സിന്ധു കെ. വി.
ഉത്തരാധുനിക മലയാളകവിതയിലെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് സിന്ധു കെ.വി. കാവ്യലോകത്തിലൂടെ ആവിഷ്കരിക്കപ്പെടുന്ന അനുഭവങ്ങളുടെ അസാധാരണത്വവും കാവ്യഭാഷയുടെ പുതുമയും സമകാലകവിതയിലെ പ്രമുഖസ്വരമാക്കി ഈ എഴുത്തുകാരിയെ മാറ്റിയിട്ടുണ്ട്. ശരീരം, പ്രണയം, ദാമ്പത്യം തുടങ്ങിയ സ്ത്രീ അനുഭവത്തിന്റെ എല്ലാ അതിരുകളേയും മായ്ചുകളയാൻ ശ്രമിക്കുന്ന പെണ്മയുടെ നിരങ്കുശമായ വീറും കരുത്തുമാണ് സിന്ധുവിന്റെ കവിതകൾ വൈവിദ്ധ്യപൂർവ്വമായി ആവിഷ്കരിക്കുന്നതെന്ന് നിരൂപകനായ എൻ. ശശിധരൻ നിരീക്ഷിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
തിരുത്തുകകണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം സ്വദേശി. എസ്. ഇ. എസ് കോളേജ്, ശ്രീകണ്ഠപുരത്ത് പ്രീഡിഗ്രി പഠനത്തിന് ശേഷം പ്രൈവറ്റായി പഠിച്ച് മലയാളസാഹിത്യത്തിൽ എം. എ ബിരുദം നേടി. സൈബർകവിതകളെക്കുറിച്ചുള്ള ഗവേഷണപഠനത്തിന് കണ്ണൂർ സർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡി ബിരുദം. മാടായി കോപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജിൽ മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ.
സാഹിത്യജീവിതം
തിരുത്തുകഡിജിറ്റൽ എഴുത്തിന്റെ ലോകം സാദ്ധ്യമാക്കിയ എഴുത്തുജീവിതമാണ് സിന്ധുവിന്റേത്. ബ്ലോഗ് എഴുത്തുകാരിയായി കവിതകൾ പ്രസിദ്ധീകരിച്ചുതുടങ്ങിയ സിന്ധുവിന്റെ രചനകൾ നാലാമിടത്തിലെ ശ്രദ്ധേയമായ സ്വരങ്ങളിലൊന്നായി വിലയിരുത്തുന്നത് സച്ചിദാനന്ദനാണ്. പ്രകൃതിയും കാലവും ചരിത്രവുമുൾക്കൊണ്ട പെണ്മയുടെ സ്വത്വപ്രഖ്യാപനവും സ്വാതന്ത്ര്യാഘോഷവുമായി , ആ കവിതകൾ വീണ്ടെടുപ്പിന്റേയും പ്രതിരോധത്തിന്റേയും പാഠങ്ങൾ വായനക്കാർക്കു മുന്നിൽ തുറന്നിടുന്നുവെന്നും തന്റെ ഇച്ഛയ്ക്കും സ്വാതന്ത്ര്യത്തിനുമനുസരിച്ച് കവി സ്വപ്നങ്ങളിൽ നിർമ്മിച്ച വീടുകളാണ് ആ കവിതകളെന്നും ഏറ്റവും വൈയക്തികമായിരിക്കുമ്പോഴും ഏറ്റവും സാമൂഹികമായി, കാറ്റും വെളിച്ചവും ആ വീടുകളുടെ വാതായനങ്ങളിലൂടെ അകത്തേക്കും പുറത്തേക്കും പ്രവഹിക്കുന്നുണ്ട് എന്നും സിന്ധുവിന്റെ കവിതകളുടെ സവിശേഷതകളായി എടുത്തുകാണിക്കപ്പെട്ടിട്ടുണ്ട്.[2]
അനുഭവങ്ങളുടെ പരിചരണത്തിന്റെ വ്യത്യസ്തതയെ നിരൂപകനായ സന്തോഷ് മാനിച്ചേരി ഏതോ കാലത്തിൽ നമ്മൾ നമ്മളെ കണ്ടുപോകുന്നതു പോലെ - എന്ന പുസ്തകെത്തെ മുൻനിർത്തി വിശദീകരിക്കുന്നു : ക്രമാനുഗതമോ രേഖീയമോ ആയ ഒരു ഇഴചേർപ്പില്ല ഈ പുസ്തകത്തിന്. പകരം അതു പല വഴികളിലേക്കു പോവുന്ന വാക്യങ്ങളാൽ വിഘടിതമാവുന്നു. കവിതയോ കഥയോ ചിന്തയോ എന്ന് വ്യവച്ഛേദിക്കാൻ വിസമ്മതിക്കുംവിധം ജാനുഷികമായ (generic) ഒരു സുവിശേഷമായിത്തീരുന്നു അത്. അതിനാൽ ഈ പുസ്തകത്തിനു തുടക്കമില്ല, ഒടുക്കവും. വായിക്കുന്നയാളിൽ പുസ്തകം അവസാനിക്കുന്നില്ല, ഏതുകാലത്തും. പുസ്തകത്തിന് അതിർത്തികളുണ്ടോ എന്ന കാര്യവും ചിന്താർഹമാണ്.[3]
കൃതികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ അവതാരിക, പാതിരാസൂര്യൻ
- ↑ അവതാരിക, പാതിരാസൂര്യൻ
- ↑ സന്തോഷ് മാനിച്ചേരി, അവതാരിക, ഏതോ കാലത്തിൽ നമ്മൾ നമ്മളെ കണ്ടുപോകുന്നതു പോലെ
- ↑ http://malayalambookreview.blogspot.com/2013/07/blog-post.html?m=1
- ↑ പാതിരാസൂര്യനെ വായിക്കുമ്പോൾ, സംവിദാനന്ദ് https://www.manoramaonline.com/literature/bookreview/pathira-suryan-book-review.html#
- ↑ പുസ്തകശീലങ്ങൾക്കുമേൽ ഒരു സ്കിസോഫ്രേനിക് അട്ടിമറി, കെ.വി.മണികണ്ഠൻ, മാധ്യമം വാരിക 2019 മാർച്ച് 18
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-01-20. Retrieved 2020-05-14.