വിൻസ്റ്റൺ ചർച്ചിൽ (എഴുത്തുകാരൻ)

വിൻസ്റ്റൺ ചർച്ചിൽ ഇരുപതാം നൂറ്റാണ്ടിലെ വിപണിയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞിരുന്ന പുസ്‌തകങ്ങളുടെ രചയിതാവായ അമേരിക്കക്കാരനായ സാഹിത്യകാരനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലം  1871 നവംബർ 10 മുതൽ 1947 മാർച്ച് 12 വരെയായിരുന്നു. ഈ കാലഘട്ടത്തിൽ, ഒരു എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം തന്റെ അതേ പേരിലുള്ള ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനായ വിൻസ്റ്റൺ എസ്. ചർച്ചിലിന്റെ നിഴലിൽപ്പെട്ടുപോയിരിക്കുന്നു. അവർ തമ്മിൽ വളരെയധികം സമാനതകളുണ്ടായിരുന്നുവെങ്കിലും മറ്റു ബന്ധങ്ങളൊന്നും തന്നെയില്ല.

വിൻസ്റ്റൺ ചർച്ചിൽ
Portrait of Winston Churchill, by Haeseler, 1908
Portrait of Winston Churchill, by Haeseler, 1908
ജനനം(1871-11-10)നവംബർ 10, 1871
St. Louis, Missouri
മരണംമാർച്ച് 12, 1947(1947-03-12) (പ്രായം 75)
Winter Park, Florida
തൊഴിൽNovelist, Writer
ദേശീയതAmerican

ജീവിതരേഖ

തിരുത്തുക

വിൻസ്റ്റൺ ചർച്ചിൽ ജനിച്ചത് മിസൌറിയിലെ സെൻറ് ലൂയിസിൽ എഡ്വാർഡ് സ്പാൽഡിംഗ് ചർച്ചിലിൻറെയും എമ്മ ബെൽ ബ്ലെയിനിൻറെയും പുത്രനായിട്ടാണ്. അദ്ദേഹം വിദ്യാഭ്യാസം ചെയ്തത് മിസൌറിയിലെ സ്മിത്ത് അക്കാദമിയിലും തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ അക്കാദമിയിലുമായിരുന്നു. അവിടെനിന്ന് 1894 ൽ ബിരുദം സമ്പാദിച്ചു. നാവിക അക്കാദമിയിൽ വച്ച്  പലവിധ സ്കോളർഷിപ്പുകൾക്ക് അർഹനാവുകയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലു മറ്റും ചേർന്നു പ്രവർത്തിക്കുകയും ചെയ്തിരുന്നു.  ബിരുദം സമ്പാദിച്ചതിനുശേഷം അദ്ദേഹം ആർമി ആൻറ് നേവി ജേർണിലിൻറെ എഡിറ്ററായി സേവനമനുഷ്ടിച്ചിരുന്നു. സാഹിത്യരചനയിലേയ്ക്കു തിരിയുന്നതിനായി അദ്ദേഹം നേവിയിൽനിന്നു രാജിവച്ചു. 1895 ൽ കോസ്മോപോളിറ്റണ് മാഗസിൻറെ മാനേജിംഗ് എഡിറ്ററായി നിയമിതനയെങ്കിലും ഒരു വർഷത്തിനുള്ളിൽ അവിടെനിന്നു വിരമിക്കുകയും എഴുതുവാൻ കൂടുതൽ സമയം കണ്ടെത്തുകയും ചെയ്തു. അക്കാലത്ത് ഒരു വിജയംവരിച്ച നോവലിസ്റ്റായി പേരെടുത്തു വരുകയായിരുന്നു. കവിയെന്ന നിലയിലും ലേഖനകർത്താവ് എന്ന നിലയിലും പേരെടുത്തിരുന്നു.

പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിൻറെ ആദ്യനോവൽ 1898 ൽ രചിച്ച “The Celebrity” ആയിരുന്നു. എന്നിരുന്നാലം “ Mr. Keegan's Elopement” എന്ന നോവൽ 1896 ൽ ഒരു മാഗസിനിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്നു. ഇത് 1903 ൽ പുസ്തകരൂപത്തിൽ പുനപ്രസിദ്ധീകരിക്കപ്പെട്ടു. ചർച്ചിലിൻറെ അടുത്ത നോവൽ 1899 ൽ പുറത്തിറങ്ങിയ “Richard Carvel” തുടർച്ചയായ വിജയമായിരുന്നു. ഈ നോവലിൻറെ രണ്ട് ദശലക്ഷം കോപ്പികൾ വിറ്റഴിക്കപ്പെടുകയും അദ്ദേഹം ധനാഢ്യനായി മാറുകയും ചെയ്തു. പിന്നീടു പ്രസിദ്ധീകരിക്കപ്പെട്ട “The Crisis” (1901)  “The Crossing” (1904) എന്നീ നോവലുകളും വിജയങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.

