സാമൂതിരി പട

(സാമൂതിരി സൈന്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണേഷ്യയിലെ മലബാർ തീരം കേന്ദ്രീകരിച്ചു പതിനൊന്നാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി വരെ നില നിന്നിരുന്ന പ്രബല രാജ്യമായ നെടിയിരുപ്പ് സ്വരൂപം അഥവാ കോയിൽ കുത്ത് (കോഴിക്കോട്) രാജ്യത്തിന്റെ സൈനിക വിഭാഗത്തെയാണ് സാമൂതിരി പട എന്ന് ചരിത്രത്തിൽ വിശേഷിപ്പിക്കപ്പെടുന്നത്. രാജാവിന്റെ അധികാര നാമം സാമൂതിരി എന്നതിനാലാണ് രാജ്യ സൈനിക വിഭാഗം സാമൂതിരി പട എന്നറിയപ്പെടുവാൻ കാരണം. സുവർണ്ണ കാലത്ത് കാലാൾ പട ,തുറ പട, നാവിക പട , പീരങ്കി പട എന്നിങ്ങനെ വ്യത്യസ്ത തലത്തിലുള്ള സൈനിക വിഭാഗങ്ങൾ ഇവർക്കുണ്ടായിരുന്നു. [1]

കോഴിക്കോട് രാജ്യത്തിന്റെ കാലാൾ പടയാണ് നായർ പട. നായർ വിഭാഗത്തിൽ പെട്ട ആയുധാഭ്യാസികളെയാണ് കാലാൾ പടയിൽ ചേർക്കാറുണ്ടായിരുന്നത്. ഓരോ നാടുവാഴിയുടെ കീഴിലും കളരികൾ എന്ന് പിൽകാലത്തറിയപ്പെട്ട പരിശീലന കേന്ദ്രങ്ങളിൽ വാളും പരിചയും അമ്പും വില്ലും കുന്തവും ഉപയോഗിക്കാന് നായർ യുവാക്കളെ പരിശീലിപ്പിക്കുകയും പിന്നീട് അവരെ സൈനിക വിന്യാസത്തിലേക്ക് ചേർക്കുകയുമായിരുന്നു പതീവ്. രാജാവ് ആവശ്യപ്പെടുന്ന മുറയ്ക്ക് നാടുവാഴികൾ തങ്ങളുടെ കീഴിലുള്ള സൈനികരെ സൈനിക നീക്കങ്ങൾക്കായി അയച്ചു നൽകുമായിരുന്നു. സൈനികർ പടനായർ എന്ന് വിളിക്കപ്പെട്ടപ്പോൾ സൈനിക മേധാവികൾ തലച്ചനന നായർ, അഞ്ഞൂറാൻ, ആയിരോൻ എന്നൊക്കെ അറിയപ്പെട്ടു. പന്തീരായിരം പട എന്ന പേരിൽ അറിയപ്പെട്ട നായർ പടയാളികൾക്കായിരുന്നു സാമൂതിരിയുടെ സുരക്ഷാ ചുമതല. രാജാവിനും കുടുംബാംഗങ്ങൾക്കും,കൊട്ടാരങ്ങൾക്കും കാവലൊരുക്കുകയായിരുന്നു ഇവരുടെ ധർമ്മം. രാജ രക്തത്തിനു വേണ്ടി സ്വജീവൻ ബലി കഴിക്കാനായി സന്നദ്ധരായ ചാവേർ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അംഗരക്ഷകരുടെ കൂട്ടായ്മയും നായർ പടയുടെ ഭാഗമായി ഉണ്ടായിരുന്നു. [2]

മാമാങ്കം പോലുള്ള അതീവ ജാഗ്രത ആവിശ്യമായ ചടങ്ങുകൾക്ക് എഴുന്നള്ളുമ്പോൾ പന്തീരായിരം നായർ കാവൽപ്പടയ്ക്ക് പുറമേ മുപ്പത്തിനായിരത്തിൽ അധികം ഏറനാടൻ നായർ പടയാളികളും, പന്തീരായിരത്തിലേറെ വരുന്ന പോളനാടൻ നായർ പടയും, ആഴിയിലും , കരയിലും, തുറയിലും,തട്ടിലും അസംഖ്യം മാപ്പിള പോരാളികളും സാമൂതിരിയുടെ സുരക്ഷക്കായി വിന്യസിക്കപ്പെടുമായിരുന്നു.

