ശിവസൂത്രങ്ങൾ
സംസ്കൃത വ്യാകരണവുമായി ബന്ധപ്പെട്ടതാണ് മാഹേശ്വരസൂത്രങ്ങൾ അഥവാ ശിവസൂത്രങ്ങൾ. സംസ്കൃതഭാഷയിലെ വർണ്ണങ്ങളെ വർഗ്ഗങ്ങളായി വിഭജിച്ച് എഴുതിയിട്ടുള്ള പതിനാലു സൂത്രങ്ങളുടെ ഗണമാണ് ശിവസൂത്രങ്ങൾ. മഹേശ്വരസൂത്രങ്ങൾ എന്ന പേരും ഇവയ്ക്കുണ്ട്. സംസ്കൃതവ്യാകരണത്തിന്റെ അടിസ്ഥാനപാഠമായ പാണിനിയുടെ അഷ്ടാധ്യായി പിന്തുടരുന്നത് ഈ സൂത്രമാലയിലെ വർണ്ണവിഭജനമാണ്. പാണിനീയപാരമ്പര്യത്തിൽ ഈ സൂത്രമാലയ്ക്ക് അക്ഷരസമാമ്നായം എന്നും പേരുണ്ട്. ആദ്യത്തെ നാലു സൂത്രങ്ങളിൽ സ്വരവർണ്ണങ്ങളും അവശേഷിക്കുന്ന പത്തു സൂത്രങ്ങളിൽ വ്യഞ്ജനങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. സങ്കീർണ്ണമായ നിയമങ്ങളെ ഓർമ്മയിൽ തങ്ങും വിധമുള്ള ലഘു വാക്യങ്ങളിൽ ഒതുക്കിവയ്ക്കുകന്ന സൂത്രശൈലിയുടെ ഒന്നാം കിട മാതൃകയാണ് ഈ സൂത്രമാല.
ഉല്പത്തി
തിരുത്തുകപരമശിവൻ പാണിനിയ്ക്ക് വെളിപ്പെടുത്തിയവ എന്ന അർത്ഥത്തിലാണ് ഈ സൂത്രങ്ങൾക്ക് ശിവസൂത്രങ്ങൾ എന്ന പേരു വന്നത്. വർഷൻ എന്ന ഗുരുവിന്റെ ശിഷ്യനായിരുന്ന പാണിനി മന്ദബുദ്ധിയായിരുന്നതിനാൽ പഠനം തുടരാനാകാഞ്ഞ് ശിവപ്രീതികായി തപസ്സനുഷ്ടിച്ചെന്നും അപ്പോൾ പ്രത്യക്ഷനായ ശിവൻ തന്റെ തുടി 14 വട്ടം കൊട്ടി ഈ സൂത്രങ്ങൾ കേൾപ്പിച്ചതിനെ തുടർന്ന് ബുദ്ധി കൈവന്നപ്പോഴാണ് അഷ്ടാധ്യായി എഴുതിയതെന്നും കഥാസരിത്സാഗരത്തിൽ പറയുന്നു. [1].
നൃത്താവസാനേ നടരാജരാജോ
നനാദ ഢക്കാം നവപഞ്ചവാരം
ഉദ്വർത്തുകാമോ സനകാദിസിദ്ധാ-
ദിനേതദ് വിമർശേ ശിവസൂത്രജാലം
(സാരം: തന്റെ താണ്ഡവനൃത്താവസാനം സനകനേയും മറ്റു സിദ്ധന്മാരേയും അനുഗ്രഹിക്കാനുദ്യമിച്ച് തന്റെ ഢക്ക പതിനാലു പ്രാവശ്യം ഇളക്കിയപ്പോൾ ഇപ്രകാരം പതിനാലു ശിവസൂത്രങ്ങൾ പൊഴിഞ്ഞുവീണു) എന്ന പ്രസിദ്ധശ്ലോകം ഈ കഥയെക്കുറിച്ചാണു്. അഷ്ടാധ്യായിയുടെ അനുബന്ധപാഠങ്ങളിൽ ഒന്നായി[2] പാണിനി സ്വയം രചിച്ചതോ പാണിനിയ്ക്കു മുൻപേ ഉണ്ടായിരുന്നതോ ആവാം ഈ സൂത്രമാല. കൃതിയുടെ പ്രാരംഭത്തിൽ തന്നെ ഇപ്രകാരമൊരു വർഗ്ഗീകരണക്രമം ഉണ്ടായിരിക്കുക എന്നതു് അഷ്ടാദ്ധ്യായിയുടെ മൊത്തം ഘടനയ്ക്കും ഉള്ളടക്കത്തിനും അവശ്യമാണു്.