ചർച്ചിലിന്റെ ആദ്യകാല നോവലുകൾ ചരിത്രപരമായിരുന്നെങ്കിലും പിന്നീടുവന്ന രചനകൾ സമകാലിക അമേരിക്കയെ സംബന്ധിച്ചുള്ളതായിരുന്നു. തന്റെ രാഷ്ടീയ ആശയങ്ങൾ നോവലുകളിൽ സന്നിവേശിപ്പിക്കാൻ അദ്ദേഹം എല്ലായ്പ്പോഴും ശ്രദ്ധിച്ചിരുന്നു.

1898ൽ ചാൾസ് പ്ലാറ്റ് എന്നയാൾ രൂപകൽപ്പനചെയ്ത ഒരു ഭവനം ന്യൂ ഹാംപ്ഷെയറിലെ കോർനിഷിൽ ചർച്ചിലിനായി നിർമ്മിക്കപ്പെട്ടിരുന്നു. 1899 ൽ ചർച്ചിൽ അവിടേയ്ക്കു താമസം മാറ്റുകയും ഭവനത്തിന് “Harlakenden House” എന്നു നാമകരണം ചെയ്യുകയും ചെയ്തു. അദ്ദേഹം കോർണിഷ് ആർട്ട് കോളനിയുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുകയും സാവധാനം രാഷ്ട്രീയത്തിലേയ്ക്കു കാൽ കുത്തുകയും ചെയ്തു. 1903 ലും 1905 ലും അദ്ദേഹം സംസ്ഥാന നിയമസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1906 ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധിയായി ന്യൂഹാംപ്ഷെയർ ഗവർണ്ണർ സ്ഥാനത്തേയ്ക്കു് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നുവെങ്കിലും അത് നിഷ്ഫലമായിത്തീർന്നിരുന്നു. 1912 ൽ പ്രോഗ്രസീവി പാർട്ടി സ്ഥാനാർത്ഥിയായി ഗവർണർ സ്ഥാനത്തേയ്ക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും അതിൽപ്പിന്നെ പൊതുസേവനത്തിൽ താല്പര്യം കുറയുകയും ചെയ്തു. 1917 ൽ ഒന്നാം ലോകമഹായുദ്ധം നടന്ന പോർക്കളങ്ങൾ സന്ദർശിക്കുകയും അവിടെക്കണ്ട കാര്യങ്ങളെക്കുറിച്ചെഴുതുകയും ചെയ്തു. ഫിക്ഷനിൽപ്പെടാത്ത ആദ്യ രചനയായിരുന്നു അത്.

കുറച്ചു കാലങ്ങൾക്കുശേഷം അദ്ദേഹം ജലഛായാ ചിത്രങ്ങളിൽ തൽപ്പരനാകുകയും ചുറ്റുപാടുമുള്ള പ്രകൃതി ദൃശ്യങ്ങൾ കാൻവാസിലേയ്ക്കു പകർത്തുകയും ചെയ്തു. ന്യൂ ഹാംപ്ഷെയറിലെ ഹാനോവറിലുള്ള “ഹുഡ് മ്യൂസിയം ഓഫ് ആർട്ട്” (ഹോപ്കിൻസ് സെൻറർ ഫോർ ദ ആർട്ട്സ് – ഡെർമൌത്ത് കോളജ് - ‍ൻറെ ഭാഗം), ന്യൂ ഹാംപ്ഷെയറിലെ കോർണിഷിലുള്ള സെൻറ്-ഗ്വാഡൻസ് നാഷണൽ ഹിസ്റ്റോറിക് സൈറ്റിലുമുള്ള ചിത്രശേഖരങ്ങളിൽ അദ്ദേഹത്തിൻറെ ഏതാനും രചനകളും ഉൾപ്പെട്ടിരിക്കുന്നു.  

1919 ൽ ചർച്ചിൽ എഴുത്തു നിർത്തുവാനും പൊതുജീവിതത്തിൽനന്ന് അകന്നു നിൽക്കുവാനും തീരുമാനിച്ചു. തൽഫലമായി അദ്ദേഹം പൊതുജനങ്ങളുടെ മനസ്സിൽനിന്നു ക്രമേണ മറഞ്ഞുപോയി. 1940 ൽ “The Uncharted Way” എന്ന പേരിൽ 22 വർഷങ്ങൾക്കുശേഷമുള്ള അദ്ദേഹത്തിൻ പുസ്തകം പുറത്തുവന്നു. പുസ്തകം ചർ‌ച്ചിലിന്റെ മതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വെളിവാക്കുന്നതായിരുന്നു. പുസ്തകത്തിന്റെ പ്രചാരത്തിൽ അദ്ദേഹം അധികം താൽപര്യ കാണിച്ചില്ല, അതുപോലെ പുസ്തകം വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയതുമില്ല. വിൻസ്റ്റൺ ചർച്ചിൽ 1947 ൽ ഫ്ലോറിഡയിലെ വിന്റർ പാർക്കിൽവച്ച് ഹൃദയസ്തംഭനത്താൽ അന്തരിച്ചു. 1945 ൽ അദ്ദേഹത്തിൻറെ പത്നി മാബെൽ ഹർലകെൻഡൻ ഹാൾ മരണപ്പെട്ടിരുന്നു. ക്രെയ്ഗ്റ്റൺ ചർച്ചിൽ എന്ന പുത്രനുൾപ്പെടെ മൂന്നു മക്കളായിരുന്നു അവർക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ തലമുറയിലെ ചെറുമകാനായിരുന്നു ന്യൂയോർക്കിലെ അൽബാനിയിലുള്ള പ്രശസ്ത പത്രപ്രവർത്തകനായ ക്രിസ് ചർച്ചിൽ.  

