സാഹിത്യവിമർശകൻ എം. കൃഷ്ണൻ നായർ മലയാളത്തിൽ എഴുതിയിരുന്ന ഒരു പ്രതിവാരപംക്തിയായിരുന്നു സാഹിത്യവാരഫലം. സാഹിത്യനിരൂപണങ്ങളുടെ ശുഷ്കശൈലിയിൽ നിന്നു വ്യത്യസ്തമായി സാധാരണവായനാക്കാരെ ആകർഷിക്കുന്ന മട്ടിൽ എഴുതപ്പെട്ടിരുന്ന ഈ പംക്തി ഏറെ ജനപ്രീതി നേടുകയും മൂന്ന് ആനുകാലികങ്ങളിലായി മുപ്പത്താറു വർഷം തുടരുകയും ചെയ്തു. 1969-ൽ മലയാളനാടുവാരികയിൽ ആരംഭിച്ച 'വാരഫലം' ആ വാരിക പ്രസിദ്ധീകരിക്കപ്പെടാതായതിനു ശേഷം ആദ്യം കലാകൗമുദിയിലും പിന്നീട് സമകാലീനമലയാളം വാരികയിലും തുടർന്നു. 2006 ഫെബ്രുവരി മാസത്തിൽ കൃഷ്ണൻ നായർ മരിക്കുന്നതിന് ഒരാഴ്ച മുൻപാണ് ഈ പംക്തി അവസാനം പ്രത്യക്ഷപ്പെട്ടത്. സാധാരണവായനക്കാരുടെ സാഹിത്യകൗതുകത്തെ ലക്ഷ്യം വച്ച് എഴുതിയിരുന്ന 'വാരഫലം' സാഹിത്യനിരൂപണമല്ലെന്ന് ഏറ്റുപറഞ്ഞ കൃഷ്ണൻ നായർ അതിനെ "ലിറ്റററി ജേർണലിസം" എന്നു വിശേഷിപ്പിച്ചു.

സാഹിത്യവും ഇതരവിഷയങ്ങളുമായി ബന്ധപ്പെട്ട ചെറിയ കഥകളും അനുഭവാഖ്യാനങ്ങളും ചേർന്ന ഒരുതരം 'കൊളാഷ്' ആയി പ്രത്യക്ഷപ്പെട്ടിരുന്ന ഈ കോളത്തിന്റെ ജനപ്രീതിയുടെ കാരണം അതിന്റെ ഘടന തന്നെ ആയിരുന്നെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. സാഹിത്യനിരൂപണങ്ങൾ ഇഷ്ടപ്പെടാതിരുന്ന ശരാശരി വായനക്കാരന് വാരഫലത്തിന്റെ ഈ ചേരുവ ഹൃദ്യമായി അനുഭവപ്പെട്ടു. ലോകസാഹിത്യത്തിലെ നായകശില്പങ്ങളുമായി മലയാളത്തിലെ രചനകളെ ചേർത്തുവച്ചു കൊണ്ട് മലയാളസാഹിത്യത്തിന്റെ താരതമ്യമായ ദരിദ്രാവസ്ഥയെ വായനക്കാരെ ബോദ്ധ്യപ്പെടുത്താൻ കൃഷ്ണൻ നായർ ശ്രമിച്ചു. ഇതരസാഹിത്യങ്ങളിലെ എണ്ണപ്പെട്ട കൃതികളെ "മൂല്യനിർണ്ണയത്തിനു സഹായകമാവാത്ത വിധം സംഗ്രഹിച്ച് അവതരിപ്പിക്കുക വഴി വികലമായ ഒരാസ്വാദക സംസ്കാരത്തെ" അദ്ദേഹം സൃഷ്ടിച്ചതായി വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും "സാധാരണ വായനക്കാരന് ഉത്തമ സാഹിത്യത്തിലേയ്ക്കുള്ള കിളിവാതിലായി പ്രവർത്തിക്കാൻ" ഈ പംക്തിയ്ക്കു കഴിഞ്ഞതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[1]

അവലംബം തിരുത്തുക

  1. 2011 നവംബർ 13-ലെ മലയാളനാട്.കോമിൽ സതീശൻ പുതുമന എഴുതിയ ലേഖനം, സാഹിത്യവാരഫലം മലയാളിക്ക് എന്തായിരുന്നു?[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സാഹിത്യവാരഫലം&oldid=3647140" എന്ന താളിൽനിന്ന് ശേഖരിച്ചത്