സിഡ്നി തോംപ്സൺ ഡോബെൽ
സിഡ്നി തോംപ്സൺ ഡോബെൽ ഇംഗ്ലീഷ് കവിയും നിരൂപകനുമായിരുന്നു. സിഡ്നിയെൻഡിസ് എന്നാണ് തൂലികാനാമം. 1824 ഏപ്രിൽ 5-ന് കെന്റിലെ ക്രാൻബ്രൂക്കിൽ ജനിച്ചു.
ജീവിതരേഖ
തിരുത്തുകസ്കൂളിലോ യൂണിവേഴ്സിറ്റിയിലോ വിദ്യാഭ്യാസം നടത്തിയിട്ടില്ല. സ്വതന്ത്രചിന്താഗതിക്കാരനായിരുന്ന പിതാവ് ജോൺ ഡോബെൽ സർക്കാരിനേയും ഭരണത്തേയും കുറിച്ച് ഒരു ലഘുലേഖ പ്രസിദ്ധീകരിക്കുകയുണ്ടായി. പിതാവിന്റെ സ്വാധീനം കാരണം ഡോബെൽ യൂറോപ്പിലെ മിതവാദി പ്രസ്ഥാനത്തിൽ അതീവതത്പരനായിരുന്നു. 1848-ൽ യൂറോപ്പിൽ അരങ്ങേറിയ വിപ്ലവങ്ങളാൽ പ്രചോദിതനായി ഇദ്ദേഹം രചിച്ച ദ് റോമൻ എന്ന നാടകീയകാവ്യം 1850-ൽ പ്രസിദ്ധീകരിച്ചു. കാർലൈൽ, റസ്കിൻ, ടെന്നിസൻ, ബ്രൗണിങ് തുടങ്ങിയ മഹാശയന്മാരുമായി സൗഹൃദം സ്ഥാപിക്കാൻ ഇതു സഹായകമായി.
സ്പാസ് മോഡിക് കവന സമ്പ്രദായം
തിരുത്തുകസ്പാസ് മോഡിക് കവന സമ്പ്രദായത്തിന്റെ പ്രണേതാക്കളിൽ ഒരാളായാണ് ഡോബെൽ അറിയപ്പെടുന്നത്. അപ്രതിഹതമായ വികാരങ്ങളും, അവ്യവസ്ഥിതവും ശ്ലഥബദ്ധവുമായ ബിംബവിധാനവുമാണ് ഈ കാവ്യസമ്പ്രദായത്തിന്റെ സവിശേഷത. ആംഗലകവിയായ ബൈറനെ വിശേഷിപ്പിക്കാൻ കാർലൈൽ ആണ് ആദ്യമായി ഈ സാഹിത്യസംജ്ഞ പ്രയോഗിച്ചത്. പി.ജെ. ബെയ്ലി, ജോൺ സ്റ്റാന്യൻ ബിഗ്, സിഡ്നി ഡോബെൽ, അലക്സാണ്ടർ സ്മിത്ത് എന്നിവരെ ബന്ധപ്പെടുത്തി 1853-ൽ ചാൾസ് കിംഗ്സ്ലി പ്രയോഗിച്ചതോടെ ഈ പദം പ്രചാരം നേടി. ഡോബെലിന്റെ നിരവധി ഉപന്യാസങ്ങളിൽ ഈ ശൈലിയുടെ സൗന്ദര്യ ശാസ്ത്രം പഠനവിധേയമാകുന്നുണ്ട്. 1876-ൽ തോട്ട്സ് ഓൺ ആർട്ട്, ഫിലോസഫി ആൻഡ് റിലീജിയൻ എന്ന പേരിൽ ജോൺ നിക്കോൾ ഈ ഉപന്യാസങ്ങൾ സമാഹരിച്ചു പ്രസിദ്ധീകരിച്ചു. അന്തർജ്ഞാനത്തേയും കാര്യങ്ങളുടെ പരസ്പരബന്ധത്തേയും പറ്റിയുള്ള കാല്പനിക സങ്കല്പത്തിലൂന്നിയതും രൂപസംബന്ധമായ സകല വിലക്കുകളേയും വലിച്ചെറിയുന്നതുമായിരുന്നു സ്പാസ് മോഡിക് പ്രസ്ഥാനക്കാരുടെ രീതി. സന്ദേഹത്തിൽ നിന്നു വിശ്വാസത്തിലേക്കും അവ്യവസ്ഥിതത്വത്തിൽ നിന്നു സുവ്യവസ്ഥയിലേക്കുമുള്ള മനുഷ്യന്റെ പുരോഗമനത്തെ വിഷയമാക്കി ഒരു കാവ്യത്രയം രചിക്കാൻ ഡോബെൽ ആഗ്രഹിച്ചിരുന്നെങ്കിലും ബാൾഡർ (1853) എന്ന കാവ്യം മാത്രമേ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞുള്ളൂ. ഈ കവിത പറയത്തക്ക വിജയം കൈവരിച്ചില്ലെന്നു മാത്രമല്ല, ഫേർമീലിയൻ..... എ സ്പാസ്മോഡിക് ട്രാജഡി എന്ന പേരിൽ ഡബ്ലിയൂ.ഇ.എയ്റ്റൂൺ അടുത്തവർഷം തന്നെ ഇതിന്റെ ഹാസ്യവിഡംബനം രചിക്കുകയും ചെയ്തു.
നിരവധി ഭാവഗീതങ്ങളും അലക്സാണ്ടർ സ്മിത്തുമായി ചേർന്ന് ക്രിമിയൻ യുദ്ധത്തെക്കുറിച്ച് 1855-ൽ രചിച്ച ഗീതകപരമ്പരയും ഡോബെലിന്റെ സംഭാവനയായി ലഭിച്ചിട്ടുണ്ട്. 1874 ഓഗസ്റ്റ് 22-ന് ഗ്ലസറ്റർഷയറിലെ നെയ്ൽ സ്വർത്തിൽ ഇദ്ദേഹം അന്തരിച്ചു.
അവലംബം
തിരുത്തുക- http://www.britannica.com/EBchecked/topic/167246/Sydney-Thompson-Dobell
- http://allpoetry.com/Sydney_Thompson_Dobell
- http://www.encyclopedia.com/topic/Sydney_Thompson_Dobell.aspx
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡോബെൽ, സിഡ്നി തോംപ്സൺ (1824 - 74) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |