സഹോദരൻ അയ്യപ്പൻ ജനിച്ച വീട്, മൂന്ന് നില ലൈബ്രറി മന്ദിരം, ഒരു പുരാതനമഠം എന്നിവ ഉൾപ്പെട്ട സഹോദരൻ അയ്യപ്പൻ സ്മാരകം എറണാകുളം ജില്ലയിലെ ചെറായിയിൽ സ്ഥിതിചെയ്യുന്നു. ഈ സ്മാരകം 1985-ൽ സാംസ്കാരിക വകുപ്പ് ഏറ്റെടുത്തു. സഹോദരന്റെ ജ്യേഷ്ഠൻ അച്യുതൻ വൈദ്യർ പ്രശസ്തനായ ഒരു ഭിഷഗ്വരനും വേദേതിഹാസങ്ങളിൽ പണ്ഡിതനും ആയിരുന്നു. അദ്ദേഹം അതിഥികളെ സ്വീകരിച്ചിരുന്ന സ്ഥലമാണ് മഠം. ശ്രീ നാരായണഗുരു, മഹാകവി കുമാരനാശാൻ, ഡോക്ടർ പി. പൽപ്പു, വിദ്യാധിരാജാ ചട്ടമ്പി സ്വാമികൾ, ഇ. വി. രാമസ്വാമി നായ്ക്കർ തുടങ്ങിയ മഹദ് വ്യക്തികൾ ഇവിടെ വന്ന് താമസിച്ചിട്ടുണ്ട്.

സഹോദരൻ അയ്യപ്പൻ സ്മാരകം
ഗ്രന്ഥശാല

2001-ൽ ലൈബ്രറി മന്ദിരം സ്ഥാപിതമായി. യശ: ശരീരനായ എം. കെ. കുമാരൻ തന്റെ സ്വകാര്യ ഗ്രന്ഥശേഖരം ചെറായി സഹോദരൻ സ്മാരക ലൈബ്രറിക്കു സമ്മാനിച്ചു. വിപുലമായ ഗവേഷണ പഠന സൗകര്യങ്ങളുള്ള ഈ ഗ്രന്ഥാലയത്തെ ഉപജീവിച്ച് ഇതിനകം അഞ്ചുപേർ പി.എച്ച്.ഡി. നേടിയിട്ടുണ്ട്. സഹോദരന്റെ സ്മരണാർഥം വർഷം തോറും സാഹിത്യസമ്മാനം നൽകുന്നു. 36 വർഷം നിലനിന്ന സഹോദരൻ പത്രത്തിന്റെ സ്മരണ നിലനിർത്താൻ 2013 മുതൽ മലയാളദിനപത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിന് അവാർഡ് നൽകിത്തുടങ്ങി.

ഇപ്പോൾ സഹോദരൻ സ്മാരകത്തെ മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. സഹോദരൻ മ്യൂസിയമാണ് ഈ പദ്ധതിയിലെ മുഖ്യഘടകം. [1]

അവലംബം തിരുത്തുക

  1. സാംസ്‌കാരിക വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്

പുറം കണ്ണികൾ തിരുത്തുക