പപ്പാഞ്ഞി
പുതുവർഷത്തോടനുബന്ധിച്ച് കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ജനകീയ ഉത്സവങ്ങളുടെ ഭാഗമായി ഒരുക്കുന്ന ഒരു രൂപമാണ് പപ്പാഞ്ഞി.[1] കടന്നുപോകുന്ന വർഷത്തിന്റെ പ്രതീകമായി വയോധികന്റെ രൂപത്തിലാണ് പപ്പാഞ്ഞിയെ ഒരുക്കുന്നത്. ഡിസംബറിന്റെ അവസാന നാളിൽ അർധരാത്രിയിൽ ഈ പപ്പാഞ്ഞി രൂപങ്ങളെ എരിച്ചുകളയുന്നതോടെ ആ വർഷം അവസാനിച്ചു എന്നാണ് സങ്കൽപ്പം. പുതിയ വർഷത്തെ വരവേൽക്കാൻ, പോയ വർഷത്തെ യാത്രയാക്കുന്ന ചടങ്ങാണ് ഈ പപ്പാഞ്ഞി കത്തിക്കൽ. 'പപ്പാഞ്ഞി’ എന്ന പോർച്ചുഗീസ് വാക്കിന് 'മുത്തച്ഛൻ', ‘വൃദ്ധൻ’ എന്നൊക്കെയാണ് അർത്ഥം.
രാജ്യം | ഇന്ത്യ |
---|---|
പ്രദേശം | ഫോർട്ട് കൊച്ചി, കേരളം |
സാന്താക്ലോസ് അഥവാ ക്രിസ്തുമസ് അപ്പൂപ്പനെ ക്രിസ്തുമസ് പപ്പാഞ്ഞി എന്ന് ചിലയിടങ്ങളിൽ പ്രാദേശികമായി വിളിക്കാറുണ്ടെങ്കിലും പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് കത്തിക്കുന്ന പപ്പാഞ്ഞിയും സാന്താക്ലോസുമായി യഥാർത്ഥത്തിൽ ബന്ധമൊന്നുമില്ല.[2]
ഉത്ഭവം
തിരുത്തുക1503 മുതൽ 1663 വരെ കൊച്ചിയിലുണ്ടായിരുന്ന പോർച്ചുഗീസുകാരുടെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ അവശേഷിപ്പുകളിൽനിന്നാണ് കൊച്ചിയിൽ പപ്പാഞ്ഞി കത്തിക്കൽ ചടങ്ങ് രൂപം കൊള്ളുന്നത് എന്നാണ് കരുതപ്പെടുന്നത്.[3] എന്നാൽ കേരള തീരത്തെ രണ്ടായിരം വർഷത്തിലധികം ചരിത്രമുള്ള ജൂതസംസ്കാരത്തിലാണ് പപ്പാഞ്ഞിയെന്ന മിത്തിന്റെ തുടക്കം എന്ന അഭിപ്രായവുമുണ്ട്.[4] യവനപ്പടയെ തോൽപ്പിച്ച് ഇസ്രയേലുകാർ തങ്ങളുടെ മണ്ണ് വീണ്ടെടുത്തതിനെ അനുസ്മരിക്കുന്ന ഹാനൂക്ക പെരുന്നാളിന്റെ എട്ടാം ദിനം തോറ വായനയ്ക്കു ശേഷം യവന സൈന്യാധിപനായിരുന്ന ബാഗ്രിസിന്റെ കോലം കത്തിക്കും. വൈക്കോൽ, ഉണങ്ങിയ പുല്ല് എന്നിവയാണ് കോലത്തിൽ ഉപയോഗിക്കുന്നത്. കോലം കത്തുമ്പോൾ ചെറിയ പൊട്ടിത്തെറിയുണ്ടാകാനായി ഇതിനുള്ളിൽ ഉപ്പുപരലും ഇലഞ്ഞിയിലകളും തിരുകിവയ്ക്കും. ബാഗ്രിസിന്റെ കോലം കത്തിക്കൽ ആചാരത്തിൽ നിന്നു കടംകൊണ്ടാതാവാം കൊച്ചിയിലെ ഈ പപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ്. പപ്പാഞ്ഞിയുടെ ഉള്ളിൽ തിരുകുന്നത് വെടിമരുന്നും ഗുണ്ടുകളുമാണ്. ഹാനൂക്കപെരുന്നാൾ പോലെ ക്രിസ്തുമസ് രാത്രി കഴിഞ്ഞ് എട്ടാം ദിവസം പുലർച്ചെയാണു പപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങും.[4]
പപ്പാഞ്ഞിയുടെ രൂപം
തിരുത്തുകപാന്റ്സും കോട്ടും തൊപ്പിയും ധരിച്ച്, ചുരുട്ടുവലിച്ച് നിൽക്കുന്ന സായ്പിന്റെ രൂപമായിരുന്നു ആദ്യകാലത്ത് പപ്പാഞ്ഞിക്ക്.[1] പുതുവർഷക്കാലത്ത് കൊച്ചിയുടെ തെരുവുകളിലെല്ലാം ഇത്തരം പപ്പാഞ്ഞികളെ കാണാമായിരുന്നു. പഴയ പാന്റ്സും ഷർട്ടുമൊക്കെ ഉപയോഗിച്ചാണ് പപ്പാഞ്ഞിയെ ഒരുക്കിയിരുന്നത്. വൈക്കോലും തുണിയുമൊക്കെ ഇതിനായി ഉപയോഗിച്ചിരുന്നു. എന്നാൽ കാലക്രമേണെ പപ്പാഞ്ഞിക്ക് സാന്താക്ലോസിന്റെ രൂപമായി. പരമ്പരാഗത രൂപത്തിലുള്ള പപ്പാഞ്ഞിയെ കാണാനില്ലാതായി.
