കാച്ചിൽ മാഹാത്മ്യം

തിരുത്തുക

എന്റെ ഇഷ്ടഭക്ഷണമാണ് കാച്ചിൽ. ചെറുപ്പത്തിൽ ഏറെ ശാപ്പിട്ടിട്ടുണ്ട്. ഇപ്പോഴും നാട്ടിൽ പോകുമ്പോഴൊക്കെ എങ്ങനെയെങ്കിലും സംഘടിപ്പിച്ചു കഴിയ്ക്കാറുണ്ട്. വെളിയിലായിരിക്കുമ്പോഴും ചിലയിടങ്ങളിലൊക്കെ കഴിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. (നേപ്പാളിലെ കാത്‌മൻഡുവിൽ രസികൻ കാച്ചിൽ കിട്ടും!) കാച്ചിലിനെക്കുറിച്ച് ലേഖനം എഴുതണമെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ്. എന്നാൽ അതിനെക്കുറിച്ച് എനിക്കറിയാമാവുന്നത് അടുക്കോ ചിട്ടയോ ശാസ്ത്രീയസ്വഭാവമോ ഇല്ലാത്ത കുറേ നാടൻ വിവരങ്ങൾ ആണെന്നതിനാൽ മടിച്ചു.

കേരളത്തിൽ നേരത്തേ ഉണ്ടായിരുന്ന ഇനങ്ങൾക്ക് കണക്കില്ല. ലേഖനത്തിൽ പറയുന്ന കാച്ചിൽനാമങ്ങൾ കവിതതുളുമ്പുന്നവയാണെങ്കിലും ആ പേരുകളൊന്നുമല്ല പണ്ടുണ്ടായിരുന്നത്. ഞാൻ കേട്ടിട്ടുള്ളതും ഞങ്ങൾ കൃഷിചെയ്തിരുന്നതുമായ ഇനങ്ങളിൽ ചിലതിൻ പേരുകൾ താഴെക്കൊടുക്കാം. (എന്റെ നാട്ടിൽ (വൈക്കം) കേട്ടിരുന്ന പേരുകളാണ് ഇതൊക്കെ. മറ്റിടങ്ങളിൽ അവയ്ക് വേറേ പേരുകൾ ആയിക്കൂടെന്നില്ല):-

  • ഇഞ്ചിക്കാച്ചിൽ - ഇഞ്ചിയുടെ മാതിരി പടർന്ന ആകൃതിയുള്ളത്. പുറം തൊലിക്കുള്ളിൽ ഇത്തിരി കട്ടിയുള്ള ഒരു ഭാഗം കാണും. ഞങ്ങൾ അതിനെ 'ഓട്' എന്ന് വിളിച്ചിരുന്നു. അതും കടന്നാൽ നല്ല വെള്ള നിറവും നൂറും രുചിയും ഉള്ള ഉൾഭാഗമാണ്.
  • ഭരണിക്കാച്ചിൽ - രുചിയിലും ഗുണത്തിലും ഇഞ്ചിക്കാച്ചിൽ പോലെ തന്നെ. എന്നാൽ കൊഴുത്തുരുണ്ട് ഭരണിയുടെ രൂപമാണ്. കൈകാര്യം ചെയ്യാൻ ഇത്തിരി എളുപ്പമായതു കൊണ്ട്, മണ്ണിൽ നിന്ന് പറിച്ചെടുക്കാൻ ഇഞ്ചിക്കാച്ചിലിനേക്കാൾ എളുപ്പമാണ്.
  • നീലക്കാച്ചിൽ. പുറം തൊലിയ്ക്ക് തൊട്ടുതാഴെ നല്ല ഭംഗിയുള്ള നീലെയെന്ന് വേണമെങ്കിൽ വിളിക്കാവുന്ന ഒരു നിറം. ഉള്ളിൽ ആ നിറം ഇത്തിരി കലർന്ന വെള്ള. ആകൃതി ഭരണിയേക്കാൾ irregular ആണ്. രുചി മോശമില്ല. എന്നാൽ മുകളിൽ പറഞ്ഞിരിക്കുന്ന ഇനങ്ങളുടെ അത്ര മെച്ചമല്ല.
  • മാട്ടുകാച്ചിൽ - ഇതിന് തീർച്ചയായും വേറെ പേരുകൾ കാണും. ഇതിന്റെ കാണ്ഡം വളർന്ന് നേരെ താഴേക്കു പോകും. ഏറെ കുഴിച്ചെങ്കിലേ പറിച്ചെടുക്കാനൊക്കൂ. അതിനിടക്ക് ഒടിഞ്ഞു പോയാൽ പിന്നെ വലിയ ബുദ്ധിമുട്ടാണ്. എന്നാൽ രുചിയിൽ ഇതിനെ വെല്ലാൻ വേറൊന്നുമില്ല. ഇത് കുഴിച്ചെടുക്കാനുള്ള ബുദ്ധിമുട്ടു കാരണം രണ്ടോ മൂന്നോ വർഷങ്ങൾ കഴിഞ്ഞാണ് പലപ്പോഴും കുഴിച്ചെടുക്കുന്നത്. ഒരു വർഷത്തെ വളർച്ചയ്ക്കൊടുവിൽ മുകളിലെ തണ്ടും ഇലയും മറ്റും കരിഞ്ഞൂപോകും. കുറേക്കഴിയുമ്പോൾ ഭൂകാണ്ഡം പിന്നെയും മുളച്ച് വളരും. രണ്ടുമൂന്നു വർഷത്തെ വളർച്ച കഴിയുമ്പോൾ നല്ല വലിപ്പമുണ്ടാകും. അപ്പോൾ കുഴിച്ചെടുക്കാൻ എളുപ്പവും, അതിനു നടത്തുന്ന അദ്ധ്വാനം മുതലാകുന്നതുമാണ്. ഓരോ വളർച്ചയിലും പഴയ കാണ്ഡം ദ്രവിച്ച് അതിലും വലുത് പുതുതായി വളരുകയാണ് ചെയ്യുന്നത്. പറിച്ചെടുക്കാനുള്ള എളൂപ്പത്തിന് പറമ്പുകളുടെ അതിരിലെ തോടുകളോടും മറ്റും ചേർന്നുള്ള മാട്ടിൽ കുഴിച്ചിട്ടിരുന്നതു കൊണ്ടാണ് മാട്ടു കാച്ചിൽ എന്നു വിളിച്ചിരുന്നത്.
  • ഭ്രാന്തൻ കാച്ചിൽ - ഇതിന് വലിയ രുചിയില്ല. പലപ്പോഴും കയ്ക്കും. കുറേ താഴേയ്ക്കു വളർന്നാൽ ഒരുവിധം രുചിയുണ്ടാകും

