വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-04-2009
ആഘോഷങ്ങൾക്കായി രൂപകല്പന ചെയ്തിട്ടുള്ള പ്രത്യേകതരം വള്ളമാണ് ചുണ്ടൻ വള്ളം. കേരളത്തിന്റെ പ്രധാന സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ് ചുണ്ടൻ വള്ളം. വള്ളംകളിക്ക് ഉപയോഗിക്കുന്ന പ്രധാന വള്ളമാണ് ചുണ്ടൻ വള്ളം. തടികൊണ്ടുള്ള വള്ളങ്ങൾ നിർമ്മിക്കുന്നതിനുള്ള ആധികാരിക പുരാണ ഗ്രന്ഥമായ സ്തപ് ആത്യ വേദത്തിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ചാണ് ചുണ്ടൻ വള്ളങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ചുണ്ടൻ വള്ളങ്ങൾക്ക് 100 മുതൽ 158 അടിവരെ നീളം കാണും. വള്ളത്തിന്റെ പിൻഭാഗം ജലനിരപ്പിൽ നിന്ന് 20 അടി ഉയരത്തിലായിരിക്കും. മുൻഭാഗം നീളത്തിൽ കൂർത്ത് ഇരിക്കുന്നു. ചുണ്ടൻ വള്ളത്തിന്റെ രൂപം പത്തിവിടർത്തിയ ഒരു പാമ്പിനെ അനുസ്മരിപ്പിക്കുന്നു. വള്ളത്തിന്റെ പള്ള നിർമ്മിക്കുന്നത് 83 അടി നീളവും 6 ഇഞ്ച് വീതിയുമുള്ള തടിക്കഷണങ്ങൾ കൊണ്ടാണ്. പരമ്പരാഗതമായി ഒരു നമ്പൂതിരിയാണ് ചുണ്ടൻ വള്ളത്തിന്റെ അമരക്കാരൻ. അമരക്കാരന്റെ കീഴിൽ നാല് പ്രധാന തുഴക്കാർ കാണും. ഇവർ നാലു വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. 12 അടി നീളമുള്ള തുഴക്കോൽ കൊണ്ട് ഇവരാണ് വള്ളത്തിന്റെ ഗതി നിയന്ത്രിക്കുക. ഇവർക്കു പിന്നിലായി ഒരു വരിയിൽ രണ്ടുപേര് എന്നവണ്ണം 64 തുഴക്കാർ ഇരിക്കുന്നു. 64 കലകളെയാണ് ഇവർ പ്രതിനിധാനം ചെയ്യുന്നത്. ചിലപ്പോൾ 128 തുഴക്കാർ കാണും. അവർ വഞ്ചിപ്പാട്ടിനൊത്ത് താളത്തിൽ തുഴയുന്നു. സാധാരണയായി 25 പാട്ടുകാർ കാണും.
“തുഴക്കാർ തുഴഞ്ഞുകൊണ്ട് പോകുന്ന ഒരു ചുണ്ടൻ വള്ളമാണ് ചിത്രത്തിൽ”
ഛായാഗ്രഹണം: ചള്ളിയാൻ