ശിവപ്പ നായക്
കേലാടി നായക് സാമ്രാജ്യത്തിലെ പ്രശസ്തനായ ഒരു ഭരണാധികാരിയായിരുന്നു കേലാടി ശിവപ്പ നായക് (Shivappa Nayaka (ಶಿವಪ್ಪ ನಾಯಕ) (r.1645–1660). പതിനാറാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് കർണാടകത്തിലെ വിജയനഗര സാമ്രാജ്യത്തിന്റെ തുടർച്ചയായി ഭരണം നടത്തിയിരുന്ന വീരശൈവ ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട ഭരണാധികാരിയായിരുന്നു ഇദ്ദേഹം. "ശിസ്ത്" എന്നറിയപ്പെട്ടിരുന്ന നികുതി വ്യവസ്ഥ നടപ്പിൽ വരുത്തിയ ശിവപ്പ നായക് ശിസ്തിന ശിവപ്പ നായക് എന്നും അറിയപ്പെട്ടിരുന്നു[1]
ശിവപ്പ നായക് | |
---|---|
Statue of Keladi Shivappa Nayaka at Shimoga | |
ഭരണകാലം | 1645-1660 (15 years) |
ഭരണം
തിരുത്തുകനല്ലൊരു ഭരണാധികാരിയും യുദ്ധവീരനുമായിരുന്നു ശിവപ്പ നായക്. 1645 ലാണ് ഇദ്ദേഹം രാജ്യഭരണമേറ്റത്. പോർച്ചുഗീസ് ഭീഷണി നിലനിന്ന കാലഘട്ടമായിരുന്നു ഇത്. 1653 ആയപ്പോഴേക്കും ശക്തമായ പ്രതിരോധത്തോടെ പോർച്ചുഗീസ് അക്രമണത്തെ തുരത്താൻ ശിവപ്പ നായകിനു സാധിച്ചു. കൂടാതെ, പ്രധാന തുറമുഖങ്ങളായ മംഗലാപുരം, കുന്താപുര, ഹൊന്നവാർ എന്നിവ കേലാടി രാജവംശത്തിന്റെ നിയന്ത്രണത്തിലാക്കി. കന്നട തീരദേശ മേഖലയുടെ ആധിപത്യം നേടിയ ശേഷം ആധുനിക കേരളത്തിൽപ്പെട്ട കാസർകോഡ് ജില്ലയിലെ നീലേശ്വരം വരെയെത്തി വിജയസ്തൂപം സ്ഥാപിച്ചു. ചന്ദ്രഗിരി കോട്ട, ബേക്കൽ കോട്ട, മംഗലാപുരം കോട്ട എന്നിവ നിർമ്മിച്ചു[2]. ശിസ്ത് എന്ന നികുതി ഘടന ഏറെ ശ്രദ്ധേയമായ ഒരു പരിഷ്കാരമായിരുന്നു. കൃഷിഭൂമിയുടെ തരവും വിളവും അനുസരിച്ച് അഞ്ച് തലത്തിലുള്ള നികുതി പിരിവ് ആണ് ഇതിലൂടെ നടത്തിയത്[3]. കാർഷിക മേഖലയ്ക്ക് ഊന്നൽ കൊടുത്തുള്ള ഭരണത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ശേഷി അദ്ദേഹം മെച്ചപ്പെടുത്തി. ശൃംഗേരി മഠത്തിന്റെ അദ്വൈത സിദ്ധാന്തത്തിലൂന്നിയുള്ള ജീവിതമായിരുന്നു ശിവപ്പ നായകിന്റേത്. എന്നാൽ, ക്രിസ്ത്യാനികളോടും കൊങ്കണികളോടും സഹാനുഭൂതി കാണിക്കുകയും അവർക്ക് കൃഷിക്കും വ്യാപാര ആവശ്യങ്ങൾക്കുമുള്ള ഭൂമി അനുവദിക്കുകയും കച്ചവട സൗകര്യങ്ങൾ നൽകുകയും ചെയ്തിരുന്നു.