
  20. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-05-20. Retrieved 2010-05-08.
  21. (Farmer 2004)
  22. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-02-06. Retrieved 2010-05-08.
  23. (Parpola 2005, p. 37)
  24. എം.ആർ. രാഘവവാരിയർ, "സിന്ധുലിപി: പഠനം ഇതുവരെ" (2011), പ്രസാധനം, മാതൃഭൂമി ബുക്ക്സ് (പുറങ്ങൾ 26-28, 45-46)

ഗ്രന്ഥസൂചി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിന്ധു_ലിപി&oldid=4115161" എന്ന താളിൽനിന്ന് ശേഖരിച്ചത്