ശിമയോൻ ബർ സബ്ബാ

കിഴക്കിന്റെ സഭയുടെ നേതാവും പേർഷ്യൻ ക്രൈസ്തവ വിശുദ്ധനും

കിഴക്കിന്റെ സഭയുടെ നേതാവും സെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്തയുമായിരുന്നു മാർ ശിമെയോൻ ബർസബൈ അഥവാ മാർ ശിമയോൻ ബർ സബ്ബാ. സസ്സാനിദ് ചക്രവർത്തിയായിരുന്ന ശാപ്പോർ രണ്ടാമന്റെ കാലത്തുണ്ടായ മതപീഡനത്തിനിടെ രക്താസാക്ഷിത്വം വരിച്ചവരിൽ പ്രമുഖനാണ് ഇദ്ദേഹം.വിവിധ ക്രിസ്ത്യൻ സഭകളിൽ അദ്ദേഹം ഒരു വിശുദ്ധനായി ആദരിക്കപ്പെടുന്നു .[1][2][3][4][5]

മാർ
 ശിമയോൻ ബർ സബ്ബാ 
സുറിയാനി: ܫܡܥܘܢ ܒܪ ܨܒܥ̈ܐ
കിഴക്കിന്റെ കാതോലിക്കോസ്
മെത്രാസന പ്രവിശ്യസെലൂക്യാ-ക്ടെസിഫോൺ
ഭദ്രാസനംസെലൂക്യാ-ക്ടെസിഫോൺ
സ്ഥാനാരോഹണം337
ഭരണം അവസാനിച്ചത്341
മുൻഗാമിപാപ്പ
പിൻഗാമിശാഹ്ദോസ്ത്
വിശുദ്ധപദവി
തിരുനാൾ ദിനംകൈത്താക്കാലം അഞ്ചാം വെള്ളിയാഴ്ച
വണങ്ങുന്നത്കിഴക്കിന്റെ സഭ,
ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ,
കിഴക്കൻ ഓർത്തഡോക്സ് സഭ,
കത്തോലിക്കാ സഭ
വിശുദ്ധ ശീർഷകംരക്തസാക്ഷി

ജീവചരിത്രം

തിരുത്തുക
 
ശിമെയോൻ ബർ സമ്പായുടെ രക്തസാക്ഷിത്വത്തിന്റെ ചിത്രീകരണം

സസ്സാനിദ് സാമ്രാജ്യത്തിൽ ശാപ്പോർ രണ്ടാമൻ ചക്രവർത്തിയുടെ ഭരണത്തിൻ കീഴിൽ ക്രൈസ്തവർക്ക് നേരെ ഉണ്ടായ മതമർദ്ദനത്തിനിടെ രക്തസാക്ഷിത്വം വരിച്ചവരിൽ പ്രധാനിയാണ് ശിമെയോൻ ബർ സമ്പാ.[6][7]

സസ്സാനിദ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സെലൂക്യാ-ക്ടെസിഫോണിൽ മെത്രാപ്പോലീത്ത ആയിരുന്ന പാപ്പാ ബർ അഗ്ഗായിയുടെ കീഴിൽ അർക്കദിയാക്കോൻ ആയി പ്രവർത്തിച്ചിരുന്ന ആളാണ് ശിമെയോൻ ബർ സമ്പാ. ഇദ്ദേഹം പേർഷ്യയിലെ സൂസാ സ്വദേശിയായിരുന്നു.[8] 315ലെ സൂനഹദോസിൽ ശിമെയോനും പങ്കെടുത്തിരുന്നു. സെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്തയുടെ അധികാരപരിധിയെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ ചേർന്ന സൂനഹദോസ് പാപ്പയെ അധികാരത്തിൽ നിന്ന് നീക്കാൻ തീരുമാനമെടുക്കുകയും പകരം ശിമെയോനെ രൂപതാഭരണം ഏൽപ്പിക്കുകയും ചെയ്തു.[9] എന്നാൽ ഇതിന് ശിമെയോൻ തയ്യാറായില്ല. അധികാരം നിലനിർത്താൻ പാപ്പയ്ക്ക് കഴിഞ്ഞെങ്കിലും അനാരോഗ്യം കാരണം ശിമെയോനെ ദൈനംദിന ഭരണച്ചുമതല ഭരമേൽപ്പിച്ചിരുന്നു. അക്കാലത്ത് സെലൂക്യാ-ക്ടെസിഫോൺ രൂപതയുടെ ഉപമേലദ്ധ്യക്ഷനായി ശിമെയോൻ പ്രവർത്തിച്ചു. സഭയിൽ ശിമെയോനുണ്ടായിരുന്ന സർവ്വസമ്മതിയുടെ തെളിവായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു.[10]

