സാന്റാക്ലോസ്

ക്രിസ്തുമസുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യ-ഐതിഹാസിക വ്യക്തി
(സാന്താക്ളോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്തുമസുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യ-ഐതിഹാസിക വ്യക്തിയാണ് സെന്റ് നിക്കോളാസ്, ഫാദർ ക്രിസ്തുമസ്, ക്രിസ്തുമസ് പാപ്പ എന്നീ പേരുകളിലറിയപ്പെടുന്ന സാന്റാക്ലോസ്. ക്രിസ്തുമസ് സന്ധ്യയുടെ (ഡിസംബർ 24) അർദ്ധരാത്രിയോടടുത്ത സമയത്തും വിശുദ്ധ നിക്കോളാസ് ദിനത്തിലും (ഡിസംബർ 6) ഇദ്ദേഹം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുവാൻ എത്തും എന്നാണ് വിശ്വാസം. ഇതിഹാസത്തിന്റെ അംശങ്ങൾ ചരിത്രപുരുഷനായ വിശുദ്ധ നിക്കോളാസുമായി ബന്ധപ്പെട്ട കഥകളിൽ അടിസ്ഥാനപ്പെട്ടതാണ്.

ക്ലെമന്റ് ക്ലാർക്ക് മൂറൊമൊത്ത് ആധുനിക സാന്റയുടെ സൃഷ്ടിയിൽ പ്രധാന പങ്ക് വഹിച്ച തോമസ് നാസ്റ്റിന്റെ ഒരു സാന്റാക്ലോസ് ചിത്രം
ഒരു കുട്ടി തന്റെ ക്രിസ്തുമസ് ആഗ്രഹങ്ങൾ സാന്റയോട് പറയുന്നു

പ്രത്യേകതകൾ

തിരുത്തുക

ബിഷപ്പിന്റെ വസ്ത്രങ്ങൾ ധരിച്ച വിശുദ്ധ നിക്കോളാസിനെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നതെങ്കിലും ആധുനിക സാന്റാക്ലോസ് ചുവന്ന കോട്ടും വെളുത്ത കോളറും കഫും ചുവന്ന ട്രൗസറും കറുത്ത തുകൽ ബെൽറ്റും ബൂട്ടും ധരിച്ച, തടിച്ച്, വെള്ളത്താടിയുള്ള സന്തോഷവാനായ ഒരാളായാണ് ചിത്രീകരിക്കപ്പെടുന്നത്. രാഷ്ട്രീയ കാർട്ടൂണിസ്റ്റായ തോമസ് നാസ്റ്റിന്റെ സ്വാധീനം മൂലം 19-ആം നൂറ്റാണ്ടിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഈ രൂപം പ്രശസ്തമായി. യുണൈറ്റഡ് കിങ്ഡത്തിലും യൂറോപ്പിലും ഇദ്ദേഹത്തിന്റെ രൂപം അമേരിക്കൻ സാന്റക്ക് സമാനമാണെങ്കിലും ഫാദർ ക്രിസ്തുമസ് എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്.

ചുവന്ന കുപ്പായവും കൂർമ്പൻ തൊപ്പിയുമണിഞ്ഞ് മാനുകൾ (Rain deer) വലിക്കുന്ന തെന്നുവണ്ടിയിൽ പുഞ്ചിരിയോടെ വരുന്ന നരച്ചമുടിയും താടിയുമുള്ള തടിയൻ സാന്താക്ലോസ്. ക്രിസ്മസ് നാളുകളിൽ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വീടിന്റെ ചിമ്മിനിയിലൂടെ അദ്ദേഹം അകത്തേയ്ക്ക് ഇട്ടു കൊടുക്കുന്നുവെന്നാണ് സങ്കല്പം. ക്രിസ്മസ് ആഘോഷിക്കുന്ന എവിടേയും വളരെ പരിചിതനാണ് തോളിൽ സഞ്ചിയുമായി വരുന്ന സാന്തക്ലോസ്. കാർട്ടൂണിസ്റ്റായ തോമസ് നാസ്റ്റ് വരച്ച ഒരു ചിത്രത്തിൽ നിന്നാണ് നരച്ച മുടിയും താടിയും കൊഴുത്തുരുണ്ട ശരീര പ്രകൃതിയുള്ള തടിയൻ സാന്താക്ലോസിന്റെ ഇപ്പോഴത്തെ രൂപം ഉണ്ടായത്.

