ഒരു അടഞ്ഞ വ്യൂഹത്തിന്റെ അളക്കാൻകഴിയുന്ന ഒരു സ്വഭാവം സമയത്തിനനുസരിച്ച് വ്യൂഹം പരിണമിക്കുമ്പോൾ മാറ്റമില്ലാതെ തുടരുന്നു എന്നതാണ് ഭൗതികശാസ്ത്രത്തിലെ സംരക്ഷണനിയമം പ്രസ്ഥാവിക്കുന്നത്. ഊർജ്ജസംരക്ഷണനിയമം, നേർരേഖാ ആക്കസംരക്ഷണനിയമം, വർത്തുള ആക്കസംരക്ഷണനിയമം, വൈദ്യുതചാർജ്ജ് സംരക്ഷണനിയമം എന്നിവയാണ് ഭൗതികശാസ്ത്രത്തിലെ സംരക്ഷണനിയമങ്ങൾ. ദ്രവ്യം, പാരിറ്റി, ലെപ്റ്റോൺ സംഖ്യ, ബാരിയോൺ സംഖ്യ, വിചിത്രത, അധിക ചാർജ്ജ് എന്നിവക്കെല്ലാം ഏകദേശ സംരക്ഷണനിയമങ്ങൾ നിലവിലുണ്ട്.

സാധാരണയായി സംരക്ഷിത സ്വഭാവത്തിന്റെ അളവും അതിന്റെ മാറ്റത്തിന്റെ അളവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ഒരു ഭാഗീക അവകലന സമവാക്യമായാണ് ഇത് ഗണിതപരമായി സൂചിപ്പിക്കുന്നത്. ഇത് എപ്പോഴും ഒരു തുടർച്ചാ സമവാക്യമായിരിക്കും. ഒരു നിശ്ചിത വ്യാപ്തത്തിനുള്ളിലെ സംരക്ഷിത സ്വഭാവത്തിന്റെ അളവിന് മാറ്റം വരുത്തുവാൻ ആ വ്യാപ്തത്തിനുള്ളിലേക്കോ പുറത്തേക്കോ പോകുന്ന സംരക്ഷിത സ്വഭാവത്തിന്റെ അളവിന് മാത്രമേ കഴിയൂ.

ചുരുക്കിപറഞ്ഞാൽ വ്യൂഹത്തിന്റെ സംരക്ഷിത സ്വഭാവത്തിന്റെ അളവിന് ചുറ്റുപാടുകളുടെ ഇടപെടലില്ലാതെ മാറ്റം വരുത്തുക അസാധ്യമാണ്. അതായത് വ്യൂഹത്തിന്റെ സംരക്ഷിത സ്വഭാവത്തിന്റെ അളവ് സ്ഥിരമായിരിക്കും.

ഓരോ സംരക്ഷണസിദ്ധാന്തവും അതുമായി ബന്ധപ്പെട്ടിരിക്കുന്ന ഭൗതികശാസ്ത്രവുമായി സമമിതിയിലായിരിക്കും എന്ന് നോയിഥർ സിദ്ധാന്തം പറയുന്നു.

"https://ml.wikipedia.org/w/index.php?title=സംരക്ഷണനിയമം&oldid=2927817" എന്ന താളിൽനിന്ന് ശേഖരിച്ചത്