വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-05-2018
മരതകത്തുമ്പി കുടുംബത്തിൽ അംഗമായ ഒരിനം സൂചിത്തുമ്പിയാണ് ചെറിയ തണൽതുമ്പി (ഇംഗ്ലീഷ് നാമം:Clear-winged Forest Glory). ഇവയുടെ ശാസ്ത്രീയനാമം Vestalis gracilis എന്നാണ്. കുടുംബനാമമായ മരതകത്തുമ്പി എന്ന പേരിലും ഇവ അറിയപ്പെടുന്നു. കാനനവാസിയായ ഈ തുമ്പി കാട്ടിലെ നീർച്ചോലകളുള്ള പ്രദേശങ്ങളിലും കാടിനോട് ചേർന്ന നാട്ടിൻപുറങ്ങളിലെ ശുദ്ധജലനീരൊഴുക്കിന്റെ കരകളിലുമായി കണ്ടുവരുന്നു. ഇവ ചെറുസംഘങ്ങളായിട്ടാണ് പൊന്തകളിൽ കണ്ടുവരുന്നത്. ചിലപ്പോൾ ഇവയും ചുട്ടിച്ചിറകൻ തണൽത്തുമ്പിയും ഒരേ കൂട്ടമായി കാണാറുണ്ട്. ഒഴുകുന്ന കാട്ടരുവികളിൽ ഇവ മുട്ടയിടുന്നു. ചെറിയ തണൽത്തുമ്പിയുടെ കണ്ണുകൾ ഇരുണ്ട തവിട്ടും തിളങ്ങുന്ന പച്ചനിറവും ചേർന്നതാണ്. ശരീരത്തിനു മരതകപ്പച്ചനിറമാണ്. വെയിലേൽക്കുമ്പോൾ ഇവ വെട്ടിത്തിളങ്ങുന്നത് കാണാൻ ഭംഗിയാണ്. സൂതാര്യമായ ചിറകുകൾക്ക് നേർത്ത ഇരുളിമയുണ്ട്. പെൺതുമ്പിയുടെ നിറം ആൺതുമ്പിയെ അപേക്ഷിച്ച് കുറച്ച് മങ്ങിയതാണ്.
ഛായാഗ്രഹണം: വിനീത്