സാന്താക്ളോസിന്റെ ജനന മരണങ്ങളെപ്പറ്റി പറയുവാൻ കൃത്യമായ രേഖകളൊന്നും ചരിത്രത്തിലില്ല. ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്നു അദ്ദേഹത്തെ കുറിച്ചുള്ള കഥകളില് ‍.


ഐതിഹ്യം

തിരുത്തുക

ഒരു ഇതിഹാസം പറയുന്നത് സാന്റാക്ലോസിന്റെ താമസം ദൂരെ വടക്ക്, എപ്പോഴും മഞ്ഞ് വീഴുന്ന ദേശത്താണ്. അമേരിക്കൻ സാന്റാക്ലോസിന്റെ താമസം ഉത്തരധ്രുവത്തിലും ഫാദർ ക്രിസ്ത്‌മസിന്റേത് ഫിൻലന്റിലെ ലാപ്‌ലാന്റിലുമാണ്. സാന്റാക്ലോസ് പത്നിയായ മിസിസ് ക്ലോസുമൊത്താണ് ജീവിക്കുന്നത്. ഇദ്ദേഹം ലോകത്തിലെ എല്ലാ കുട്ടികളേയും "വികൃതിക്കുട്ടികൾ‍","നല്ലകുട്ടികൾ" എന്നിങ്ങനെ തരംതിരിക്കുന്നു. പിന്നീട് ഒരു രാത്രികൊണ്ട് നല്ലകുട്ടികൾക്കെല്ലാം മിഠായികൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ നൽകും. ചിലപ്പോൾ വികൃതിക്കുട്ടികൾക്ക് കൽക്കരി, ചുള്ളിക്കമ്പ് എന്നിവ നൽകും. മാന്ത്രിക എൽഫുകളുടെയും തന്റെ വണ്ടി വലിക്കുന്ന എട്ടോ ഒമ്പതോ പറക്കും റെയ്ൻഡിയറുകളുടെയും സഹായത്തോടെയാണ് സാന്റക്ലോസ് ഇത് ചെയ്യുന്നത്.

