വാൻഡൽ ജനത

(വാണ്ടൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂറോപ്പിലെ കിഴക്കൻ ജെർമാനിക് ഗോത്രവിഭാഗങ്ങളിൽപ്പെട്ട ഒരു കൂട്ടരാണ് വാൻഡലുകൾ (ഇംഗ്ലീഷ്: Vandals). ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി കേൾക്കുന്നത് തെക്കൻ പോളണ്ടിൽനിന്നാണ്. പിൽക്കാലത്ത് അഞ്ചാം നൂറ്റാണ്ടിൽ ഇവർ സ്പെയിനിലേക്കും പിന്നീട് വടക്കൻ ആഫ്രിക്കയിലേക്കും നീങ്ങുകയും സാമ്രാജ്യങ്ങൾ സ്ഥാപിക്കുകയും ചെയ്തു.[1]

ഒന്നാം നൂറ്റാണ്ടിലെ ജെർമൻ ഗോത്രങ്ങളുടെ ആവാസപ്രദേശത്തിന്റെ ഭൂപടം. പച്ച നിറത്തിൽ കാണിച്ചിരിക്കുന്നത് വാണ്ടൽ പ്രദേശങ്ങളാണ്. ഈ പ്രദേശം കൂടുതലും ഇന്നത്തെ ആധുനിക പോളണ്ടായി വരും
റോമൻ സാമ്രാജ്യത്തിൽ എ.ഡി. 100-500 കാലയളവിലെ ജെർമാനിക് ഗോത്രവംശജരുടെ വ്യാപനം. വാൻഡലുകളുടെ നീക്കങ്ങൾ നീലനിറത്തിൽ കാണിച്ചിരിക്കുന്നു
നാലാം നൂറ്റാണ്ടിലെ വാൻഡൽ സ്വർണ്ണാഭരണം

വാൻഡലുകൾ അടക്കമുള്ള ജെർമാനിക് ജനവിഭാഗങ്ങളെ മുഴുവൻ ബാർബേറിയൻമാർ എന്ന പേരിലാണ് റോമാക്കാർ പരാമർശിച്ചിരുന്നത്. പടിഞ്ഞാറൻ റോമൻ സാമ്രാജ്യത്തിൻ്റെ ശിഥിലീകരണത്തിന് പ്രധാന കാരണക്കാരായാണ് വാൻഡലുകളെ കണക്കാക്കുന്നത്. എ.ഡി. 406-409 കാലഘട്ടത്തിൽ ഗോളിലും സ്പെയിനിലും വാൻഡലുകൾ നടത്തിയ ആക്രമണങ്ങൾ മൂലം റോമാക്കാർക്ക് ആ മേഖലയിലെ സ്വാധീനം നഷ്ടമാകുകയും മറ്റു ജെർമാനിക് വംശജർക്ക് മുന്നേറാൻ അവസരമൊരുങ്ങുകയും ചെയ്തു. തുടർന്ന് 429-ൽ ജിബ്രാൾട്ടർ കടലിടുക്ക് കടന്ന് ആഫ്രിക്കൻ തീരത്തെത്തിയ വാൻഡലുകൾ, വടക്കൻ ആഫ്രിക്കൻ തീരം മുഴുവൻ റോമാ സാമ്രാജ്യത്തിൽ നിന്നും കീഴടക്കി. തുടർന്ന് ആഫ്രിക്കയിൽനിന്ന് റോമിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ നീക്കവും തടഞ്ഞു. അക്കാലത്ത് റോമിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ ഏറിയപങ്കും വടക്കൻ ആഫ്രിക്കയിൽ നിന്നായിരുന്നു വന്നിരുന്നത്. വടക്കേ ആഫ്രിക്കയിലെ കാർത്തേജ് കേന്ദ്രമാക്കിയ വാൻഡലുകൾ മെഡിറ്ററേനിയൻ കടലിൽ ആധിപത്യം സ്ഥാപിച്ചു.[2] മെഡിറ്ററേനിയൻ ദ്വീപുകളായ കോർസിക്ക, സിസിലി, സർഡീനിയ, മാൾട്ട, ബലിയാറിക്ക് ദ്വീപസമൂഹങ്ങൾ തുടങ്ങിയവ കൈയടക്കി. പിന്നീട് റോമിനുനേരെ ആക്രമണങ്ങൾ അഴിച്ചുവിട്ട് പടിഞ്ഞാറൻ റോമൻ സാമ്രാജ്യത്തിൻ്റെ പതനം പൂർത്തിയാക്കുകയും ചെയ്തു.[2]

ഗൈസറിക് എന്ന നേതാവിൻ്റെ കീഴിലാണ് വാൻഡലുകൾ വടക്കേ ആഫ്രിക്കയിലേക്ക് കടന്ന് പ്രദേശം മുഴുവൻ ആധിപത്യത്തിലാക്കിയത്. [2] ഗൈസറിക്കിനു ശേഷം വാൻഡലുകൾക്ക് വലിയ പുരോഗതിയുണ്ടായില്ല. ആറാം നൂറ്റാണ്ടിന്റെ മധ്യഭാഗത്തുണ്ടായ യുദ്ധത്തിൽ (എ.ഡി. 533) കിഴക്കൻ റോമാ സാമ്രാജ്യം ഈ പ്രദേശങ്ങൾ കീഴടക്കിയതോടെ ഈ വാൻഡൽ രാജ്യം നാമാവശേഷമായി.[1]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "Vandal". Encyclopædia Britannica Online. Encyclopædia Britannica, Inc. Retrieved 8 March 2014.
  2. 2.0 2.1 2.2 Gerald Simons (1972), The Birth of Europe, p 38-39
"https://ml.wikipedia.org/w/index.php?title=വാൻഡൽ_ജനത&oldid=3764742" എന്ന താളിൽനിന്ന് ശേഖരിച്ചത്