നൈജീരിയൻ നോവലിസ്റ്റ് Chinua Achebe ചിന്വെ ആച്ചെബെയുടെ നോവൽ Things Fall Apart-ൽ കാച്ചിൽ ഏറെ പരാമർശിക്കപ്പെടുന്നുണ്ട്. കാച്ചിൽ അതിൽ ഒരു കഥാപാത്രം തന്നെയാണ്.

നമ്മുടെ ഹാസ്യലേഖകൻ ഇ.വി. കൃഷ്ണപിള്ള "അല്പന്മാർ" എന്ന ലേഖനത്തിൽ "കാച്ചിൽ കൃഷ്ണപിള്ള" എന്നൊരാളെക്കുറിച്ചു പറയുന്നുണ്ട്. ചെറുപ്പത്തിൽ കാച്ചിലും മറ്റും മോഷ്ടിച്ചു നടന്നതു കൊണ്ടാണ് അയാൾക്ക് ആ പേരു കിട്ടിയതത്രെ. എന്നാൽ പിന്നീട് ബോംബെയ്ക്കു പോയി പണക്കാരനായി മടങ്ങി വന്നപ്പോൾ അയാൾ കാച്ചിലും തേങ്ങയും ഒക്കെ മറന്ന്, തേങ്ങ കണ്ടപ്പോൾ "ഇത് എന്നത്തും കായാണ്" എന്ന് ചോദിച്ചെന്നുമാണ് ഇ.വി. എഴുതിയിരിക്കുന്നതെന്നാണ് ഓർമ്മ.

ലേഖനത്തിൽ കൊടുത്തിരിക്കുന്ന പടം ശരിക്കുള്ള കാച്ചിൽ ആണോ. കാച്ചിലിന്റെ വള്ളീയിൽ ഉണ്ടാകുന്ന 'മേക്കാ' (മുകളിലെ കായ്) ആണ് അതെന്ന് തോന്നുന്നു. മേക്കാ ചുട്ടു തിന്നാനും നല്ല രസമാണ്!

ഏതായാലും കാച്ചിലിനെക്കുറിച്ച് ലേഖനം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.Georgekutty 02:24, 24 സെപ്റ്റംബർ 2009 (UTC)Reply

ആഹ്! ഈ നാടൻ പേരുകൾ ലേഖനത്തിൽ ഉൾപ്പെടുത്താമല്ലോ riyazahamed 04:06, 24 സെപ്റ്റംബർ 2009 (UTC)Reply

ലേനത്തേക്കൾ മികച്ചത് സം‌വാദത്താളാണല്ലോ? --Sahridayan 11:14, 24 സെപ്റ്റംബർ 2009 (UTC)Reply

  ലേഖനത്തിൽ നാടൻ അറിവുകൾ മിഴിവു കൂട്ടുകയല്ലേ ഉള്ളൂ ഉപശീർഷകത്തിലായിക്കോട്ടെ അല്ലേ
"https://ml.wikipedia.org/w/index.php?title=സംവാദം:കാച്ചിൽ&oldid=666767" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാച്ചിൽ" താളിലേക്ക് മടങ്ങുക.