പാപ്പാ ബർ അഗ്ഗായി

കിഴക്കിന്റെ സഭയുടെ നേതാവ്

കിഴക്കിന്റെ സഭയുടെ നേതാവും സസ്സാനിദ് പേർഷ്യയുടെ തലസ്ഥാനമായ സെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്തയുമായിരുന്നു പാപ്പാ ബർ അഗ്ഗായി. സെലൂക്യാ-ക്ടെസിഫോണിലെ ചരിത്രപരമായി സാക്ഷ്യപ്പെടുത്തപ്പെട്ട ആദ്യ മെത്രാപ്പോലീത്ത ഇദ്ദേഹമാണ്.[1][2][3]

മാർ
 പാപ്പാ ബർ അഗ്ഗായി 
സുറിയാനി: ܦܦܐ ܒܪ ܥܓܝ
കിഴക്കിന്റെ കാതോലിക്കോസ്
മെത്രാസന പ്രവിശ്യസെലൂക്യാ-ക്ടെസിഫോൺ
ഭദ്രാസനംസെലൂക്യാ-ക്ടെസിഫോൺ
സ്ഥാനാരോഹണം280
ഭരണം അവസാനിച്ചത്337
മുൻഗാമിശാഹ്‌ലൂപാ
പിൻഗാമിശിമയോൻ ഒന്നാമൻ
വൈദിക പട്ടത്വംശാഹ്‌ലൂപ
മെത്രാഭിഷേകംഅഹാ ദ് ആബൂഹ്
പദവിമെത്രാപ്പോലീത്ത
ഗുരുശാഹ്‌ലൂപാ

ചരിത്രം

തിരുത്തുക

മാർ പാപ്പാ ബർ അഗ്ഗായിയുടെ ആദ്യകാല ജീവിതത്തേക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭ്യമല്ല. സെലൂക്യാ-ക്ടെസിഫോണിലെ ചരിത്രപരമായി സാക്ഷ്യപ്പെടുത്തപ്പെട്ട ആദ്യ മെത്രാപ്പോലീത്ത ഇദ്ദേഹമാണ്. എന്നാൽ കിഴക്കിന്റെ സഭയുടെ പാരമ്പര്യം അനുസരിച്ച് മാർത്തോമാ ശ്ലീഹാ തുടങ്ങിയുള്ള ശ്ലൈഹിക പിന്തുടർച്ചയിലെ മെത്രാന്മാരുടെ പട്ടികയിലെ ഒരു അംഗം മാത്രമാണ് മാർ പാപ്പ. അർബേലയുടെ നാളാഗമം എന്ന ചരിത്രഗ്രന്ഥത്തിൽ നിന്ന് പാപ്പയുടെ സ്ഥാനാരോഹണത്തെപ്പറ്റി വിവരങ്ങൾ ലഭിക്കുന്നു.[4]

സെലൂക്യാ-ക്ടെസിഫോൺ സ്വദേശിയായിരുന്നു പാപ്പ ബർ അഗ്ഗായി. പേര് സൂചിപ്പിക്കുന്നതുപോലെ അദ്ദേഹത്തിന്റെ പിതാവിന്റെ പേര് അഗ്ഗായി എന്ന് ആയിരിക്കാം. അർബേലയുടെ നാളാഗമം നൽകുന്ന വിവരണം അനുസരിച്ച് അക്കാലത്ത് സസ്സാനിദ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സെലൂക്യാ-ക്ടെസിഫോണിലെ ക്രൈസ്തവർക്ക് ആത്മീയ നേതൃത്വം നൽകാൻ ആരും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ അവർ അർബേലയിലെ മെത്രാനായ ശാഹ്‌ലൂപായുടെ മുമ്പാകെ ആവശ്യം ബോധിപ്പിച്ചു. ഇതിനേത്തുടർന്ന് ശാഹ്‌ലൂപാ സെലൂക്യാ-ക്ടെസിഫോൺ സന്ദർശിക്കുകയും അവർക്ക് ആത്മീയ നേതൃത്വം നൽകുകയും ചെയ്തു. പാപ്പാ ബർ അഗ്ഗായിയെ തിരഞ്ഞെടുത്ത് വൈദികനായി അദ്ദേഹം വാഴിച്ചു. സമർത്ഥനും പണ്ഡിതനും ദൃഢനിശ്ചയമുള്ളവനും ആയാണ് പാപ്പാ അറിയപ്പെടുന്നത്.[5] ഇരുപത് വർഷങ്ങൾക്ക് ശേഷം സെലൂക്യാ-ക്ടെസിഫോണിലെ സഭാംഗങ്ങൾ തങ്ങൾക്ക് ഒരു മെത്രാനെ വാഴിച്ചു നൽകണമെന്ന അപേക്ഷയുമായി അർബേലയിലെ അഥവാ അദിയാബേനെയിലെ മെത്രാനും ശാഹ്‌ലൂപായുടെ പിൻഗാമിയുമായ അഹാ ദ് ആബൂഹിനെ സമീപിച്ചു. ഈ അപേക്ഷ സ്വീകരിച്ച് അഹാ ദ് ആബൂഹ് സെലൂക്യാ-ക്ടെസിഫോണിൽ എത്തിച്ചേർന്നു. സൂസയിലെ മെത്രാനായ ഖായ് ബ് ഏലിന്റെ സാന്നിദ്ധ്യത്തിൽ പാപ്പായെ സെലൂക്യാ-ക്ടെസിഫോണിന്റെ മെത്രാനായി വാഴിച്ചു. അങ്ങനെ സെലൂക്യാ-ക്ടെസിഫോൺ മെത്രാസനം സ്ഥാപിതമായി.[6]

