1998 ഏപ്രിൽ 1 വരെ വധശിക്ഷ പോളണ്ടിൽ നിലവിലുണ്ടായിരുന്നു. 1989-നു ശേഷം വധശിക്ഷ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. 1988-ലാണ് അവസാന വധശിക്ഷ നടപ്പാക്കപ്പെട്ടത്. ഇപ്പോൾ എല്ലാ കുറ്റങ്ങൾക്കും പോളണ്ടിൽ വധശിക്ഷ നിരോധിക്കപ്പെട്ടിരിക്കുകയാണ്.

ചരിത്രം

തിരുത്തുക

രണ്ടാം ലോകമഹായുദ്ധത്തിനു മുൻപുള്ള കാലം

തിരുത്തുക

1818-ലെ ആദ്യ പീനൽ കോഡനുസരിച്ച് വാളുകൊണ്ട് ശിരഛേദം ചെയ്തോ തൂക്കിക്കൊന്നോ വേണം വധശിക്ഷ നടപ്പിലാക്കുവാൻ. തൂക്കിക്കൊല്ലൽ ഹീനമായ കുറ്റങ്ങൾ ചെയ്യുന്ന പുരുഷന്മാർക്ക് മാത്രമേ നൽകപ്പെട്ടിരുന്നുള്ളൂ. 1867-ൽ റഷ്യയോട് കൂട്ടിച്ചേർക്കപ്പെടുന്നതുവരെ ഈ പീനൽ കോഡ് നിലവിലുണ്ടായിരുന്നു.

1918 സ്വാതന്ത്ര്യം വീണ്ടെടുത്ത ശേഷം പോളണ്ടിലെ നിയമം കൊലപാതകത്തിനും രാജ്യദ്രോഹത്തിനും സമാധാനകാലത്ത് വധശിക്ഷ നൽകാം എന്ന് വ്യവസ്ഥ ചെയ്തിരുന്നു. യുദ്ധസമയത്ത് മറ്റു പല കുറ്റങ്ങൾക്കും വധശിക്ഷ നൽകാമായിരുന്നു. ഉദാഹരണത്തിന് പോളണ്ടും സോവിയറ്റ് യൂണിയനും തമ്മിലുള്ള യുദ്ധസമയത്ത് എഴുത്തുകാരൻ സെർജിയസ് പിയാസെക്കി എന്നയാളെ സായുധമോഷണക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ശിക്ഷ പിന്നീട് ഇളവു ചെയ്യുകയും അദ്ദേഹം എഴുത്തുകാരനെന്ന നിലയിൽ പ്രശസ്തനാവുകയും ചെയ്തു.

1918 മുതൽ 1927 വരെ ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ച് വെടിവച്ചു കൊല്ലുക മാത്രമായിരുന്നു ശിക്ഷാരീതി. 1927-ൽ പ്രസിഡന്റിന്റെ ഉത്തരവു പ്രകാരം തൂക്കിക്കൊല്ലൽ പ്രധാന വധശിക്ഷാ രീതിയായി. ഇതിനു ശേഷം ഫയറിംഗ് സ്ക്വാഡ് സൈനികർക്കോ രാജ്യസുരക്ഷയ്ക്കെതിരായ കുറ്റം ചെയ്യുന്നവർക്കോ മാത്രമായി ചുരുക്കി. സ്റ്റെഫാൻ മാകിയെജോവ്സ്കി എന്നയാളായിരുന്നു ആരാച്ചാരുദ്യോഗം ലഭിച്ച ആദ്യ വ്യക്തി. മദ്യപാനം ആരോപിച്ച് പുറത്താക്കും വരെ സുപ്രസിദ്ധനായിരുന്നു അദ്ദേഹം. 1922 ഡിസംബർ മാസത്തിൽ പോളിഷ് പ്രസിഡന്റ് ഗബ്രിയേൽ നൗറുറ്റോവിക്സിനെ കൊന്ന കുറ്റത്തിന് വെടിവച്ചു കൊല്ലപ്പെട്ട എലീജിയൂസ് നിയെവിയാഡോംസ്കി എന്നയാളുടെ ശിക്ഷയായിരുന്നു ഇക്കാലത്തു നടന്ന എടുത്തു പറയാവുന്ന വധശിക്ഷ. ഇയാൾ ഒരു തീവ്ര വലതുപക്ഷ നിലപാടുകാരനായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനു മുൻപുള്ള കുറേ വർഷക്കാലം പോളണ്ടിലെ ക്രിമിനൽ നിയമങ്ങൾ പശ്ചിമ യൂറോപ്പിനെയപേക്ഷിച്ച് നോക്കുമ്പോൾ ക്രൂരത കുറവുള്ളതായിരുന്നു. 1931-ൽ ഒരു ക്രിമിനൽ നടപടിച്ചട്ടം നിലവിൽ വന്നസമയത്ത് വധശിക്ഷ നിലനിർത്തിയത് വെറും ഒരു വോട്ട് ഭൂരിപക്ഷത്തിനായിരുന്നു. 1932-ൽ 17 വയസ്സുകാരെപ്പോലും വധശിക്ഷയ്ക്ക് വിധിക്കുന്ന തരത്തിൽ നിലപാടുകൾ മാറിയിരുന്നു. [1]

