വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-04-2009
ഏകദേശം അഞ്ചു മീറ്റർ വരെ നീളമുള്ള വള്ളിച്ചെടിയാണ് പാവൽ അല്ലെങ്കിൽ കൈപ്പ. ഇതിൻറെ ഫലം പാവയ്ക്ക, കൈപ്പക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ചെടിയുടെ തണ്ടിൻറെ ഇരുവശത്തുമായി കൈപ്പത്തിയുടെ രൂപത്തിലുള്ള ഇലകളുണ്ടാകുന്നു. ആൺ പൂവും പെൺ പൂവും വെവ്വേറെ കാണുന്നു. പൂക്കൾക്ക് മഞ്ഞനിറവും, കായ്കളുടെ ഉപരിതലം മുള്ളുകൾ പോലെയുള്ളതുമാണ്. ഈ ഭാഗമാണ് ഭക്ഷിക്കുവാൻ ഉപയോഗിക്കുന്നത്. കായ്കളുടെ ഉൾഭാഗം പഞ്ഞി പോലെ കാണപ്പെടുന്നു. ഇതിനുള്ളിലാണ് പരന്ന വിത്തുകൾ കാണപ്പെടുന്നത്. പഴുത്ത ഫലത്തിനുള്ളിലെ നിറം ചുവപ്പായിരിക്കും. കാരവല്ലം എന്നറിയപ്പെടുന്ന കയ്പ്പയ്ക്കയ്ക്ക് വെള്ളരിക്കയുടെ ആകൃതിയും, കുറഞ്ഞ കയ്പുമാണുള്ളത്. കാരവല്ലി എന്നറിയപ്പെടുന്നതിന് കൂടുതൽ കയ്പ്പും, രൂപം ഉരുണ്ടോ അണ്ഡാകൃതിയോ ആയിരിക്കും. കാരവല്ലിയെ കാട്ടുപാവൽ എന്നും വിശേഷിപ്പിക്കുന്നു.
ഒരു പാവൽ ആണ് ചിത്രത്തിൽ
ഛായാഗ്രഹണം: ചള്ളിയാൻ