പാദരക്ഷകൾ ധരിക്കാതെ അരയ്ക്ക് മേലോട്ടും തുടയ്ക്ക് താഴോട്ടും നഗ്നരായി ഗുഹ്യഭാഗം മറക്കുന്ന രീതിയിൽ അരയിൽ മാത്രം തുണി ചുറ്റി കെട്ടി തലമുടി നീട്ടിവളർത്തി നെറുകയിൽ കെട്ടിവച്ചു എല്ലായ്പ്പോഴും വാളും പരിചയും ധരിച്ചു നടക്കുന്നവരാണ് നായർ സൈനികരെന്നു പതിനാറാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച സീസർ ഫെഡറിച്ചി രേഖപ്പെടുത്തിയിരിക്കുന്നു.[3] [4] ഫ്രാൻസിസ് ഡേയുടെ നിരീക്ഷണത്തിൽ മലയാള രാജ്യങ്ങളിലെ കരുത്തുറ്റ പടയായിരുന്ന സാമൂതിരിയുടെ നായർ പടയ്ക്ക് ഒരു ദിവസത്തെ ഇടവേളയിൽ മുപ്പതിനായിരം പടയാളികളെ യുദ്ധക്കളത്തിലേക്കിറക്കാനും മൂന്ന് ദിവസത്തെ സമയം കൊണ്ട് ഒരു ലക്ഷം പടയാളികളെ ഒരുമിച്ചു കൂട്ടാനുമാകും. [5]


കോഴിക്കോട് രാജ്യ തുറമുഖങ്ങളിൽ അടുക്കുന്ന കപ്പലുകളുടെയും വ്യപാരികളുടെയും സുരക്ഷക്കായി നിയമിക്കപ്പെട്ട ആയുധധാരികളായ മാപ്പിളമാരുടെ പടയാണ് തുറപട . സൈനിക മേധാവികൾ തുറ മരക്കാർമാർ എന്ന് വിളിക്കപ്പെട്ടു. ഷാബന്ധർ കോയ ആയിരുന്നു ഇവരുടെ അധികാര ചുമതല വഹിച്ചിരുന്നത്. [6]

മരക്കാർ പട

തിരുത്തുക

പോർച്ചുഗീസ് അതിക്രമങ്ങൾ തുടർക്കഥയായതോടെ രാജ്യ തീരങ്ങൾ സംരക്ഷിക്കുവാനായി നാവിക സൈന്യം രൂപീകരിക്കപ്പെട്ടു. കടൽ കടന്നാൽ വർണ്ണത്തിൽ നിന്ന് പുറത്താകുന്ന വിശ്വാസ സംഹിത മൂലം ഹൈന്ദവർ കടൽ യാത്ര മത നിഷിദ്ധമായി കരുതി പോന്നിരുന്നതിനാൽ അക്കാലത്തു [7] [8] [9] മലബാർ തീരത്തെ നാവിക വിന്യാസങ്ങൾ നിയന്ത്രിച്ചിരുന്നത് മാപ്പിളമാരായിരുന്നു. മഖ്ദൂമിൻറെ പ്രേരണയാൽ വ്യാപാര പ്രമുഖരായ മരക്കാർ കുടുംബം തങ്ങളുടെ സമ്പത്തും കപ്പലുകളും യോദ്ധാക്കളും കോഴിക്കോട് രാജ്യത്തിനു വാഗ്ദാനം ചെയ്തതോടെ നാവിക സൈന്യം രൂപീകൃതമായി. [10]

മരയ്ക്കാർ കുടുംബം നേതൃത്വം നൽകിയതിനാൽ മരയ്ക്കാർ പട എന്നിവരറിയപ്പെട്ടു. നാവിക സേനാപതി കുഞ്ഞാലി മരയ്ക്കാർ എന്നും സഹ മേധാവി കുട്ടി മൂസ എന്നുമുളള അധികാര നാമങ്ങളാൽ വിളിക്കപ്പെട്ടു. രാജാവ് സാമൂതിരിയാണ് അന്ത്യ വാക്കെങ്കിലും സ്വതന്ത്ര്യ ചുമതലയുള്ള ഒരു സേനാ വ്യൂഹമായിരുന്നു ഇവർ. [11]