 
Churchill at his home, Windsor, Vermont

ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞൻ

തിരുത്തുക

ചർച്ചിൽ, ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ചർച്ചിലുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹവുമായി പലപ്പോഴും ആശയവിനിമയം ചെയ്യുകയുമുണ്ടായി. യഥാർത്ഥത്തിൽ ഈ അമേരിക്കൻ ചർച്ചിലാണ് തൻരെ ബ്രിട്ടീഷ് പതിപ്പിനേക്കാൾ മുമ്പ് പ്രസിദ്ധനായിരുന്നത്. 1890കളിൽ അമേരിക്കൻ ചർച്ചിൽ ബ്രിട്ടീഷ് ചർച്ചിലിനേക്കാൾ പ്രസിദ്ധനായിരുന്നു. അമേരിക്കൻ ചർച്ചിലിന്റെ പുസ്തകങ്ങളെക്കുറിച്ച് അറിയാനിടവന്ന ബ്രിട്ടീഷ് ചർച്ചിൽ, രണ്ടു ഗ്രന്ഥകാരന്മാരുടെയും പുസ്തകങ്ങൾ തിരിച്ചറിയുന്നതിന് സഹായകമാകുന്നതിനായി തന്റെ പുസ്തകങ്ങളിൽ ഇനിമുതൽ തന്റെ കുടുംബപ്പേരും നടുവിലത്തെ പേരുമായ “സ്പെൻസർ”എന്നുകൂടി പുസ്കകങ്ങളിൽ ചേർക്കുന്നതാണെന്ന് അമേരിക്കൻ ചർച്ചിലിനെഴുതിയിരുന്നു. ഈ അഭിരപ്രായം പരസ്പരം സ്വീകരിക്കപ്പെടുകയും ബ്രിട്ടീഷ് ചർച്ചിലിന്റെ ഗ്രന്ഥങ്ങളിൽ “വിൻസ്ററ്ൺ എസ്. ചർച്ചിൽ” എന്ന തൂലികാനാമം അംഗീകരിക്കപ്പെടുകയും ചെയ്തു.

അവരുടെ ജീവിതങ്ങൾ തമ്മിൽ ചില രസകരമായ സമാനതകൾ ഉണ്ടായിരുന്നുവെന്നുള്ളതാണ് സത്യം. രണ്ടുപേരും സർവ്വീസ് കോളജുകളിൽ വിദ്യാഭ്യാസം ചെയ്യുകയും കുറച്ചുകാലം സായുധ സേനകളിൽ ഉദ്യോഗസ്ഥന്മാരുമായിരുന്നു. ഏതാണ്ട് ഒരേ കാലഘട്ടത്തിൽത്തന്നെ ഇവരിലൊരാൾ നാവികസേനയിലും മറ്റെയാൾ കരസേനയിലുമായി സേവനമനുഷ്ടിച്ചിരുന്നു. രണ്ടുപേരും ജന്മവാസനയുള്ള ചിത്രകാരന്മാരും അതേപോലെ എഴുത്തുകാരുമായിരുന്നു. രണ്ടുപേരും രാഷ്ടീയത്തിൽ പ്രവർത്തിച്ചിരുന്നു. ബ്രീട്ടീഷ് ചർച്ചിൽ രാഷ്ടീയത്തിൽ പുകൾപെറ്റയാളായിരുന്നുവെന്ന വ്യത്യാസമുണ്ട്.

പുസ്തകങ്ങൾ

തിരുത്തുക

നോവലുകൾ

തിരുത്തുക

മറ്റു രചനകൾ

തിരുത്തുക
  • Richard Carvel; Play produced on Broadway, (1900–1901)
  • The Crisis; Play produced on Broadway, (1902)
  • The Crossing; Play produced on Broadway, (1906)
  • The Title Mart; Play produced on Broadway, (1906)
  • A Traveller In War-Time (1918)
  • Dr. Jonathan; A play in three acts (1919)
  • The Uncharted Way (1940)

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Charles Child Walcutt, The Romantic Compromise in the Novels of Winston Churchill (1951)
  • Warren Irving Titus, Winston Churchill (1963)
  • Ernest Erwin Leisy, The American Historical Novel (1950)
  • Grant C. Knight, The Strenuous Age in American Literature (1954)
  • Joseph L. Blotner, The Political Novel (1955)
  • Robert W. Schneider, Novelist to a Generation: The Life and Thought of Winston Churchill (1976)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക