ഒരു ഇന്ത്യൻ വനിതാ വിപ്ലവകാരിയായിരുന്നു ശാന്തി ഘോഷ് (1916 നവംബർ 22 - 1989).[1] ഇവർ ശാന്തി ഗോസ് എന്ന പേരിലും അറിയപ്പെടുന്നു. പതിനഞ്ചാം വയസ്സിൽ സുനീതി ചൗധരിയുമായി ചേർന്ന് ഒരു ബ്രിട്ടീഷ് ജില്ലാ മജിസ്ട്രേറ്റിനെ കൊലപ്പെടുത്തി.[1][2][3][2] വർഷങ്ങൾക്കു ശേഷം ജയിൽ മോചിതയായ ശാന്തി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും പ്രവർത്തിച്ചു. പശ്ചിമ ബംഗാൾ നിയമനിർമ്മാണ സഭയിലും സമിതിയിലും അംഗമായിരുന്നു.

ശാന്തി ഘോഷ്
Sri Shanti Ghosh
ജനനം22 നവംബർ 1916
കൊൽക്കത്ത, ഇന്ത്യ
മരണം1989
മറ്റ് പേരുകൾശാന്തി ഗോസ്
കലാലയംബംഗാളി വനിതാ കോളേജജ്
അറിയപ്പെടുന്നത്15-ാം വയസ്സിൽ ഒരു ബ്രിട്ടീഷ് മജിസ്ട്രേറ്റിനെ കൊലപ്പെടുത്തി.

ആദ്യകാല ജീവിതം

തിരുത്തുക

1916 നവംബർ 22-ന് കൊൽക്കത്തയിലാണ് ശാന്തി ഗോഷ് ജനിച്ചത്.[2] കിഴക്കൻ ബംഗാളിലെ കോമില്ല വിക്ടോറിയ കോളേജിലെ പ്രൊഫസറും ദേശീയവാദിയുമായിരുന്ന ദേബേന്ദ്രനാഥ് ഗോസ് ആണ് ശാന്തിയുടെ പിതാവ്.[2]

1931-ൽ ഛാത്രി സംഘ (ഗേൾസ് സ്റ്റുഡന്റ്സ് അസോസിയേഷൻ) സ്ഥാപിതമായപ്പോൾ ശാന്തി ഘോഷ് ആയിരുന്നു സെക്രട്ടറി.[2] കോമില്ലയിലെ ഫൈസുന്നിസ ഗേൾസ് ഹൈ സ്കൂളിലെ വിദ്യാർത്ഥി പ്രഭുല്ലനന്ദിനി ബ്രഹ്മയുടെ ആശയങ്ങളിൽ ആകൃഷ്ടയായ ശാന്തി യുഗാന്തർ പാർട്ടിയിൽ ചേർന്നു.[2] ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിപ്പിക്കുന്നതിനായി കൊലപാതകങ്ങൾ ചെയ്യാൻ പോലും തയ്യാറായവരുടെ ഒരു വിപ്ലവ സംഘടനയായിരുന്നു അത്.[4] ഈ സംഘടനയിൽ നിന്നാണ് വാളുകളും മറ്റും ഉപയോഗിച്ചുള്ള സ്വയം പ്രതിരോധ മാർഗ്ഗങ്ങൾ ശാന്തി അഭ്യസിച്ചത്.[2]

ചാൾസ് സ്റ്റീവൻസ് വധം

തിരുത്തുക

1931 ഡിസംബർ 14-ന് പതിനഞ്ചു വയസ്സുള്ള ശാന്തി ഘോഷും പതിനാലുകാരിയായ സുനീതി ചൗധരിയും കോമില്ല ജില്ലാ മജ്സ്ട്രേറ്റായിരുന്ന ചാൾസ് സ്റ്റീവൻസിന്റെ ഔദ്യോഗിക വസതിയിലെത്തി. തങ്ങളുടെ സഹപാഠികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു നീന്തൽ മത്സരം സംഘടിപ്പിക്കുന്നതിന് അനുമതി ആവശ്യപ്പെടുന്ന ഒരു നിവേദനവുമായാണ് അവർ മജിസ്ട്രേറ്റിനു മുമ്പിൽ എത്തിയത്.[2] ചാൾസ് സ്റ്റീവൻസ് നിവേദനം പരിശോധിച്ചുകൊണ്ടിരുന്നപ്പോൾ ശാന്തിയും സുനീതിയും തങ്ങളുടെ ഷോളിനുള്ളിൽ ഒളിപ്പിച്ചിരുന്ന തോക്ക് പുറത്തെടുക്കുകയും ചാൾസിനു നേരെ നിറയൊഴിക്കുകയും ചെയ്തു. തൽക്ഷണം തന്നെ അദ്ദേഹം മരണമടഞ്ഞു.[2]