1930-കളിൽ കുറച്ചുകാലം സൈനികക്കോടതികളും ഇന്ന് ഉക്രൈൻ രാജ്യത്തിന്റെ ഭാഗമായ പ്രദേശങ്ങളിൽ നിലവിലുണ്ടായിരുന്നു. ധാരാളം ആൾക്കാരെ രാജ്യസുരക്ഷയ്ക്കെതിരേ പ്രവർത്തിച്ചു എന്ന കുറ്റമാരോപിച്ച് ഈ സൈനികക്കോടതികളുടെ വിധിപ്രകാരം വധിച്ചിരുന്നു.

രണ്ടാം പോളിഷ് റിപ്പബ്ലിക്കിനു കീഴിൽ വളരെനാൾ പൊതുജനങ്ങൾക്കു മുന്നിൽ വധശിക്ഷകൾ നടന്നിരുന്നില്ല.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം

തിരുത്തുക

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാസി യുദ്ധക്കുറ്റവാളികളെ പരസ്യമായി തൂക്കിക്കൊന്നിരുന്നു. ഓഷ്വിറ്റ്സ് കോൺസൺട്രേഷൻ കാമ്പിലെ കമാന്റർ റുഡോൾഫ് ഹോസ്സ് എന്നയാളെ കാമ്പിൽ വച്ചുതന്നെ വലിയ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തിൽ വധിക്കുകയുണ്ടായി. സ്വതന്ത്ര നഗരമായിരുന്ന ഡാൻസിഗിലെ സെനറ്റിന്റെ പ്രസിഡന്റ് ആർതർ ഗ്രീസർ എന്നയാളെ പോസാൻ എന്ന സ്ഥലത്തുവച്ച് 1946 ജൂലൈ 14-ന് പരസ്യമായി തൂക്കിക്കൊന്നു. ഇതായിരുന്നു പോളണ്ടിലെ അവസാന പരസ്യ വധശിക്ഷ. 1950 വരെ പോളണ്ടിലെ ആഭ്യന്തരമന്ത്രിക്ക് പരസ്യ വധശിക്ഷയ്ക്കുള്ള ഉത്തരവിടാൻ അധികാരമുണ്ടായിരുന്നു.

