മധ്യകാല ഘട്ടത്തിലെ പ്രശസ്തനായ ഒരു ചരിത്രകാരനായിരുന്നു ഷംസി സിറാജ് അഫീഫ്. താരിഖെഫിറൂസ് ഷാഹി എന്ന ചരിത്രകൃതിയുടെ കർത്താവ് എന്ന നിലയിലാണ് അഫീഫ് പ്രശസ്തനായത്. ശരിയായ പേര് ഷംസ് അൽദീൻ സിറാജ് അഫീഫ് എന്നാണ്. ഫിറോസ്ഷാ തുഗ്ലക്കിന്റെ (ഭ.കാ. 1351-88) കൊട്ടാരസേവകരിൽ ഒരാളായിരുന്നു ഷംസ്അൽദീൻ സിറാജ് അഫീഫ്. ഏതെങ്കിലും ഭരണാധികാരിയുടെ നിർദ്ദേശാനുസരണമാണോ പ്രതിഫലേച്ഛകൊണ്ടാണോ ഈ കൃതി രചിച്ചതെന്ന് വ്യക്തമല്ല. ടൈമൂർ (തിമൂർ) ഇന്ത്യ ആക്രമിച്ച് (1398) വളരെക്കാലം കഴിയുന്നതിനു മുൻപാണ് ഈ കൃതി രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. തിമൂറിന്റെ ആക്രമണത്തിനുമുമ്പുള്ള ഇന്ത്യയിലെ സുൽത്താൻ ഭരണകാലത്തിന്റെ സുവർണദശ വർണിക്കുകയായിരുന്നു ഗ്രന്ഥകർത്താവിന്റെ ലക്ഷ്യം. പല കുറിപ്പുകളും സമകാലികസംഭവവർണനകളുമാണ് ഈ കൃതി രചിക്കാനായി അഫീഫ് ആശ്രയിച്ചത്. തുഗ്ലക്കുവംശത്തിലെ രാജാക്കന്മാരുടെ പ്രത്യേകിച്ച് ഫിറോസ്ഷാ തുഗ്ലക്കിന്റെ ഭരണകാലത്തെപ്പറ്റി അറിവു നൽകുന്നതിന് അഫീഫ് ഷംസി സിറാജിന്റെ ഈ കൃതി സഹായകമാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഫീഫ്, ഷംസി സിറാജ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഷംസി_സിറാജ്_അഫീഫ്&oldid=2984762" എന്ന താളിൽനിന്ന് ശേഖരിച്ചത്