വള്ളുവള്ളി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
(വള്ളുവളളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറണാകുളം ജില്ലയിലെ കോട്ടുവള്ളി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ്‌ വള്ളുവള്ളി. പറവൂർ പട്ടണത്തിൽ നിന്നും 3 കിലോമീറ്റർ തെക്ക് മാറി ഇത് സ്ഥിതിചെയ്യുന്നു. കേരളത്തിന്റെ പുരാതന തലസ്ഥാനമായ കൊടുങ്ങല്ലൂരിന്റെ അടുത്താണ്‌ വള്ളുവള്ളി. കൊടുങ്ങല്ലൂരിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്റർ അടുത്താണ് വള്ളുവള്ളി.

പേരിനു പിന്നിൽ

തിരുത്തുക

വള്ളുവർ പള്ളിയാണ്‌ വള്ളുപള്ളിയായും പിന്നീട് വള്ളുവള്ളിയായും രൂപപ്പെട്ടത്. വള്ളുവരുടെ ക്ഷേത്രം എന്നാണ് അർത്ഥമാക്കുന്നത്. പ്രാചീനകാലത്ത് ഇവിടെ ബൗദ്ധപ്പള്ളി നിലനിന്നിരുന്നു. സംഘകാല വ്യവസ്ഥയിലെ കുറിച്ചി തിണയിലെ സ്ത്രീ എന്നാണ് വള്ളി എന്ന വാക്കിന്റെ മറ്റൊരു അർത്ഥം. എന്നാൽ സ്ഥലം നിലകൊള്ളുന്നത് വഞ്ചി തിണയായതിനാൽ പേരിനു കാരണം അതാവാൻ വഴിയില്ല എന്ന് ചിലർ അഭിപ്രായപ്പെടുന്നു.

വള്ളി എന്ന വാക്കിനു സുബ്രമണ്യൻ എന്ന പുരാണ കഥാപാത്രത്തിന്റെ ഭാര്യയുടെ നാമം എന്നും അർത്ഥമുണ്ട്.

ചരിത്രം

തിരുത്തുക

വള്ളുവള്ളിയെ പറ്റി കോകസന്ദേശകാരൻ പ്രസ്താവിച്ചിട്ടുണ്ട്. ഗ്രാമ്യ ഭംഗിയുള്ള കവിവർണ്ണന വള്ളൂവള്ളിയെപ്പറ്റി ഉണ്ട്. പറവൂർ പെരുവാരം ക്ഷേത്രത്തിലെ കുരാൽക്കണ്ണർ എന്ന ബുദ്ധഭിക്ഷുവിനെ സന്ദർശിച്ചശേഷം നേരെ തെക്കോട്ടു പോകുമ്പോൾ വഴിക്കിരുവശവും കാണുന്ന കാഴ്ചയാണ് വിവരിച്ചിരിക്കുന്നത്

ഈ പ്രദേശങ്ങളിലൂടെ ചെല്ലുന്നതാണ് വള്ളുവള്ളിയെന്നും അവിടെ ഇടപ്രഭുവായ ഒരു തമ്പുരാൻ ഉണ്ടെന്നും അദ്ദേഹം വളരെ ഉദാരമനസ്കനാണെന്നും കവി പറയുന്നു. പതിനാലാം നുറ്റാണ്ടിലാണ് ഈ രേഖപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

വള്ളുവള്ളിയിൽ നിന്ന് റോമൻ ചക്രവത്തിമാരായ ലാറ്റിയുസ് സീസർ (ക്രി.വ. 2), നീറോ (ക്രി.വ.54-68), വെസ്പേഷ്യൻ (ക്രി.വ.69-79), ഡോമീഷ്യൻ (ക്രി.വ. 91-96) ട്രാജൻ (ക്രി.വ. 98-117), ഹാഡ്രിയൻ (117-138) ആണ്ടൊനിനസ് (ക്രി.വ.138-161) അറൊളിയസ് (ക്രി.വ. 161-180) എന്നിവരുടെ കാലത്തു നിലവിലിരുന്ന സ്വർണ്ണനാണയങ്ങൾ ധാരാളം ലഭിച്ചിട്ടുണ്ട്. വള്ളൂവള്ളിയിൽ പ്രമുഖമായ വ്യാപാരകേന്ദ്രം നിലനിന്നിരുന്നു എന്ന് ഇതിൽ നിന്ന് അനുമാനിക്കാം.[1] ഇവ ഇപ്പോൾ പുരാവസ്തുവകുപ്പിന്റെ വകുപ്പിന്റെ പഠനത്തിന്റെ ഭാഗമാണ്. ഒരു വശത്ത് റോമൻ ചക്രവർത്തിവാരുടേയും രാജ്ഞിമാരുടേയും മറുവശത്ത് റോമൻ ദേവതകളുടേയും മുദ്രണം ചെയ്ത നാണയങ്ങളാണിവ. ഇത്തരം 252 ഓളം നാണയങ്ങൾ സ്ഥലവാസികളിൽ നിന്ന് കണ്ടെടുക്കുകയുണ്ടായി. ഇന്ത്യാ ഗവർണ്മെന്റിന്റെ 25 പൈസ നാണയത്തിന്റെ വലിപ്പമാണ് ഇവക്ക്.[2]

റഫറൻസുകൾ

തിരുത്തുക
  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Sashibhooshan, M.G. (1987 Jan-June). [യു.ആർ.എൽ ഇല്ല "Roman Coins from kerala (Malayalam Literary Survey, Kerala sahitya academy"]. Malayalam Literary Survey. {{cite journal}}: Check |url= value (help); Check date values in: |date= (help)



"https://ml.wikipedia.org/w/index.php?title=വള്ളുവള്ളി&oldid=4095344" എന്ന താളിൽനിന്ന് ശേഖരിച്ചത്