1944 മുതൽ 1956 വരെയുള്ള സ്റ്റാലിനിസ്റ്റ് കാലഘട്ടത്തിൽ വധശിക്ഷ രാഷ്ട്രീയമായ അടിച്ചമർത്തലിനുപയോഗിച്ചിരുന്ന ഒരു പ്രധാന ആയുധമായിരുന്നു. തലയ്ക്കുപിന്നിൽ ഒറ്റവെടിയുണ്ട പായിച്ച് വധിക്കുന്നതായിരുന്നു പ്രധാന ശിക്ഷാമാർഗ്ഗം. വിറ്റോൾഡ് പൈലെക്കി എന്ന മുൻ ഓഷ്വിറ്റ്സ് തടവുകാരനും ഇക്കൂട്ടത്തിൽ വധിക്കപ്പെട്ടവരിൽ പെടും. 1956 വരെ വധിക്കപ്പെട്ടവരുടെ കൃത്യമായ എണ്ണം ലഭ്യമല്ല. 3000-ൽ അധികമാൾക്കാർ വധിക്കപ്പെട്ടിട്ടുണ്ടായിരിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്.

1956-നു ശേഷം രാഷ്ട്രീയത്തടവുകാരെ വധിക്കുന്ന രീതി നിലച്ചു. മിക്ക വധശിക്ഷകളൂം കൊലപാതകങ്ങൾക്കോ മറ്റു കുറ്റങ്ങൾക്കോ ആയിരുന്നു നൽകിവന്നിരുന്നത്. സ്റ്റാനിസ്ലാവ് വാവ്രെസ്ക്കി എന്നയാളുടെ വധശിക്ഷയായിരുന്നു ഇതിനൊരപവാദം. ധനകാര്യക്കുറ്റങ്ങൾക്കായിരുന്നു ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. കമ്യൂണിസ്റ്റ് നേതാവ് വ്ലാഡിസ്ലാവ് ഗോമുൾക്കയുടെ സമ്മർദ്ദം കാരണമാണ് ഈ ശിക്ഷ നടപ്പാക്കിയത്. രാജ്യത്തിനെതിരായ കുറ്റങ്ങൾ ചെയ്യുന്ന സൈനികർക്കും ജനങ്ങൾക്കും ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷയായിരുന്നു നൽകപ്പെട്ടിരുന്നത്.

1969 മുതൽ 1995 വരെ 344 പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും 183 പേരെ വധിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെല്ലാവരും പുരുഷന്മാരായിരുന്നു. സോവിയറ്റ് നിയന്ത്രണത്തിലുണ്ടായിരുന്ന മറ്റു രാജ്യങ്ങളെയപേക്ഷിച്ച് പോളണ്ടിലെ വധശിക്ഷകളുടെ എണ്ണം തുലോം കുറവായിരുന്നു. [1]

അവസാന വധശിക്ഷ 1988 ഏപ്രിൽ 21ന് ക്രാക്കോവിൽ വച്ചാണു നടന്നത്. കൊലപാതകവും ബലാത്സംഗവും നടത്തി എന്ന കുറ്റത്തിന് സ്റ്റാനിസ്ലാവ് ക്സബാൻസ്കി എന്നയാളെ തൂക്കിക്കൊല്ലുകയായിരുന്നു.

1995-ൽ ഹെൻറൈക്ക് മോറുസ് എന്നയാൾക്കാണ് അവസാനമായി വധശിക്ഷാവിധി ലഭിച്ചത്.

വധശിക്ഷ നിർത്തലാക്കൽ

തിരുത്തുക

മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ ഉടമ്പറ്റിയുടെ (European Convention on Human Rights) ആറാം പ്രോട്ടോക്കോൾ പോളണ്ട് അംഗീകരിച്ചിട്ടുണ്ട്. വധശിക്ഷ യുദ്ധസമയത്തോ യുദ്ധമുണ്ടാകുമെന്ന ഭീതിയുള്ള സമയത്തോ മാത്രമായി നിയന്ത്രിക്കാൻ ഈ ഉടമ്പടി വ്യവസ്ഥ ചെയ്യുന്നു. ഇതിന്റെ തന്നെ 13-ആം പ്രോട്ടോക്കോളും പോളണ്ട് ഒപ്പുവച്ചിട്ടുണ്ട്. വധശിക്ഷ പൂർണ്ണമായി നിർത്തലാക്കാൻ ഈ പ്രോട്ടോക്കോൾ വ്യവസ്ഥ ചെയ്യുന്നു. 1997-ലെ പീനൽ കോഡ് ഒരു കുറ്റത്തിനും വധശിക്ഷ നൽകാൻ പാടില്ല എന്ന നിലപാടാണെടുത്തിരിക്കുന്നത്. 1998 സെപ്റ്റംബർ 1-ന് ഇത് നിയമമായി.