പ്രത്യാഹാരങ്ങൾ
തിരുത്തുകമലയാളം | ദേവനാഗരി |
---|---|
൧. അ ഇ ഉ ണ്
|
१. अ इ उ ण् | |
ഒരു വർഗ്ഗം വർണ്ണങ്ങൾ അടങ്ങുന്ന ഓരോ സൂത്രവും അതിൽ ഉൾക്കൊള്ളുന്ന വർണ്ണങ്ങളുടെ സൂചകമായ അനുബന്ധത്തിൽ അവസാനിക്കുന്നു. ഒന്നാം സൂത്രം അ, ഇ, ഉ എന്നീ മൂന്നു വർണ്ണങ്ങൾക്കൊടുവിൽ 'ണ്' എന്ന അനുബന്ധം ചേർന്നതാണ്. രണ്ടാം സൂത്രം ഋ, ഌ എന്നീ രണ്ടു വർണ്ണങ്ങൾക്കൊടുവിൽ 'ക്' അനുബന്ധമായി ചേർന്നതാണ്. റോമൻ അക്ഷരമാലയിൽ എഴുതുമ്പോൾ അനുബന്ധങ്ങൾ വലിയ അക്ഷരങ്ങളിൽ ആണ് എഴുതാറ്. വ്യാകരണ നിയമങ്ങളുടെ വിശദീകരണത്തിൽ ഒരു വർണ്ണവും ഒരനുബന്ധവും മാത്രം ചേർന്ന പ്രത്യാഹാരങ്ങൾ ഉപയോഗിച്ച് വർണ്ണമാലയിലെ ഖണ്ഡങ്ങളെ പരാമർശിക്കാൻ ഈ സൂത്രക്രമം പാണിനിയേയും പിൽക്കാല വൈയാകരണന്മാരേയും സഹായിച്ചു. ഉദാഹരണമായി, ആദ്യസൂത്രത്തിന്റെ ആരംഭവർണ്ണമായ 'അ'-യും അവസാനസൂത്രത്തിന്റെ അനുബന്ധമായ 'ല്'-യും ചേർന്ന "അല്" എന്ന പ്രത്യാഹാരം മുഴുവൻ വർണ്ണങ്ങളേയും സൂചിപ്പിക്കുന്നു. ഒന്നാം സൂത്രത്തിലെ ആദ്യവർണ്ണമായ 'അ'-യും നാലാം സൂത്രത്തിന്റെ അനുബന്ധമായ 'ച്'-യും ചേർന്ന "അച്" എന്ന പ്രത്യാഹാരം മുഴുവൻ സ്വരങ്ങളേയും സൂചിപ്പിക്കുന്നു. അഞ്ചാം സൂത്രത്തിലെ ആദ്യവർണ്ണമായ 'ഹ'-യും അവസാനസൂത്രത്തിന്റെ അനുബന്ധമായ 'ല്'-യും ചേർന്ന "ഹല്" എന്ന പ്രത്യാഹാരം എല്ലാ വ്യഞ്ജനങ്ങളേയും സൂചിപ്പിക്കുന്നു.
