തമിഴ്നാട്ടിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു വി.ഒ.സി എന്നറിയപ്പെട്ടിരുന്ന വി.ഒ. ചിദംബരം പിള്ള(ജനനം 1872 സെപ്റ്റംബർ 5 - മരണം 1936 നവംബർ 8).[1] രാഷ്ട്രീയത്തിൽ ബാലഗംഗാധര തിലകനായിരുന്നു പിള്ളയുടെ ഗുരു. കൊളംബോക്കും, തൂത്തുക്കുടിക്കും ഇടയിൽ സേവനം നടത്തുന്ന ഒരു കപ്പൽ കമ്പനി ചിദംബര പിള്ള തുടങ്ങിയിരുന്നു. തദ്ദേശീയമായി തുടങ്ങിയ ഈ കമ്പനി ഇന്ത്യയിൽ ആദ്യത്തേതായിരുന്നു. വിദേശികളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു അക്കാലത്തെ ജലഗതാഗത സേവന കമ്പനികൾ.

വി.ഒ. ചിദംബരം പിള്ള
V. O. Chidambaram Pillai.jpg
വി.ഒ. ചിദംബരം
ജനനം(1872-09-05)സെപ്റ്റംബർ 5, 1872
മരണംനവംബർ 8, 1936(1936-11-08) (പ്രായം 64)
മറ്റ് പേരുകൾവി.ഒ.സി
കപ്പൽ ഓട്ടിയ തമിഴൻ
സെക്കിഴുത്ത സെമ്മൽ
തൊഴിൽഅഭിഭാഷകൻ
സംഘടന(കൾ)കോൺഗ്രസ്സ്
സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി
പ്രസ്ഥാനംഇന്ത്യയുടെ സ്വാതന്ത്ര്യസമരം

തിലകനിൽ നിന്നും പ്രചോദനമുൾക്കൊണ്ട ചിദംബരം പിള്ള കോൺഗ്രസ്സ് അംഗമായിരുന്നു. ബ്രിട്ടീഷ് സർക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് സർക്കാർ അദ്ദേഹത്തെ നാടുകടത്തുകയും, ബാരിസ്റ്റർ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ചിദംബരം പിള്ളയോടുള്ള ആദരസൂചകമായി, തൂത്തുക്കുടി തുറമുഖത്തിന്റെ വി.ഒ. ചിദംബരം പോർട്ട് എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി.[2] 1936 നവംബർ എട്ടിന് ചിദംബരം പിള്ള അന്തരിച്ചു.

ആദ്യകാല ജീവിതംതിരുത്തുക

1872 സെപ്റ്റംബർ 5 ന് തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള ഒറ്റപിടാരം എന്ന താലൂക്കിലാണ് ചിദംബരം പിള്ള ജനിച്ചത്.[3] ഉലകനാഥൻ പിള്ളയും, പരമയീ അമ്മാളുമായിരുന്നു മാതാപിതാക്കൾ. ഗ്രാമത്തിൽ തന്നെയുള്ള വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. താലൂക്ക് ഓഫീസറായിരുന്ന കൃഷ്ണനിൽ നിന്നായിരുന്നു ഇംഗ്ലീഷ് വിദ്യാഭ്യാസം അനൗപചാരികമായി ലഭിച്ചത്. ഗ്രാമീണരുടെ സഹായത്തോടെ, ഒരു വിദ്യാലയം ഉലകനാഥൻ പിള്ള ആരംഭിച്ചിരുന്നു. പതിനാലു വയസ്സിനുശേഷമാണ് ചിദംബരം പിള്ള ഇടക്കു വെച്ചു നിന്നു പോയ തന്റെ വിദ്യാഭ്യാസം പുനരാരംഭിക്കുന്നത്. സെന്റ്.സേവ്യേഴ്സ് ഹൈസ്കൂളിലും, കാൾഡ്വെൽ സ്കൂളിലുമായിട്ടാണ് ചിദംബരം തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിതാവിന്റെ ആഗ്രഹപ്രകാരം, തൂത്തുക്കുടിയിൽ നിയമപഠനത്തിനു പോവുന്നതിനു മുമ്പുള്ള കാലഘട്ടത്തിൽ ചിദംബരം താലൂക്ക് ഓഫീസിൽ കുറച്ചു കാലം ഗുമസ്തനായി ജോലി ചെയ്തിരുന്നു. 1894 ൽ ചിദംബരം പ്ലീഡർഷിപ്പ് പരീക്ഷ പാസ്സാവുകയും, ഒരു പ്ലീഡറായി ജോലി നേടുന്നതിനായി തന്റെ ജന്മഗ്രാമത്തിലേക്കു തിരിച്ചെത്തുകയും ചെയ്തു.