ചരിത്രം

തിരുത്തുക

എ.ഡി. മൂന്നോ നാലോ നൂറ്റാണ്ടുകളിൽ തുർക്കിയിലെ തുറമുഖ പട്ടണമായ പത്താറ (Pattara) യിലെ ലിസിയ (Lycia)യിൽ ജനിച്ച നിക്കോളാസ് എന്ന വിശുദ്ധനാണ് സാന്താക്ളോസ് എന്ന ഇതിഹാസമായി മാറിയത്. സെന്റ് നിക്കോളാസി (Saint Nikolas) നെ ഡെച്ചുകാർ സിന്റർ ക്ലോസ് (Sinterklose) എന്നാണ് പറഞ്ഞിരുന്നത്. പിന്നെ അത് സാന്റിക്ലോസ് (Santiklose) എന്നും തുടർന്ന് സാന്താക്ളോസ് (Santa Clause) എന്നുമായി മാറി. നിക്കോൾസൻ (Nicholson), കോൾസൻ (Colson), കോളിൻ (Collin) തുടങ്ങിയ പേരുകൾ വിശുദ്ധ നിക്കോളാസിന്റെ പേരിൽനിന്നും ഉത്ഭവിച്ചവയാണ്. വിശുദ്ധ നിക്കോളാസ് റഷ്യയുടേയും ഗ്രീസിന്റേയും പരിത്രാണ പുണ്യവാള (Patron Saint)നാണ്. [1] പത്തൊമ്പത് വയസ്സുള്ളപ്പോൾ അദ്ദേഹം വൈദികനായി. യുവാവായ നിക്കോളാസ് പാലസ്തീനിലും ഈജിപ്തിലും ഒട്ടേറെ സഞ്ചരിക്കുകയുണ്ടായി. ലിസിയയിൽ തിരിച്ചെത്തിയ നിക്കോളാസ് പത്താറയ്ക്കു സമീപമുള്ള മിറ (Mira) യിലെ ബിഷപ്പായി സ്ഥാനമേറ്റു. റോമാസാമ്രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിമാർ ക്രിസ്ത്യാനികൾക്കു നേരെ നിഷ്ഠൂരമായ മർദ്ദനങ്ങൾ അഴിച്ചുവിട്ട് അവരെ അടിച്ചമർത്തുന്ന കാലമായിരുന്നു അത്. വിശക്കുന്നവരിലും പീഡനങ്ങൾ ഏൽക്കുന്നവരിലുമെല്ലാം നിക്കോളാസ് മെത്രാൻ യേശുവിന്റെ പ്രതിരൂപം കണ്ടു. അവർക്കു വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തെ; ക്രൂരതയ്ക്ക് പേരു കേട്ട ഡയക്ലീഷൻസ് (Diocletions) ചക്രവർത്തിയുടെ കാലത്ത് വധശിക്ഷയ്ക്ക് വിധിച്ച് ജയിലിലാക്കി. പിന്നീട് റോമിലെ ഭരണാധികാരിയായി വന്ന കോൺസ്റ്റാന്റിൻ (Constantine) ചക്രവർത്തി മതപീഡനങ്ങൾ അവസാനിപ്പിച്ചു. അദ്ദേഹം ക്രിസ്ത്യാനിയായി തീരുകയും റോമിലെ ഔദ്യോഗിക മതമായി ക്രിസ്തുമതത്തെ അംഗീകരിക്കുകയും ചെയ്തു. തടവിലാക്കപ്പെട്ട ക്രിസ്ത്യാനി കളൊടൊപ്പം നിക്കോളാസ് മെത്രാനും മോചിപ്പിക്കപ്പെട്ടു.[2]

ജീവിതകാലത്ത് തന്റെ ചുറ്റുമുള്ള അവശരേയും ദരിദ്രരേയും കയ്യും കണക്കുമില്ലാതെ അദ്ദേഹം സഹായിച്ചു. കുട്ടികൾക്കും പാവപ്പെട്ടവർക്കുമെല്ലാം അവരറിയാതെ തന്നെ അദ്ദേഹം ക്രിസ്മസ് സമ്മാനങ്ങൾ കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ദരിദ്രനായ ഒരാൾക്ക് മൂന്ന് പെൺമക്കളുണ്ടായിരുന്നു. വിവാഹ പ്രായമെത്തിയിട്ടും, സ്ത്രീധനം കൊടുക്കുവാനുള്ള പണം ഇല്ലാത്തതിനാൽ അവരെ വിവാഹം ചെയ്യാൻ ആരും വന്നില്ല. ഇതറിഞ്ഞ നിക്കോളസ് മെത്രാൻ പണം നിറച്ച മൂന്ന്‌ സഞ്ചികൾ അവരുടെ വാതിലിലൂടെ അകത്തേക്കിട്ടു കൊടുത്തുവത്രെ. ആ പെൺകുട്ടികൾക്കു പണമുണ്ടായി എന്നറിഞ്ഞപ്പോൾ അവരെ വിവാഹം കഴിക്കാൻ ചെറുപ്പക്കാർ വന്നു.[3]

അദ്ദേഹത്തിന്റെ മരണാനന്തരവും പലർക്കും അനുഗ്രഹങ്ങൾ ഉണ്ടായതായി ഐതിഹ്യങ്ങൾ പറയുന്നു.

