യേശുവിന്റെ അമ്മയായ മറിയത്തെ അവളുടെ ജീവിതത്തിലെ സന്താപങ്ങളുമായി ബന്ധപ്പെടുത്തി വണങ്ങുമ്പോൾ ഉപയോഗിക്കുന്ന പേരാണ് വ്യാകുലമാതാവ്. "വ്യാകുലങ്ങളുടെ അമ്മ", "സപ്തസന്താപങ്ങളുടെ മാതാവ്" എന്നീ പേരുകളിലും ഈ വണക്കത്തിൽ മറിയം അറിയപ്പെടുന്നു. "സന്താപങ്ങളുടെ അമ്മ", കത്തോലിക്കാ സഭയിലെ മരിയൻ കലയുടെ (Marian Art) മുഖ്യപ്രമേയങ്ങളിൽ ഒന്നാണ്.

വ്യാകുലമാതാവിന്റെ ഒരു ചിത്രീകരണം - കാലം 1455

മറിയത്തിന്റെ സപ്തസന്താപങ്ങൾ, റോമൻ കത്തോലിക്കാ സഭയിൽ ഏറെ പ്രചാരമുള്ള ഒരു ഭക്ത്യഭ്യാസമാണ്. മാതാവിന്റെ ഏഴു സന്താപങ്ങളെ അനുസ്മരിക്കുന്ന പലതരം പ്രാർത്ഥനകൾ ഈ അഭ്യാസത്തിന്റെ ഭാഗമായുണ്ട്. "വ്യാകുലക്കൊന്ത", അല്ലെങ്കിൽ "സപ്തസന്താപങ്ങളുടെ ജപമാല" അത്തരത്തിൽ ഒരു പ്രാർത്ഥനയാണ്.

ഇതിന്റെ മറുവശമായി, മറിയത്തിന്റെ സപ്തസന്തോഷങ്ങളുടെ വണക്കവും നിലവിലുണ്ട്.

സപ്തസന്താപങ്ങൾ തിരുത്തുക

 
സപ്തസന്താപങ്ങളുടെ നടുവിൽ "വ്യാകുലമാതാവ്"

മാതാവിന്റെ ഏഴു സന്താപങ്ങൾ ഓരോന്നായി ധ്യാനിച്ച്, ഓരോ ധ്യാനത്തിനും ഒടുവിൽ ഒരു "സ്വർഗ്ഗസ്തനായ പിതാവേ" എന്ന ജപവും ഏഴു "നന്മനിറഞ്ഞ മറിയമേ" എന്ന ജപവും ചൊല്ലുക സാധാരണമായ ഒരു ഭക്തകൃത്യമാണ്. ഈ പ്രാർത്ഥനയിൽ ധ്യാനിക്കപ്പെടുന്ന സന്താപങ്ങൾ ഓരോന്നും കത്തോലിക്കാ കലയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.[1] മറിയത്തിന്റെ സപ്തസന്താപങ്ങളുടെ പട്ടിക ഇതാണ്[൧]:-

 1. ഉണ്ണിയേശുവിന്റെ ദേവാലയ സമർപ്പണത്തിനെത്തിയ മറിയത്തോട്, അവളുടെ ഹൃദയത്തെ ഒരു വ്യാകുലവാൾ പിളർക്കുമെന്ന്, ഭക്തനായ ശിമയോൻ പ്രവചിക്കുന്നത്.[2]
 2. ഹേറോദേസ് രാജാവിൽ നിന്ന് ഉണ്ണിയേശുവിനെ രക്ഷിക്കാനായി ഈജിപ്തിലേക്കുള്ള പലായനം.[3]
 3. പന്ത്രണ്ടാം വയസ്സിൽ ദേവാലയസന്ദർശനത്തിനിടെ ബാലനായ യേശുവിനെ കാണാതാകുന്നത്.[4]
 4. ഗാഗുൽത്താമലയിലേക്കു കുരിശേന്തി നടന്ന യേശുവിനെ മറിയം കണ്ടുമുട്ടുന്നത്
 5. യേശുവിന്റെ കുരിശാരോഹണവും മരണവും.[5]
 6. കുരിശിൽ നിന്നിറക്കിയ യേശുവിന്റെ മൃതദേഹത്തെ മറിയം മടിയിൽ കിടത്തുന്നത്.
 7. യേശുവിന്റെ ദേഹസംസ്കാരം.[6]

കുറിപ്പുകൾ തിരുത്തുക

^ മറ്റൊരു മരിയൻ ഭക്ത്യഭ്യാസമായ സാധാരണ ജപമാലയിലെ അഞ്ചു സന്താപരഹസ്യങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഈ പട്ടിക.

അവലംബം തിരുത്തുക

 1. Ball, Ann (2003). "Seven Sorrows of Mary". Encyclopedia of Catholic Devotions and Practices. Huntington IN: Our Sunday Visitor. p. 525. ISBN 0-87973-910-X.
 2. ലൂക്കായുടെ സുവിശേഷം, ബൈബിൾ പുതിയനിയമം. പി.ഒ.സി. ബൈബിൾ. pp. അദ്ധ്യായം 2, വാക്യം 34-35.
 3. മത്തായിയുടെ സുവിശേഷം, ബൈബിൾ പുതിയനിയമം. പി.ഒ.സി. ബൈബിൾ. pp. അദ്ധ്യായം 2, വാക്യം 13.
 4. ലൂക്കായുടെ സുവിശേഷം, ബൈബിൾ പുതിയനിയമം. പി.ഒ.സി. ബൈബിൾ. pp. അദ്ധ്യായം 2, വാക്യം 43-45.
 5. യോഹന്നാന്റെ സുവിശേഷം, ബൈബിൾ പുതിയനിയമം. പി.ഒ.സി. ബൈബിൾ. pp. അദ്ധ്യായം 19, വാക്യം 25.
 6. യോഹന്നാന്റെ സുവിശേഷം, ബൈബിൾ പുതിയനിയമം. പി.ഒ.സി. ബൈബിൾ. pp. അദ്ധ്യായം 19, വാക്യം 40-42.
"https://ml.wikipedia.org/w/index.php?title=വ്യാകുലമാതാവ്&oldid=2343437" എന്ന താളിൽനിന്ന് ശേഖരിച്ചത്