327നും 335നുമിടയിൽ സെലൂക്യാ-ക്ടെസിഫോണിൽ പാപ്പയുടെ പിൻഗാമിയായി അധികാരമേറ്റ ശിമെയോൻ ബർ സമ്പാ തുടക്കത്തിൽ സസ്സാനിദ് ചക്രവർത്തി ശാപ്പോർ രണ്ടാമനുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ ഈ സാഹചര്യം അധികം വൈകാതെ മാറി. റോമാ സാമ്രാജ്യത്തിൽ കോൺസ്റ്റന്റൈൻ ഒന്നാമൻ ചക്രവർത്തി ക്രിസ്തുമതത്തിന് പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കുകയും സ്വയം ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തതോടെ സസ്സാനിദ് സാമ്രാജ്യത്തിന്റെ ക്രൈസ്തവരോടുള്ള സമീപനത്തിലും മാറ്റമുണ്ടായി. ക്രിസ്തുമതം സ്വീകരിച്ച കോൺസ്റ്റന്റൈൻ തന്നെത്തന്നെ റോമാ സാമ്രാജ്യത്തിലെ എന്നല്ല സസ്സാനിദ് സാമ്രാജ്യം ഉൾപ്പെടെ ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികളുടെ സംരക്ഷകനായി പ്രഖ്യാപിച്ചു. മാത്രമല്ല പേർഷ്യയിലെ ക്രൈസ്തവരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശാപ്പോർ രണ്ടാമന് അദ്ദേഹം ഒരു കത്തും എഴുതി. റോമാ സാമ്രാജ്യത്തോടും ഭരണാധികാരികളോടും കടുത്ത ശത്രുത പുലർത്തിയിരുന്ന ആളായിരുന്നു ശാപ്പോർ. കോൺസ്റ്റന്റൈന്റെ നടപടികൾ ശാപ്പോർ രണ്ടാമനെ ക്രൈസ്തവർക്ക് എതിരേ നിലപാടെടുക്കുവാനാണ് പ്രേരിപ്പിച്ചത്. റോമാ സാമ്രാജ്യത്തെ പിന്താങ്ങുന്നവരായും സസ്സാനിദ് സാമ്രാജ്യത്തിന്റെ ശത്രുക്കളായും ക്രിസ്ത്യാനികൾ മുദ്രകുത്തപ്പെട്ടു. മസ്സ്ദേയൻ പുരോഹിതരുടെ ഇടപെടലുകൾ ഇതിന് ആക്കം കൂട്ടി.[11]

കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മരണശേഷം റോമാ സാമ്രാജ്യത്തിനെതിരെ യുദ്ധത്തിന് ഒരുങ്ങിയ ശാപ്പോർ രണ്ടാമൻ യുദ്ധത്തിന്റെ ചിലവ് വഹിക്കേണ്ടതിന് സ്വന്തം സാമ്രാജ്യത്തിലെ ക്രൈസ്തവരിൽ നിന്ന് അധികനികുതി ചുമത്താൻ തീരുമാനിച്ചു. സഭയിലെ അംഗങ്ങളിൽ നിന്ന് ഇരട്ടനികുതി പിരിക്കാൻ ചക്രവർത്തി ശിമെയോൻ ബർ സമ്പായോട് ആവശ്യപ്പെട്ടു. ദരിദ്ര്യവും ഭരണകൂടത്തിന്റെ പ്രതികൂല വിവേചനവും നേരിട്ടുകൊണ്ടിരുന്ന ക്രൈസ്തവ സമൂഹത്തിൽ നിന്ന് നികുതി പിരിവ് നടത്താൻ ബർ സമ്പാ തയ്യാറായില്ല. ഇത് ചക്രവർത്തിയെ ചൊടിപ്പിച്ചു. ബർസമ്പായേയും സാമ്രാജ്യത്തിലെ പ്രധാന ക്രൈസ്തവ നേതാക്കളേയും ശിക്ഷിക്കാൻ ചക്രവർത്തി തീരുമാനിച്ചു. സെലൂക്യാ-ക്ടെസിഫോണിൽ ദുഃഖവെള്ളി ആചരണത്തിനിടെ ശിമെയോൻ ബർ സമ്പായേയും പള്ളിയിൽ സമ്മേളിച്ച വിശ്വാസികളെയും ചക്രവർത്തിയുടെ ഭടന്മാർ ഇതിനേത്തുടർന്ന് വാളിനിരയാക്കി. പാരമ്പര്യം അനുസരിച്ച് അന്ന് വധിക്കപ്പെട്ടവരിൽ സഭയിലെ അമ്പതോളം പ്രമുഖരും ഉൾപ്പെടുന്നു. സസ്സാനിദ് സാമ്രാജ്യത്തിൽ ദശാബ്ദങ്ങളോളം തുടർന്ന രൂക്ഷമായ ക്രൈസ്തവ മതപീഡനത്തിന്റെ തുടക്കമായിരുന്നു ഇത്.[12]