മൂന്ന് ഉദ്യോഗസ്ഥർ കോൺസ്റ്റന്റിൻ ചക്രവർത്തിയുടെ കാലത്ത് മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു് ജയിലിൽ കഴിയുകയായിരുന്നു. അവരുടെ പ്രത്യേക പ്രാർത്ഥനയാൽ ചക്രവർത്തിക്ക് സ്വപ്നത്തിലൂടെ മെത്രാൻ ദർശനമരുളുകയും മരണശിക്ഷയിൽ നിന്നും അവർ രക്ഷപ്പെടുകയും ചെയ്തുവെന്നു ഐതിഹ്യം.

ഒരിക്കൽ ലിസിയാ തീരത്ത് അപകടത്തിൽപ്പെട്ട നാവികരെ അദ്ദേഹം രക്ഷിക്കുകയുണ്ടായത്രെ.

മിറയിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു കപ്പേള ഉണ്ടായിരുന്നു. ആറാം നൂറ്റാണ്ടിൽ ഈ കപ്പേള പരക്കെ അറിയപ്പെട്ടു തുടങ്ങി.[4]

1087 ൽ ഇറ്റാലിയൻ നാവികർ അദ്ദേഹത്തിന്റെ ഭൌതിക ശരീരം തുർക്കിയിൽ നിന്നും ഇറ്റലിയിലെ ബാരി (Bari)യിലേക്കു് കൊണ്ടു വന്നു. അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ അനുഗ്രഹം നേടാൻ ഭക്തർ ബാരിയിലേക്ക് എത്തിക്കൊണ്ടിരുന്നു. തീർത്ഥാടന കേന്ദ്രമായ ബാരിയിലെ സെന്റ് നിക്കോളസ് ബസിലിക്കയിലാണ് അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങൾ (തിരുശേഷിപ്പുകൾ) പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.

ഡിസംബർ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ തിരുന്നാൾ കൊണ്ടാടുന്നത്. ഈ തിരുന്നാൾ തലേന്ന് സായാഹ്നത്തിൽ നിക്കോളസ് പുണ്യവാൻ ഓരോ വീട്ടിലും എത്തി നല്ലവരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുമെന്നാണ് വിശ്വാസം.

ക്രിസ്മസ് ഫാദറായും ന്യു ഇയർ ഫാദറായും വിശുദ്ധ നിക്കോളാസ് ആദ്യമായി അറിയപ്പെടുന്നത് ജർമ്മനിയിലാണ്. വിശുദ്ധ നിക്കോളാസിന്റെ തിരുന്നാൾ ജർമ്മനിയിൽ പുതുവത്സര ദിനത്തിലാണ്. ഡച്ച് കുടിയേറ്റക്കാരാണ് അമേരിക്കയിൽ അദ്ദേഹത്തിന്റെ തിരുന്നാൾ ആഘോഷിച്ചു തുടങ്ങിയത്. ആ തിരുന്നാൾ അമേരിക്കൻ പാരമ്പര്യത്തിന്റെ ഒരു ഭാഗമായി തീർന്നു.[5]

