ബാലപീഡനം
കുട്ടികളെ ശാരീരികമായോ, മാനസികമായോ, ലൈംഗികമായോ ഉപദ്രവിക്കുന്നതിനെയോ അവഗണിക്കുന്നതിനെയോ ബാലപീഡനം അല്ലെങ്കിൽ ചൈൽഡ് അബ്യൂസ് എന്നു പറയാം[1]. ബാലപീഡനം കുട്ടിയുടെ വീട്ടിൽ വച്ചോ, കുട്ടി ഇടപെടുന്ന സ്കൂൾ, മദ്രസ, കളിസ്ഥലം, പൊതുസ്ഥലം എന്നിവിടങ്ങളിൽ വച്ചോ നടക്കാം. കുട്ടികളെ തല്ലുന്നതും, ചീത്ത പറയുന്നതും യഥാക്രമം ശാരീരിക-മാനസിക പീഡനത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യമാണ്. ബാലവിവാഹം നടത്തുന്നതും അതിൽ പങ്കെടുക്കുന്നതും ബാലപീഡനമായി കണക്കാക്കപ്പെടുന്നു. അവഗണന, ശാരീരിക പീഡനം, മാനസിക പീഡനം, ലൈംഗിക പീഡനം എന്നിങ്ങനെ ബാലപീഡനം പ്രധാനമായും നാലു തരത്തിൽ ഉണ്ട്. അമേരിക്കയിൽ നടത്തിയ ഒരു പഠന പ്രകാരം ഇവയുടെ തോത് യഥാക്രമം 78.3%, 17.6%, 8.1%, 9.2% എന്നിങ്ങനെയാണ്. [2].
പീഡനത്തിന്റെ പ്രത്യാഘാതം
തിരുത്തുകതിരിച്ചറിവില്ലാത്ത പ്രായത്തിൽ സംഭവിക്കുന്നതാണെങ്കിലും ഇത് മുതിർന്നവരിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തന്നെയാണ് കുട്ടികളിലും ഉണ്ടാക്കുന്നത്. അതിൽ പ്രധാനപ്പെട്ടവ ഇതാണ്:-
1. ആത്മവിശ്വാസക്കുറവ്:-
കുട്ടികൾ വളർന്നുവരുമ്പോൾ സ്വന്തം കഴിവിൽ വിശ്വാസമില്ലാതിരിക്കുക, മറ്റുള്ളവരെ വിശ്വസിക്കാനുള്ള പ്രയാസം ഉണ്ടാവുക എന്നിവ കാണാം. അടുത്ത ബന്ധുക്കളിൽനിന്ന് ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നവരിലാണ് കൂടുതലും ഇതിനുള്ള സാധ്യത. പിന്നീടുള്ള വ്യക്തിബന്ധങ്ങളെ ഇത് സ്വാധീനിച്ചേക്കാം.
2. ഉത്കണ്ഠാരോഗങ്ങൾ (Anxiety disorder)
ഇത് അകാരണമായ ഉത്കണ്ഠകൾ, ആശങ്കകൾ, ചില പ്രത്യേക സന്ദർഭങ്ങളെയോ വസ്തുക്കളേയോ ഭയപ്പെടുന്ന ഫോബിയകൾ എന്നിവയായി കാണപ്പെടാം. എന്നാൽ ചിലർക്ക് ഇടയ്ക്കിടയ്ക്ക് അകാരണമായി ഹൃദയമിടിപ്പു കൂടുക, വിയർക്കുക, കൈകാലുകൾ വിറയ്ക്കുക, നെഞ്ചിലും വയറിലും അസ്വസ്ഥത ഉണ്ടാകുക, എന്തോ സംഭവിക്കാൻ പോകുന്നു, മരിക്കാൻ പോകുന്നു തുടങ്ങിയ തീവ്രമായ ഭയം എന്നിവയടങ്ങുന്ന പാനിക് ഡിസോർഡർ (ുമിശര റശീൃറെലൃ) ആയും കാണപ്പെടാം.
3. വിഷാദരോഗം (Depression)
ഇത് കൂടുതലായും കാണുന്നത് ലൈംഗിക ചൂഷണം നേരിട്ടിട്ടുള്ള കുട്ടികളിലാണ്. അകാലവിഷാദം, മുൻപ് ചെയ്തിരുന്ന പ്രവൃത്തികളിൽ താല്പര്യമില്ലായ്മ, അകാരണ ക്ഷീണം, ഉറക്കക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരക്കാരിൽ ആത്മഹത്യാ പ്രവണത ഉണ്ടാകാം.
4. പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (Post traumatic stress disorder)
തീവ്രമായ മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങൾ അനുഭവിച്ചവർക്കാണ് ഈ രോഗം വരാനുള്ള സാധ്യത. തനിക്കുണ്ടായ അനുഭവം ആവർത്തിക്കുന്നതായുള്ള തോന്നൽ, ആ സമയത്ത് അനുഭവിച്ച മാനസികവും ശാരീരികവുമായ വേദനകൾ വീണ്ടും അനുഭവിക്കുന്നതായ തോന്നൽ, ചുറ്റും നടക്കുന്ന സംഭവങ്ങളോടു തോന്നുന്ന മരവിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
5. ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (Obsessive Compulsive disorder)
ഓരോ കാര്യവും ആവർത്തിച്ചു ചെയ്യുന്ന അവസ്ഥയാണിത്. ഉദാ:- പല പ്രാവശ്യം കൈ കഴുകുക, ശരീരം വൃത്തിയാക്കുക തുടങ്ങിയവ. ആത്മവിശ്വാസമില്ലായ്മയും, ശരീരത്തിനോ ശരീരഭാഗങ്ങൾക്കോ കാര്യമായ വൈകല്യമുണ്ടെന്ന തോന്നലും ഉണ്ടാവുന്ന ബോഡി ഡിസ് മോർഫോ ഫോബിക് ഡിസോർഡർ (ആീറ്യ റ്യാീൃുവെീുവീയശര റശീൃറെലൃ) വരാനുള്ള സാധ്യതയുമുണ്ട്.6. ലഹരിയുടെ ഉപയോഗവും കുറ്റകൃത്യങ്ങളും:-
ചെറുപ്പത്തിലുണ്ടാകുന്ന ചൂഷണങ്ങൾ പിന്നീട് ലഹരിയുടെ ഉപയോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.
7. വ്യക്തിത്വ വൈകല്യങ്ങൾ:-
സ്വയം വേദനിപ്പിക്കാനുള്ള പ്രവണത, വ്യക്തിബന്ധങ്ങൾ നിലനിർത്താനുള്ള ബുദ്ധിമുട്ട്, ചഞ്ചലമായ മാനസികാവസ്ഥ, വളരെ പെട്ടെന്ന് ദേഷ്യം വരൽ, ആവർത്തിച്ചുള്ള ആത്മഹത്യാഭീഷണി തുടങ്ങിയ വ്യക്തിത്വവൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇവരിൽ കൂടുതലാണ്.
അവഗണന
തിരുത്തുകകുഞ്ഞിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്ന രീതിയിൽ ആഹാരം, വസ്ത്രം, പാർപ്പിടം, ആരോഗ്യ രക്ഷ, മേൽനോട്ടം എന്നിവ നൽകാതിരിക്കലാണ് അവഗണന. ലക്ഷണങ്ങൾ - കുട്ടി കൃത്യമായി സ്കൂളിൽ പോകാതിരിക്കൽ, ആഹാരമോ പണമോ യാചിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുക, ആവശ്യമുള്ള ആരോഗ്യപരിചരണം കിട്ടാതിരിക്കുക, ആവശ്യത്തിനു വസ്ത്രങ്ങളോ പഠന സാമഗ്രികളോ ഇല്ലാതിരിക്കുക എന്നിവയാണ്.
അവഗണിക്കപ്പെടുന്ന കുട്ടികളിൽ ശാരീരികവും മാനസികവുമായ വളർച്ച താമസത്തിലാവുന്നു.
ശാരീരിക പീഡനം
തിരുത്തുകകുട്ടിയ്ക്ക് ശാരീരികക്ഷതമുണ്ടാക്കുന്ന പ്രവൃത്തികൾ മനപ്പൂർവം ചെയ്യുന്നതാണ് ശാരീരിക പീഡനം. അടിക്കുക, പൊള്ളലേല്പിക്കുക എന്നിവ ശാരീരിക പീഡനങ്ങളാണ്.
