പരസ്ത്രീബന്ധം ആരോപിക്കപ്പെട്ട നമ്പൂതിരി സമുദായത്തിലെ അംഗങ്ങൾ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനായി കേരളത്തിൽ നടത്തിയിരുന്ന ഒരു സത്യപരീക്ഷ ആയിരുന്നു ശുചീന്ദ്രം കൈമുക്ക്[1] ശുചീന്ദ്രം പ്രത്യയം എന്നായിരുന്നു ഈ പരീക്ഷയുടെ ഔദ്യോഗികനാമമെങ്കിലും കൈമുക്ക് എന്ന അനൗദ്യോഗിക പേർ ആയിരുന്നു കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത്.

പരീക്ഷാരീതി

തിരുത്തുക

കുറ്റം ആരോപിക്കപ്പെട്ട ആൾ ശുചീന്ദ്രം ക്ഷേത്രത്തിനു മുന്നിലുള്ള ഉദയമാർത്താണ്ഡമണ്ഡപത്തിൽ പൊതുജനത്തിനും ക്ഷേത്രാധികാരികൾക്കും മുന്നിൽ വച്ച് ഒരു പാത്രത്തിലെ തിളച്ച നെയ്യിൽ കൈ മുക്കി പാത്രത്തിനുള്ളിലെ മുദ്രയുള്ള സ്വർണ്ണനാണയം പുറത്തെടുത്ത് നൽകണം. ഈ ചടങ്ങ് നടന്ന് മൂന്നുനാളിനു ശേഷം കയ്യിൽ പൊള്ളലേറ്റ അടയാളങ്ങൾ ഒന്നും ഇല്ലെങ്കിൽ കുറ്റം ചെയ്തിട്ടില്ല എന്നും മറിച്ചായാൽ കുറ്റക്കാരനാണെന്നും തീർപ്പാക്കുന്നു.[2]

സമാനപരീക്ഷകൾ

തിരുത്തുക

തിളച്ച വെള്ളത്തിലോ നെയ്യിലോ കൈമുക്കി പരീക്ഷനടത്തുന്ന രീതി വിവിധപേരുകളിലായി ഇന്ത്യയൊട്ടുക്കും നിലവിൽ നിന്നിരുന്നു.[3]

അടിസ്ഥാനം

തിരുത്തുക

ധർമ്മശാസ്ത്രപ്രകാരമാൺ തിളച്ച നെയ്യിൽ കൈ മുക്കി സത്യപ്രത്യയം നടത്തിയിരുന്നത്. പുരാണഗ്രന്ഥനങ്ങളിൽ ഈ പരീക്ഷയെപ്പറ്റി നിരവധി പരാമർശങ്ങളുണ്ട്.[4]


നിർത്തലാക്കൽ

തിരുത്തുക

1810-19 വരെ തിരുവിതാംകൂറിലെ റസിഡണ്ടായിരുന്ന കേണൽ മൺറോ നീതിന്യായവകുപ്പിനെ പുനഃസംഘടിപ്പിക്കുകയുണ്ടായി. അഗ്നിപരീക്ഷ മുതലായ പഴയതരം പ്രാകൃതപരീക്ഷകളെ നിർത്തൽ ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ അന്നത്തെ റാണിയും പണ്ഡിതൻമാരും അദ്ദേഹത്തിന്റെ നീക്കത്തെ ശക്തിയായി എതിർത്തു. ഒടുവിൽ അത്യാവശ്യത്തിനുമാത്രം ദിവാന്റെ മുൻ അനുമതിയോടുകൂടി അഗ്നിപരീക്ഷ നടത്താം എന്ന ഒരു വ്യവസ്ഥ ഉണ്ടായി.

ഒടുവിൽ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതിതിരുനാൾദുരാചാരം നിറുത്തലാക്കി[5]. 1844-45-ൽ ശുചീന്ദ്രത്തുവച്ചുനടന്ന അഗ്നിപരീക്ഷയാണ് കേരളത്തിൽ ഏറ്റവും ഒടുവിലത്തേതെന്ന് കേരളചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

  1. History of Travancore from the Earliest Times, P. Shungoonny Menon, page 441
  2. Studies in the political and administrative systems of Ancient and Medieval India by DC Sirkar, Page 130
  3. Legal & Constitutional History of India, Justice Rama Jois Page 569,570
  4. Encyclopaedic Dictionary of the Dharmaśāstra, Volume 1, Swami Parmeshwaranand, Page 490, 491
  5. History of Travancore from the Earliest Times, P. Shungoonny Menon, page 441

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്നിപരീക്ഷ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ശുചീന്ദ്രം_കൈമുക്ക്&oldid=2343086" എന്ന താളിൽനിന്ന് ശേഖരിച്ചത്