വിവിധ രാജ്യങ്ങളിൽ

തിരുത്തുക

അമേരിക്കയിലെ ന്യൂ ആംസ്റ്റർഡമിൽ (ഇപ്പോഴത്തെ ന്യൂയോർക്കിൽ) കുടിയേറിയ പ്രോട്ടസ്റ്റാന്റ് മതക്കാരാണ് പതിനഞ്ചാം നൂറ്റാണ്ടിൽ വിശുദ്ധ നിക്കോളാസിനെ സാന്താക്ളോസ് ആയി രൂപപ്പെടുത്തിയത്. മതത്തിനതീതമായ ഒരു കഥാപാത്രമായി അവർ സാന്താക്ളോസ്സിനെ മാറ്റി. പരമ്പരാഗതമായി, ക്രിസ്മസിന് ബന്ധുക്കളും സുഹൃത്തുക്കളും പരസ്പരം സമ്മാനങ്ങൾ കൈമാറുക പതിവാണ്. കുടുംബങ്ങളുടെ ഉത്സവമായിട്ടാണ് ഇംഗ്ലണ്ടിലും അമേരിക്കയിലും ക്രിസ്മസ് ആഘോഷിച്ചിരുന്നത്. ക്രിസ്മസ് വിശുദ്ധനായി അവിടങ്ങളിൽ വി. നിക്കോളാസ് മാറി. ക്രിസ്മസ്ത്തലേന്ന് വിശുദ്ധ നിക്കോളസ് സമ്മാനങ്ങളുമായി എത്തുമെന്നു കുട്ടികൾ പ്രതീക്ഷിച്ചിരുന്നു.[6]

യൂറോപ്പിലാകെ ഇതിഹാസപാത്രമായി മാറിയ സാന്താക്ളോസ് യൂറോപ്യന്മാരിലൂടെ അവരുടെ മേൽക്കോയ്മയുള്ള രാജ്യങ്ങളിലേയ്ക്കും എത്തിച്ചേർന്നു. എവിടെയെല്ലാം ക്രിസ്മസ് ഉണ്ടോ അവിടെയെല്ലാം സാന്താക്ളോസ്സെന്ന ക്രിസ്മസ് ഫാദറും ഉണ്ടായിരുന്നു.

പലയിടത്തും പല പേരുകളിലാണ് സാന്താക്ളോസ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ ഫാദർ ഓഫ് ക്രിസ്മസ് (Father of Christmas), ഫ്രാൻസിൽ പെരേ നോയ്‌ൽ (Pere Noel) ജർമ്മനിയിൽ വെയ്നാഷ്റ്റ്മൻ (Weihnachts mann) എന്നിങ്ങനെ. മൂന്നിന്റേയും അർത്ഥം ക്രിസ്മസ് പിതാവ് എന്നാണ്.[7]

എതിർപ്പുകൾ

തിരുത്തുക

കുട്ടികളെ സാന്റാക്ലോസിൽ വിശ്വസിക്കാൻ പഠിപ്പിക്കുന്നതിനെതിരേ എതിർപ്പുകൾ പണ്ടുമുതലേ ഉണ്ടായിരുന്നു. സാന്റാ ആചാരം ക്രിസ്തുമസിന്റെ മതപരമായ ഉദ്ഭവത്തെയും അതിന്റെ യഥാർത്ഥ ഉദ്ദേശത്തെയും അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചില ക്രിസ്ത്യാനികൾ പറയുന്നു. ചില വിമർശകരുടെ വാദം, ഇതുമുഴുവൻ നുണയാണെന്നും അതിനാൽ കുട്ടികളെ ഇതിൽ വിശ്വസിപ്പിക്കുന്നത് അസാന്മാർഗികമാണെന്നുമാണ്. മറ്റു ചിലർ സാന്റാക്ലോസ് ക്രിസ്തുമസിന്റെ കമ്പോളവൽക്കരണത്തിന്റെ അടയാളമാണെന്ന വാദത്തിലൂടെ ഈ ആചാരത്തെ എതിർക്കുന്നു.

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക

[1] to [8] “വിമല ദീപ്തി“ (നെട്ടൂർ ഇടവക ബുള്ളറ്റിൻ ) യിൽ 1997 നവംബർ -‍ ഡിസംബർ ലക്കത്തിൽ എം.എസ്. അഗസ്റ്റിൻ എഴുതിയ "സാന്തക്ലോസിന്റെ കഥ"യെന്ന ലേഖനം.

"https://ml.wikipedia.org/w/index.php?title=സാന്റാക്ലോസ്&oldid=4121165" എന്ന താളിൽനിന്ന് ശേഖരിച്ചത്