ശ്രീ വേണുഗോപാല സ്വാമി ദേവസ്ഥാനം

കേരളത്തിലെ എറണാകുളം ജില്ലയിലെ ചേന്ദമംഗലം ഗ്രാമത്തിലുള്ള ഒരു ക്ഷേത്രമാണ് ശ്രീ വേണുഗോപാല കൃഷ്ണ സ്വാമി ദേവസ്ഥാനം. എറണാകുളം നഗരത്തിൽ നിന്നും 42 കിലോമീറ്ററും ആലുവയിൽ നിന്ന് 22 കിലോമീറ്ററും വടക്കൻ പരൂർ‍ നിന്ന് 5 കിലോമീറ്ററും ആണ് ചേന്ധമംഗലത്തിലേക്ക് ഉള്ള ദൂരം. ശ്രീ വേണുഗോപാല കൃഷ്ണസ്വാമി ദേവസ്ഥാ‍നം സ്ഥാപിച്ചത് 1900-ൽ ആണ്.

ഇവിടത്തെ പ്രധാന പ്രതിഷ്ഠ ശ്രീ വേണുഗോപാല കൃഷ്ണസ്വാമി ആണ്. പ്രധാന വിഗ്രഹം വേണുഗോപാല കൃഷ്ണസ്വാമിയുടെ ഒരു ശിലാവിഗ്രഹം ആണ്. കൃഷ്ണന്റെ ഒരു ഉത്സവ വിഗ്രഹവും ഇവിടെ ഉണ്ട്. വിഗ്രഹത്തിന്റെ കാൽക്കലായി ഗരുഡൻ, ഹനുമാൻ എന്നിവരുടെ പ്രതിഷ്ഠയും കാണപ്പെടുന്നു. വൈശാഖമാസത്തിൽ ആറുദിവസം നീണ്ടുനിൽക്കുന്ന വാർഷിക ഉത്സവം ഇവിടെ ആഘോഷിക്കുന്നു.

ക്ഷേത്ര ചരിത്രം തിരുത്തുക

കൊച്ചി നഗരത്തിൽ താമസമുറപ്പിച്ച ഗൌഡ സാരസ്വത ബ്രാഹ്മണർ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും അടുത്തുള്ള ഗ്രാമങ്ങളിലേക്കും താമസം വ്യാപിപ്പിച്ചു. ചില കുടുംബങ്ങൾ ചേന്ധമംഗലത്തേക്ക് കുടിയേറി. ഇവിടെ ആരാധനാ സ്ഥലങ്ങൾ ഇല്ലാതിരുന്നതിനാൽ ഇവർക്ക് വടക്കൻ പരൂരില ക്ഷേത്രത്തിലേക്ക് കാൽനടയായി പോവേണ്ടിവന്നു. ഈ സ്ഥിതി മാറ്റുവാനായി ഇവർ ചേർണോത്ത് പറമ്പിൽ ദാസപ്രഭുവിന്റെ നേതൃത്വത്തിൽ ഒത്തുചേർന്ന് ഒരു ക്ഷേത്രം സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങി.

ഇവർ പാലിയം സ്വരൂപത്തിലെ പാലിയം വലിയച്ഛനെ കണ്ട് സഹായം അഭ്യർത്ഥിക്കുകയും അദ്ദേഹം ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള സ്ഥലം ദാനമായി നൽകുകയും ചെയ്തു. തദ്ദേശീയരുടെ സംഭാവനകൾ കൊണ്ട് ക്ഷേത്ര നിർമ്മാണം ആരംഭിച്ചു. 1900 ഏപ്രിൽ 30-നു ഇവിടെ പ്രതിഷ്ഠ നടത്തി. ചേർണ്ണോത്ത് പറമ്പിൽ രാമചന്ദ്ര പ്രഭുവിന്റെ നേതൃത്വത്തിൽ 12 സമുദായാംഗങ്ങൾ 1920-ൽ ഒരു ചിട്ടി ആരംഭിച്ചു. ഇതിൽ നിന്നുള്ള വരുമാനം കൊണ്ട് ഇവർ ക്ഷേത്രത്തിന്റെ ദൈനം ദിന ചെലവുകൾ നടത്തിക്കൊണ്ടു പോകുവാനായി നിലം വാങ്ങി.പിന്നീട് ചേർണ്ണോത്തുപറമ്പിൽ ദാസപ്രഭുവിന്റെ മക്കൾ അദ്ദേഹത്തിന്റെ പേരിൽ 1956-ൽ ഒരു ട്രസ്റ്റ് രൂപവത്കരിച്ച് ക്ഷേത്രത്തിനായി 10 ഏക്കർ നിലവും 65,000 രൂപയും സംഭാവനചെയ്തു. പിൽക്കാലത്ത് അഗ്രശാല, ആനപ്പന്തൽ, തുടങ്ങിയവയുടെ നിർമ്മാണം നടന്നു. ഈ ക്ഷേത്രം 1995-ൽ പുനരുദ്ധരിച്ചു. ശ്രീകോവിൽ ചെമ്പുകൊണ്ട് പൊതിഞ്ഞു.

ഇന്ന് ചേന്ധമംഗലത്ത് ഏകദേശം 100-ഓളം ഗൌഡ സാരസ്വത ബ്രാഹ്മണകുടുബങ്ങൾ ഉണ്ട്. ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിജി 1973-ൽ ചാതുർമാസ്യ വ്രതം അനുഷ്ഠിച്ചത് ഇവിടെയാണ്.