സംവാദം:ഗുഡ്‌വിൽ
- ഗുഡ്‌വിൽ എന്നത് "സൽപ്പേര്" എന്ന് മലയാളീകരിക്കാമോ..?--Adv.tksujith 09:32, 8 നവംബർ 2011 (UTC)
നിശ്ചയമില്ല. ചർച്ച ചെയ്ത് തീരുമാനം ആകട്ടെ. എനിക്കറിയാവുന്നത്ര ഞാനും പങ്കുചേരാം. ഒരു സാങ്കേതിക പദത്തിനു തത്തുല്യമായ മലയാളം പദമുണ്ടോ എന്നറിയാൻ ആ പദം പ്രയോഗത്തിൽ ഉണ്ടോ എന്നും അതില്ലെങ്കിൽ പരിഭാഷപ്പെടുത്തിയാൽ അന്യഭാഷാപദം നൽകുന്ന അർത്ഥം പൂർണ്ണമായും നൽകാൻ ആകുമോ എന്നുമാണ് ഞാൻ നോക്കാറ് (ശരിയായ രീതി ആകണമെന്നില്ല)
ഇരുപത് വർഷം മുന്നേവരെയുള്ള മലയാളം കണക്കെഴുത്ത്, പാർട്ട്ണർഷിപ്പ് ഡീഡുകൾ (ഗുഡഡ്‌വിൽ എന്ന പദം സ്ഥിരം പ്രത്യക്ഷപ്പെടുന്ന പ്രമാണങ്ങളിലൊന്നാണിത്) എന്നിവയിൽ ഗുഡ്‌വിൽ എന്നതിനു മലയാളം പദങ്ങളൊന്നും ഉപയോഗിച്ച് കണ്ടിട്ടില്ല. ഭാഷ പരിണമിച്ചപ്പോൾ അതിനു പകരം സൽപ്പേർ എന്നു പ്രയോഗിച്ചു തുടങ്ങിയോ എന്ന കാര്യം എനിക്കറിവില്ല, അറിയുന്നവർ പറയുക.
വാഗർത്ഥം മാത്രം നോക്കിയാൽ സൽപ്പേരും ഗുഡ്‌വിലും ഒന്നല്ല എന്ന വ്യക്തിപരമായ അഭിപ്രായം ഉണ്ട്. ഗുഡ്‌വിൽ എന്നാൽ ഒരു സ്ഥാപനത്തിന്റെ സ്ഥാവര ജംഗമങ്ങളുടെ വിലയെക്കാൾ അധികമായി ആ സ്ഥാപനം വാങ്ങാൻ കൊടുക്കേണ്ട വിലയാണ്. സൽപ്പേർ എന്നാൽ നല്ല പേർ (നല്ല നിലയിൽ പൊതുവേയുള്ള അഭിപ്രായം) എന്നും അർത്ഥം. രണ്ടും തമ്മിൽ എന്തെങ്കിലും വത്യാസമുണ്ടോ എന്ന് പരിശോധിച്ചാൽ: ഒന്ന്: സൽപ്പേർ എന്നത് വ്യക്തിക്കോ പ്രസ്ഥാനങ്ങൾക്കോ, സ്ഥാപങ്ങൾക്കോ തുടങ്ങി എന്തിനുമാകാം. ഗുഡ്‌വിൽ സ്ഥാപനങ്ങളെ മാത്രം സംബന്ധിക്കുന്നു. രണ്ട്: സൽപ്പേരുകൾ എല്ലാം ഗുഡ്‌വിൽ ആകണമെന്നില്ല. ഉദാഹരണം പറഞ്ഞാൽ മലയാള ഭാഷയ്ക്ക് അഭിമാനമായ ചിത്രളെന്നു കരുതുന്നവ നല്ലൊരു ശതമാനവും ജനറൽ പിക്ചേർസ് എന്ന സ്ഥാപനം എടുത്തതാണ് എന്നത് പ്രു സൽപ്പേരാണ്. എന്നാൽ അത് വിൽക്കാനാവില്ല, കാരണം അത്തരം സിനിമകൾ കാണുന്ന പ്രേക്ഷകർ ഏത് സ്ഥാപനം റിലീസ് ചെയ്യുന്നു എന്നത് ഒരു മാനദണ്ഡമാക്കി സിനിമ കാണുന്നവരല്ല എന്നതിനാൽ ഈ പേർ വിറ്റാൽ അധികമായി പണം ലഭിക്കുകയോ അതു വാങ്ങുന്ന സ്ഥാപനത്തിനു ആ പേരിന്റെ ഉടമ എന്നതുകാരണം ചിത്രങ്ങൾക്ക് അധിക പ്രേക്ഷകരെ ലഭിക്കുകയോ ഇല്ല എന്നതിനാൽ സൽപ്പേരുള്ള ഈ സ്ഥാപനത്തിനു ഗുഡ്‌വിൽ ഇല്ല. അത്തരം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളൊന്നും ഉദയ എന്ന സ്ഥാപനം നിർമ്മിച്ചിട്ടില്ല, എന്നാൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച സിനിമ എന്നതിനാൽ തങ്ങൾക്കു വേണ്ട കഥയോ നിലവാരമോ ഉണ്ടെന്ന് കരുതി സിനിമ കാണുന്ന പ്രേക്ഷകർ ഉണ്ടായിരുന്ന കാലത്ത് ഉദയയ്ക്ക് ഗുഡ്‌വിൽ തീർച്ചയായും ഉണ്ടായിരുന്നു. ഇത് വിലകൊടുത്ത് ഒരാൾ വാങ്ങിയാൽ ഉദയ എന്ന പേർ ഉപയോഗിച്ച് പ്രേക്ഷകരെ അധികമാക്കാൻ വാങ്ങുന്നയാളിനു കഴിയും. മൂന്ന്: ഗുഡ്‌വിൽ എന്നാൽ സൽപ്പേർ ഉത്പാദിപ്പിക്കുന്ന ആസ്തി തന്നെ ആകണമെന്നില്ല, കുപ്രസിദ്ധിപോലും ഗുഡ്‌വിൽ ഉണ്ടാക്കിയേക്കാം, അനാശാസ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട ഒരു ലോഡ്ജ്ജ് വാങ്ങുന്നയാൾ അതിന്റെ ഗുഡ്‌വില്ലും വാങ്ങിയെന്നു വരാം. അത്തരം സേവനങ്ങൾ നൽകുന്നവരും അവയുടെ ഉപഭോക്താക്കളും തങ്ങളുടെ ആവശ്യങ്ങൾക്കു ചേർന്ന ലോഡ്ജ് എന്ന കുപ്രസിദ്ധിയുടെ പേരിൽ അവിടേക്കു കൂടുതൽ സന്ദർശിക്കും എന്ന അഡ്വാന്റേജ് ആ സ്ഥാപനത്തിനുണ്ട് എന്നതിനാൽ അതിനും ചേർത്ത് വില നൽകേണ്ടി വന്നേക്കാം.