പാപ്പായുടെ സഭാഭരണകാലം സംഘർഷങ്ങളാൽ കലുഷിതമായിരുന്നു. സസ്സാനിദ് സാമ്രാജ്യത്തിന്റെ ആസ്ഥാനത്തെ മെത്രാപ്പോലീത്ത എന്ന നിലയിൽ പാപ്പ ചക്രവർത്തിയുടെ മുമ്പിൽ സാമ്രാജ്യത്തിലെ മുഴുവൻ ക്രൈസ്തവരുടെയും പ്രതിനിധിയായി പരിഗണിക്കപ്പെട്ടു. സെലൂക്യാ-ക്ടെസിഫോൺ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിന് കീഴിൽ സാമ്രാജ്യത്തിലെ സഭയെ സംഘടിപ്പിക്കാൻ പാപ്പാ പരിശ്രമിച്ചു. എന്നാൽ ഈ നീക്കം മറ്റ് മെത്രാന്മാരുടെ എതിർപ്പിന് വിഷയമായി. ഈ സാഹചര്യത്തിലാണ് ക്രി. വ. 315ൽ പാപ്പയുടെ നേതൃത്വത്തിൽ സെലൂക്യാ-ക്ടെസിഫോണിൽവെച്ച് സഭയിലെ മെത്രാന്മാരുടെ ആദ്യ സൂനഹദോസ് വിളിച്ചുചേർക്കപ്പെട്ടത്. എന്നാൽ ഈ സൂനഹദോസ് പാപ്പായ്ക്കെതിരായ മറ്റ് മെത്രാന്മാരുടെ ചെറുത്തുനിൽപ്പിലാണ് അവസാനിച്ചത്. അക്കാലത്ത് സൂസയുടെ മെത്രാനായിരുന്ന മീലസ്, കർക്കാ ദ് ബേഥ് സ്ലോഖിലെ മെത്രാനായിരുന്ന ആഖിബ് ആലാഹാ എന്നിവരാണ് പാപ്പയ്ക്ക് എതിരായ നീക്കങ്ങൾക്ക് നേതൃത്വം കൊടുത്തത്. മീലസിന്റെ നടപടികൾ എന്ന പുസ്തകം പാപ്പായെ അധികാരമോഹിയും അഹങ്കാരിയും ക്ഷിപ്രകോപിയുമായി അവതരിപ്പിക്കുന്നു. എന്നാൽ 424ലെ മാർ ഇസ്ഹാഖിന്റെ സൂനഹദോസിൽ പാപ്പയെ സഭാസ്നേഹിയും ദീർഘദർശിയുമായ മെത്രാനായാണ് അവതരിപ്പിക്കുന്നത്. സൂനഹദോസിൽ പിന്തുണ നേടിയെടുക്കുന്നതിൽ പരാജയപ്പെട്ട പാപ്പാ ആക്രോശിച്ചുകൊണ്ട് വിശുദ്ധ ബൈബിളിൽ പ്രഹരിച്ചതായും തുടർന്ന് പക്ഷാഘാതം ഏറ്റ് വശം തളർന്നു വീണതായും വിവിധ സഭാ രേഖകൾ വിവരിക്കുന്നു. സൂനഹദോസിൽ സമ്മേളിച്ച മെത്രാന്മാർ പാപ്പയ്ക്ക് എതിരായ ആരോപണങ്ങൾ ശരിവെക്കുകയും ഇദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി മെത്രാസനത്തിന്റെ ഭരണം അർക്കദിയാക്കോനായ ശിമയോൻ ബർ സമ്പായെ ഏൽപ്പിച്ചു.[7]

