ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ ഇടയിൽ പ്രത്യേകിച്ച് പറയ സമുദായത്തിൽ[അവലംബം ആവശ്യമാണ്] സാമൂഹ്യപരിവർത്തനത്തിന് നവീനമായ കാഴ്ചപ്പാട് മുന്നോട്ടുവച്ചവരിൽ പ്രമുഖനായിരുന്നു ശുഭാനന്ദഗുരു (1882-1950).[1] ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വിലേജിൽ കുട്ടംപേരൂർ വേട്ടുവക്കേരിയിൽ ഇട്ട്യാതി- കൊച്ചുനീലി ദമ്പതികളുടെ മകനായി 1882 ഏപ്രിൽ 28 (1057 മേടം 17) ന് ജനിച്ച നാരായണൻ പിന്നീട് ശുഭാനന്ദഗുരു എന്ന പേരിൽ പ്രസിദ്ധനായത്.ഗുരുദേവന്റെ മഹാസമാധി സന്നിധാനം മാവേലിക്കര കൊറ്റാർകാവ് ശ്രീശുഭാനന്ദാശ്രമത്തിൽ.

ശുഭാനന്ദഗുരു
ജനനം
കുട്ടംപേരൂർ ഗ്രാമത്തിൽ

ജീവിതരേഖ

തിരുത്തുക

ഏറ്റവും പിന്നോക്കമായ പറയ(സാംബവ) സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്, ദാരിദ്ര്യപീഡക്ക് പുറമേ അന്ന് കൊടികുത്തി വാണിരുന്ന സവർണ മേധാവിത്വത്തിന്റെ ക്രൂരതയും അനുഭവിക്കേണ്ടി വന്നു.പന്ത്രണ്ടാം വയസ്സിൽ അമ്മയുടെ മരണത്തിനു ശേഷം പാപ്പൻകുട്ടി ദേശാടനത്തിന് പോയി. തന്റെ യാത്രയിൽ കണ്ട കാഴ്ചകളും അനുഭവങ്ങളും നാരായണനിൽ വലിയ മാറ്റങ്ങളുണ്ടായി. പിന്നോക്ക സമുദായക്കാരുടെ അടിമത്ത സമാനമായ ജീവിതം അദ്ദേഹത്തെ വേദനിപ്പിച്ചു. ആത്മീയതയിൽ ഊന്നിയ സാമൂഹിക വിപ്ലവത്തിനു വേണ്ടി പ്രവർത്തിക്കാൻ നാരായണൻ തീരുമാനിച്ചു. 1918 ൽ ചെന്നിത്തലയിൽ വച്ച് അദ്ദേഹം കഷായമുടുത്ത് ശുഭാനന്ദൻ എന്ന പേരു സ്വീകരിച്ചു.ആ വർഷം തന്നെ ചെറുകോൽ ഗ്രാമത്തിൽ ഒരു ആശ്രമവും ആരംഭിച്ചു.'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശമാണ് ശുഭാനന്ദഗുരുവും സ്വീകരിച്ചത്. ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ തന്റെ ആശയ പ്രചാരണത്തിനായി 1926 ൽ അദ്ദേഹം ആത്മബോധോദയ സംഘം എന്ന സംഘടന രൂപീകരിച്ചു.

തന്റെ അനുയായികളുടെ ഇടയിലുണ്ടായിരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ശുഭാനന്ദഗുരു ശക്തമായി എതിർത്തു. 1934 ജനുവരി 19ന് മാവേലിക്കരയ്ക്ക് അടുത്തുള്ള തട്ടാരമ്പലത്തു വെച്ച് ശുഭാനന്ദഗുരുവിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയെ സ്വീകരിച്ചു. സന്ദർശന വേളയിൽ ഗാന്ധിജി ആത്മബോധോദയ സംഘത്തിന് ഇരുപത്തഞ്ച് രൂപ സംഭാവന ചെയ്യുകപോലും ഉണ്ടായി. 1935 നവംബർ 10 ന് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവിന്റെ നേതൃത്വത്തിൽ 101 അനുയായികൾ തിരുവനന്തപുരത്തേക്ക് പദയാത്ര നടത്തുകയും മഹാരാജവിന് നിവേദനം സമർപ്പിക്കുകയുംചെയ്തു.

1945ൽ ഗുരുദേവ ജന്മഭൂമിയായ കുട്ടംപേരൂർ വേട്ടവക്കേരിയിൽ കലിയുഗ ക്ഷേത്രമായ ആദർശാശ്രമത്തിന് ഗുരു തൃക്കരങ്ങളാൽ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.

1950 ജൂലൈ 29 ന് 69 ാം വയസ്സിൽ ശുഭാനന്ദ ഗുരുദേവൻ സമാധിയായി. ഭൗതികശരീരം മാവേലിക്കര കൊട്ടാർക്കാവ് ആശ്രമത്തിൽ സംസ്കരിച്ചു.

ശുഭാനന്ദഗുരുവിന്റെ സമഗ്രമായ ജീവചരിത്രം അദ്ദേഹത്തിന്റെ ശിഷ്യനായ നീലകണ്ഠ തീർത്ഥരും കവിയായ മുതുകുളം ശ്രീധരനും (സംസ്‌കൃത കാവ്യം) രചിച്ചിട്ടുണ്ട്. കൂടാതെ ഗുരുവിന്റെ അപൂർണമായ ആത്മകഥ സശ്രദ്ധം ശേഖരിച്ചെടുത്ത് അഡ്വക്കേറ്റ് കരുനാഗപ്പള്ളി പി. കെ. പ്രസാദ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവലംബങ്ങൾ

തിരുത്തുക
  1. "ശുഭാനന്ദ ഗുരുവിന്റെ വഴികൾ". Retrieved 18 ഒക്ടോബർ 2020.
"https://ml.wikipedia.org/w/index.php?title=ശുഭാനന്ദ_ഗുരു&oldid=4036673" എന്ന താളിൽനിന്ന് ശേഖരിച്ചത്