ഇക്കാലയളവിലാണ് ചിദംബരം സ്വാമി വിവേകാനാന്ദന്റെ ശിഷ്യനായ രാമകൃഷ്ണനാനന്ദയെ പരിചയപ്പെടുന്നത്. രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യു എന്ന അദ്ദേഹത്തിന്റെ ഉപദേശമാണ് ദേശീയപ്രസ്ഥാനവുമായി അടുക്കാൻ ചിദംബരത്തെ പ്രേരിപ്പിച്ചത്.[4]

രാഷ്ട്രീയ ജീവിതംതിരുത്തുക

1900 ത്തിന്റെ തുടക്കത്തിൽ ലാലാ ലജ്പത് റായിയുടേയും, തിലകന്റേയും നേതൃത്വത്തിൽ നടന്ന സ്വദേശി പ്രസ്ഥാനം അതിന്റെ ഉച്ഛസ്ഥായിയിൽ എത്തി നിൽക്കുന്ന സമയമായിരുന്നു. ഇതിൽ ആകൃഷ്ടനായ ചിദംബരം പിള്ള തിലകന്റെ ശിഷ്യനായി മാറി. സുബ്രഹ്മണ്യം ശിവയുടേയും, സുബ്രഹ്മണ്യ ഭാരതിയുടേയും സഹായത്തോടെ, സ്വദേശി പ്രസ്ഥാനം ദക്ഷിണഭാരതത്തിൽ നയിച്ചത് ചിദംബരം പിള്ളയായിരുന്നു. ബംഗാൾ വിഭജനത്തിനു തൊട്ടു പിന്നാലെയാണ് ചിദംബരം പിള്ള കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്.

കോറൽ മിൽ സമരംതിരുത്തുക

1900 ന്റെ തുടക്കത്തിൽ തുണി മിൽ തൊഴിലാളികൾക്ക് ഉടമകൾ തുച്ഛമായ വേതനമാണ് നൽകിയിരുന്നത്. 1908 ഫെബ്രുവരി 23 ന് കോറൽ മിൽ തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് ചിദംബരം ഒരു പ്രസംഗം നടത്തുകയുണ്ടായി. നാലു ദിവസങ്ങൾക്കു ശേഷം, ചിദംബരത്തിന്റേയും, സുബ്രഹ്മണ്യ ശിവയുടേയും നേതൃത്വത്തിൽ കോറൽ മിൽ തൊഴിലാളികൾ പണി മുടക്കാരംഭിച്ചു.[5] ആനുപാതികമായ ശമ്പള വർദ്ധനവ്, ആഴ്ചാവസാനം അവധി, മറ്റാനുകൂല്യങ്ങൾ എന്നിവയായിരുന്നു സമരാനുകൂലികളുടെ പ്രധാന ആവശ്യങ്ങൾ.

ചിദംബരത്തിന്റെ സംഘാടന, പ്രവർത്തന മികവുകൊണ്ട് സമരം പെട്ടെന്നു ജനശ്രദ്ധ പിടിച്ചു പറ്റി. മാർച്ച് ആറിന് ഉടമകൾ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചുവെന്ന് നേതാക്കളെ അറിയിച്ചു. തൊഴിലാളികളുടെ ജോലി സമയം കുറച്ചു, വേതനം വർദ്ധിപ്പിച്ചു, അവധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിച്ചുകൊടുത്തു. ഈ ഒരു വിജയത്തോടെ, മറ്റു യൂറോപ്യൻ കമ്പനികളിലെ തൊഴിലാളികളും സമര മാർഗ്ഗങ്ങളുമായി മുന്നിട്ടിറങ്ങി. ചിദംബരവും, സുബ്രഹ്മണ്യ ശിവയും കാണിച്ച ധൈര്യത്തേയും, സംഘടനാ പാടവത്തെയും അഭിനന്ദിച്ചുകൊണ്ട് അരൊബിന്ദോ തന്റെ ദിനപത്രമായ വന്ദേ മാതരത്തിൽ എഴുതുകയുണ്ടായി.[6]