പീരങ്കികളും , മഞ്ചനീക്കുകളും ഘടിപ്പിച്ച വമ്പൻ പായ്മരകപ്പലുളടക്കം നാന്നൂറിനടുത്തു വരുന്ന നൗകകൾ അടങ്ങുന്നതായിരുന്നു സുവർണ്ണ കാലത്തെ മരക്കാർ പട. ആധുനിക നാവിക സേനകൾക്ക് സമാനമായി യുദ്ധ നൗകകൾ, അവയിൽ ജോലിചെയ്യുന്നവർ, അവർക്ക് പരിശീലനം നല്കുന്ന സ്ഥാപനങ്ങൾ, ആയുധങ്ങളുടെയും കപ്പലുകളുടെയും നിർമ്മാണ യൂണിറ്റുകൾ, ആക്രമണ വിഭാഗം ,പ്രത്യാക്രമണ വിഭാഗം ,ഗറില്ലാ സംഘം എന്നിവയൊക്കെ അടങ്ങിയതായിരുന്നു ഈ പടകൂട്ടം

പീരങ്കി പട

തിരുത്തുക

പീരങ്കികളും വലിയ തോക്കുകകളും ഉപയോഗിക്കാൻ പരിശീലനം ലഭിച്ച മാപ്പിള പടയാളികളുടെ കൂട്ടമാണ് സാമൂതിരിയുടെ പീരങ്കി പട എന്നറിയപ്പെട്ടത്. [12] തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിലെ സൈനിക വിദഗ്തരാൽ പരിശീലനം നൽകപ്പെട്ടവരായിരുന്നു ഈ കൂട്ടർ. ബാർബുറങ്ങാട്, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിലെ മാപ്പിള വർത്തകന്മാരുടെ കീഴിൽ സംഘടിക്കപ്പെട്ട ഈ യോദ്ധാക്കളുടെ നിയന്ത്രണം നാടുവാഴിയായ തിനയഞ്ചേരി ഇളയതിൽ കേന്ദ്രീകരിക്കപ്പെട്ടിരുന്നു.[13]

1600 -ൽ മുഹമ്മദ് അലി കുഞ്ഞാലിയെ ചതിപ്പെടുത്തി പോർച്ചുഗീസുകാർക്ക് വധിക്കാൻ നൽകിയതോടെയാണ് സാമൂതിരി പടയുടെ അധഃപതനത്തിനു തുടക്കമാകുന്നത്. [14] അന്ന് വരെ സാമൂതിരി രാജാക്കൻമാർ പുലർത്തി പോന്നിരുന്ന വിശ്വാസത്തിനേൽപ്പിച്ച ആഘാതമായിരുന്നു ഇത്. രാജാവിൻറെ ചതിയിൽ അതൃപ്തരായ മാപ്പിള പടയാളികൾ ഒന്നടങ്കം സൈനിക സേവനത്തിനു അറുതി വരുത്തി. ഇതോടെ നാവിക സേനയും, പീരങ്കി പടയും ഇല്ലാതെയായി. കച്ചവടത്തിൽ സഹായിക്കുമെന്ന വാഗ്ദാനം കാറ്റിൽ പറത്തി പോർച്ചുഗീസുകാർ ചതിവ് ആവർത്തിച്ചതോടെ സാമ്പത്തികമായി ക്ലേശം അനുഭവിച്ചിരുന്ന കോഴിക്കോട് രാജ്യം ശുഷ്കമാകാൻ തുടങ്ങി. പോർച്ചുഗീസിന് പിന്നാലെ വന്ന ലന്തക്കാരുമായുള്ള വ്യാപാരങ്ങളും, കലഹങ്ങളും ഗുണം ചെയ്യാതെ വന്നതോടെ രാജ്യാതിർത്തി വിപുലീകരിച്ചു നികുതി വരുമാനം കൂട്ടുക എന്ന പതിവ് ലക്ഷ്യത്തോടെ 1756 ഇൽ കൊച്ചി രാജ്യം ആക്രമിച്ചു പ്രദേശങ്ങൾ കീഴ്പ്പെടുത്തി. തിരുവിതാംകൂർ രാജ്യം കൊച്ചിയെ സഹായിക്കാനെത്തിയതോടെ 1762 ല് പ്രദേശങ്ങൾ തിരിച്ചു നൽകി. 1765 ഇൽ മൈസൂർ സഖ്യ കക്ഷിയായ പാലക്കാട് രാജ്യത്തിലേക്ക് സാമൂതിരി സൈന്യം പടയോട്ടം നടത്തി. പാലക്കാട് രാജാവ് പാലിയത്തച്ചനെ സഹായിക്കുവാൻ മൈസൂർ പട മലബാറിലേക്കെത്തി. തുടർന്നുണ്ടായ യുദ്ധങ്ങളും ഏറ്റുമുട്ടലുകളും സാമൂതിരിയുടെ നായർ പട നശിക്കുവാൻ കാരണമായി തീർന്നു.

