ശ്രീവരാഹം ലക്ഷ്മീവരാഹമൂർത്തിക്ഷേത്രം

കേരളസംസ്ഥാനത്തിന്റെ തലസ്ഥാനനഗരമായ തിരുവനന്തപുരം നഗരത്തിൽ, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന അതിപുരാതനമായ ക്ഷേത്രമാണ് ശ്രീവരാഹം ലക്ഷ്മീവരാഹമൂർത്തിക്ഷേത്രം. സമ്പദ് സമൃദ്ധിയുടെ ഭഗവതിയായ മഹാലക്ഷ്മിയും മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരവും ദുരിതനാശകനുമായ വരാഹമൂർത്തിയുമാണ് ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ലക്ഷ്മിദേവിക്കും വരാഹമൂർത്തിക്കും തുല്യ പ്രാധാന്യം ആണ് ഇവിടെ ഉള്ളത്. കൂടാതെ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവർക്കും ഇവിടെ സന്നിധികളുണ്ട്. കേരളത്തിൽ വരാഹമൂർത്തി പ്രധാനപ്രതിഷ്ഠയായി വരുന്ന അപൂർവ്വം സന്നിധികളിലൊന്നായ ഈ ക്ഷേത്രമാണ് സ്ഥലപ്പേരിനുതന്നെ കാരണമായി പറയപ്പെടുന്നത്. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളിലൊന്ന് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അസാമാന്യവലുപ്പമുള്ള ഈ കുളം, വളരെ മികച്ച രീതിയിൽ തന്നെ പരിപാലിച്ചുവരുന്നുണ്ട്. മീനമാസത്തിൽ പത്മനാഭസ്വാമിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുതന്നെയാണ് ഇവിടെയും ഉത്സവം നടത്തുന്നത്. ഈ ഉത്സവത്തിനൊടുവിൽ പത്മനാഭസ്വാമി ശംഖുമുഖത്തേയ്ക്ക് ആറാട്ടിന് എഴുന്നള്ളുമ്പോൾ കൂടെ ഇവിടെയുള്ള വരാഹമൂർത്തിയുമുണ്ടാകാറുണ്ട്. കൂടാതെ അതേ മാസത്തിൽ വരുന്ന വരാഹ ജയന്തി, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, മേടമാസത്തിലെ വിഷു എന്നിവയും ഇവിടെ അതിവിശേഷമായി ആചരിച്ചുവരുന്നു. ഒരുകാലത്ത്, തിരുവിതാംകൂർ രാജകുടുംബം നേരിട്ട് ഭരണം നിർവഹിച്ചിരുന്ന ഈ ക്ഷേത്രം, ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ്.