അഭിനവബാണൻ

(വാമനബാണഭട്ടൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണേന്ത്യൻ സംസ്കൃതകവിയായിരുന്ന അഭിനവബാണൻ. എ.ഡി. 15-ആം ശതകത്തിന്റെ ആദ്യപാദത്തിൽ (1403-20) ത്രിലിംഗരാജ്യം (ഇപ്പോഴത്തെ ആന്ധ്രപ്രദേശ് സംസ്ഥാനത്തിൽപ്പെട്ട ഒരു പ്രദേശം) വാണിരുന്ന റെഡ്ഡി വംശത്തിലെ വേമൻ എന്ന രാജാവിന്റെ സദസ്യനായിരുന്നു ഇദ്ദേഹം (വേമന് വീരനാരായണൻ എന്നും പേരുണ്ടായിരുന്നു. പണ്ഡിതനായിരുന്ന ഇദ്ദേഹം ശൃംഗാരദീപിക, സംഗീതചിന്താമണി എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളതായി അറിവുണ്ട്). അഭിനവബാണന്റെ യഥാർഥനാമം വാമനൻ എന്നായിരുന്നു. പ്രസിദ്ധഗദ്യകാവ്യരചയിതാവായ ബാണഭട്ടനെ അനുകരിച്ച് വേമഭൂപാലചരിതം എന്ന ഗദ്യകാവ്യം എഴുതിയതുകൊണ്ട് വാമനബാണഭട്ടൻ എന്നും ഇദ്ദേഹത്തെ വിളിക്കാറുണ്ട്. ഇതുകൊണ്ടു തന്നെയാണ് അഭിനവബാണൻ എന്ന പേരും വാമനകവിക്കു ലഭിച്ചത്.

അഭിനവബാണന്റെ മുഖ്യകൃതികൾ നളാഭ്യുദയം, പാർവതീപരിണയം, ശൃംഗാരഭൂഷണം, വേമഭൂപാലചരിതം എന്നിവയാണ്. എട്ടു സർഗങ്ങളുള്ള ഒരു മഹാകാവ്യമാണ് നളാഭ്യുദയം. അക്ലീഷ്ടരമണീയമായ ശൈലികൊണ്ടു മധുരമാണ് ഈ കൃതി. കഥ, മഹാഭാരതപ്രസിദ്ധമായ നളന്റേതുതന്നെ. പാർവതീപരിണയം ഒരു രൂപകമാണ്. കാളിദാസന്റെ കുമാരസംഭവം മഹാകാവ്യമാണ് ഈ നാടകത്തിന്റെ അടിസ്ഥാനം. നാടകം എന്ന നിലയിൽ ഇത് മെച്ചപ്പെട്ടതല്ല. കാദംബരീകാരനായ ബാണഭട്ടന്റേതാണ് ഇതെന്ന് വളരെക്കാലം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ശൃംഗാരഭൂഷണം എന്ന കൃതി, ശൃംഗാരരസം കണക്കിലധികം നിവേശിപ്പിച്ചിട്ടുള്ള ഒരു ചെറിയ ഭാണം (ദശരൂപകങ്ങളിൽ ഒന്ന്) ആണ്.

വേമഭൂപാലചരിതം ബാണഭട്ടന്റെ ഹർഷചരിതത്തെ അനുകരിച്ച് വാമനൻ എഴുതിയ ഒരു ഗദ്യകാവ്യമാണ്. താൻ ആശ്രയിച്ച രാജാവിന്റെ പ്രശസ്തിയെ ശാശ്വതീകരിക്കുകയായിരുന്നു ഇതിൽ ഗ്രന്ഥകാരന്റെ ലക്ഷ്യം.

(ബാണനൊഴിച്ച് മറ്റുള്ള കവികൾ ഗദ്യമെഴുതുന്നതിന് കഴിവില്ലാത്തവരാണ് എന്നൊരു അപകീർത്തി ലോകത്തിൽ ഉണ്ടായിരിക്കുന്നു. വത്സകുലജാതനായ വാമനൻ ഇപ്പോൾ അതു തുടച്ചുനീക്കുവാൻ പോകയാണ്) എന്നിങ്ങനെ ഒരു വീരവാദത്തോടുകൂടി ഇദ്ദേഹം വേമഭൂപാലചരിതം ആരംഭിച്ചു. പക്ഷേ, ബാണഭട്ടനെ അനുകരിക്കുന്നതിൽ വാമനനു പ്രതീക്ഷിച്ചത്ര വിജയമുണ്ടായില്ല. എങ്കിലും അപ്രകാരം ഒരു ധീരോദ്യമം നടത്തിയതിന് വാമനബാണൻ, അഭിനവബാണൻ എന്നെല്ലാം ബിരുദങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭിനവബാണൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭിനവബാണൻ&oldid=2900317" എന്ന താളിൽനിന്ന് ശേഖരിച്ചത്