പപ്പാഞ്ഞി കാർണിവലിന്റെ ഭാഗമാകുന്നു
തിരുത്തുക1980-കളുടെ ആദ്യത്തിൽ കൊച്ചിൻ കാർണിവലിന് തുടക്കമിട്ടപ്പോൾ കൊച്ചിയുടെ ചരിത്രത്തിന്റെ ഭാഗമായ പപ്പാഞ്ഞി കത്തിക്കൽ കാർണിവലിന്റെയും ഭാഗമായി മാറി. ഈ കാർണിവൽ കേരളത്തിലെ ഏറ്റവും വലിയ പുതുവത്സര ആഘോഷമായതോടെ അതിന്റെ ശ്രദ്ധാകേന്ദ്രമായി പപ്പാഞ്ഞി മാറുകയും ചെയ്തു.[5] കുറച്ചുകാലം സാന്താക്ലോസിന്റെ രൂപത്തിലുള്ള പപ്പാഞ്ഞിയെ തന്നെയായിരുന്നു കാർണിവലിനും ഒരുക്കിയിരുന്നത്. എന്നാൽ പിന്നീട് സാന്താക്ലോസിന്റെ മാറ്റി പരമ്പരാഗത രൂപത്തിലേക്ക് പപ്പാഞ്ഞിയെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി.
2012-ൽ കൊച്ചിയിൽ ബിനാലെ ആരംഭിച്ചതോടെ പപ്പാഞ്ഞി നിർമാണത്തിന്റെ രീതിയിലും വലിപ്പത്തിലും വലിയ മാറ്റങ്ങളുണ്ടായി. കുറച്ചുകൂടി സാങ്കേതികമായ രീതിയിൽ നിർമാണം തുടങ്ങി. ഒപ്പം പപ്പാഞ്ഞിയെ ആദ്യകാലങ്ങളിലുണ്ടായിരുന്ന യൂറോപ്യൻ ഛായയുള്ള വൃദ്ധന്റെ രൂപത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. തുടർന്നുള്ള വർഷങ്ങളിൽ പപ്പാഞ്ഞിയുടെ വലിപ്പം പിന്നെയും കൂടി. 2019-ൽ നിർമ്മിച്ച പപ്പാഞ്ഞിക്ക് 50 അടി ഉയരമുണ്ടായിരുന്നു.[2] ഭീമൻ ഇരുമ്പു ചട്ടക്കൂടിൽ ചണനൂൽ, തുണി, പേപ്പർ തുടങ്ങിയ പരിസ്ഥിതിസൗഹൃദപരമായ വസ്തുക്കളുപയോഗിച്ചുള്ള വേഷവിധാനങ്ങളുമണിയിച്ചാണ് ഇപ്പോൾ പപ്പാഞ്ഞിയെ നിർമ്മിക്കുന്നത്. തീയിൽ അമരുന്ന പാപ്പാഞ്ഞിയുടെ ചട്ടക്കൂട് മാത്രം കത്താതെ അവശേഷിക്കും. കോവിഡ് രോഗഭീതിയുടെ സാഹചര്യത്തിൽ 2020, 2021 വർഷങ്ങളിൽ പാപ്പാഞ്ഞിയെ കത്തിക്കൽ ഉണ്ടായിരുന്നില്ല. 2020-ൽ കാർണിവലുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ പൂർണമായി ഒഴിവാക്കിയെങ്കിൽ.[6] 2021-ൽ പരിമിതമായ തോതിൽ മാത്രമാണ് ആഘോഷങ്ങളും കലാപരിപാടികളും നടന്നത്.
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 ശ്രീലൻ, വി.പി. (30 ഡിസംബർ 2019). "പാപ്പാഞ്ഞിക്കാലം". mathrubhumi.com. മാതൃഭൂമി. Retrieved 29 മേയ് 2022.
- ↑ 2.0 2.1 Kumar, Athulya S. (31 ഡിസംബർ 2019). "New Year in Fort Kochi: 'Pappanji', Carnival and more". theweek.in. ദ വീക്ക്. Retrieved 29 മേയ് 2022.
The Fort Kochi Carnival puts on quite a show every year, setting the pappanji aflame; but do keep in mind that it is pappanji, the "old man" as per the Portuguese custom, that is being burned and not Santa Claus.
- ↑ "കൊച്ചിയുടെ സ്വന്തം പപ്പാഞ്ഞി; വേറെ നാടുണ്ടോ ഇതു പോലെ?". manoramaonline.com. മലയാള മനോരമ. 20 ഡിസംബർ 2019. Retrieved 11 ജൂൺ 2022.
- ↑ 4.0 4.1 പപ്പാഞ്ഞി, ഞായറാഴ്ച പതിപ്പ്, മലയാള മനോരമ, 20 മാർച്ച് 2016
- ↑ "കൊച്ചിയിൽ പുതുവത്സരത്തിന് പപ്പാഞ്ഞിയില്ല; 35 വർഷത്തിനിടെ ആദ്യം!". manoramaonline.com. മലയാള മനോരമ. 29 ഡിസംബർ 2020. Retrieved 29 മേയ് 2022.
- ↑ "പുതുവത്സരാഘോഷത്തിന് ഇത്തവണയും പാപ്പാഞ്ഞിയില്ല". reporterlive.com. റിപ്പോർട്ടർ. 27 ഡിസംബർ 2021. Archived from the original on 2022-05-21. Retrieved 29 മേയ് 2022.