ശങ്കരനാഥ ജ്യോത്സ്യർ
ലാഹോർ സിംഹം എന്നറിയപ്പെടുന്ന പഞ്ചാബിലെ റാണാ രഞ്ജിത്ത് സിംഹിന്റെ മുഖ്യഉപദേഷ്ടാവും പ്രധാനമന്ത്രിയുമായിരുന്ന[1] മലയാളിയാണ് ശങ്കമഹാരാജ ജ്യോത്സ്യർ. (1790 -1859[2]) വങ്ങാട്ട് തറവാട്ടിലെ അംഗമായ അദ്ദേഹം പ്രഗല്ഭനായ ഭരണതന്ത്രജ്ഞനായിരുന്നു. തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിന്റെ ക്ഷണമനുസരിച്ച് സദർകോടതി ജഡ്ജി, കൊട്ടാരത്തിൽ ചൌസദാരി കമ്മീഷണർ എന്നീ നിലകളിലും ഉന്നതപദവികൾ അലങ്കരിച്ച വ്യക്തിയാണ് ശങ്കരനാഥ ജ്യോത്സർ.[3]
ജീവിതരേഖതിരുത്തുക
കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ സാമന്തകുടുംബമായ വങ്ങാട്ട് മഠത്തിൽ മലയാള വർഷം 965 മിഥുനമാസം 32-ആം തീയതി(1790 ജൂലൈ 16) ജനിച്ചു.അമ്മ വങ്ങാട്ട് മഠത്തിൽ പാർവ്വതി പിളളയാതിരി.അച്ഛൻ പട്ടൊടം ഇല്ലത്ത് അഗ്നിശർമ്മൻ നമ്പൂതിരി. പലിയേരി എഴുത്തച്ഛനായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു[2].
തീർത്ഥാടനത്തിനായി കാശിയിലെക്ക് തിരിച്ച ശങ്കരൻ വഴിയിൽ വരാഹാചാര്യൻ എന്ന യതിവര്യനെ പരിചയപ്പെടുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിൽ നിന്നും ധർമശാസ്ത്രം,മന്ത്രശാസ്ത്രം,പക്ഷിശാസ്ത്രം,വേദാന്തം എന്നിവ സ്വയത്തമാക്കി.തുടർന്ന് പുണ്യനഗരമായ കാഞ്ചീപുരത്ത് എത്തി.പ്രസിദ്ധമായ കാമാക്ഷി ക്ഷേത്രത്തിൽ ഒരു മണ്ഡലക്കാലം ഭജനമിരുന്നു.അവിടുത്തെ പാലാർ നദിയിൽ കുളിച്ചുകൊണ്ടിരിക്കെ ലഭിച്ച ശ്രീ കാമാക്ഷി ദേവിയുടെ വിഗ്രഹത്തെ കരിവെള്ളൂർ വങ്ങാട്ട് മഠത്തിനു സമീപം ഒരു ക്ഷേത്രം നിർമിച്ചു പ്രതിഷ്ഠിച്ചു.തുടർന്ന് കാശിയിലെത്തിയ ശങ്കരൻ അവിടെ മണികർണികാ ഘട്ടിൽ ഒരു സത്രം പണിയിച്ചു. അത് ജോഷിഘട്ട് എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു. ഹിമാലയസാനുവിലെ കൊട്ടകാംഗ്രയിലെ രാജാവായ ശ്യാം ശേർശന്ദ് ആസ്ഥാനപണ്ഡിതനായി ഇദ്ദേഹത്തെ നിയമിച്ചു[2].
ലാഹോർ സിംഹമെന്നറിയപ്പെടുന്ന പഞ്ചാബ് രാജാവ് ശങ്കരന്റെ കഴിവുകൾ മനസ്സിലാക്കി ശ്യാം ശേർശന്ദിൽ നിന്നും രാജധാനിയിലേക്ക് ക്ഷണിച്ചു അധ്യാത്മവിദ്യാ ഉപദേഷ്ടാവും മന്ത്രിയുമാക്കി.ഗവർണർ ജനറൽ വില്യം ബെന്റിക് പ്രഭു ഉത്തമപുരുഷ് നിർമ്മലബുദ്ധ് ജൊഷി ശങ്കരനാഥ് ദി സ്പിരിച്വൽ അഡ്വൈസർ ഒഫ് ഹിസ് ഹൈനസ് രഞ്ജിത് സിംഹ് ദി ലയൺ ഒഫ് ലാഹോർ എന്ന വിശേഷണം നൽകി.
അദ്ദേഹത്തിന്റെ കഴിവുകൾ മനസ്സിലാക്കിയ സ്വാതി തിരുനാൾ മഹാരാജാവ് അദ്ദേഹത്തെ 1844-ൽ തിരുവിതാംകൂറിലേക്ക് ക്ഷണിക്കുകയും സദർ കോടതിയിലെ ജഡ്ജിയായി നിയമിച്ചു. തുടർന്ന് കൊട്ടാരം ഫൗസദാരി കമ്മീഷണരായി. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ ഒരു കാമാക്ഷി ക്ഷേത്രവും സത്രവും പണിയിച്ചു.
കൊല്ലവർഷം 1034 തുലാം മാസം 28-ആം തീയതി ( 1859-ൽ) അന്തരിച്ചു[2].
കൃതികൾതിരുത്തുക
- ജ്ഞാനവാസിഷ്ഠം
- ദേവീഭാഗവതഭാഷ്യം
- നാമഭാഷ്യം
- കാശീഖണ്ഡം
- ഗൌരീതന്ത്രം[2]
അവലംബംതിരുത്തുക
- ↑ "എൽ.എസ്.ജി കേരള, മലയാളം". മൂലതാളിൽ നിന്നും 2014-03-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-01.
- ↑ 2.0 2.1 2.2 2.3 2.4 ശങ്കരനാഥ ജോത്സ്യർ - എന്റെ ഗ്രാമം - കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത്[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "എൽ.എസ്.ജി കേരള, മലയാളം". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-01.