ഏക വർണ്ണത്തെ മാത്രം സൂചിപ്പിക്കാനായി പാണിനി ഒരിക്കലും പ്രത്യാഹാരം ഉപയോഗിച്ചിട്ടില്ല. അത്തരം പ്രത്യാഹാരങ്ങളെ ഒഴിവാക്കിയാലും, ഈ സൂത്രമാലയിലെ പതിനാലു സൂത്രങ്ങളിൽ നിന്ന് 281 പ്രത്യാഹാരങ്ങൾ രൂപപ്പെടുത്താനാകും. എങ്കിലും പാണിനി 41 പ്രത്യാഹാരങ്ങൾ മാത്രമേ അഷ്ടാധ്യായിയിൽ ഉപയോഗിക്കുന്നുള്ളൂ. 'ണ' രണ്ടു സൂത്രങ്ങൾക്ക് അനുബന്ധമാവുന്നതും മറ്റും ചില പ്രത്യാഹാരങ്ങളിൽ അവ്യക്തതയുണ്ടാക്കിയേക്കാം. "ണ' അനുബന്ധമായുള്ള "അണ" എന്ന പ്രത്യാഹാരത്തെ പാണിനി അതിന്റെ രണ്ടു സാധ്യതകളിലും ഉപയോഗിച്ചിട്ടുണ്ട്.
വർഗ്ഗീകരണത്തിലെ യുക്തി
തിരുത്തുകഒരേ തരത്തിലുള്ള ഉച്ചാരണരീതി പിന്തുടരുന്ന വർണ്ണങ്ങൾ ശിവസൂത്രത്തിൽ ഒരേ ഗണത്തിൽ പെട്ടു കാണാം. ഏഴാം സൂത്രത്തിൽ അനുനാസികങ്ങളും പതിമൂന്നാം സൂത്രത്തിൽ ഉഷ്മവർണ്ണങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത് ഇതിനുദാഹരണമാണ്. ഉച്ചാരണപ്രയത്നം കൊണ്ടു് പ്രകൃത്യാ സ്വയം രൂപാന്തരപ്പെട്ടുവരുന്നവയാണു് മർത്ത്യഭാഷകളിലെ അടിസ്ഥാനവ്യാകരണനിയമങ്ങൾ എന്നു് പാണിനി വിശ്വസിച്ചു. വ്യാകരണനിയമങ്ങളിലെ മിതവ്യയത്വത്തെയും(economy) അനായാസത്വത്തേയും സഹായിക്കുക എന്നതായിരിക്കണം വർണ്ണങ്ങളുടെ ക്രമീകരണത്തിന്റെ പിന്നിലെ മുഖ്യപരിഗണന. അതിനാൽ, ഉച്ചാരണത്തിലെ സമാനതകളെ അടിസ്ഥാനപ്പെടുത്തി വർണ്ണങ്ങളെ ശാസ്ത്രീയമായി ക്രമീകരിക്കുകയും അവയെ വ്യാകരണനിയമങ്ങളിൽ ഉപയോഗിക്കാൻ സൗകര്യപ്പെടും വിധമുള്ള ഗണങ്ങളായി വർണ്ണങ്ങളായി തിരിക്കുകയുമാണു് പാണിനി ശിവസൂത്രങ്ങളിലൂടെ ചെയ്തതു്.
അവലംബം
തിരുത്തുക- ↑ Makers of Indian Literature എന്ന കേന്ദ്ര സാഹിത്യ അക്കാദമി പരമ്പരയുടെ ഭാഗമായി സരോജ് ഭാട്ടേ പാണിനിയെക്കുറിച്ചെഴുതിയ ലഘുഗ്രന്ഥം
- ↑ Ashtadhyayi of Panini Translated by Sumitra M.Katre Introduction:"The text of Ashtadhyayi is preceded by a repertory or catalog of phonemes divided into 14 strings or sutras commonly designated Pratiharasutra".
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക[1] Paper by Paul Kiparsky on 'Economy and the Construction of the Śiva sūtras'.
[2] Paper by Wiebke Peterson on 'A Mathematical Analysis of Pāṇini’s Śiva sūtras.