ഇപ്പോൾ മിക്ക രാഷ്ട്രീയ വൃത്തങ്ങളും വധശിക്ഷ പുനരാരംഭിക്കുന്നതിനെതിരാണെങ്കിലും പഴയ വലതുപക്ഷ സർക്കാരിലെ ([2005-2007) പ്രസിഡന്റ് ലെക് അലക്സാണ്ടർ കാക്സിൻസ്കിയെപ്പോലെ ചിലർ വധശിക്ഷയ്ക്കനുകൂല നിലപാടാണെടുക്കുന്നത്. നാഷണൽ കൺസർവേറ്റീവ് ലീഗ് ഓഫ് പോളിഷ് ഫാമിലീസ് (LPR), സമൂബ്രോണ ആർ.പി. എന്ന സംഘടനകളും കുറച്ചുകാലം വധശിക്ഷയ്ക്കനുകൂല നിലപാടെടുത്തിരുന്നു. ചില രാഷ്ട്രീയക്കാർ യൂറോപ്യൻ യൂണിയനിൽ വധശിക്ഷ നിയമപരമാവുകയാണെങ്കിൽ അത് പോളണ്ടിലും കൊണ്ടുവരാം എന്ന അഭിപ്രായക്കാരാണ്.

സി.ബി.ഒ.എസ് എന്ന ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനമനുസരിച്ച് 63% പോളണ്ടുകാരും വധശിക്ഷ പുനരാരംഭിക്കുന്നതിനനുകൂല നിലപാടാണെടുക്കുന്നത്. കത്തോലിക് സഭയും പഴയ പ്രസിഡന്റ് ലെക് വലേസയും അലക്സാണ്ടർ ക്വാസ്നിയേവ്സിയും മറ്റും വധശിക്ഷ പുനരാരംഭിക്കുന്നതിനെതിരാണ്. 2007-ൽ നടന്ന മറ്റൊരു അഭിപ്രായ സർവേ പ്രകാരം 52% പോളണ്ടുകാരും വധശിക്ഷയ്ക്കെതിരാണ്. 46% പേരേ വധശിക്ഷയെ ഈ സർവേയിൽ പിന്തുണച്ചുള്ളൂ. [2]

വധശിക്ഷയുടെ നടപടിക്രമം

തിരുത്തുക

പോളണ്ടിൽ വധശിക്ഷ നിലവിലുണ്ടായിരുന്ന കാലത്ത് രാജ്യത്തെ 8 ജയിലുകളിൽ ശിക്ഷ നടപ്പാക്കാറുണ്ടായിരുന്നു. വൈകുന്നേരം 6.00 മണിക്കായിരുന്നു സാധാരണയായി ശിക്ഷ നടപ്പാക്കാറ്.

ശിക്ഷ നടപ്പാക്കാൻ പോകുന്ന കാര്യം (തീയതിയും സമയവും) പ്രതിയെ അറിയിക്കാറുണ്ടായിരുന്നില്ല. അവസാന നിമിഷം മാത്രമാണ് പ്രതികളെ ഇക്കാര്യം അറിയിച്ചിരുന്നത്. ശിക്ഷാമുറികൾ കുളിമുറികൾക്കടുത്തായിരുന്നു സ്ഥാപിച്ചിരുന്നത്. പലപ്രതികളും അവരെ കുളിപ്പിക്കാൻ കൊണ്ടു പോവുകയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാവണം. കുടുംബാംഗങ്ങളുമായി അവസാന കൂടിക്കാഴ്ച്ചയോ ശിക്ഷാ നടപടി വീക്ഷിക്കാനായി അവരെ അനുവദിക്കുകയോ ചെയ്യുമായിരുന്നില്ല. എന്നാണ് ശിക്ഷ നടക്കുന്നതെന്ന് കുടുംബത്തിനെയും അറിയിക്കുമായിരുന്നില്ല. ശിക്ഷ നടപ്പാക്കിയ ശേഷം മാത്രമാണ് കുടുംബം വിവരമറിയുക.

