വിക്കിപീഡിയ:പത്താം വാർഷികം/കണ്ണൂർ/പത്രക്കുറിപ്പ്
വിക്കിപീഡിയ പത്താം വാർഷികാഘോഷ പരിപാടികൾ കണ്ണൂരിൽ - പത്രക്കുറിപ്പ്
തിരുത്തുകഎല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം നിർമ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണ് വിക്കിപീഡിയ. ലോകത്താകമാനമുള്ള എല്ലാ വിജ്ഞാനവും ഏതൊരു മനുഷ്യനും സ്വതന്ത്രമായി അനുഭവിക്കാൻ സാധിക്കുന്ന ഒരു ലോകം സ്വപ്നം കാണുകയും അതു വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കീഴിലാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്. 2001 ജനുവരി 15-നു് ജിമ്മി വെയിൽസും, ലാറി സാങ്ങറും ചേർന്നാണ് വിക്കിപീഡിയ സ്ഥാപിച്ചത്. അന്ന് ഇംഗ്ലീഷ് ഭാഷയിലായിരുന്നു വിക്കിപീഡിയ സ്ഥാപിച്ചത്. തുടർന്ന് 2002 ഡിസംബർ 21-നു് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായ തിരുവനന്തപുരം സ്വദേശി വിനോദ് എം.പി യാണ് മലയാളം വിക്കിപീഡിയ ആരംഭിച്ചത്.
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയ അതിന്റെ വിജയകരമായ പത്തു വർഷങ്ങൾ 2011 ജനുവരി 15-നു് പൂർത്തിയാക്കുകയാണ്. ലോകമെമ്പാടും അതിന്റെ ഭാഗമായി ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 2011 ജനുവരി 15-നു് കണ്ണൂരിലും വിക്കിപീഡിയയുടെ പത്താം വാർഷികവും മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികാഘോഷവും സംഘടിപ്പിക്കുന്നു. കണ്ണൂർ കാൽടെക്സിലുള്ള ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിപാടികൾ.
ചടങ്ങ് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യപ്രവർത്തകനുമായ ഡോ: ബി. ഇക്ബാൽ ഉദ്ഘാടനം ചെയ്യും. ഭാഷാ കമ്പ്യൂട്ടിങ്ങ് ഗവേഷകനും, മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജ് അദ്ധ്യാപകനുമായ ഡോ: മഹേഷ് മംഗലാട്ട് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ വിക്കിപീഡിയയുടെ വാർഷികാഘോഷ പരിപാടികൾ, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ എന്നിവയെ പരിചയപ്പെടുത്തൽ, മലയാളം വിക്കിയിൽ എങ്ങനെ ലേഖനങ്ങൾ എഴുതാം എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും.
മലയാളം വിക്കി സമൂഹം, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, പഠന കേന്ദ്രം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മറ്റി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയിൽ മലയാളം വിക്കി സംരഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം. ആഘോഷപരിപാടികളിൽ പേർ രജിസ്റ്റർ ചെയ്യുന്നതിനു് 9747555818,9446296081 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ help@mlwiki.in എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയക്കുകയോ ചെയ്യുക.
ഈ പരിപാടിയിലേക്ക് എല്ലാ ഭാഷാ സ്നേഹികളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
എന്ന് മലയാളം വിക്കി പ്രവർത്തകർ
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ
പഠനകേന്ദ്രം, കേരളശാസ്ത്രസാഹിത്യ പരിഷത്ത്, കണ്ണൂർ ജില്ല