വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-08-2018
കേരളത്തിൽ മലപ്പുറം ജില്ലയിലെ ഒരു പ്രധാന ഫുട്ബോൾ സ്റ്റേഡിയമാണ് കോട്ടപ്പടി സ്റ്റേഡിയം. കേരള സർക്കാറിനു കീഴിലുള്ള റവന്യൂ വകുപ്പ് മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന് പാട്ടത്തിനു നൽകിയ 2.79 ഏക്കർ സ്ഥലത്താണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ഗാലറിയും പവിലിയനും ഉൾപ്പെടെ 10000 പേർക്ക് വരെ ഇരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ടീമുകൾക്കുള്ള ഡ്രെസിങ് റൂം, വിശ്രമ മുറി, റഫറിമാർക്കുള്ള മുറി, വി.ഐ.പി പവിലിയൻ,അതിഥികൾക്കായുള്ള രണ്ട് മുറികൾ, വൈദ്യസഹായത്തിനുള്ള സൗകര്യങ്ങൾ എന്നിവ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. മലപ്പുറം ബസ് സ്റ്റാന്റിൽ നിന്നും കോഴിക്കോട് റോഡ് വഴി സഞ്ചരിച്ചാൽ കോട്ടപ്പടി മാർക്കറ്റിനു സമീപമുള്ള കോട്ടപ്പടി സ്റ്റേഡിയത്തിൽ എത്തിച്ചേരാം. 2014 മെയ് മാസത്തിലാണ് ഈ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. അന്നത്തെ സംസ്ഥാന കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു ഉദ്ഘാടകൻ.
ഛായാഗ്രഹണം: ശബരീഷ്