ജയിൽ പാറാവുകാരും, മെഡിക്കൽ വിദഗ്ദ്ധസംഘവും, ആരാച്ചാരും, പ്രോസിക്യൂട്ടറും, പ്രതിക്ക് താല്പര്യമുണ്ടെങ്കിൽ ഒരു പാതിരിയും മാത്രമാണ് ശിക്ഷാമുറിയിൽ ഉണ്ടാവുക. സിഗററ്റോ, അവസാന ഭകഷണമോ, കുടുംബത്തിനുള്ള കത്തോ പോലെ എന്തെങ്കിലും അവസാന ആഗ്രഹം നിറവേറ്റാൻ പ്രതിയെ അനുവദിച്ചിരുന്നു.

കൈകൾ ബന്ധിച്ച ശേഷം പ്രതിയെ ശിക്ഷാ മുറിയിലേയ്ക്ക് കൊണ്ടു പോകും. പ്രോസിക്യൂട്ടർ വിധി വായിച്ച ശേഷം ദയാഹർജി നിരസിക്കപ്പെട്ടകാര്യം അറിയിക്കും.

പോളണ്ടിൽ രണ്ട് ഔദ്യോഗിക ആരാച്ചാർമാരുണ്ടായിരുന്നു (രണ്ടു പേരും ജയിൽ പാറാവുകാരായിരുന്നു). ഇവർക്ക് ഓരോ വധശിക്ഷയ്ക്കും പ്രതിഭലം ലഭിക്കുമായിരുന്നു. പ്രതികാരനടപടികളൊഴിവാക്കാൻ അവരുടെ പേരുകൾ രഹസ്യമാക്കി വച്ചിരുന്നു.

ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ റെംബെർട്ടോ സൈനിക കാമ്പിലാണ് നടന്നിരുന്നത്. 1970 മുതൽ 1988 വരെ മൂന്നു സൈനികരെ കൊലപാതക്കുറ്റം ബലാത്സംഗക്കുറ്റം എന്നിവയ്ക്ക് വെടിവച്ചു കൊന്നിരുന്നു.

വധശിക്ഷകളുടെ എണ്ണം [3]

  • 1960 – 16
  • 1961 – 5
  • 1962 – 6
  • 1963 – 4
  • 1964 – 10
  • 1965 – 5
  • 1966 – 8
  • 1967 – 7
  • 1968 – 8
  • 1969 – 7
  • 1970 – 10
  • 1971 – 9
  • 1972 – 6
  • 1973 – 27
  • 1974 – 7
  • 1975 – 10
  • 1976 – 16
  • 1977 – 13
  • 1978 – 12
  • 1979 - 12
  • 1980 – 4
  • 1981 – 6
  • 1982 – 2
  • 1983 – 8
  • 1984 – 9
  • 1985 – 10
  • 1986 – 10
  • 1987 – 6
  • 1988 – 1
  1. 1.0 1.1 "Stanisław Podemski - STRYCZEK I KULA. HISTORIA KARY ŚMIERCI W PRL-U". Archived from the original on 2011-07-25. Retrieved 2012-06-27.
  2. Poles Divided on Death Penalty Archived 2008-10-07 at the Wayback Machine. Angus Reid Global Monitor : Polls & Research. September 26, 2007
  3. [1] Archived 2012-07-09 at Archive.is Ostatnia egzekucja w Polsce(pl)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
This article incorporates information from the revision as of 2007-06-21 of the equivalent article on the Polish Wikipedia.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_പോളണ്ടിൽ&oldid=3970249" എന്ന താളിൽനിന്ന് ശേഖരിച്ചത്