പതിനെട്ടാം നൂറ്റാണ്ട് മധ്യത്തിൽ അധികാരത്തിലെത്തിയ രാജാവ് തൻറെ മുൻഗാമിക്ക് സംഭവിച്ച പിഴവുകൾ മനസ്സിലാക്കി. മരക്കാർ കുടുംബത്തെ ആദരിച്ചു അവകാശങ്ങൾ പുനഃസ്ഥാപിച്ചു നൽകി [15] മുറിവുകൾ കഴുകിക്കളയാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വൈകിപ്പോയിരുന്നു. മൈസൂരും, മൈസൂരിൽ നിന്ന് ബ്രിട്ടീഷ് രാജ് കമ്പനിയും മലബാർ പിടിച്ചെടുത്തതോടെ പൂർണ്ണാർത്ഥത്തിൽ കോഴിക്കോട് രാജ്യവും സാമൂതിരി പടയും ഇല്ലാതെയായി


  1. K.V. Krishna Iyyer - The Zamorins of Calicut, University of Calicut,
  2. A history of Kerala, 1498-1801 / by K. M. Panikkar/ page 12
  3. The voyage and travaile into the East India: London 1588 Theatrum Orbis Terrarum New York: Da Capo, 1971.
  4. സഞ്ചാരികൾ കണ്ട കേരളം - കറന്റ് ബുക്ക്സ് 2007
  5. francis day , the land of the perumal or cochin its past and its present page 73
  6. പേജ് 269 ,കോഴിക്കോട്ടെ സാമൂതിരിമാർ ,കെവി കൃഷ്ണയ്യർ ,കോഴിക്കോട് സർവ്വകലാശാല
  7. Daniel Bass (27 November 2012). Everyday Ethnicity in Sri Lanka: Up-country Tamil Identity Politics. Routledge. p. 27. ISBN 978-0-415-52624-1. Retrieved 2 February 2013.
  8. ef name="Charles1998">Charles Eliot (1998). Hinduism and Buddhism: An Historical Sketch. Curzon. p. 102. ISBN 978-0-7007-0679-2. Retrieved 2 February 2013.
  9. SAGAROLLANGHANA Dharma Sutra of Baudhayana (II.1.2.2)
  10. ടി. മുഹമ്മദ്, മാപ്പിള സമുദായം : ചരിത്രം, സംസ്കാരം IPH, 2013, P. 70
  11. O. K. Nambiar, The Kunjalis; Admirals of Calicut, Ask Publishers, Bombay, Plus MC, Portugese Cochin and the maratime trade of India; 1500 - 1663, Un published Phd thesis, Dept. of History, Pondichery University, 1998
  12. വിജയ ലക്ഷ്മി മലബാറിലെ ആദ്യകാല മുസ്ലിം സമൂഹം പേജ് 97 മലബാർ പൈതൃകവും പ്രതാപവും മാതൃഭൂമി ബുക്സ്
  13. K. V. Krishna Iyer, Zamorins of Calicut: From the earliest times to AD 1806. Calicut: Norman Printing Bureau, 1938.
  14. ROY MOXHAM ,The Theft of India; The European conquests of of India 1498 -1765
  15. കോഴിക്കോടൻ ഗ്രന്ഥവരി/ സാമൂതിരി കോവിലക രേഖ
"https://ml.wikipedia.org/w/index.php?title=സാമൂതിരി_പട&oldid=3936736" എന്ന താളിൽനിന്ന് ശേഖരിച്ചത്