സംഘാടകൻതിരുത്തുക

സ്വദേശി പ്രചാർ സഭ, ധർമ്മ സംഘ നേസാവൂ സാലൈ, മദ്രാസ് അഗ്രോ ഇൻ‍ഡസ്ട്രിയൽ സൊസൈറ്റി തുടങ്ങിയ കെട്ടിപ്പടുത്തത് ചിദംബരം പിള്ളയുടെ നേതൃത്വത്തിലാണ്. ജല ഗതാഗത സേവനത്തിൽ ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം നാവിഗേഷൻ കമ്പനിക്കായിരുന്നു കുത്തക. ഇവരുടെ കുത്തക തകർക്കാനായിരുന്നു ചിദംബരം പിള്ള അതേ മാതൃകയിൽ തദ്ദേശീയമായി ഒരു കമ്പനി രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചത്.[7] 1906 ൽ തുടങ്ങിയ ഈ കമ്പനിയുടെ പ്രവർത്തന മൂലധനം പത്തു ലക്ഷം ഇന്ത്യൻ രൂപയായിരുന്നു. 25 രൂപ മുഖവിലയുള്ള 40,000 ഓഹരികളായിരുന്നു കമ്പനിക്കുണ്ടായിരുന്നത്. തുടക്കത്തിൽ കമ്പനിക്ക് കപ്പലുകളൊന്നും തന്നെ സ്വന്തമായുണ്ടായിരുന്നില്ല.[8] മറ്റൊരു ഷിപ്പിംങ് കമ്പനിയിൽ നിന്നും വാടകക്കെടുത്ത് സേവനം നൽകുകയായിരുന്നു ചെയ്തിരുന്നത്. കമ്പനിക്കു വേണ്ടി മൂലധനം സ്വരൂപിക്കാൻ വേണ്ടി, ചിദംബരം പിള്ള ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു ഓഹരിയുടമകളെ കണ്ടെത്തി. അവസാനം എസ്.എസ്.ഗാലിയ എന്ന പേരുള്ള ഒരു കപ്പൽ കമ്പനി സ്വന്തമാക്കി. അധികം വൈകാതെ ഫ്രാൻസിൽ നിന്നും എസ്.എസ്. ലാവോ എന്നൊരു കപ്പൽ കൂടി കമ്പനി സ്വന്തമാക്കി.

സ്വദേശി കമ്പനിയെ വിപണിയിൽ നിന്നും പുറത്താക്കാൻ ബ്രിട്ടീഷ് ഇന്ത്യാ സ്റ്റീം നാവിഗേഷൻ കമ്പനി യാത്രാക്കൂലി ഒരു രൂപയായി കുറച്ചു, സ്വദേശി കമ്പനി തങ്ങളുടെ യാത്രാക്കൂലി ഒരു യാത്രക്കാരനിൽ നിന്നും അര രൂപയാക്കി കുറച്ചുകൊണ്ടാണ് തിരിച്ചടിച്ചത്. ബ്രിട്ടീഷ് ഇന്ത്യാ സ്റ്റീം നാവിഗേഷൻ കമ്പനി സ്വദേശി കമ്പനിയെ വിലക്കു വാങ്ങാനുള്ള ശ്രമം നടത്തിയെങ്കിലും, ചിദംബരം പിള്ള ആ വാഗ്ദാനം തള്ളിക്കളയുകയായിരുന്നു.

അവലംബംതിരുത്തുക

  1. "വി.ഒ.ചിദംബരംപിള്ള". തൂത്തുക്കുടി ജില്ല. ശേഖരിച്ചത് 2014-11-26.
  2. "റീനേമിങ് ഓഫ് ട്യൂട്ടികോറിൻ പോർട്ട് ട്രസ്സ്റ്റ് അസ് വി.ഒ.ചിദംബരം പോർട്ട് ട്രസ്റ്റ്". പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ - ഭാരത സർക്കാർ. ശേഖരിച്ചത് 2014-11-26.
  3. എസ്സ്., ദൊരൈരാജ് (2001-09-22). "ഡ്വയൻ ഓഫ് സ്വദേശി ഷിപ്പിങ്". ദ ഹിന്ദു. ശേഖരിച്ചത് 2014-11-26.
  4. "വെൻ സ്റ്റാൾവാർട്ട്സ് വിസിറ്റഡ് വിവേകാനന്ദ ഹൗസ്". ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്. 2012-08-27. ശേഖരിച്ചത് 2014-11-26.
  5. എസ്സ്, ഗണേഷ് റാം. ഹിസ്റ്ററി ഓഫ് പ്യൂപ്പിൾ ആന്റ് ദെയർ എൻവിറോൺസ്. pp. 470–471. Unknown parameter |coauthors= ignored (|author= suggested) (help)
  6. "വെൻ ഗാന്ധി വിസിറ്റഡ് മദ്രാസ്". ദ ഹിന്ദു. 2003-01-26. ശേഖരിച്ചത് 2014-11-27.
  7. "വി.ഒ.സി ഡിസന്റന്റസ് ഫൗണ്ട് ഇൻ ഡയർ സ്ട്രയിറ്റ്സ്". ദ ടൈംസ് ഓഫ് ഇന്ത്യ. 2011-12-25. ശേഖരിച്ചത് 2014-11-27.
  8. "സ്വദേശി ഷിപ്പ് ഓൺ ദ ബ്ലൂ വാട്ടർ ഓഫ് ട്യൂട്ടികോറിൻ". ദ ഹിന്ദു. 2012-02-20. ശേഖരിച്ചത് 2014-11-27.
"https://ml.wikipedia.org/w/index.php?title=വി.ഒ._ചിദംബരം_പിള്ള&oldid=3419672" എന്ന താളിൽനിന്ന് ശേഖരിച്ചത്