സാംസ്കാരിക സ്വാധീനം

തിരുത്തുക
 
മാർ ശിമെയോൻ ബർസാബാ, ഒരു ഗ്രീക്ക് ഓർത്തഡോക്സ് ചിത്രീകരണം

രക്തസാക്ഷിത്വവും വിശുദ്ധപദവിയും

തിരുത്തുക

സസ്സാനിദ് പേർഷ്യയിലെ ക്രൈസ്തവരുടെ ചരിത്രത്തിലും പൊതുവേ കിഴക്കിന്റെ സഭയുടെ ചരിത്രത്തിലും നിർണ്ണായകമായ കാലഘട്ടമാണ് ശിമെയോൻ ബർ സമ്പായുടെ ഭരണകാലം. കത്തോലിക്കാ സഭ, കിഴക്കൻ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, കിഴക്കിന്റെ സഭ തുടങ്ങി വിശുദ്ധരെ വണങ്ങുന്ന ഒട്ടുമിക്ക ക്രൈസ്തവ സഭകളും ഇദ്ദേഹത്തെ വിശുദ്ധനായി കണക്കാക്കുന്നുണ്ട്. ശാപ്പോർ രണ്ടാമന്റെ നേതൃത്വത്തിൽ ക്രൈസ്തവർക്ക് എതിരേ ഉണ്ടായ മതപീഡനത്തിൽ കൊല്ലപ്പെട്ടവരിൽ പ്രമുഖനാണ് ബർസമ്പാ. പേർഷ്യയിൽ പേർഷ്യൻ ക്രൈസ്തവ രക്തസാക്ഷികളുടെ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഒന്നാമതായി എണ്ണപ്പെടുന്നു. യാസ്ദെഗെർദ് ഒന്നാമൻ ചക്രവർത്തി ക്രൈസ്തവ മതപീഡനത്തിന് സസ്സാനിദ് സാമ്രാജ്യത്തിൽ വിരാമമിട്ട ശേഷം റോമൻ ചക്രവർത്തിയുടെയും റോമൻ സാമ്രാജ്യത്തിലെ സഭയുടെയും പ്രതിനിധിയായി പേർഷ്യ സന്ദർശിക്കുകയും 410ലെ സൂനഹദോസിൽ പങ്കെടുക്കുകയും ചെയ്ത മിയാപ്രിക്കട്ടിലെ മാറൂസയാണ് ശിമെയോൻ ബർസാബാ ഉൾപ്പെടെയുള്ള പേർഷ്യൻ ക്രൈസ്തവ രക്തസാക്ഷികളുടെ ജീവചരിത്രങ്ങൾ റോമാ സാമ്രാജ്യത്തിൽ പ്രചരിപ്പിച്ചതും അവരുടെ തിരുശേഷിപ്പുകൾ വിവിധ റോമൻ ക്രൈസ്തവ കേന്ദ്രങ്ങളിൽ എത്തിച്ചതും.