പാപ്പയ്ക്ക് പകരം സ്ഥാനമേൽക്കാൻ ശിമയോൻ ബർസമ്പാ വിമുഘനായിരുന്നു. അതുകൊണ്ട് മെത്രാസനത്തിന്റെ ഉപമേലദ്ധ്യക്ഷനായാണ് അദ്ദേഹം പദവിയേറ്റത്. അതേസമയം പാപ്പ പടിഞ്ഞാറൻ സഭാ പിതാക്കന്മാരായ എദേസ്സയിലെ മെത്രാപ്പോലീത്ത സാദയോടും, മിക്കവാറും, നിസിബിസിലെ യാക്കോബിനോടും സഹായമഭ്യർത്ഥിച്ച് കത്തെഴുതി. പേർഷ്യൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്തയ്ക്ക് സാമ്രാജ്യത്തിലേ സഭയിൽ നേതൃപദവി ഉണ്ടാകണമെന്ന ആശയം അവർക്ക് സ്വീകാര്യമായിരുന്നു. പാപ്പായുടെ നിലപാടിനെ പിന്തുണച്ച അവർ പേർഷ്യയിലെ മറ്റ് മെത്രാന്മാരുമായും ബന്ധപ്പെട്ടു. പേർഷ്യൻ സഭ മാതൃസഭയായി പരിഗണിച്ചിരുന്ന എദേസ്സയിലെ മെത്രാപ്പോലീത്ത ഉൾപ്പെടെയുള്ള പടിഞ്ഞാറൻ പിതാക്കന്മാരുടെ നിലപാട് അവർ അംഗീകരിച്ചു. ഇതുകൊണ്ട് മരണംവരെ പദവിയിൽ തുടരാൻ പാപ്പയ്ക്ക് സാധിച്ചു.[8] എന്നാൽ പക്ഷാഘാതം കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നതിനാൽ സഭാ ഭരണം പൂർണ്ണമായും ഉപമേലദ്ധ്യക്ഷനായ ശിമയോൻ ബർ സമ്പാ നിർവ്വഹിച്ചു പോന്നു. 337നോടടുത്ത് പാപ്പാ മരണപ്പെടുകയും ശിമയോൻ ബർ സമ്പാ മെത്രാസനത്തിന്റെ അദ്ധ്യക്ഷത ഏറ്റെടുക്കുകയും ചെയ്തു.[9]

  1. Herman, Geoffrey (2012). A Prince Without a Kingdom: The Exilarch in the Sasanian Era (in ഇംഗ്ലീഷ്). Mohr Siebeck. pp. 123–132. ISBN 978-3-16-150606-2.
  2. Walker, Joel (2006-04-24). The Legend of Mar Qardagh: Narrative and Christian Heroism in Late Antique Iraq (in ഇംഗ്ലീഷ്). University of California Press. ISBN 978-0-520-24578-5.
  3. "Papa bar ʿAggai". Retrieved 2023-03-26.
  4. Wigram (2004), p. 26–44.
  5. Stewart, John, (1861). Nestorian missionary enterprise : the story of a church on fire. Gorgias Press. p. 11. ISBN 1-59333-563-6. OCLC 171554016.{{cite book}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  6. അറവക്കൽ, റോസ്ലിൻ (2014). The Historical Evolution of the Patriarchate In the Church of The East Over Its First Four National Synods. Asian Horizons.
  7. Rienzo, N. Di (2017). Resemanticizing Memory: the Conflict between Papa bar Aggai and Miles of Susa from the Perspective of the catholicos of Seleucia. Cristianesimo nella Storia. Vol. 38(3). pp. 637–654. doi:10.17395/88831.
  8. Wigram, W. A. (2004). An introduction to the history of the Assyrian church, or, The church of the Sassanid Persian Empire, 100-640 A.D. Piscataway, N.J.: Gorgias Press. pp. 55–56. ISBN 1-59333-103-7. OCLC 56796411.
  9. അറവക്കൽ (2014).
"https://ml.wikipedia.org/w/index.php?title=പാപ്പാ_ബർ_അഗ്ഗായി&oldid=3996471" എന്ന താളിൽനിന്ന് ശേഖരിച്ചത്