വിചാരണയും ശിക്ഷയും

തിരുത്തുക

ചാൾസ് സ്റ്റീവൻസിനെ കൊല ചെയ്ത കുറ്റത്തിന് ശാന്തിയെയും സുനീതിയെയും പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു.[2] 1932 ഫെബ്രുവരിയിൽ ഇരുവരെയും കൊൽക്കത്താ കോടതിയിൽ ഹാജരാക്കി. രണ്ടുപേരെയും ആജീവനാന്തം നാടുകടത്തണമെന്നായിരുന്നു കോടതി വിധി.[4][5] "ഒരു കുതിരാലയത്തിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ്" എന്ന് പിന്നീട് ഒരു അഭിമുഖത്തിൽ ശാന്തിയും സുനീതിയും പ്രഖ്യാപിച്ചു."[4][5] വധശിക്ഷ ലഭിക്കാഞ്ഞതിൽ നിരാശയുണ്ടെന്ന് ശാന്തി അഭിപ്രായപ്പെട്ടു.[2] ജയിലിൽ കഴിയുന്ന കാലത്ത് ശാന്തിക്കു നേരെ ക്രൂരമായ അതിക്രമങ്ങളുണ്ടായി.[2] ഏഴു വർഷത്തെ കഠിനതടവിനു ശേഷം 1939-ൽ ശാന്തി ജയിൽമോചിതയായി. ഗാന്ധിജിയും ബ്രിട്ടീഷ് സർക്കാരുമായി നടത്തിയ ചർച്ചകളാണ് ശാന്തിയുടെ മോചനത്തിലേക്കു നയിച്ചത്.[2]

ജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രതികരണം

തിരുത്തുക

ഇന്ത്യാക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അവകാശങ്ങൾ ഇല്ലാതാക്കിക്കൊണ്ട് വെല്ലിംഗ്ടൺ പ്രഭു പുറത്തിറക്കിയ ഒരു ഓർഡിനൻസിനെതിരെയുള്ള പ്രതിഷേധമാണ് ചാൾസ് സ്റ്റീവൻസ് വധമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.[2] എന്നാൽ അധികാര ദുർവിനിയോഗം നടത്തി ഇന്ത്യൻ സ്ത്രീകളെ ബലാത്സംഗം ചെയ്ത ബ്രിട്ടീഷ് ജില്ലാ മജിസ്ട്രേറ്റുമാരോടുള്ള പ്രതിഷേധമാണ് ചാൾസ് സ്റ്റീവൻസ് വധത്തിൽ കലാശിച്ചതെന്ന് ഇന്ത്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.[2] കോടതി വിധി വന്ന ദിവസം ശാന്തിയെയും സുനീതിയെയും ദേശീയ നായികമാരായാണ് പലരും കണക്കാക്കിയത്.[4] ഇരുവരെയും പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകൾ അന്ന് പ്രത്യക്ഷപ്പെട്ടിരുന്നു.

പിന്നീടുള്ള ജീവിതം

തിരുത്തുക

ജയിൽ മോചിതയായ ശേഷം ബംഗാളി വിമെൻസ് കോളേജിൽ പഠനത്തിനു ചേർന്ന ശാന്തി ഘോഷ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടയായി അതിൽ പ്രവർത്തിക്കുവാൻ തുടങ്ങി.[2] പിന്നീട് അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.[2] 1942-ൽ പ്രൊഫസർ ചിത്തരഞ്ജൻ ദാസിനെ വിവാഹം കഴിച്ചു.[2] 1952–62-ലും 1967–68-ലും പശ്ചിമ ബംഗാൾ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു.[2] 1962–64 കാലഘട്ടത്തിൽ പശ്ചിമ ബംഗാൾ നിയമനിർമ്മാണ സഭയിലും പ്രവർത്തിച്ചിട്ടുണ്ട്.[2] അരുൺ ബാഹ്നി എന്ന പേരിൽ ഒരു പുസ്തകവും ശാന്തി രചിച്ചിട്ടുണ്ട്.[2] 1989-ൽ അന്തരിച്ചു.[2]

  1. 1.0 1.1 Forbes, Geraldine. Indian Women and the Freedom Movement: A Historian's Perspective.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 2.16 2.17 2.18 2.19 2.20 2.21 Smith, Bonnie G. (2008). The Oxford Encyclopedia of Women in World History. Oxford University Press, USA. pp. 377–8. ISBN 978-0-19-514890-9.
  3. Smith, Bonnie G. (2005). Women's History in Global Perspective, Volume 2. University of Illinois Press.
  4. 4.0 4.1 4.2 4.3 The Bangladesh Reader: History, Culture, Politics.
  5. 5.0 5.1 "INDIA: I & My Government". Time. 1932-02-08. ISSN 0040-781X. Retrieved 2016-04-12.
"https://ml.wikipedia.org/w/index.php?title=ശാന്തി_ഘോഷ്&oldid=3829054" എന്ന താളിൽനിന്ന് ശേഖരിച്ചത്