മധ്യരേഖാപ്രദേശങ്ങളിലെ 500-ലേറെ മരങ്ങളിൽ പരാഗണം നടത്തുന്നത്‌ വവ്വാലുകളാണ്‌. ഇത്തരം സസ്യങ്ങളെ പൊതുവേ Chiropterophilous ചെടികൾ എന്നു പറയുന്നു. വവ്വാലുകൾ Chiroptera എന്ന് നിരയിൽ ഉള്ള സസ്തനികൾ ആയതിനാൽ ആണ് ഇത്. രാത്രിഞ്ചരന്മാരായ വവ്വാലുകളെ ആകർഷിക്കാനായി ഇവയുടെ പൂക്കൾ പ്രത്യേകമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. മിക്കവയ്ക്കും വെളുത്ത, വലിപ്പമുള്ള പൂക്കളാവും ഉണ്ടാവുക. മദഗന്ധമുള്ള ഇവ മിക്കവാറും വവ്വാലുകൾ ഇരതേടാനിറങ്ങുന്ന സൂര്യാസ്തമയത്തിനുശേഷമാവും വിരിയുക. വവ്വാലിന്റെ മുഖം അകത്തുകടക്കാൻ പാകത്തിന്‌ പൂക്കൾക്ക്‌ ഒരു തുറന്ന പാത്രത്തിന്റെ ആകൃതിയാവും ഉണ്ടാവുക. എന്നാൽ വവ്വാലിന്റെ മീശരോമങ്ങളിൽ പൂമ്പൊടി പറ്റിപ്പിടിക്കാനാവുന്ന വിധത്തിൽ ചിലവ തുറന്നിരിക്കും. തങ്ങൾക്ക്‌ യാതൊരു ഉപയോഗവും ഇല്ലാത്ത ചില പദാർത്ഥങ്ങളും വവ്വാലുകളെ ആകർഷിക്കാനായി ചെടി ഉണ്ടാക്കുന്നു. തേനിനു പുറമേ പൂമ്പൊടിയും വവ്വാലുകൾ ഭക്ഷിക്കുന്നതിനാൽ ഇത്തരം ചെടികളിലെ പൂമ്പൊടികളിൽ വലിയ തോതിൽ മാംസ്യം അടങ്ങിയിട്ടുണ്ടാവും. കൂടാതെ വവ്വാലുകളുടെ ആരോഗ്യത്തിന്‌ അത്യാവശ്യമായ ടൈറോസിൻ എന്നും പ്രോലീൻ എന്നും പേരുള്ള രണ്ട്‌ അമിനോ ആസിഡുകളും ഈ പൂമ്പൊടിയിൽ അടങ്ങിയിരിക്കുന്നു. വാലിലെയും ചിറകിലെയും സ്തരങ്ങൾക്കു ശക്തി ലഭിക്കാൻ അത്യാവശ്യമായ പോഷകമാണ്‌ പ്രോലീൻ, അതുപോലെ പാൽ ഉൽപ്പാദനത്തിന്‌ ടൈറോസിനും ആവശ്യമാണ്‌.

തേൻ കുടിക്കുന്ന മുപ്പതോളം ഇനം വവാലുകൾക്ക്‌ അവയുടെ നീണ്ട നാവിൽ തേനീച്ചകൾക്ക്‌ ഉള്ളതുപോലെ തേൻ വലിച്ചെടുക്കാൻ ഉതകുന്ന തരത്തിൽ രോമങ്ങൾ ഉണ്ടാവും. കൂടാതെ ഇവയ്ക്ക്‌ നല്ല കാഴ്ചശക്തിയും ഘ്രാണശക്തിയും ഉണ്ട്. ദേശാടനം നടത്തുന്ന വവ്വാലുകൾ അവയുടെ യാത്രയ്ക്കിടയിൽ പലതരം ചെടികളിൽ പരാഗണം നടത്തുന്നു. ഇങ്ങനെ ദേശാടനത്തിനിടയിൽ അവ എത്തിക്കൊണ്ടിരിക്കുന്ന വഴിയിലുള്ള സസ്യങ്ങൾ വരവിന് അനുസൃതമായി പൂക്കാലം ക്രമീകരിക്കുക പോലും ചെയ്യുന്നു.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വവ്വാലുകളും_പരാഗണവും&oldid=2370929" എന്ന താളിൽനിന്ന് ശേഖരിച്ചത്