ലൈംഗിക പീഡനം
തിരുത്തുകമുതിർന്നവർ ലൈംഗിക ചൂഷണത്തിനായി കുട്ടിയെ ഉപയോഗിക്കുന്നതാണു ലൈംഗിക പീഡനം. ലൈംഗികവൃത്തികൾക്കായി നിർബന്ധിക്കുക, കുട്ടിയെ വിവാഹം ചെയ്തു ലൈംഗികബന്ധത്തിൽ ഏർപ്പെടുക, ബലാത്സംഗം ചെയ്യുക, ലൈംഗികാവയവങ്ങൾ കുട്ടിയുടെ മുന്നിൽ പ്രദർശിപ്പിക്കുക, കുട്ടിയെ പോർണോഗ്രഫി കാണിക്കുക, കുട്ടിയുമായി ലൈംഗികബന്ധം നടത്തുക, കുട്ടിയുടെ ലൈംഗികാവയവങ്ങളിൽ തൊടുക, കുട്ടിയുടെ ലൈംഗികാവയവങ്ങളിൽ നോക്കുക, ചൈൽഡ് പോർണോഗ്രഫി നിർമ്മിക്കുക, അവ പ്രചരിപ്പിക്കുക എന്നിവ കുട്ടിയോടു ചെയ്യുന്ന ലൈംഗിക പീഡനങ്ങളാണ്. സമപ്രായക്കാർ തമ്മിൽ പ്രായത്തിന്റേതായ കൗതുകങ്ങൾ പങ്കുവെക്കുന്നത് ചൂഷണത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക അതിക്രമങ്ങൾ കുട്ടികളിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകാം. ചെറുപ്രായത്തിലെ ഗർഭധാരണവും പ്രസവവും അമ്മയുടേയും, കുഞ്ഞിന്റെയും ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം അല്ലെങ്കിൽ മരണ കാരണമായേക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സിലെ കണക്കനുസരിച്ച് 15% മുതൽ 25% വരെ സ്ത്രീകളും 5% മുതൽ 15% വരെ പുരുഷന്മാരും കുട്ടികളായിരിക്കെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ പീഡകരും കുട്ടികൾക്ക് പരിചയമുള്ളവരാണ്. പീഡോഫിലിയ (pedophilia) എന്ന മാനസികാവസ്ഥ ഉള്ളവരാണിക്കൂട്ടർ. പീഡകരിൽ 30% ബന്ധുക്കളും, 60% സുഹൃത്തുക്കൾ, ആയമാർ, അയൽക്കാർ എന്നിവരും, 10% അപരിചിതരും ആണ്. മൂന്നിലൊന്നു കേസുകളിലും, പീഡകനും പ്രായപൂർത്തി ആവാത്തവരാണ്. പ്രായത്തിനനുസരിച്ചു ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസം നൽകുന്നതും, നല്ലതും ചീത്തയുമായ സ്പർശനങ്ങളെ തിരിച്ചറിയാൻ പഠിപ്പിക്കുന്നതും ഒരു പരിധിവരെ ലൈംഗിക ചൂഷണം തടയാൻ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിൽ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഡനം പോക്സോ നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. കുട്ടികൾക്ക് ലൈംഗികബന്ധത്തിന് ആവശ്യമായ ഉഭയസമ്മതം (consent) നൽകാനാവില്ലെന്നും, നൽകിയാൽ തന്നെ അത് മൂല്യവത്തല്ലെന്നും വിലയിരുത്തപ്പെടുന്നു. ഇതുപ്രകാരം പ്രായപൂർത്തി ആകാത്തവരുമായുള്ള ലൈംഗികബന്ധം ബാലപീഡനത്തിന്റെ വകുപ്പിൽ ഉൾപ്പെടുന്നതാണ്.
പീഡനം ആരിൽ നിന്ന്
തിരുത്തുകവളർത്തു മാതാപിതാക്കൾ, മനോദൗർബല്യമുള്ളവർ അല്ലെങ്കിൽ മദ്യപരായ മാതാപിതാക്കൾ എന്നിവരുള്ള കുടുംബങ്ങൾ, ക്രിമിനൽ പശ്ചാത്തലമുള്ള കുടുംബങ്ങൾ, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളാണു കൂടുതൽ അരക്ഷിതാവസ്ഥ അനുഭവിക്കുന്നത്. അച്ഛനോ അമ്മയോ മരണപ്പെട്ടവരും വിവാഹമോചിതരായ മാതാപിതാക്കളിൽ ഒരാളോടൊപ്പമുള്ള കുട്ടികളും മാനസിക ശാരീരിക പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്.
പലപ്പോഴും ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകൾ, വളരെ ചെറിയ കുട്ടികൾ ഉള്ളവർ, നാലു കുട്ടികളിൽ കൂടുതലുള്ള മാതാപിതാക്കൾ തുടങ്ങിയവരുടെ ഭാഗത്തുനിന്നോ, മാതാപിതാക്കളുടെ സ്ഥാനത്തുള്ളവരിൽനിന്നോ അവരുടെ സംരക്ഷണയിലുള്ള കുഞ്ഞുങ്ങൾക്ക് ചൂഷണത്തിന് സാധ്യതയേറെയാണ്. കൂടാതെ കുടുംബത്തിൽ മാനസികമായി പിന്തുണ കിട്ടാത്തവർ കുട്ടികളുടെ നേരെ അക്രമാസക്തരാകുന്നത് കാണാറുണ്ട്.
മാനസികവും ശാരീരികവുമായ വൈകല്യങ്ങളുള്ള കുട്ടികൾക്ക് ചൂഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചെറുപ്പത്തിൽ പീഡനങ്ങളേറ്റവർ കുട്ടികളെ പീഡിപ്പിക്കാനുള്ള സാധ്യതയുണ്ട്. ബന്ധുക്കൾ, അധ്യാപകർ, പുരോഹിതർ എന്നിവരും പീഡകരാകാം.
ഇതും കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "www.thefreedictionary.com ബാലപീഡനം എന്ന പദത്തിനു നല്കിയിട്ടുള്ള അർത്ഥം". Retrieved 15 September 2010.
- ↑ "ശിശുപീഡനം 2010: കണ്ടെത്തലുകളുടെ രത്നച്ചുരുക്കം" (PDF). Children’s Bureau, Child Welfare Information Gateway, Protecting Children Strengthening Families. Retrieved May 2012.
{{cite web}}
: Check date values in:|accessdate=
(help)