 
മാർ ശിമെയോൻ ബർ സമ്പാ, അരക്കുഴ മർഥ് മറിയം പള്ളിയിലെ ഒരു ചിത്രം

ആരാധനാക്രമ സംഭാവന

തിരുത്തുക
 
മാർ ശിമെയോൻ ബർ സമ്പാ, അരക്കുഴ മർഥ് മറിയം പള്ളിയുടെ മുഖവാരത്തിലെ ഒരു ചിത്രപ്പണി

പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തിൽ ഒനീസാ (ഒനീഥാ) എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ഗാനങ്ങളുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് മാർ ശിമെയോൻ ബർസമ്പായാണ്. ഗായകസംഘം രണ്ട് ഗണമായി നിന്ന് ആലപിക്കേണ്ട ശൈലിയാണ് ഇവയിൽ അനുവർത്തിക്കപ്പെടുന്നത്.[13] കുർബാന ഉൾപ്പെടെയുള്ള ആരാധനാനുഷ്ഠാനങ്ങളിൽ ആലപിക്കപ്പെടുന്ന ലാകു മാറാ (സർവ്വാധിപനാം കർത്താവേ) എന്ന ഗാനത്തിന്റെ കർതൃത്വവും പരമ്പരാഗതമായി ഇദ്ദേഹത്തിലാണ് ആരോപിക്കപ്പെടുന്നത്.[14]

  1. Rompay, Lucas Van. "Shemʿon bar Ṣabbaʿe". In Sebastian P. Brock; Aaron M. Butts; George A. Kiraz (eds.). Gorgias Encyclopedia of Syriac heritage. Gorgias Press.
  2. Lifeday (2020-08-28). "മാർ ശെമയോൻ ബർസബായുടെയും സഹരക്തസാക്ഷികളുടെയും തിരുനാൾ". Retrieved 2023-03-25.
  3. Philip Wood (2013). The Martyrs and the Catholicos: The Acts of the Symeon and Their Reinvention. doi:10.1093/acprof:oso/9780199670673.003.0003.
  4. The Roman and British Martyrology: Now First Translated, Literally, from the Latin Ed (in ഇംഗ്ലീഷ്). O'Neill and Duggan. 1846. p. 125.
  5. Butler, Alban (1798), The Lives of the Primitive Fathers, Martyrs, and Other Principal Saints... by the Rev. Alban Butler..., J. Moir, pp. 162-3.
  6. അറവക്കൽ, റോസ്ലിൻ (2021). ശിമയോൻ ബർ സാബയും സഹരക്തസാക്ഷികളും. Syro-Malabar Liturgical Commission.
  7. Online, Catholic. "St. Simeon Barsabae and Companions - Saints & Angels" (in ഇംഗ്ലീഷ്). Retrieved 2023-03-25.
  8. Jeanne-Nicole Mellon Saint-Laurent. "Simeon bar Sabbaʿe". Retrieved 2023-03-28.
  9. Neusner, Jacob (2008). A History of the Jews in Babylonia, Part III: From Shapur I to Shapur II (in ഇംഗ്ലീഷ്). Wipf and Stock Publishers. pp. 10–11. ISBN 978-1-7252-2291-5.
  10. Wigram, W. A. (2004). An introduction to the history of the Assyrian Church, or, The Church of the Sassanid Persian Empire, 100–640 A.D. Gorgias Press. pp. 53, 57–60. ISBN 1-59333-103-7.
  11. Kia, Mehrdad (2016). The Persian Empire: A Historical Encyclopedia. ABC-CLIO. pp. 275, 277. ISBN 978-1610693912.
  12. Becker, Adam H.; Reed, Annette Yoshiko (2003). The Ways that Never Parted: Jews and Christians in Late Antiquity and the Early Middle Ages (in ഇംഗ്ലീഷ്). Mohr Siebeck. pp. 377–381. ISBN 978-3-16-147966-3.
  13. Parry, Ken (2010). The Blackwell Companion to Eastern Christianity (in ഇംഗ്ലീഷ്). John Wiley & Sons. p. 345. ISBN 978-1-4443-3361-9.
  14. അറവക്കൽ, റോസ്ലിൻ (2008). THE EPIPHANY OF THE CHURCH IN THE HYMN LĀKU MĀRĀ’ A Liturgico - Theological Analysis of the Resurrection Hymn of the East Syrian Liturgy. p. 3.
"https://ml.wikipedia.org/w/index.php?title=ശിമയോൻ_ബർ_സബ്ബാ&oldid=4110862" എന്ന താളിൽനിന്ന് ശേഖരിച്ചത്